വിമൽകുമാറുമാർ ഉണ്ടാകുന്നത്

48

KJ Jacob
വിമൽകുമാറുമാർ ഉണ്ടാകുന്നത്.

മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഒന്നിലെ ഒരു പ്രോജക്ടിന്റെ കൺസൽട്ടൻറ് ആ പ്രോജക്റ്റ് മാനേജ് ചെയ്യാൻ ഏൽപ്പിച്ച ഏജൻസി താൽക്കാലിക ജോലിയിൽ നിയമിച്ച ഒരാൾ ഇപ്പോൾ ഒരു കേസിൽ കുടുങ്ങിയെങ്കിൽ അയാൾ എങ്ങിനെ അവിടെ ജോലിയിൽ കയറി എന്നതും അയാളുടെ ഐ ഡി കാർഡും ലെറ്റർ ഹെഡും ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളം ഒരാഴ്ച ചർച്ച ചെയ്യേണ്ട വിഷയമാണ്.

*അയാൾ ആ ഐ ഡി കാർഡും ലെറ്റർ ഹെഡും ദുരുപയോഗിച്ചു എന്തെങ്കിലും ചെയ്തോ എന്ന് ഞങ്ങൾ അന്വേഷിക്കില്ല; മെനക്കേടാണ്.
*അതിനു മുൻപ് ഒരു കേന്ദ്ര പൊതുമേഖലാ സ്‌ഥാപനത്തിന്റെ ഒരു യൂണിറ്റിലും ഒരു വിദേശ കോണ്സുലേറ്റിലും എങ്ങിനെ ജോലി നേടി എന്നത് ഞങ്ങൾക്ക് വിഷയമല്ല; ആകാനും പാടില്ല. അതും മെനക്കേടാണ്.
*പക്ഷെ ആ കേസിൽ കുടുങ്ങിയ മറ്റൊരാൾ ഭരണകക്ഷിയിൽപ്പെട്ട ആളാണെന്നു വ്യാജവാർത്തയുണ്ടാക്കാൻ അറിയാം. വാർത്ത പൊളിയുമ്പോൾ മാന്യമായി അത് പിൻവലിക്കാൻ പക്ഷെ അറിയില്ല.
*ഒൻപതാമത്തെ തവണയോ മറ്റോ ആണ് ഇന്ത്യയുടെ ഒരു സൗഹൃദ രാജ്യത്തിന്റെ ഡിപ്ലോമാറ്റിക് ചാനലിൽകൂടി സ്വർണ്ണം കടത്തുന്നത് എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്യും. പക്ഷെ,
*ആരാണ് ഈ സ്വർണ്ണം അയച്ചതെന്ന് ചോദ്യം ഞങ്ങൾ ഒരിക്കലും ഉന്നയിക്കില്ല.
*ആർക്കാണ് ഈ സ്വർണ്ണം അയച്ചതെന്ന ചോദ്യം ഞങ്ങളുടെ ചിന്തയിൽപ്പോലുമില്ല.
*ഇതിനുമുന്പ് വന്ന സ്വർണ്ണമെല്ലാം എവിടെപ്പോയി എന്ന് കൊന്നാലും ചോദിക്കില്ല.
*ഇതൊക്കെ നടക്കുമ്പോൾ ഇത് തടയാൻ ബന്ധപ്പെട്ട ഏജൻസികൾ എന്തെടുക്കുകയായിരുന്നു എന്നന്വേഷിക്കില്ല; ആ ഏജൻസികളെ നിയന്ത്രിക്കുന്ന സർക്കാരിനോടോ ആ സർക്കാരിന്റെ രാഷ്ട്രീയ പ്രതിനിധികളോടൊ ഒരു ചോദ്യവും ഉന്നയിക്കില്ല.
*ഒരു വിദേശരാജ്യവുമായുള്ള സൗഹൃദം ദുരുപയോഗിക്കപ്പെട്ട കേസിൽ വിദേശകാര്യവകുപ്പു മന്ത്രിയോട് ഒരു ചോദ്യവും ചോദിക്കില്ല.
*സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിൽ ആണെന്ന് റിപ്പോർട്ട് ചെയ്യും. വിദേശ കാര്യവകുപ്പുമായി ബന്ധപ്പെട്ടു അനുമതി വാങ്ങിയതിനുശേഷമാണ് ബാഗ് തുറന്നത് എന്നും റിപ്പോർട്ട് ചെയ്യും; പക്ഷെ
*ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ല എന്ന് വിദേശ കാര്യവകുപ്പ് സഹമന്ത്രി പറഞ്ഞാൽ അത് എന്തിന്റെ അടിസ്‌ഥാനത്തിലാണ്‌ എന്ന് അദ്ദേഹത്തോടോ അദ്ദേഹത്തിൻറെ കൂടി വക്താവായി വന്നിരിക്കുന്ന ആളോടോ ചോദിക്കില്ല.
*നയതന്ത്ര പരിരക്ഷയില്ലാത്ത ബാഗിൽ സ്വർണ്ണം കടത്തുമ്പോൾ അതു പരിശോധിക്കാൻ ചുമതലപെട്ടവർ ഇത്രകാലം എന്ത് ചെയ്യുകയായിരുന്നു എന്ന് അദ്ദേഹത്തോട് ചോദിക്കില്ല; പ്രതിനിധിയോടും ചോദിക്കില്ല.
*സ്വർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിൽ ആണെന്ന് കേസന്വേഷിക്കുന്ന കേന്ദ്ര ഏജൻസി പറഞ്ഞത് ഞങ്ങൾ കാണില്ല.
*കേന്ദ്രമന്ത്രിയുടെയും കേന്ദ്ര ഏജന്സിയുടെയും നിലപാടിൽ ഉള്ള ഗുരുതരമായ വ്യത്യാസത്തെയും അതിന്റെ കാരണത്തെക്കുറിച്ചും കേന്ദ്രമന്ത്രിയുടെ പ്രതിനിധിയോടു ചോദിക്കില്ല.
*കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചു സമരം ചെയ്യുന്നത് എത്രമാത്രം നീതീകരിക്കാൻ പറ്റുമെന്ന് സമരം ചെയ്‌യുന്ന ആളുകളോട് ചോദിക്കില്ല.
*കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുമെന്നു ജനപ്രതിനിധി പറയുമ്പോൾ അതിന്റെ ന്യായമെന്തു എന്ന് അദ്ദേഹത്തിൻറെ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയോടു ചോദിക്കില്ല.
*എൻ ഐ എ സ്വർണ്ണകടത്തു അന്വേഷണം തുടങ്ങിയപ്പോൾ സി ബി ഐ അന്വേഷിക്കണം എന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രികൂടി ആയ കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെടുന്നതിന്റെ ലോജിക്കെന്ത് എന്ന് കോൺഗ്രസ് പ്രതിനിധിയോടു ചോദിക്കില്ല; ഇനി ചോദിച്ചാലും അയാൾ കാടും പടലും തല്ലുമ്പോൾ ‘ഈ ചോദ്യത്തിന് ഉത്തരം എന്തെങ്കിലും ഉണ്ടോ ചേട്ടാ’ എന്ന് അയാളോട് ചോദിക്കില്ല.
*അമേരിക്കൻ പൗരത്വമുള്ള ഒരാൾ സർക്കാരിന്റെ ഐ ടി വകുപ്പിലെ ഒരു മിഷനിൽ ജോലി സംഘടിപ്പച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതു ഞങ്ങൾ അറിഞ്ഞിട്ടില്ല.

കരാർ ജീവനക്കാരിയുടെ ഐ ഡി കാർഡ്. ലെറ്റർ ഹെഡ്. അതിലാണ് ശ്രദ്ധ. സ്വർണ്ണം ആരു കൊണ്ടുവന്നു, ഏതുവഴി പോയി?
അതു വിഷയമല്ല.ഞങ്ങളുടെ മുൻഗണനകൾ ഞങ്ങളുടെ മുൻഗണനകളാണ്. പക്ഷെ ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് വിമൽകുമാറെന്നാണ്