ഇനിയാണ് കേരളത്തിലെ ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും അഗ്നിപരീക്ഷയിലൂടെ കടന്നുപോവുക

46

KJ Jacob

ഇനിയാണ് കേരളത്തിലെ ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും അഗ്നിപരീക്ഷയിലൂടെ കടന്നുപോവുക എന്നതാണ് എന്റെ തോന്നൽ. വളരെ പെട്ടെന്ന് നിപയെ ഐഡന്റിഫൈ ചെയ്യാനും ഏറ്റവും മെച്ചമായ മോഡലുകൾ സംഘടിപ്പിച്ചു അതിനെ ചെറുത്തുനിൽക്കാനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തോടെയാണ് കൊറോണയെ സംസ്‌ഥാനവും ആരോഗ്യവകുപ്പും നേരിട്ടത്. അതുകൊണ്ടുതന്നെ തുടക്കത്തിൽ ലോകം ശ്രദ്ധിക്കുന്ന വിധത്തിൽ പ്രതിരോധപ്രവർത്തനം സംഘടിപ്പിക്കാൻ സംസ്‌ഥാനത്തിന്‌ കഴിഞ്ഞു. പല സംസ്‌ഥാനങ്ങളും നൂറുകണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മെയ് മാസത്തിന്റെ തുടക്കത്തിൽ പുതിയ കേസുകൾ ഏതാണ്ട് ഇല്ലാതെ വരുന്ന അവസ്‌ഥയിലേക്കു നമ്മൾ എത്തിയിരുന്നു. പതിറ്റാണ്ടുകൾ കൊണ്ട് നമ്മൾ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചും ഏറ്റവും താഴെത്തട്ടിൽ ജനകീയ സഹകരണം ഉറപ്പുവരുത്തിയും മെച്ചപ്പെട്ട നേതൃത്വവും ഏകോപനവും ലഭ്യമാക്കിയുമാണ് സംസ്‌ഥാനം ഈ നേട്ടം കൈവരിച്ചത്.

പിന്നെ അത് പാളി. ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ട് എന്നെനിയ്ക്കു തോന്നുന്നില്ല. പറയണമെങ്കിൽ താഴെത്തട്ടിൽ സഹകരിക്കുമ്പോഴും ഇന്നുനോക്കുമ്പോൾ പരിഹാസ്യമായിത്തോന്നുന്ന കുത്തിത്തിരുപ്പു സമരവുമായി ഇറങ്ങിയ യു ഡി എഫും നിസഹകരണവും *കുസഹകരണവും കൊണ്ട് കുളം കലക്കാൻ ഇറങ്ങിയ കുറെ മാധ്യമങ്ങളും ആണ് ഉത്തരവാദി. അതിൽപോലും യു ഡി എഫിനെ അത്രകണ്ട് കുറ്റം പറയില്ല. പച്ചവെള്ളത്തിനു തീപിടിപ്പിക്കുന്ന ഭാവനകൊണ്ട് ഇരുമ്പുക്കൈ മായാവികൾ എഴുതുന്ന കഥകൾ വായിച്ചു വിശ്വസിച്ചുവശായ മനുഷ്യർ ‘പ്രതിപക്ഷം എവിടെ” എന്ന് ചോദിച്ചാൽ അവർക്കു ഉത്തരം പറയേണ്ടെ?


ഏതിനും ആ ഘട്ടം കഴിഞ്ഞു.
രോഗവ്യാപനത്തോത് ഇന്ത്യയിലെ ഏറ്റവും കൂടിയ അവസ്‌ഥയിലാണ്‌ നമ്മളിപ്പോൾ. ആകെയുള്ള ആക്റ്റീവ് കേസുകളിൽ ഏകദേശം എട്ടിലൊന്നു കേരളത്തിലാണ്. ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് ഏറ്റവും കൂടുതൽ ഉള്ള സംസ്‌ഥാനങ്ങളിൽ ഒന്ന്. ടെസ്റ്റുകളുടെ എണ്ണം താരതമ്യേന കുറവായിട്ടാണ് എന്നോർക്കണം. (ഇന്നലെ കർണ്ണാടക നടത്തിയത് 1,08,356 ടെസ്റ്റുകളാണ്, പുതിയ കേസുകൾ 5356; കേരളം നടത്തിയത് 64,789 ടെസ്റ്റുകൾ, പുതിയ കേസുകൾ 8,511. അതിൽത്തന്നെ നമ്മുടേത് അധികം റാപിഡ് ടെസ്റ്റുകളാണ്; അതിനെക്കുറിച്ചൊക്കെ പരാതികളുണ്ട്.)

പക്ഷെ ശ്രീ ശേഖർ ഗുപ്ത ചൂണ്ടിക്കാണിച്ചതുപോലെ (വിഡിയോ കമന്റിലുണ്ട്) മരണനിരക്കിന്റെ കാര്യത്തിൽ വളരെ മെച്ചപ്പെട്ട പ്രതിരോധമാണ് കേരളം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെവരെ നമ്മുടെ ആകെ കേസുകൾ 3,64,895 ആണ്; ആക്റ്റീവ് കേസുകൾ 95,657; മരണ സംഖ്യ 1,281. (ഈ സംഖ്യയെക്കുറിച്ച് ആക്ഷേപമുള്ളവരുണ്ട്; മരണ നിരക്ക് കണക്കുകൂട്ടുന്നതിൽ വലിയ ഇളവുകൾ നടത്തുന്നുണ്ട് എന്ന് പറയുന്നവരിൽ ആരോഗ്യപ്രവർത്തകർ തന്നെയുണ്ട്.) എങ്കിലും ഔദ്യോഗിക കണക്കുകൾ അംഗീകരിച്ചാൽ മരണനിരക്ക് 0.0035. ദേശീയതലത്തിൽ ആകെ രോഗികൾ 78 ലക്ഷം, മരണം 1,18,000. മരണനിരക്ക് 0.015. എന്നുവച്ചാൽ ദേശീയ ശരാശരിയുടെ ഏകദേശം നാലിലൊന്ന്. കേരളത്തെ സംബന്ധിച്ച് ഇത് ന്യായമായ ഒരു നിരക്കാണ്. വലിയ കേമമൊന്നുമല്ല; പക്ഷെ മോശമല്ല എന്ന് മാത്രം.


നമ്മൾ ഇവിടെയെത്തിനിൽക്കുമ്പോളാണ് പലയിടത്തുനിന്നും ഒറ്റപ്പെട്ട സംഭവങ്ങൾ കേൾക്കുന്നത്. തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളേജുകളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ കേട്ട കാര്യങ്ങൾ അത്തരത്തിലുള്ളവയാണ്; സാധാരണഗതിയിൽ അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ.

പക്ഷെ ഞാൻ ഇതിനെ കാണുന്നത് വേറൊരു വിധത്തിലാണ്. കഴിഞ്ഞ ഒൻപതുമാസമായി നമ്മുടെ ആരോഗ്യ സംവിധാനം ഓടുന്നത് അതിന്റെ പരമാവധി കാര്യക്ഷമതയിലാണ്; അവധിയോ മുടക്കമോ ഇല്ലാതെ. സാധാരണ മനുഷ്യരാണ് അസാധാരണമായ മികവോടെ ഇക്കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. യന്ത്രങ്ങൾക്കുപോലും മടുപ്പുതോന്നാവുന്ന വിധത്തിലാണ് കാര്യങ്ങൾ; പി പി ഇ കിറ്റിലെ ജീവിതം തുടങ്ങി അവധിയോ ആഘോഷമോ ഇല്ലാത്ത നാളുകളിൽകൂടി കടന്നുപോകുന്നത് ഏതു പദവിയിലുള്ള ആളുകളായാലും മനുഷ്യരാണ്. അനന്തമായി അവർക്കതു ചെയ്തുകൊണ്ടിരിക്കാൻ പറ്റില്ല; അത് മനുഷ്യ സാധാരണമാണ്.
അതേസമയം അവർ ഇടപെടുന്ന മനുഷ്യരോ, രോഗികൾ? ഒരു ഡോക്ടർ നൂറു രോഗിയെ നോക്കിയിരുന്നു എന്നത് നൂറ്റൊന്നാമത്തെ രോഗിയുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കാനുള്ള കാരണമാകുന്നില്ല; അയാൾ ഒരു മുഴുവൻ മനുഷ്യനാണ്. അതേസമയം നൂറുപേരെ നോക്കിയ ഡോക്ടറും മനുഷ്യനാണ്.
ഈ വൈരുധ്യം ഇനിയങ്ങോട്ട് കൂടുതൽ പ്രകടമായി വരാനാണ് സാധ്യത. അവസാനത്തെ വൈക്കോൽത്തുരുമ്പ് ഒട്ടകത്തിന്റെ നടുവൊടിച്ച കഥ നമുക്കറിയാം. At the end of its tether എന്ന് പറയും ഇംഗ്ലീഷിൽ. ഇനിവരുന്ന ഓരോ രോഗിയും ആരോഗ്യപ്രവർത്തകരുടെ നടുവൊടിക്കാനാണ് സാധ്യത. കൂടുതൽ സ്‌ഥലങ്ങളിൽനിന്നു അനാസ്‌ഥ, അശ്രദ്ധ എന്നിങ്ങനെ വാർത്തകൾ വന്നുതുടങ്ങിയാൽ ഞാൻ അദ്‌ഭുതപ്പെടില്ല. നമ്മളൊക്കെ അതിന്റെ ഇരകളായാലും.

അതുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വമികവ് പരീക്ഷിക്കപ്പെടുന്ന സമയമാകുന്നതേയുള്ളൂ എന്ന് ഞാൻ പറയുക. ആവശ്യങ്ങൾ ഇനിയങ്ങോട്ട് വളരെകൂടും; വിഭവങ്ങൾ ഇനിയങ്ങോട്ട് പരിമിതപ്പെടും; ഒപ്പം നിൽക്കുന്ന ആളുകൾ പോലും മടുത്തുതുടങ്ങും. അവരുടെ പോലും പരാതികൾ പല മടങ്ങു വർദ്ധിക്കും. സിസ്റ്റത്തിനകത്തു ഇത്രകാലം പെയിന്റടിച്ച് വെച്ചിരുന്ന പല പനമ്പുകോട്ടകളും വൈറസിന്റെ ആക്രമണത്തിനുമുന്പിൽ തകർന്നുവീഴും; അടച്ചുവച്ചിരുന്ന പല വിള്ളലുകളും ഇനി പൊട്ടിയൊലിക്കും; അതിലൂടെ പുഴുക്കളിറങ്ങും; ഒപ്പം പുഴുവരിക്കുന്ന കഥകൾ മാത്രം കണ്ടുപിടിക്കാൻ ഗട്ടർ ഇൻസ്പെക്ടർമാർ പറന്നുവരും. അതെല്ലാം ചെന്നുചേരുന്നത് പൊളിക്കൽ എക്സിക്യു്ട്ടീവ് എന്ന നിലയിൽ ടീച്ചറുടെ ചുമലിൽത്തന്നെയാണ്.
കഴിയാവുന്ന ആളുകളെ ഒപ്പം നിർത്തുക; എതിരാളികളിൽനിന്നും പോലും ലഭ്യമാകാവുന്ന സഹകരണം ഉറപ്പാക്കുക; മെച്ചപ്പെട്ട മോഡലുകൾ ലാഭയമാകാവുന്നയിടത്തെല്ലാം ലഭ്യമാക്കുക; പരാതിക്കാരോട് സൗമ്യമായി ഇടപെടുക; നടക്കാത്ത കാര്യങ്ങൾ അവർക്കുകൂടി ബോധ്യമാകത്തക്ക വിധം വിശദീകരിക്കുക; കുത്തിത്തിരുപ്പുകാരെയും ഗട്ടർ ഇൻസ്പെക്ടർമാരെയും അവരുടെ വഴിക്കു വിടുക; അശ്രദ്ധ-അനാസ്‌ഥ എന്ന് കേൾക്കുമ്പോഴേ വടിയെടുത്ത് ഓടാതെ ഒൻപതുമാസം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന മനുഷ്യരാണ് എന്ന പരിഗണന നൽകി തിരുത്താവുന്നത് തിരുത്തുക; പ്രാഥമിക ശ്രദ്ധ രോഗികളിൽ ആകുമ്പോഴും ആരോഗ്യപ്രവർത്തകർക്കു കൂടി പ്രതിരോധമായി പ്രവർത്തിക്കുക…
ഉരുക്കിന്റെ നാഡികൾ ആവശ്യമായി വരുന്ന കാലം.
ഒരു ഗ്രാസ് റൂട്ട് രാഷ്ട്രീയ പ്രവർത്തക, അദ്ധ്യാപിക, സ്ത്രീ, കമ്യൂണിസ്റ്റ് എന്ന നിലകളിൽ ഇന്നുവരെ ആര്ജിച്ചെടുത്ത കഴിവുകൾ ഈ അഗ്നിപരീക്ഷയെ നേരിടാൻ ടീച്ചർക്ക് തുണയാകേണ്ടതാണ്.
ഇന്നുവരെയുള്ള അനുഭവത്തിൽ ഉരുകുന്നത് പൊന്നുതന്നെയാണ്.