ലീഗിനെ ക്ഷണിച്ച ശോഭ സുരേന്ദ്രന്റെ പ്രസ്താവന ഒരു ദുഷ്ടലാക്കോടുകൂടി ഉള്ളതാണ്.

53

KJ Jacob

മുസ്ലിം ലീഗുൾപ്പെടെയുള്ള പാർട്ടികളെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന ബി ജെ പി നേതാവ് ശ്രീമതി ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട്.അവർ പാർട്ടിയിൽ ഇപ്പോൾ എത്ര പ്രാധാന്യം ഉള്ളയാളാണ് എന്ന് നല്ല നിശ്ചയം പോരാ. എങ്കിലും അബദ്ധത്തിൽ ഒരു പ്രസ്താവന അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ വഴിയില്ല. കേരളത്തിലെ സെക്കുലർ മുസ്ലിങ്ങളുടെ ( 90 ശതമാനവും അവരാണ്) ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യക്ഷമാണ് മുസ്ലിം ലീഗ്. ആ പാർട്ടിയെ സെക്കുലർ മുസ്ലിങ്ങളുടെ ഇടയിലും സെക്കുലർ സൊസൈറ്റിയുടെ മുൻപിലും നിഴലിൽ നിർത്തുക എന്നത് സംഘി-സുടാപ്പി കൂട്ടുകെട്ടിന്റെ എന്നത്തേയും അജണ്ടയാണ്. എങ്കിൽ മാത്രമേ ആ രണ്ട് കൂട്ടർക്കും എന്തെങ്കിലും ഭാവി കേരളത്തിലുള്ളൂ.

അതുകൊണ്ടുതന്നെ ശ്രീമതി ശോഭ സുരേന്ദ്രന്റെ പ്രസ്താവന ഒരു ദുഷ്ടലാക്കോടുകൂടി ഉള്ളതാണ്. മുസ്ലിം ലീഗ് ഇതാ ബി ജെ പി യുടെ കൂടെ പോകുന്നു എന്ന് പ്രചരിപ്പിക്കാൻ കൈവെട്ടു-മൗദൂദി പാർട്ടികൾക്ക് ഒരവസരം കൊടുക്കുക, അങ്ങിനെ ഇപ്പോൾ തങ്ങളെ വേലിയ്ക്കു പുറത്തുനിർത്തിയിരിക്കുന്ന സമുദായത്തിന്റെ രക്ഷകവേഷം ചമഞ്ഞു അകത്തു കടക്കാൻ ഒരു വഴി ഒപ്പിക്കുക. അത് കാണിച്ചു ഭൂരിപക്ഷ സമുദായത്തെ വർഗീയവൽക്കരിക്കൻ ഒരു ശ്രമം നടത്തുക.ഈ രണ്ട് കൂട്ടർക്കും മാത്രം ലാഭമുള്ള, കേരളത്തിന് വൻ നഷ്ടമാകുന്ന, ഒരു പരീക്ഷണത്തിനുള്ള ഇര കോർത്തിടുകയാണ് ശ്രീമതി ശോഭ ചെയ്തത്. അതിൽ ഇടതുപക്ഷമോ കോൺഗ്രസോ ലീഗോ കേരളത്തിലെ മതേതര സമൂഹമോ കൊത്തരുതെന്നു പറയാൻ ഇന്ന് കൈരളി ടി വി യിൽ ഉണ്ടാകും.

ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ എനിക്ക് മുസ്ലിം ലീഗിനോട് അഭിപ്രായ ഭിന്നതയോ എതിർപ്പോ പലകാരണങ്ങളാൽ ഉണ്ട്. പക്ഷെ മുസ്ലിം ലീഗ് ശ്രീമതി ശോഭ പറയുന്നതുപോലെ ഒരു വർഗീയ പാർട്ടിയാണ് എന്ന് ഞാൻ കരുതില്ല. മുസ്ലിം ലീഗ് മതേതരമാകുന്നത് കൊണ്ട് കേരളത്തിലെ മുസ്‌ലിം സമൂഹം മതേതരമാകുന്നതല്ല, ഇവിടത്തെ മുസ്‌ലിം സമൂഹം മതേതരമാകുന്നത് കൊണ്ട് അവരുടെ പാർട്ടിയായ മുസ്ലിം ലീഗ് മതേതരമാകുന്നതാണ്. ഇക്കാര്യത്തിൽ മറിച്ച് ചിന്തിക്കാൻ എനിക്ക് കാരണങ്ങളില്ല.