കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്തവർ

0
67

KJ Jacob

കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല, അങ്ങിനെ കൊണ്ടുപോകാത്തവരെ അത്ര കരുതലോടെയല്ല തങ്ങൾ കാണുന്നത് എന്ന് പല രാജ്യങ്ങളും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

മലയാളികളെ സംബന്ധിച്ച് ഇതൊരു ഭീകരാവസ്‌ഥയാണ്. സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും സമ്പദ്‌വ്യവസ്‌ഥയെ താങ്ങിനിർത്തുന്നവർ മാത്രമല്ല അവർ; ഏതു ദുരവസ്‌ഥയിലും കൈനീട്ടിസഹായിക്കാൻ തയ്യാറുള്ളവർ. ഇപ്പോൾ കുടുങ്ങിപ്പോയപ്പോൾ കൈനീട്ടി സഹായിക്കാൻ ആരുമില്ലെന്ന അവസ്‌ഥ.എന്തുകൊണ്ടാണ് അവരും ഇന്ത്യൻ പൗരന്മാരാണ് എന്ന് കേന്ദ്രസർക്കാർ ഓർക്കാത്തത്? എന്തുകൊണ്ടാണ് എഴുത്തെഴുതിക്കൊണ്ടിരുന്നാൽ കേന്ദ്രത്തിനു ആ തോന്നൽ ഉണ്ടാവില്ല എന്ന് സംസ്‌ഥാന സർക്കാരിന് മനസിലാകാത്തത്?

എന്തുകൊണ്ടാണ് കേരളത്തിൽ എംപിമാർ ഇക്കാര്യം മിണ്ടാത്തത്? ഡൽഹിയിൽ കുറ്റിയടിച്ചിരിക്കുന്ന എം പിമാർക്കു, കേന്ദ്രഭരണകക്ഷി പോലും ബഹുമാനിക്കുന്ന എ കെ ആന്റണിയ്ക്ക് എങ്കിലും, ഇതൊരടിയന്തര ആവശ്യമാണ് എന്ന് തോന്നാത്തത്? ഒരക്ഷരം മിണ്ടാത്തത്? ഇതിൽ എസ് എഫ് ഐ ക്കാർക്ക് പങ്കൊന്നും ഇല്ലാത്തതുകൊണ്ടാണോ?

നാട് കുട്ടിച്ചോറാകുന്ന അവസ്‌ഥയിലും സുവർണ്ണാവസരം നോക്കിയിരിക്കുന്ന മിത്രങ്ങൾക്കു ഇതിലൊരു സുവർണ്ണാവസരം കാണാൻ പറ്റാത്തതെന്തു? പടിഞ്ഞാറു ഒരു കടൽ വന്നാൽ തീരുന്നതാണ് കേരളത്തിന്റെ ഒന്നാം നമ്പർ സ്‌ഥാനം എന്ന് തെളിയിക്കാൻ കാത്തിരിക്കുകയാണോ അവർ? എന്തൊരു നന്ദികെട്ട കൂട്ടരാണ് നമ്മൾ!