സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുന്നത് ഖേദകരമാണ്

32

KJ Jacob

സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുന്നത് ഖേദകരമാണ്. കേരളത്തിൽ നമ്മൾ സാമൂഹ്യവ്യാപനത്തിനു തൊട്ടടുത്താണ്. അതിന്റെ ലക്ഷണങ്ങൾ കാണുന്നു എന്ന് സംശയിക്കുന്ന ആരോഗ്യ വിദഗ്ദ്ധരുണ്ട്; പരസ്യമായി പറയില്ല എന്നേയുള്ളൂ. ഒരു 1,70,000 ലധികം പേര് നിരീക്ഷണത്തിൽ കഴിയുന്ന ഒരു നാടാണ് നമ്മുടേത്; അവരിൽ ആർക്കുവേണമെങ്കിലും ഒരു രോഗിയാകാം. അവരോടു അടുത്തിടപെഴുകുന്ന ആരെങ്കിലും ഒരാൾ ഒരു ആരാധനാലയത്തിൽ വന്നാൽ അവിടുള്ളവർക്കു അയാൾ രോഗം പകർന്നുകൊടുക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഇന്ത്യയിലെമ്പാടുമുള്ള കൊറോണ കേസുകളുടെ പാറ്റേൺ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും: നഗരങ്ങളിലാണ് ഏറ്റവുമധികം കേസുകൾ; ഏറ്റവും വേഗത്തിൽ പടരുന്നതും അവിടത്തന്നെ. കേരളത്തിലെ നഗരങ്ങൾ ഗ്രാമങ്ങളെപ്പോലെ ഇതുവരെ താരതമ്യേന സുരക്ഷിതമാണ്; പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിയാൻ അധികം സമയമൊന്നും വേണ്ട. അതുകൊണ്ടു എനിക്ക് സർക്കാരിനോടും അധികാരികളോടും വിശ്വാസികളോടും അഭ്യർത്ഥിക്കാനുള്ളത്: നഗരങ്ങളിലെങ്കിലും ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. മറ്റിടങ്ങളിൽ പറ്റുമെങ്കിൽ മാറ്റിവയ്ക്കണം; അല്ലെങ്കിൽ കർശനമായ വിധത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണം. ലംഘനങ്ങൾ കർശനമായ വിധത്തിൽ നേരിടണം; അറസ്റ്റുൾപ്പെടെ യുള്ള നടപടികൾ സ്വീകരിക്കണം.

കേരളത്തിലെ പല ജില്ലകളിലെയും മുസ്ലിം പള്ളി അധികാരികൾ ആരാധനയ്ക്കുവേണ്ടി തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. വളരെയേറെ സ്വാഗതാർഹമായ ഒരു തീരുമാനമാണിത്. തബ്‌ലീഗി സമ്മേളനത്തിന്റെപേരിൽ അനാവശ്യ പഴി കേൾക്കേണ്ടി വന്ന സമുദായത്തിന്റെ മുൻകരുതൽ വേണമെകിൽ ഇതിൽ കാണാം. ഏതിനും സമൂഹത്തോടും സമുദായത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള മുസ്ലിം സമുദായ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ മാതൃക മറ്റുള്ളവരും സ്വീകരിക്കണം. നഗരങ്ങളിൽ എന്തായാലും ഇപ്പോൾ തുറക്കുന്നത് ഒഴിവാക്കണം.

വിശ്വാസികൾക്ക് ഇതൊരു പരീക്ഷണഘട്ടമാണ്. എങ്കിലും ഒരു ആരോഗ്യ അടിയന്തിരാവസ്‌ഥയിൽ നാടിനെ പരീക്ഷിക്കാതെ, സ്വയം അപകടത്തിൽ ചെന്ന് ചാടാതെയിരുന്നാൽ ഈശ്വരന്മാർക്കു അതൃപ്തി തോന്നേണ്ട ആവശ്യമില്ല. നിങ്ങളുടെ അപ്പുറത്ത്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നവർ കൊറോണവാഹകരല്ല എന്ന് യാതൊരു ഉറപ്പുമില്ല. അയാൾ തൊട്ട, ഇരുന്ന, നിന്ന, ചുമച്ച സ്‌ഥലത്താണോ നിങ്ങൾ നിൽക്കുന്നത് എന്നറിയാൻ അത്ര എളുപ്പമല്ല. ജോലിസ്‌ഥലത്തെപ്പോലെ അപ്പുറത്തു ആരാണ് നിൽക്കുന്നത് എന്നറിയാൻ ഒരു മാർഗ്ഗവുമില്ല.

ശ്രദ്ധിച്ചുനോക്കിയാൽ കൊറോണ മരണങ്ങൾ അത്യന്തം അപകടകരമായ വിധത്തിൽ ആണ് നടക്കുന്നത്. ഒരൊറ്റ ദിവസംകൊണ്ടു അസുഖം കൂടി മരിക്കുന്ന സംഭവങ്ങൾ ധാരാളമുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം, കിഡ്‌നി അസുഖങ്ങൾ, ഹൃദ്രോഗം എന്നിവയുള്ളവരിൽ പ്രത്യേകിച്ച്ചും. ഏറ്റവും സുരക്ഷിതമായ മാർഗ്ഗം രോഗത്തിൽനിന്നു കഴിയുന്നിടത്തോളം മാറി നടക്കുക എന്നതാണ്. ബോംബെയിൽനിന്നും ഡല്ഹിയില്നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും കിട്ടുന്ന റിപ്പോർട്ടുകൾ അത്ര സുഖകരമല്ല.

സർക്കാരുകൾ എത്ര മുൻകരുതൽ എടുത്താലും ജനങ്ങൾ അനാവശ്യ സമ്പർക്കം ഒഴിവാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈയിൽ പിടിച്ചാൽ കിട്ടണമെന്നില്ല. അതുകൊണ്ടു നഗരങ്ങളിലെ വിശ്വാസികൾ എങ്കിലും തത്കാലം ഈശ്വര മനസ്സിൽ ധ്യാനിച്ചു കഴിഞ്ഞുകൂടണം.
കടകൾ തുറക്കുന്നില്ലേ, ബിവറേജസ് തുറക്കുന്നില്ലേ, ബസുകൾ ഓടുന്നില്ലേ..ചോദ്യങ്ങൾ അനേകായിരമുണ്ട്. ആ ചോദ്യങ്ങളൊക്കെ ചോദിയ്ക്കാൻ നമ്മൾ ബാക്കിയുണ്ടാകണമല്ലോ, അപ്പോൾ അത്ര അത്യാവശ്യമില്ലാത്ത കാര്യങ്ങൾ കുറച്ചുകൂടെ സമയത്തേക്ക് ഒഴിവാക്കിക്കൂടെ എന്നതാണ് വിഷയം.
സബ്‌കോ സൻമതി ദേ ഭഗവൻ!

Advertisements