ബൈഡനും ട്രംപിന്റെ പോസ്റ്റ് ഷെയർ ചെയ്തു ചിരിക്കാൻ മാത്രം എന്ത് മണ്ടത്തരമാണ് ട്രംപ് പറഞ്ഞത്

73

KJ Jacob

ജോ ബൈഡന്റ പ്രസംഗങ്ങൾ തുടങ്ങുന്നതും പുരോഗമിക്കുന്നതും അവസാനിക്കുന്നതും കോവിഡിലാണ്. മരണസംഖ്യ പറഞ്ഞുകൊണ്ടാണ് തുടങ്ങുക; കോവിഡ് മരണത്തിന്റെ ഏകാന്തമായ ഭയാനകത, ഡൈനിങ് ടേബിളിൽ പ്രിയപ്പെട്ട ഒരാൾ ഇല്ലാതാകുന്നതിന്റെ, ജോലി നഷ്ടപ്പെട്ട ഒരു അച്ഛൻ/അമ്മ എങ്ങിനെ മക്കൾക്ക് ഭക്ഷണമേശ തയാറാക്കുമെന്നതിന്റെ, ആശങ്ക. ഇവയിലാണ് തുടക്കം.

ബൈഡൻ അഡ്രസ് ചെയ്യുന്നത് സർക്കാർ ഒപ്പമുണ്ടാകേണ്ട ആവശ്യമുള്ള അമേരിക്കക്കാരെയാണ്; അതുകൊണ്ടുതന്നെ അയാൾ സംസാരിക്കുമ്പോൾ ഒരു മനുഷ്യൻ, ബോധമുള്ള ഒരാൾ, സംസാരിക്കുന്നതുപോലെ തോന്നും. വാക്സിനെപ്പറ്റി, ടെസ്റ്റിംഗിനെപ്പറ്റി, ഫിക്ഷനുമേൽ സയന്സിനെ വിശ്വസിക്കേണ്ട ആവശ്യകതയെപ്പറ്റി പറയുമ്പോൾ ഇതൊക്കെ പറഞ്ഞാലേ മനസിലാകൂ എന്ന അവസ്‌ഥയിൽ അമേരിക്ക എത്തിയോ എന്ന് നമ്മൾ ഓർക്കും; പാട്ട കൊട്ടി കൊറോണയെ ഓടിച്ച ഇന്ത്യയിൽ ഇരുന്നു നോക്കുമ്പോൾ അതൊരു സുഖമുള്ള കാഴ്ചയാണ് എന്ന് പറയാതെ വയ്യ.


ട്രംപിന്റെ പ്രസംഗം പലപ്പോഴതും ‘I, Me, Myself’ മോഡിലാണ്. കഴിഞ്ഞ ഡിബേറ്റിൽ കറുത്തവർഗ്ഗക്കാർക്കുവേണ്ടി എബ്രഹാം ലിങ്കൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാര്യം ചെയ്ത ആൾ ഞാനാണ് എന്ന് ട്രംപ് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ചിരിച്ചു. കഴിഞ്ഞ ദിവസം ആ ഭാഗം ആരോ ഷെയർ ചെയ്തത് നോക്കുമ്പോൾ ബൈഡനും ചിരിക്കുന്നു! ഞാൻ ചിരിച്ച അതേ ചിരി! അല്ലാതെ എന്ത് ചെയ്യാനാണ്!

അമേരിക്ക എന്ന രാജ്യം എങ്ങിനെയാണ് പിടിച്ചുനിൽക്കുന്നത് എന്നതിനെപ്പറ്റി, കഠിനാധ്വാനം, പ്രത്യാശ, ഏതു പരാജയത്തിൽനിന്നും മടങ്ങിവരാനുള്ള ആത്മവിശ്വാസം…എന്നിങ്ങനെ അമേരിക്കക്കാർക്ക് കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. എങ്ങിനെയുള്ള പ്രസിഡന്റുമാരാണ് ആ രാജ്യത്തിനു ഉണ്ടായിരുന്നത് എന്നതിനെപ്പറ്റി അത്തരമൊരു കഥ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

ഗ്രെയ്റ്റ് ഡിപ്രഷനിൽനിന്നു അമേരിക്കയെ കര കടത്തിയ, ഹിറ്റ്ലർക്കെതിരെ സഖ്യകഷികളെ അണിനിരത്തിയ, സോഷ്യൽ സെക്യൂരിറ്റി ആക്ട് നടപ്പാക്കിയ, നാലുപ്രാവശ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച (പരമാവധി രണ്ടു പ്രാവശ്യം എന്ന നിബന്ധന നടപ്പിലാക്കുന്നത് 1951-ലാണ്) ഫ്രാൻക്ലിൻ ഡി റൂസ്‌വെൽറ്റിനെക്കുകുറിച്ചായിരുന്നു ആ കഥ.തളർവാതം മൂലം ചെറുപ്പത്തിലേ അരയ്ക്കുതാഴെ തളന്നുപോയതുകൊണ്ടു ചക്രക്കസേരയിൽ ഇരുന്നു രാജ്യത്തെ നയിച്ച റൂസ്‌വെൽറ്റ് എബ്രഹാം ലിങ്കണും ജോർജ് വാഷിംഗ്ടനുമൊപ്പം അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റുമാരിൽ ഒരാളായി കരുതപ്പെടുന്നു.

നാലാം പ്രാവശ്യം തെരഞ്ഞെടുപ്പ് ജയിച്ച റൂസ്‌വെൽറ്റ് അധികം താമസിയാതെ മരണമടഞ്ഞു. ശവഘോഷയാത്രയിൽ പങ്കെടുത്തിരുന്ന ഒരു സാധാരണക്കാരൻ പെട്ടെന്ന് സങ്കടം അടക്കാനാവാതെ കുഴഞ്ഞുവീണു. അടുത്തുനിന്നവർ അയാളെ പിടിച്ചെഴുന്നേല്പിച്ചു.
കുഴഞ്ഞുവീഴാൻ മാത്രം ഇത്ര സങ്കടം!

“നിങ്ങള്ക്ക് പ്രസിഡന്റിനെ അറിയാമായിരുന്നോ?”
“ഇല്ല. പക്ഷെ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു.”
“He knew me.”


തങ്ങളെപ്പറ്റി അടിസ്‌ഥാന ധാരണയെങ്കിലുമുള്ള ഒരാളെ പ്രസിഡന്റായിട്ടു അമേരിക്കക്കാർക്ക് കിട്ടട്ടെ