കുത്തിത്തിരുപ്പുകാർ, അപകടകകാരികൾ, കപടന്മാർ ഇസ്ളാമിസ്റുകളാണ്, അവർ നമ്മുടെ സമൂഹത്തിനു സംഭവിക്കുന്ന ഓരോ ഇടർച്ചയിലും ഭീകരത കണ്ടെത്തും

79

KJ Jacob

ബിഹാർ തെരെഞ്ഞെടുപ്പ് ഫലം എങ്ങിനെവന്നാലും ഇക്കുറി എഴുതണം എന്നുവെച്ചു വിഷയം ഇതായിരുന്നു. അത് ഇപ്പോൾ എഴുതിയാലും ഫലം മുഴുവൻ വന്നുകഴിഞ്ഞിട്ടു എഴുതിയാലും ഒരുപോലെതന്നെ.അതിതാണ്.

ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ സമ്പ്രദായവും അതിന്റെ സംവിധാനങ്ങളും മുഴുവൻ തട്ടിപ്പാണ് എന്ന് പറയുന്ന രണ്ടു കൂട്ടരുണ്ട്. അവർ രണ്ടുകൂട്ടരും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള, നീതിനിഷേധം അനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്നാണ് അവർ തന്നെ അവകാശപ്പെടുക. അവർക്കു രണ്ടുപേർക്കും അതിനുള്ള കാരണങ്ങളുമുണ്ട്.
അവർ മാവോയിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളുമാണ്.

മാവോയിസ്റ്റുകൾ ജനാധിപത്യത്തിൽത്തന്നെ വിശ്വസിക്കാത്തതുകൊണ്ടു അവർ അവരുടേതായ സമ്പ്രദായം ഉണ്ടാക്കുന്നു. അവർ ആർക്കുവേണ്ടി പോരാടുന്നുവോ ആ മനുഷ്യർക്ക് അവരെക്കൊണ്ടുണ്ടായ ആകെ ഫലം നെഗട്ടീവാണ് എന്നാണ് എന്റെ വിലയിരുത്തൽ. ജനാധിപത്യത്തിന്റെ പരിമിതമെന്നു അവർ കരുതുന്ന സാഹചര്യങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇതിൽക്കൂടുതൽ സ്‌ഥായിയായ ഫലം ആ മനുഷ്യർക്ക് എത്തിക്കാമായിരുന്നു എന്ന് ഞാൻ കരുതുന്നു.പക്ഷെ അവർ രാഷ്ട്രീയമായ സത്യസന്ധത കാണിക്കുന്നു; അവർ ഇക്കാര്യത്തിൽ നിങ്ങളുമായി ഒരു ചർച്ചയ്ക്കുമില്ല. അവർക്കു അവരുടെ വഴി. ഇതിലെ കുത്തിത്തിരുപ്പുകാർ, അപകടകകാരികൾ, കപടന്മാർ ഇസ്ളാമിസ്റുകളാണ്.

അവർ നമ്മുടെ സമൂഹത്തിനു സംഭവിക്കുന്ന ഓരോ ഇടർച്ചയിലും ഭീകരത കണ്ടെത്തും. നമ്മുടെ മുഴുവൻ മതേതര സംവിധാനങ്ങളെയും അപഹസിക്കാനും റദ്ദാക്കാനും അവരതിനെ ഉപയോഗിക്കും. ഒരു കോടതിവിധി കൊണ്ട് മൊത്തം കോടതികളെയും ഇല്ലാതാക്കും. ഒരു ജനവിധികൊണ്ട് എല്ലാ തെരഞ്ഞെടുപ്പുകളെയും തോൽപ്പിക്കും. ഒരു അന്യായം കൊണ്ട് എല്ലാ ന്യായങ്ങളെയും മുക്കിക്കളയും. നമ്മൾക്ക് രക്ഷ നമ്മൾമാത്രം എന്നവർ മുസ്ലിങ്ങളോട് പറഞ്ഞു സ്‌ഥാപിച്ചെടുക്കാൻ ശ്രമിക്കും.
ഇരവാദ വിദഗ്ധന്മാർ.

മതേതരത്വത്തിൽ വിശ്വസിക്കുന്ന, അത് ജീവിതദർശനമായി കൊണ്ടുനടക്കുന്ന ഭൂരിഭാഗം മനുഷ്യർ ഈ നാടിനെ എന്നെങ്കിലും മതേതരത്വത്തിലേക്കു തിരിച്ചു നടത്തുമെന്നു നിങ്ങൾ ഒന്ന് പറഞ്ഞുനോക്കൂ, അവർ എത്ര കുപിതരാകുമെന്നു അപ്പോൾ കാണാം.
അവർക്കതു അംഗീകരിക്കാനാവില്ല. അവരുടെ കച്ചവടം പൂട്ടും ജനാധിപത്യ മതേതര മുന്നേറ്റങ്ങളുടെയൊപ്പമാണ് ഇന്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷയും മുന്നോട്ടുപോക്കും എന്ന വസ്തുതയെ തമസ്കരിക്കുക എന്നതാണ് അവരുടെ ഒരേയൊരു ലക്‌ഷ്യം. അത്തരം ഓരോ മുന്നേറ്റവും അവരുടെ നിലനിൽപ്പ് ചോദ്യം ചെയ്യും എന്നവർക്കറിയാം.

എന്നുവച്ചാൽ ഇസ്ലാമിസ്റ്റുകളും മതേതരജനാധിപത്യ പ്രസ്‌ഥാനങ്ങളും പരസ്പരം റദ്ദാക്കുന്നവരാണ്. അവർ തമ്മിലുള്ള ഒത്തുതീർപ്പ് അസംബന്ധമാണ്. ഇന്ത്യയുടെ ഭാവിയെപ്പറ്റി എന്തെങ്കിലും കരുതലുള്ളവർക്കു ചെയ്യാവുന്നത് അവരോടു സന്ധി ചെയ്യാതിരിക്കുക എന്നതാണ്. പരസ്പരം പോഷിപ്പിക്കുന്ന ഹിന്ദുത്വ -ഇസ്‌ലാമിസ്റ്റ് സഹകരണ സംഘത്തിലെ ആരോട് സന്ധിചെയ്താലും എത്ര ചെറിയ അളവിൽ ചെയ്താലും ബഹുസ്വരതയിൽ മാത്രം ജീവിക്കാൻ പറ്റുന്ന ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരറുക്കുന്ന പണിയായിരിക്കും അത്.

ബിഹാറിൽ മാത്രമല്ല; എവിടെയും അതുതന്നെ കഥ. ഹിന്ദുത്വ ആണെങ്കിൽ ഇയാൾക്ക് കുഴപ്പമില്ല, പക്ഷെ മുസ്ലിങ്ങൾ ഒന്നും പറയാൻ പാടില്ല എന്നും പറഞ്ഞു ഈ പോസ്റ്റിന്റെ അടിയിലും ആളുകൾ വരും. ഹിന്ദുത്വ എന്താണെന്നോ അതിനെക്കുറിച്ചുള്ള പോസ്റ്റുമാന്റെ നിലപാട് എന്താണെന്നോ അറിയാത്തവരല്ല അവർ. ചിലവാകുന്ന ഒരേയൊരു ചീട്ടിന്റെ, ഇരവാദത്തിന്റെ, ഉസ്താദുമാരാണവർ. അതിറക്കുകയാണ്. അവരെ നോക്കിവെച്ചേക്കുക.