കോൺഗ്രസിന്റെ വൈറസ് ഗ്രൂപ്പിന് എല്ലാവിധ ആശംസകളും, ഈ തെറിയൊക്കെഇത്രയുംകാലം എങ്ങനെ ഉള്ളിലൊതുക്കി നടന്നു ?

115

KJ Jacob

കോൺഗ്രസുകാർക്ക് പുതിയ ഒരു ഓൺലൈൻ സേന രംഗത്തുവന്നിട്ടുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷം തോന്നി. പൊതുവെ കോൺഗ്രസുകാർ ഓൺലൈനിൽ അഗ്രസീവല്ല. ‘എനിക്ക് രാഷ്ട്രീയമില്ല’ എന്ന് ബാൻഡ് എടുത്തു നെറ്റിയിൽ കുറുകെ ഒട്ടിച്ചാണ് അവർ പലരും രാഷ്ട്രീയം പറയുന്നത്. ഇടയ്ക്കും മുട്ടിനും സഞ്ജയ് ഗാന്ധിയെ ഒന്ന് തെറിയും വിളിക്കും; അതാകുമ്പോൾ ആരും ചോദിക്കുകയും ഇല്ല.

അവർ നേരിട്ട് രംഗത്തുവന്നാൽ പല മെച്ചങ്ങളുണ്ട്. കേരളത്തിന് പുറത്തു ബി ജെ പി യും കോൺഗ്രസും നേരിട്ട് തെരഞ്ഞെടുപ്പിന്റെ മറ്റോ ഏറ്റുമുട്ടുന്ന സമയത്തു വിവരങ്ങൾ അറിയാൻ ഇപ്പോൾ കമ്മികൾ വേണം. അഹ്മദ് പട്ടേൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചോയെന്നറിയാൻ പാതിരാത്രികഴിഞ്ഞും എണീറ്റിരുന്നു അപ്‍ഡേയ്റ്റ് ചെയ്യുന്ന കമ്മികൾക്കുപണി കുറവായിക്കിട്ടും; ഓൺലൈൻ കോൺഗ്രസുകാർ ആ പണി ചെയ്തോളുമല്ലോ. വല്ലപ്പോഴും രാഹുൽ ഗാന്ധിയും ശശി തരൂരും കൊള്ളാല്ലോ എന്നുകൂടി പറഞ്ഞാൽ സന്തോഷായി.

വൈറസ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പാണ് ഈ സേനയെ നിയന്ത്രിക്കുന്നത് എന്ന് സുഹൃത്ത് പറഞ്ഞപ്പോൾ ഒന്നമ്പരന്നു. ഷോർട്ട് ഫോമിൽ ‘വി’ ഗ്രൂപ്പ്. ആവട്ടെ; യുക്തിഭദ്രമായും വസ്തുതകൾ വെച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരുന്ന വി ഡി സതീശൻ ആ ടെലിമെഡിസിൻ ആപ്പിനെപ്പറ്റി പറയുന്നതുകേട്ടപ്പോൾ ഇങ്ങേർക്കെന്തു സംഭവിച്ചു എന്ന് ഞാനും ഓർത്തിരുന്നു. എൻജിനീയറിങ് ബിരുദമുള്ള കെ എസ ശബരീനാഥൻ സ്പ്രിങ്ക്ലറിനെപ്പറ്റി പറയുന്നതും മൾട്ടൈ-ഡിഗ്രി വിദ്വാൻ ഡീക്രിപ്‌ഷൻ-എൻക്രിപ്‌ഷനെക്കുറിച്ചുമൊക്കെ പറയുന്നതും ഒക്കെ കേട്ടപ്പോൾ വൈറസ് മ്യൂട്ടേഷൻ തിയറിയിൽ എനിക്കും വിശ്വാസം വന്നു. പേര് കറക്ടാണ് എന്നും തോന്നി.സേനയുടെ വരവ് ഗംഭീരമായിട്ടുണ്ട് എന്ന് തോന്നുന്നു. വളരെപ്പെട്ടെന്നു കാര്യങ്ങൾ മനസിലാക്കാനും പ്രതികരിക്കാനും തുടങ്ങി. അവർ ഇരുന്നുകൊണ്ട് പ്രവേശിച്ചതിനുശേഷം ശ്രദ്ധിച്ച ചില കാര്യങ്ങൾ:

ഒന്ന്: കോവിഡ് എണ്ണത്തിൽ തുടക്കത്തിൽ മുൻപിൽ നിന്ന കേരളം താരതമ്യേന മെച്ചപ്പെട്ട പ്രതിരോധം നടത്തി; അന്താരാഷ്ട്ര മാധ്യമങ്ങൾ അത് ശ്രദ്ധിച്ചു; പല രാജ്യങ്ങളിലും പല തരത്തിലുള്ള പത്രങ്ങളും ജേണലുകളും വരെ എഴുതാൻ തുടങ്ങി. അപ്പോഴാണ് ഒരു പുതിയ ട്രെൻഡ് ഞാൻ ശ്രദ്ധിച്ചത്: കേരളത്തിലെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും “കേരളം ഒരു വൻ പരാജയമാണ്” എന്ന് പറഞ്ഞു കുറച്ചുപേർ വരും; തള്ളുമാത്രമേയുള്ളൂവെന്നും. എല്ലാം പി ആർ ആണ്; ലോകം മൊത്തം കുമ്പിടീടെ ആൾക്കാരാണ്.

എന്റെ അഭിപ്രായത്തിൽ നല്ലതാണ്. ഈ പ്രചാരണം ഓൺലൈനിൽ മാത്രമല്ല, നാട്ടിലിറങ്ങിയും പറഞ്ഞുതുടങ്ങണം. ആളുകൾ അറിയട്ടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെയും കമ്മികളുടെയും തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചരണം. പ്രത്യേകിച്ച് പകുതിയോളം വരുന്ന കോൺഗ്രസ്-യു ഡി എഫ് വാർഡ് മെമ്പർമാരും. അവരോടൊക്കെ അത്ര അഹങ്കാരം പാടില്ലെന്ന് ആന്റണിജിയും പറഞ്ഞിട്ടുണ്ട്; കൊറോണ പോയിട്ടൊന്നുമില്ലെന്നു വാഴക്കൻ ജി നേരത്തെയും പറഞ്ഞിട്ടുണ്ട്. ആഞ്ഞു ശ്രമിച്ചാൽ ആറുമാസം കഴിയുമ്പോൾ കേരളം മഹാരാഷ്ട്രയ്ക്കുമുകളിൽ എത്തും. അപ്പോൾ ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്ന് പറഞ്ഞു വൈറസിന്റെ പടം വച്ച് പത്രത്തിൽ പരസ്യവും ഇടാം.

രണ്ട്: മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരെയുള്ള ആക്രമണം: ഇന്നുവരെ കേൾക്കാത്തത്ര തെറിവിളി. ഒരു സ്പെഷ്യലി ട്രെയിൻഡ് ഫോഴ്‌സിന് മാത്രം സാധിക്കാവുന്നത്. ട്രെയിനിങ് ഫാക്കൽറ്റി കൊള്ളാം. ട്രിപ്പിൾ എ ഗ്രെയ്ഡ്.

മൂന്നു: വി ഡി സതീശന്റെ ഐ ഡി യില്നിന്നും കേട്ടാലറയ്ക്കുന്ന തെറിവിളിയുടെ സ്‌ക്രീൻ ഷോട്ടുകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു ഒരു ദിവസം. (സതീശൻ അത്തരമൊരു ഭാഷ ഉപയോഗിക്കുന്ന ആളാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഒന്നും പറയാനില്ലാതെ വരുമ്പോളാണ് തെറിവിളി; സതീശന് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ലെന്നാണ് എന്റെ ബോധ്യം. അദ്ദേഹമായതുകൊണ്ടു കേസുകൊടുക്കും എന്നുതന്നെയാണ് എന്റെ വിചാരം) സ്‌ക്രീൻ ഷോട്ട് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അതോ ഐ ഡി ആരോ ഹാക്ക് ചെയ്‌തെന്നും ഒക്കെ വിശദീകരണം പെട്ടെന്ന് വന്നു. എന്തായാലും അതിന്റെ പേരിൽ ഒരു ചോദ്യത്തിനും സതീശന് ഉത്തരം പറയേണ്ടി വന്നിട്ടില്ല; കുറച്ചു ഓൺലൈൻ ആളുകളൊഴികെ അതാരും അറിഞ്ഞിട്ടുമില്ല.

നാല്: മീൻ വിറ്റു കിട്ടുന്ന കാശുകൊണ്ട് കോളേജിൽ പോയ ഹനാനെതിരെ ഉണ്ടായ ആക്രമണം. സർക്കാർ പൊളിയാണ് എന്നോമറ്റോ അവർ ഒരു ടിക് ടോക്കിൽ പറഞ്ഞു; അപ്പോൾ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീമാൻ രമേശ് ചെന്നിത്തല അവർകൾ വാഗ്ദാനം ചെയ്ത വീട്ടിൽ താമസിച്ചുകൊണ്ടാണോ ഇങ്ങിനെ സർക്കാരിന് സ്തുതി പാടുന്നത് എന്ന് ചോദിച്ചുകൊണ്ട് ആളുകൾ വന്നു. അങ്ങിനെയൊരു വീട് കിട്ടിയില്ല എന്നും അയ്യായിരം രൂപ വാടക കൊടുത്താണ് താൻ ഇപ്പോഴും താമസിക്കുന്നത് എന്നും ആ കുട്ടി പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മേഴ്സിക്കുട്ടിയമ്മയ്ക്ക് കിട്ടിയ തെറിയൊന്നും തെറിയല്ല എന്ന മട്ടിലായി ആക്രമണം.
ഗംഭീരമായിട്ട്ണ്ട്. ഓപ്പറേഷനൽ എഫിഷ്യന്സിയിലും മെച്ചമുണ്ട്. വെരി ഫാസ്റ്റ് അപ്ഗ്രെയ്ഡ്.


വിനീതനായ എനിക്കും (കുഞ്ഞാലിക്കുട്ടി സാഹിബിനെ സ്മരിക്കുന്നു) കിട്ടുന്നുണ്ട് ഒരു പങ്ക്. എല്ലാ കോവിഡ് പോസ്റ്റിന്റെ അടിയിലും ഒട്ടിക്കുന്ന ‘കേരളം വൻ പരാജയം’ മാത്രമല്ല, ആന്റണിയെ പറയുന്നോ എന്നാണ് പുതിയ ചോദ്യം. മെസഞ്ചറിലും പതിവില്ലാതെ ചില സന്ദേശങ്ങൾ വന്നുതുടങ്ങി.ഞാൻ ആന്റണിയെ പറയുന്നത് ഇതാദ്യമല്ല. റഫാൽ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ആവശ്യമായ പിന്തുണ കൊടുക്കാതിരുന്നപ്പോഴും, ട്രൈ ജംക്ഷൻ എന്ന പേരിട്ടു രാഹുലിനെ വയനാട്ടിൽ കൊണ്ടുനിർത്തി പച്ചയ്ക്കു വർഗീയത പറയാൻ ബി ജെ പി യ്ക്കും നരേന്ദ്ര മോഡിയ്ക്കും അവസരമുണ്ടാക്കി കോൺഗ്രസിനെ തോൽവിയിലേക്ക് നയിച്ചപ്പോഴും യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യെ വിമർശിക്കാൻ പത്രസമ്മേളനം വിളിച്ചപ്പോഴും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.  അപ്പോളൊന്നുമില്ലാതിരുന്ന ഒരു പ്രതികരണം ഇപ്പോൾ കാണുന്നുണ്ട്. എനിക്കിഷ്ടായി.


സംഭവം മൊത്തം കളറാകുന്നുണ്ട്. പക്ഷെ ഫോക്കസ് മാറരുത് ‘വി’ ഗ്രൂപ്പുകാരെ: കേരളം കോവിഡ് പ്രതിരോധത്തിൽ വൻ പരാജയമാണ്; നിങ്ങളുടെ വാർഡ് മെമ്പർമാരും പരാജയമാണ്; അവരൊക്കെ കൂടുതൽ പരാജയപ്പെടാൻ പോകുന്നേയുള്ളൂ; ഇപ്പോൾ കാണുന്നത് ഒക്കെ പി ആർ തള്ളാണ്. എല്ലാരും കൂലിയെഴുത്തുകാരാണ്; കുമ്പിടീടെ ആൾക്കാരാണ്.
ജയ് വൈറസ് (ഗ്രൂപ്പ്)