ഇന്ന് കേരളം എത്തിനിൽക്കുന്ന അവസ്‌ഥയുടെ നേർക്കാഴ്ചയാണ്‌ ദേവികയുടെ മരണത്തിൽ കാണേണ്ടത്

12

KJ Jacob

പഠിക്കാൻ അവസരമുണ്ടായതുകൊണ്ടും പഠിച്ചതു കൊണ്ടും മാത്രം രക്ഷപ്പെട്ട ആളാണ് ഞാൻ; എന്നെപ്പോലെ കേരളത്തിലെ ഒട്ടധികം ആളുകൾ. അതുവഴി രക്ഷപ്പെടാൻ സാധിക്കും എന്ന് കരുതുന്ന ലക്ഷങ്ങളുണ്ട് ഇപ്പോഴും ഈ നാട്ടിൽ; ആ വഴി മാത്രമുള്ളവർ. അവരിൽ പ്രതീക്ഷയർപ്പിക്കുന്ന അച്ഛനമ്മമാരുണ്ട്. അതുകൊണ്ടുതന്നെ രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം അടഞ്ഞുപോകുന്നു എന്ന് തോന്നിയാൽ ഭാവിയെക്കുറിച്ചു പ്രതീക്ഷയുള്ള ഒരു കുഞ്ഞു എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് മുൻകൂട്ടി പറയാനാവില്ല. പ്രത്യേകിച്ച് ഇത്തരമൊരു വഴി അവസാനം മാത്രം തുറന്നുകിട്ടിയ ഒരു സമുദായത്തിലെ അംഗമായിരിക്കുമ്പോൾ. അതുകൊണ്ടു തന്നെ ദേവികയുടെ മരണം നമ്മുടെ സിസ്റ്റത്തെ ഒന്നമർത്തി കുലുക്കേണ്ടിയിരിക്കുന്നു.

അവളുടെ വീട്ടിലെ ടി വി കേടായിയിരുന്നു; അച്ഛന് ജോലിക്കു പോകാൻ പറ്റുന്നില്ല. ലോക്ഡൌൺ എന്ന് തീരും; അസുഖബാധിതനായ അയാൾക്ക്‌ എന്ന് ജോലിക്കു പോകാൻ പറ്റും, എന്ന് ടി വി ശരിയാകും എന്ന കാര്യത്തിൽ അവൾക്കു ഒരു തീർച്ചയും ഉണ്ടാകുമായിരുന്നില്ല. ഉടനെ ശരിയാക്കാമെന്ന അധ്യാപകരുടെ വാക്കോ ഇവിടെ വന്നിരുന്നു പഠിക്കാമെന്ന അയൽക്കാരുടെ ക്ഷണമോ അവളുടെ ആശങ്കകൾക്ക് മറുപടി ആയിരുന്നില്ല. ഇതൊരു പരീക്ഷണം മാത്രമാണെന്ന മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടെയും ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ അവളുടെ ചെവിയിൽ എത്തിയിട്ടുണ്ടാവില്ല. ടി വി കേടാണ്; സ്മാർട്ട് ഫോൺ ഇല്ല. വാർത്ത അവൾ അറിഞ്ഞിരുന്നില്ല.

അപ്പോൾ പഞ്ചായത്തോ? അവളുടെയടക്കം കണക്കെടുത്തിട്ടുണ്ടാകും. ഓൺലൈൻ പഠന സഹായി ഇല്ലാത്ത രണ്ടു ലക്ഷത്തി അറുപതിനായിരം കുട്ടികളിൽ അവളും ഉണ്ടായിരിക്കും. അവൾക്കും സഹായം എത്തിച്ചേരും. പക്ഷെ എപ്പോൾ?
ഇന്ന് കേരളം എത്തിനിൽക്കുന്ന അവസ്‌ഥയുടെ നേർക്കാഴ്ചയാണ്‌ ദേവികയുടെ മരണത്തിൽ കാണേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു തലമുറ മുന്പാണെങ്കിൽ അവൾക്കു ദുസാധ്യമായിരുന്ന വിദ്യാഭ്യാസം ഇന്നവൾക്കു സാധ്യമായിരുന്നു; അവൾക്കു പ്രതീക്ഷകൾ സൂക്ഷിക്കാൻ ഈ നാട് അവകാശം നൽകുന്നു. എന്നാൽ ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നാട് ഒരു പുതിയ ചുവടുവെയ്ക്കുമ്പോൾ, അത് പരീക്ഷണാടിസ്‌ഥാനത്തിൽത്തന്നെ ആകുമ്പോഴും, അവൾ പുറന്തള്ളപ്പെട്ടുപോകുന്നു. അവൾ പഴയതുപോലെ ആകുന്നു. അവൾക്കു ആശ്വാസം അടുത്തുണ്ട്; പക്ഷെ അവൾ അത് അറിയാതെ പോകുന്നു. പ്രതീക്ഷകളുടെ ഭാരമില്ലാതിരുന്ന അവളുടെ മാതാപിതാക്കളെപ്പോലെ ക്ഷമിക്കാൻ അവൾക്കു സാധിക്കുന്നില്ല.

ദേവികയുടെ മരണം കേരളം ഇന്നെത്തിനിൽക്കുന്ന അവസ്‌ഥയുടെ നേർക്കാഴ്ചയാണ് എന്നെഴുതാൻ മറ്റൊരു കാരണം കൂടെയുണ്ട്.’അൺ റ്റു ദിസ് ലാസ്റ്റ്’ എന്ന ജോൺ റസ്കിന്റെ പുസ്തകത്തെപ്പറ്റി ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം പണിയ്ക്കുവിളിക്കപ്പെട്ട ആൾക്ക് തുല്യ വേതനം നൽകുന്ന യജമാനന്റെ ഉപമ പറഞ്ഞ ബൈബിൾ കഥയെ അവലംബിച്ചെഴുതപ്പെട്ട പുസ്തകം അവസാനത്തെ ആളിന്റെ കണ്ണീരൊപ്പുന്ന ഭരണകൂടത്തെപ്പറ്റി സംസാരിപ്പിക്കാൻ ഗാന്ധിജിയെ പ്രചോദിപ്പിച്ചിരുന്നു. ഒറ്റയ്ക്കുനിൽക്കുന്ന മനുഷ്യനെ സഹായിക്കുമ്പോഴാണ് ഭരണകൂടത്തിന് അർത്ഥമുണ്ടാകുന്നത്; അവർ ചെയ്യുന്ന ജോലിയ്ക്കു മൂല്യമുണ്ടാകുന്നത്.

കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകശ്രദ്ധ നേടുന്നത് അവസാനത്തെ ആളെയും ശ്രദ്ധിക്കാനും രക്ഷപ്പെടുത്താനുമുള്ള അതിന്റെ പരക്കം പാച്ചിൽകൊണ്ടാണ്. ഈ നാടുപോലെ ലോകത്തോട് ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു നാടുണ്ടാവില്ല; വുഹാനിൽനിന്നു നേരിട്ട് കൊറോണബാധയുണ്ടായ നാടാണ് നമ്മുടേത്. ഭരണയന്ത്രം അതിന്റെ അവസാന ലീവറും തിരിച്ചാണ് പ്രതിരോധം നടത്തുന്നത്. അതറിയണമെങ്കിൽ കഴിഞ്ഞ ദിവസം കണ്ണൂരുനിന്നു വന്ന ഒരു വാർത്ത നോക്കുക. പുറത്തുനിന്നും വന്ന സഹോദരിയെ കണ്ട ആരോഗ്യ പ്രവർത്തക ക്വാറന്റൈനിൽ പോയില്ല എന്നുപറഞ്ഞു വൻ പ്രതിഷേധം; അവർ ആത്മഹത്യക്കു ശ്രമിച്ചു.

ഇന്ന് കേരളത്തിലെ കോവിഡ് പ്രതിരോധയന്ത്രത്തിലെ ഓരോ ഘടകവും വലിഞ്ഞുമുറുകിനിൽക്കുന്ന ഈ അവസ്‌ഥയിലാണ്‌. മുന്പൊരിക്കലുമില്ലാതെപോലെ സർക്കാർ സംവിധാനത്തിന്റെമേൽ ജനങ്ങളുടെ ജീവന്റെ ഉത്തരവാദിത്തം നേരിട്ട് വന്നിരിക്കുന്നു. അതിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡ് തല പ്രതിനിധികളും ആശാവർക്കറും മുതൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വരെ വരും. എവിടുന്നോ ഒരാൾ കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന സന്ദേശം കിട്ടുമ്പോൾ മുതൽ അയാൾക്ക് കോവിഡ് ബാധയില്ല എന്ന് ഉറപ്പാക്കുന്നതുവരെ അയാളുടെ ഉത്തരവാദിത്തം ഇപ്പോൾ ഇവരുടെയാണ്.

ഈ പശ്ചാത്തലത്തിൽവേണം വിദ്യാഭ്യാസവകുപ്പ് ഓൺലൈൻ ക്‌ളാസുകൾ തുടങ്ങിയതിനെ കാണാൻ. കഴിഞ്ഞ ഒരുമാസമായി നടത്തിയ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ക്ളാസുകൾ തുടങ്ങിയത്. അതിനകംതന്നെ ആർക്കൊക്കെ ഇത് ലഭ്യമാകാതെ പോകും എന്നതിനെപ്പറ്റി കണക്കെടുപ്പ് നടത്തിയിരുന്നു; സൗകര്യങ്ങൾ അവർക്കു എങ്ങിനെ എത്തിക്കാമെന്ന് ആലോചനയും തുടങ്ങിയിരുന്നു. അതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇതൊരു പരീക്ഷണമാണ് എന്ന് സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. അതിലൊരു ചെറിയ പിഴ വന്നപ്പോഴാണ് ഒരു ജീവൻ നഷ്ടമായത്.

കോവിഡ് പ്രതിരോധം ഇനിയെങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് മെച്ചപ്പെട്ട ഒരു ധാരണയും ഇന്ന് ലോകത്തിനില്ല. അഞ്ഞൂറ് രോഗികൾ ഉള്ളപ്പോൾ ലോക് ഡൌൺ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ അവരുടെ എണ്ണം രണ്ടുലക്ഷം ആയപ്പോൾ ആ നടപടി പിൻവലിച്ചിട്ടുണ്ട്; ഇനിയങ്ങോട്ട് പ്രതിരോധം എങ്ങിനെ ആയിരിക്കുമെന്ന് ഒരു ധാരണയും സർക്കാർ കൊടുത്തിട്ടില്ല. ഒരു നെഗറ്റിവ് ലിസ്റ്റൊഴികെ ജീവിതം മുഴുവൻ, നാട് മുഴുവൻ തുറന്നുകൊണ്ടിരിക്കുകയാണ്; അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് കേന്ദ്ര ഭരണകൂടം എന്തായാലും നമ്മളോട് പറഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ കേരളത്തിനും ഓരോന്നായി തുറക്കേണ്ടിവരും. അപ്പോൾ ഉണ്ടാകുന്ന ഓരോ ചെറിയ വീഴ്ചയും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം തുറക്കാതിരിക്കാനും വയ്യ. വിദ്യാഭ്യാസം പരീക്ഷണാടിസ്‌ഥാനത്തിൽ തുറന്നപ്പോഴാണ് ഒരാൾ ഇല്ലാതായിപ്പോയത്; ഇനിയും കുഞ്ഞുങ്ങൾ തീ തിന്നു കഴിഞ്ഞുകൂടുന്നത്. ഒരു സമൂഹം എന്ന നിലയിൽ ഒരുമിച്ചുനിന്നു കൈകാര്യം ചെയ്തില്ലെങ്കിൽ കൈവിട്ടുപോകുന്ന സന്ദർഭങ്ങൾ ഇനിയും വരും.

ഉത്തരവാദിത്ത രഹിതമായി പെരുമാറി എന്ന് പഞ്ചായത്ത് വാർഡ് മെമ്പർ മുതൽ മുകളിലേയ്ക്കു കുറ്റപ്പെടുത്തുന്ന പല വർത്തമാനങ്ങളും കണ്ടു. എല്ലാം ശരിയാണ്, എല്ലാവരും ശരിയാണ്. പക്ഷെ ഏറ്റവും താഴെത്തട്ടുമുതൽ മുകൾവരെയുള്ള മനുഷ്യരെ ശക്തിപ്പെടുത്തുന്നതിനുപകരം മാറിനിന്നു കുറ്റപ്പെടുത്തുന്നതുകൊണ്ടു പ്രശ്നം പരിഹരിക്കപ്പെടുകയല്ല, കൂടുതൽ ദേവികമാർ ഉണ്ടാവുകയാണ് സംഭവിക്കാൻ സാധ്യത. എന്തുകൊണ്ട് ഒരു പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കിയില്ല എന്നൊരു കെ എസ് യു നേതാവ് നേതാവ് ചോദിക്കുന്നതുകേട്ടു. തുടങ്ങിയത് പരീക്ഷണാടിസ്‌ഥാനത്തിലാണ് എന്ന് സർക്കാർ പറയുന്നത് ടി വി കേടായ വീട്ടിലെ ദേവിക അറിയാതെ പോയി എന്നത് ഒരു യാഥാർഥ്യമാണ്; പക്ഷെ അതെ കാരണമാണ് കെ എസ് യു നേതാവിനും ഉള്ളത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

പറഞ്ഞുവന്നത് ഇതാണ്: നമ്മുടെ നാട് സാധാരണ ജീവിതത്തിലേക്ക് പതുക്കെ പതുക്കെ തുറക്കാൻ നിര്ബന്ധിക്കപ്പെടുകയാണ്. ഇന്നലെ കഴിഞ്ഞതുപോലെ ആയിരിക്കില്ല ഇനിയങ്ങോട്ട്. എത്ര പതുക്കെ ഓടിയാലും ഇത്രകാലം കൂടെ ഓടിയവരിൽ ചിലർ പുറത്തുപോകാൻ സാധ്യതയുണ്ട്. ഇപ്പോൾ നോക്കൂ, കോവിഡ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ നിങ്ങളെ ആംബുലൻസിൽ വന്നുവിളിച്ചുകൊണ്ടുപോകും; ചികിൽസിക്കും; പോകാൻ നേരത്ത് നിങ്ങൾക്ക് അസുഖമില്ല എന്ന് ടെസ്റ്റ് ചെയ്തു ഉറപ്പാക്കും. എല്ലാം സൗജന്യമായിരിക്കും.

കുറച്ചുകഴിയുമ്പോൾ നിങ്ങളോടു വീട്ടിൽത്തന്നെ ഇരിക്കാൻ പറഞ്ഞേക്കാം. ശ്വാസതടസ്സം ഉണ്ടാകുമ്പോൾ മാത്രം വിളിച്ചാൽ മതി എന്ന് പറഞ്ഞേക്കാം. ഐ സി യു മുറിയുടെയോ വെന്റിലേറ്ററിന്റെയോ ലഭ്യത അനുസരിച്ചുമാത്രം നിങ്ങളെ വന്നു കൊണ്ടുപോകുന്ന അവസ്‌ഥ ഉണ്ടായേക്കാം; നിങ്ങളെക്കാൾ ചെറുപ്പക്കാരനെ രക്ഷപ്പെടുത്താൻ നിങ്ങളെ മരണത്തിലേക്ക് നീക്കിക്കിടത്തുന്ന അവസ്‌ഥ ഉണ്ടായേക്കാം. വൻ രാഷ്ട്രങ്ങൾ കൈമലർത്തിയ കാര്യത്തിൽ ഒരു ചെറു നാടിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതിയുണ്ട്. അവിടൊക്കെ ചെറിയ വീഴ്ചപോലും പോലും ദേവികയുടേതുപോലെയുള്ള വൻസങ്കടങ്ങൾക്കു കാരണമാകും.

രണ്ടു ഓപ്‌ഷനുകളുണ്ട്. ഒന്നുകിൽ എല്ലാവരും ഒരുമിച്ചുനിന്നു ഒരാൾക്കും അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള യോജിച്ചുള്ള പ്രവർത്തനം നടത്താം; ഒരാളും വീണുപോകുന്നില്ല ഉറപ്പുവരുത്താനുള്ള ശ്രമം. എന്റെ സഹോദരന്റെ കാവലാൾ ഞാനാണ് എന്ന് ഓരോരുത്തരും പക്ഷെ ഉറപ്പാക്കണം. അതിൽകുറഞ്ഞോന്നുകൊണ്ടും അത് നടക്കില്ല; ഇവിടെയായിട്ടു ഒരദ്‌ഭുതവും സംഭവിക്കില്ല. അല്ലെങ്കിൽ വീഴ്ചകൾക്കുവേണ്ടി കാത്തിരിക്കാം.

Advertisements