ഡോണൾഡ് ട്രംപ് വൈറ്റ് ഹൌസിലെത്തിയ ശേഷം ആദ്യം നടന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെപ്പറ്റി ഒരു തമാശയുണ്ട്

199

KJ Jacob

ഡോണൾഡ് ട്രംപ് വൈറ്റ് ഹൌസിലെത്തിയ ശേഷം ആദ്യം നടന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെപ്പറ്റി ഒരു തമാശയുണ്ട്. അഫ്ഘാനിസ്ഥാനിൽ ബോംബിടാം, പാകിസ്ഥാൻ നശിപ്പിക്കാം, ചൈനയെ ഇല്ലാതാക്കാം, ജർമനിയെ മൂക്കിൽ വലിക്കാം എന്നൊക്കെ അദ്ദേഹം പറയും. അതൊന്നും നടപ്പില്ല എന്ന് ഉദ്യോഗസ്‌ഥന്മാർ തിരിച്ചും പറയും.

“ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ ഞാനെന്തു കോപ്പിനാടോ ഈ വൈറ്റ് ഹൌസിൽ ഇരിക്കുന്നത്,” ട്രംപിന് ദേഷ്യം വന്നു.
“വൈറ്റ് ഹൌസിൽ ഇരിക്കാൻ തന്നെയാണ് സാർ. പിന്നെ എയർ ഫോഴ്സ് വണ്ണിൽ ചുറ്റിയടിക്കാമല്ലോ.” അതായിരുന്നു മറുപടി.
ക്യൂബയ്ക്ക് എതിരെ ശത്രുതാപരമായ നിലപാട് ആദ്യം എടുക്കുകയും പിഗ് ബേ ഓപ്പറേഷൻ നടത്തി പൊളിയുകയും ചെയ്‌തെങ്കിലും അമേരിക്കൻ ജനാധിപത്യത്തിന്റെ പരിമിതികളെപ്പറ്റിയും സാധ്യതകളെപ്പറ്റിയും നല്ല ധാരണയുള്ള ആളായിരുന്നു പ്രസിഡന്റ് ജോൺ എഫ്. കെന്നഡി. അധികാരമേറ്റെടുത്തു കുറച്ചുനാളുകൾക്കുള്ളിൽ അമേരിക്കൻ പത്ര മുതലാളിമാരുടെ ഒരു യോഗത്തിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗമുണ്ട്. അമേരിക്കൻ ഭരണകൂടത്തിന്റെ രഹസ്യാത്മകതയ്‌ക്കെതിരെ ഉറച്ചു സംസാരിച്ച അദ്ദേഹം ജനാധിപത്യത്തിന്റെ വിജയത്തിന് അത് തകരേണ്ടത് ആവശ്യമാണ് എന്ന് പറയുന്നുണ്ട്.

ആ പ്രസംഗമാണ് കെന്നഡിയുടെ അന്ത്യം കുറിച്ചത് എന്ന് ഒരിടത്തു വായിച്ചിട്ടുണ്ട്. (പ്രസംഗം കമന്റിൽ കൊടുത്തിട്ടുണ്ട്).
ഇത് മനസിലാക്കി പ്രവർത്തിച്ച പ്രസിഡന്റായിരുന്നു ബരാക് ഒബാമ എന്നാണ് എന്റെ വായന; ജീവനോടെ എട്ടുവർഷത്തെ ഭരണത്തിനുശേഷം പുറത്തുവരാനായതാണ് ബരാക് ഒബാമയുടെ ഏറ്റവും വലിയ നേട്ടം എന്നും. അഫ്ഘാനിസ്ഥാൻ യുദ്ധം അവസാനിപ്പിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്ന ഒബാമ അവിടെയെടക്കം ഏഴു രാജ്യങ്ങളിൽ ബോംബിട്ടു എന്നാണ് കണക്ക്: അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാക്ക്, സിറിയ, ഇതൊന്നും പോരാഞ്ഞു ലിബിയ, യമൻ, സൊമാലിയ.
വൈറ്റ് ഹൌസിൽ ഇരിക്കുക, എയർ ഫോഴ്സ് വണ്ണിൽ കറങ്ങുക. വർത്തമാനം പറയാൻ അറിയാമെങ്കിൽ അത് നന്നായി പറയുക. കാര്യങ്ങൾ തീരുമാനിക്കാൻ വേറെ ആളുണ്ട്.


അമേരിക്കൻ മുതലാളിത്തത്തിന്റെ ഏറ്റവും ശരിയായ മുഖം പുറത്തുവന്ന ഒരു സന്ദർഭം കൊറോണക്കാലമാണ്. രണ്ടര ലക്ഷത്തോളം ആളുകൾ ഇതിനകം മരിച്ചു; കോടിക്കണക്കിനു ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. “ഇത് നിയന്ത്രിക്കുക എന്നത് ഞങ്ങളുടെ പരിപാടിയായിരുന്നില്ല,” എന്നാണ് ട്രംപിന്റെ പ്രധാന കാര്യോപദേശകൻ കഴിഞ്ഞ പറഞ്ഞത്.
അത് ശരിയാണ്. ആ സമയം കൊണ്ട് അമേരിക്കൻ മുതലാളിമാർ അവരുടെ സമ്പത്തു പതിന്മടങ് വർദ്ധിപ്പിച്ചു. അതിലാണ് കാര്യം; അതിലാണ് ഭരണകൂടത്തിന്റെ താൽപ്പര്യം.

അതുകൊണ്ടു ട്രംപ് ജയിക്കേണ്ടതെന്നു അവയുടെ ആവശ്യമാണ്. ജോസഫ് ബൈഡൻ പറയുന്ന ഡീസൻസി, ഹോണസ്റ്റി, അന്തസ്സ് എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കേൾക്കാൻ രസമുണ്ട് എന്നതിനപ്പുറം എത്രത്തോളം പോകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ട്രംപിന്റെ പരാജയം അമേരിക്കൻ ഡീപ് സ്റ്റെയ്റ്റിന്റെ, മുതലാളിത്തത്തിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടാൻ എളുപ്പമാണ്; അതിനവർ അനുവദിക്കുമോ എന്ന് നോക്കിയാൽ മതി.


ട്രംപിന്റെ പ്രസംഗങ്ങൾ അമേരിക്കൻ വെള്ളക്കാരന്റെ ( White, Anglo Saxon Protestant) ആധിയുടെ നേർ അവതരണമാണ്. ബാക്കിയുള്ളവരെല്ലാം കൂടി നമ്മളെ ഇല്ലാതാക്കാൻ പോകുന്നു, ‘നമ്മൾ ഖത്രേ മെ ഹേ’ എന്ന് പച്ചയ്ക്കാണ് പറയുന്നത്. നിങ്ങൾക്കും സർവ്വനാശത്തിനുമിടയിൽ നിൽക്കുന്ന ഒരേയൊരാൾ ഞാനാണ് എന്ന് പറയാൻ ഒരു മടിയുമില്ല ആൾക്ക്.
ജോ ബൈഡൻ എന്ന റോമൻ കത്തോലിക്കനും കമല ഹാരിസ് എന്ന കറുത്ത വർഗ്ഗക്കാരിയും (ക്ഷമിക്കണം, അങ്ങിനെയാണ്) അപ്പുറത്തു നിൽക്കുന്നു. അതിൽത്തന്നെ ബൈഡൻ അധികകാലമൊന്നും ഉണ്ടാവില്ല എന്നൊക്കെ പറയാൻ ട്രംപിന് പ്രത്യേകിച്ച് മടിയൊന്നുമില്ല. (ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പണ്ട് കത്തോലിക്കനും ഡെമോക്രാറ്റുമായിരുന്നു. ഇപ്പോൾ പ്രൊട്ടസ്റ്റന്റും റിപ്പബ്ലിക്കനുമാണ്. മുൻ എസ് എഫ് ഐ ക്കാരൻ സംഘിയായ അവസ്‌ഥ). ഞാനല്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ് എന്നാണ് ട്രംപിന്റെ പ്രസംഗങ്ങളുടെ ചുരുക്കം.

2008-ഇൽ ഒബാമയുടെ സമയത്തും ഇതേ കോംബോ ആയിരുന്നു പക്ഷെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ജോൺ മക്കെയിൻ ട്രംപിനെപ്പോലെ ഒരു അപ്സ്റ്റാർട്ടായിരുന്നില്ല. ദീർഘവും സ്തുത്യര്ഹവുമായ സൈനിക സേവനത്തിന്റെ പാരമ്പര്യവും ഹൌസിലും സെനറ്റിലുമായി മുപ്പത്തെട്ടുവര്ഷത്തെ അനുഭവ പരിചയവുമുണ്ടായിരുന്ന മെക്കയിനു ഒരു ട്രംപാകാൻ പറ്റില്ല. ഏകദേശം വാജ്‌പേയിയും മോദിജിയും തമ്മിലുള്ള വ്യത്യാസം.

അപ്പോൾ പറഞ്ഞുവന്നത് അന്തസ്സ്, മാന്യത, ജീവൻ എന്നൊക്കെ ബൈഡൻ പറയുമെങ്കിലും അമേരിക്കൻ ഡീപ് സ്റ്റെയ്റ്റിനെ അതിജീവിക്കാൻ അത് മതിയാകും എന്ന തോന്നൽ എനിക്കില്ല. അതിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളുടെയും നേർ പ്രതിനിധിയായ ട്രംപ് ഒരു വശത്തുനിൽക്കുമ്പോൾ പ്രത്യേകിച്ചും. ബിൽ ക്ലിന്റൺ, ബരാക് ഒബാമ, ജോ ബൈഡൻ-കമല ഹാരിസ്. അത്ര നല്ല ഒരു കോമ്പിനേഷൻ അല്ല അപ്പുറത്തുള്ളത്. ഇനി അമേരിക്കക്കാർ ഒരു വിപ്ലവം നടത്താൻ തീരുമാനിച്ചാൽ അതിൽ സന്തോഷക്കുറവ് ഇല്ലതാനും.