ഇയാളാണ് ഇത് ചെയ്തത് എന്നതിന് ഒരു കഷ്ണം തെളിവ് അന്വേഷണ ഏജൻസികൾ ആദ്യം കോടതിയിൽ വയ്ക്കട്ടെ

  0
  166

  KJ Jacob ✍️

  മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളി; ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ചെന്നിത്തല. ബാക്കി വരുന്നുണ്ട് എന്ന് ബി ജെ പി. ഞങ്ങൾ പണ്ടേ അയാളെ ഒഴിവാക്കിയതാണ്; ഞങ്ങൾക്കെന്തു പാട് എന്ന് സി പി എം. ശിവശങ്കർ കുറ്റം ചെയ്‌തു എന്നുള്ളതിനുള്ള തെളിവ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈയിൽ ഇല്ലെങ്കിലും ചോദ്യം ചെയ്യാനാവശ്യമായ കാര്യങ്ങൾ അവർ സംഘടിപ്പിച്ചിട്ടുണ്ട്; കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിൽ മുൻ‌കൂർ ജാമ്യത്തിനുള്ള വകുപ്പില്ല; ശിവശങ്കർ ഇപ്പോൾ പ്രതിയല്ല, ഉയർന്ന ഉദ്യോഗസ്‌ഥന്മാരുടെ മേൽനോട്ടത്തിലാണ് അന്വേഷണം, ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന് പറഞ്ഞാൽ അറസ്റ്റ് ഉണ്ടാവണമെന്ന് നിര്ബന്ധമില്ല, അതുകൊണ്ടുതന്നെ മുൻ‌കൂർ ജാമ്യാപേക്ഷ അനവസര (premature) ത്തിലാണ്; സ്വപ്നയുമായുള്ള ബന്ധം കൃത്യമായി കാണാനുണ്ട്; അതുകൊണ്ടു കള്ളപ്പണം വെളുപ്പിക്കൽ പരിപാടിയിൽ അയാൾ പങ്കാളിയാകാൻ സാധ്യതയുണ്ടെന്ന് ഈ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്; അതുകൊണ്ടു ജാമ്യാപേക്ഷ തള്ളുന്നു. ഇതാണ് കോടതിയുത്തരവിന്റെ ചുരുക്കം.

  ഡിജിറ്റൽ തെളിവുകൾ ഈ ഡി പ്രോസസ്സ് ചെയ്യുകയാണെണെന്നും നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകൾ കിട്ടുന്നതുവരെ അറസ്റ്റ് ഭയക്കുന്നത് അനാവശ്യമാണെന്നും ഈ ഡി പറഞ്ഞിട്ടുണ്ട് എന്ന് ഉത്തരവിലുണ്ട്. അപ്പോൾ ആവശ്യമായ തെളിവുകൾ അവർക്കു കിട്ടിക്കാണണം എന്നുതന്നെ ഊഹിക്കേണ്ടി വരും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വളരെ പ്രൊഫഷണലായ ഏജൻസിയാണ്; ഒരു കാര്യവുമില്ലാതെ അവർ ആരെയും ഉപദ്രവിക്കില്ല; അത് നമുക്കൊക്കെ അറിയാവുന്നതാണ്. നീതിന്യായക്കോടതികൾക്കു തെറ്റുപറ്റാൻ സാധ്യതയില്ല; അതും നമുക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ടു ശിവശങ്കർ അദ്ദേഹം പറയുന്നതുപോലെ നിരപരാധിയാണ് എങ്കിൽ അത് കോടതിയിൽ തെളിയിക്കാൻ സാധിക്കട്ടെ എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ.


  കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ വാർത്തകൾ ശ്രദ്ധിച്ചാൽ അറിയാം ‘വെളിപ്പെടുത്തലുക’ളുടെ ഘോഷയാത്രയാണ്. അതൊക്കെ വായിക്കുന്നവർക്കുള്ള ഒന്നു രണ്ട് റഫറൻസ് പോയിന്റുകൾ താഴെ കുറിക്കുകയാണ്. ഷാഹിന പറഞ്ഞ കാര്യങ്ങൾതന്നെയാണ്; അടിസ്‌ഥാനം ഈ ഡി യും എൻ ഐ എ യും ഒക്കെ കോടതിയിൽ കൊടുത്ത രേഖകൾ തന്നെ; ഇത്തിരി വിശദീകരിക്കുന്നു എന്ന് മാത്രം. വസ്തുതകളിലൂടെ കണ്ണോടിക്കുമ്പോൾ തല വേദനിക്കുന്നതിനാൽ എന്ത് വായിച്ചാലും ‘നല്ല ന്യായീകരണം’ എന്ന് മാത്രം എഴുതാൻ പറ്റുന്നവരും സത്യം കണ്ടുപിടിക്കുന്നത് അവതാരങ്ങളും ചുറ്റുമിരുന്നു ചർച്ചിക്കുന്നവരുമാണെന്നു കരുതുന്നവർ ദയവായി ഇവിടെ നിർത്തുക.

  ഒന്ന്: ലോക്കറിലെ പണത്തെപ്പറ്റി ശിവശങ്കറും ചാർട്ടേർഡ് അക്കൗണ്ടന്റുമായുള്ള വോട്സ്ആപ്പ് സന്ദേശങ്ങൾ. ഈ കേസിൽ ലോക്കറിൽ രണ്ടു തരം പണമുണ്ട്. ആദ്യത്തേത് ലോക്കർ തുറക്കുമ്പോൾ, അതായത് 2018 നവംബറിൽ, (വര്ഷം മറക്കണ്ട) സ്വപ്നയും ചാർട്ടേർഡ് അക്കൗണ്ടന്റും കൂടി നിക്ഷേപിക്കുന്ന പണം, മുപ്പതുലക്ഷം രൂപ. അതിന്റെ ഉറവിടം കുറ്റപത്രത്തിലുണ്ട്: അത് ഷാർജ ഭരണാധികാരിയും കോൺസുലേറ്റ് ജനറലും കൊടുത്ത പണമാണ്. അത് കുറ്റം ചെയ്തുണ്ടാക്കിയ പണമാണ് എന്ന് എവിടെയും പറയുന്നില്ല. .

  രണ്ടാമത്തേത്, എസ് ബി ഐ ലോക്കറിൽനിന്നു എൻ ഐ എ പിടിച്ച 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണ്ണവും; പിന്നെ ഫെഡറൽ ബാങ്ക് ലോക്കറിൽനിന്നും പിടിച്ച 36 ലക്ഷംരൂപയും. ആകെ ഒരു കോടിയിലധികം. ഈ രണ്ടാമത്തെ പണം കള്ളക്കടത്തു നടത്തി ഉണ്ടാക്കിയ പണമാണ് (proceeds of crime) എന്ന് ഈ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. വടക്കാഞ്ചേരി പദ്ധതിയിൽ നിന്ന് കിട്ടിയ പണമാണ് എന്ന് സ്വപ്ന ഒരു ഘട്ടത്തിൽ അവകാശപ്പെട്ടെങ്കിലും അതിനുള്ള തെളിവ് കൊടുക്കാൻ കഴിഞ്ഞില്ല എന്നും കള്ളക്കടത്തു പണമാണ് എന്ന കാര്യം നാലാംപ്രതി സന്ദീപ് നായർ സമ്മതിച്ചിട്ടുണ്ട് എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

  ഈ ഡി കുറ്റപത്രമനുസരിച്ച് 2019 നവംബർ മുതൽ 2020 ജൂലൈ വരെയാണ് കള്ളക്കടത്തു നടത്തുന്നത്. ആദ്യത്തെ പണം മുഴുവൻ ശിവശങ്കറുടെ പേരിൽ വന്നാലും അത് ക്രിമിനൽ കുറ്റമാകില്ല; അതിന്റെ പേരിൽ എന്ത് സന്ദേശം അയച്ചാലും ഒരു പിണ്ണാക്കുമില്ല. രണ്ടാമത്തെ പണത്തിൽനിന്നു ഒരു രൂപ കിട്ടിയാൽ പക്ഷെ പണിയാകും. ഈ രണ്ടാമത്തെ പണവുമായി ബന്ധപ്പെട്ടു ഏതെങ്കിലും സന്ദേശങ്ങൾ ശിവശങ്കറും ചാർട്ടേർഡ് അക്കൗണ്ടന്റുമായി നടന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ? വളരെ ബുദ്ധിമുട്ടിയാണ് ഈ പഴയ മെസേജുകൾ ഈ ഡി കണ്ടെത്തിയത്. പക്ഷെ അവയിൽനിന്ന് തിയതി മാഞ്ഞുപോയോ? കുറ്റപത്രത്തിൽ സന്ദേശങ്ങളുടെ തിയതി അപ്രത്യക്ഷമായത് യാദൃശ്ചികമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്ങിനെ കരുതും; ഈ ഡി ഒരു പ്രൊഫഷണൽ ഏജൻസിയല്ലേ?
  രണ്ട്: ശിവശങ്കറാണ് കിംഗ് പിൻ; അയാൾ സ്വർണ്ണം വിട്ടുകിട്ടാൻ വിളിച്ചിരുന്നു.

  ഈ ഡിയ്ക്ക് ഈ കേസ് അന്വേഷിക്കാൻ ആകെ രണ്ടേ രണ്ട് നിയമങ്ങളേയുള്ളൂ. ഒന്ന്, വിദേശ നാണയ വിനിമയ നിയമം അഥവാ ഫെമ; രണ്ട്, കള്ളപ്പണം വെളുപ്പിക്കൽ നിയമം (പി എം എൽ എ). ഈ കേസിൽ ഫെമ ഇതുവരെ വന്നതായി നമുക്കറിയില്ല; ഈ ഡി യുടെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത് കള്ളക്കടത്തിൽ കിട്ടിയ പണം സ്വപ്നയും കൂട്ടരും പലയിടത്തായി നിക്ഷേപിച്ചിരിക്കുന്നു എന്നാണ്. അതായത് പി എം എൽ നിയമം. അപ്പോൾ സ്വർണ്ണം വിട്ടുകിട്ടാൻ ആരെങ്കിലും സ്വാധീനിച്ചോ എന്ന കാര്യം അന്വേഷിക്കേണ്ട ഏജൻസികൾ ആരൊക്കെയാണ്? പ്രാഥമികമായി കസ്റ്റംസ്; ഈ കേസിൽ എൻ ഐ എയും. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസില്നിന്നും ആരും വിളിച്ചില്ല എന്ന് എൻ ഐ എ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വിളിച്ചതായി കസ്റ്റംസ് പറഞ്ഞിട്ടുമില്ല. പിന്നെങ്ങനാണ് ഈ ഡി ഇത് പറയുന്നത്? വിളിച്ചില്ല എന്ന് എൻ ഐ എ പറയുമ്പോൾ വിളിച്ചിരുന്നു എന്ന് ഈ ഡി പറയുന്നത് എങ്ങിനെയാണ്? വോട്സ്ആപ്പ് സന്ദേശങ്ങളും ഈ ഡി വാദങ്ങളും വാശിയ്ക്കു റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഇക്കാര്യം ഈ ഡി യോട് ചോദിച്ചിരുന്നോ? നമുക്കറിയില്ല. പക്ഷെ ഈ ഡി ഒരു പ്രൊഫഷണൽ ഏജൻസിയാണ്.

  മൂന്ന്: ശിവശങ്കറും സ്വപ്നയുമായി അടുത്ത ബന്ധമുണ്ട്.
  ഇക്കാര്യം ആദ്യം അന്വേഷിച്ചു കണ്ടുപിടിച്ചതും ഒരു രേഖയായി പുറത്തിറക്കിയതും കേരള സർക്കാരാണ്; ശിവശങ്കറെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഇറക്കിയ ഉത്തരവിൽ. എന്നാൽ ആ ബന്ധം കള്ളക്കടത്തിന് ഉപയോഗിച്ചതായി എന്തെങ്കിലും ഒരു തെളിവ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ടോ? കഴിഞ്ഞ ദിവസങ്ങളിൽ ശിവശങ്കറുമായി ബന്ധപ്പെട്ടു എത്ര വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്! ശിവശങ്കറുടെ വോട്സ്ആപ്പ് മെസേജുകൾ പോലും ഗ്രാഫിക്സ് രൂപത്തിൽ പുറത്തുവന്നു. പക്ഷെ അയാളെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന അതിപ്രധാന രേഖകൾ പുറത്തുവരാത്തതു എന്തുകൊണ്ടായിരിക്കും? അങ്ങിനെയൊരു സംശയം നിങ്ങള്ക്ക് തോന്നുന്നില്ല? അതിന്റെ ആവശ്യമില്ല. കാരണം ഈ ഡി ഒരു പ്രൊഫഷണൽ ഏജൻസിയാണ്

  നാല്: പണവുമായി ശിവശങ്കറും സ്വപ്നയും ചാർട്ടേർഡ് അക്കൗണ്ടറിന്റെ വീട്ടിലെത്തി
  കഴിഞ്ഞയാഴ്ച ഒട്ടുമിക്കവാറും മാധ്യമങ്ങളിൽ വെണ്ടയ്ക്ക ആയി വന്ന വാർത്തയാണ്. ശിവശങ്കറുടെ ജാമ്യഅപേക്ഷയെ എതിർത്തുകൊണ്ട് ഈ ഡി കോടതിയിൽ ഇക്കാര്യം പറഞ്ഞു എന്നാണ് വാർത്ത.
  ഒക്ടോബർ ഏഴാം തിയതി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ശിവശങ്കർ ഇങ്ങിനെ മൊഴി നൽകിയതായി പറയുന്നുണ്ട്.

  അതൊരിക്കൽ വായിച്ച ഒരാൾ അന്തംവിടും; ഇതിലെവിടെയാണ് ഇപ്പോൾ വാർത്തയെന്ന്, മൂന്നാഴ്‌ചകഴിഞ്ഞു ഹൈക്കോടതിയിൽ വാദം നടക്കുമ്പോൾ എന്തിനായിരിക്കും ഈ ‘വാർത്ത’ പുറത്തുവരുന്നതെന്ന്? അപ്പോൾ നമ്മൾ രണ്ട് അനുമാനങ്ങളിൽ ഒന്നിൽ എത്തേണ്ടിവരും: ഒന്നുകിൽ ‘പ്രവർത്തകർ’ ഈ കുറ്റപത്രം വായിച്ചില്ല. അതുകൊണ്ടു കിട്ടിയപ്പോൾ വലിയ ‘വെളിപ്പെടുത്ത’ലായി. അല്ലെങ്കിൽ വാർത്തയല്ലാത്തതു വാർത്തയാക്കാൻ ആർക്കോ ആവശ്യമുണ്ട്. ഈ ഡി എന്നാൽ ഒരു പ്രൊഫഷണൽ ഏജൻസിയാണ്.


  വായിക്കരുത് എന്ന് പറഞ്ഞവർ അനുസരിക്കാതെ വായിച്ചാൽ എന്നാൽ പിന്നെ കോടതിയിൽ ഇതൊക്കെ പറയാമായിരുന്നില്ലേ എന്ന് ചോദിക്കും. എനിക്കവരോട് ഒന്നും പറയാനില്ല. അല്ലാത്തവർ ഈ കാര്യങ്ങൾ കൂടി മനസ്സിൽ വെച്ചുവേണം കഥകൾ വായിക്കാൻ
  ഈ അറസ്റ്റിലും ഇനി വരുന്ന നാടകങ്ങളിലും ബി ജെ പി ക്കാർക്ക് ആഹ്ലാദിക്കാം. അവർ ശരിക്കും ഒരു പോയിന്റ് സ്‌കോർ ചെയ്തിട്ടുണ്ട്. ഈ രാജ്യത്തു ആര് ജയിലിൽ കിടക്കണം, എപ്പോൾ കിടക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോൾ അവരുടെ കൈയിലുണ്ട്; അവർ അത് പ്രയോഗിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
  ഒന്നും കാണാതെ ഈ ഡി അറസ്റ്റ് ചെയ്യില്ലെന്നും തെളിവുകൾ ഒക്കെ കാണുമെന്നും പറഞ്ഞു കോൺഗ്രസുകാർ വരുമ്പോൾ ഒന്ന് സഹതപിക്കാൻ പോലും പറ്റില്ല. രണ്ടുമാസത്തിലധികം ജയിലിൽ കിടന്നിട്ടു പി ചിദംബരം പുറത്തു വന്നിട്ടുണ്ട്; അയാളുടെ പേരിലുള്ള കേസ് എന്താണെന്നു ഈ ഡി എന്നെങ്കിലും പറയുമായിരിക്കും.


  സ്പ്രിങ്ക്ലർ കാലം മുതൽ ഞാൻ ശിവശങ്കറോട് സംസാരിച്ചിട്ടുണ്ട്. ചട്ടലംഘനങ്ങൾ വന്നിട്ടുണ്ടാകും എന്നല്ലാതെ നിയമവിരുദ്ധമായ, രാജ്യവിരുദ്ധമായ കാര്യങ്ങൾ അദ്ദേഹം ചെയ്തു എന്ന് വിശ്വസിക്കാൻ ഇതുവരെ എനിക്ക് തെളിവുകളില്ല. ഒരൊറ്റ ക്രോസിൽ പൊളിഞ്ഞുപോകുന്ന വോട്സ്അപ്പ് മെസേജുകൾ എന്തായാലും പോരാ.”അയാളെ എനിക്കറിയാം, അയാൾ അങ്ങിനെ ചെയ്യില്ല,’ എന്ന് പറയുന്നത് എത്രമാത്രം നിലനിൽക്കാത്ത വാദമാണോ അതിലും നിലനിൽക്കാത്ത വാദമാണ് ‘അയാളറിയാതെ അത് സംഭവിക്കില്ല’ എന്ന് പറയുന്നത്. നിയമവാഴ്ചയുള്ള നാട്ടിൽ പ്രത്യേകിച്ചും. ഇയാളാണ് ഇത് ചെയ്തത് എന്നതിന് ഒരു കഷ്ണം തെളിവ് അന്വേഷണ ഏജൻസികൾ കോടതിയിൽ വയ്ക്കുന്നതുവരെ ഇതൊരു പൊളിറ്റിക്കൽ .ഗെയിം ആണെന്നും ടാർഗറ്റ് വെച്ചുള്ള വേട്ടയാടലാണ് എന്നും കരുതാൻ മാത്രമേ നിർവാഹമുള്ളൂ; ചർച്ചകരും അവതാരങ്ങളും എന്തൊക്കെ പറഞ്ഞാലും.