COVID 19
കൂലിത്തല്ലല്ല ജേണലിസം, സത്യാന്വേഷണമാണ്
ഫൈസറും സ്പ്രിംഗ്ളറും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും ഡേറ്റ വില്പനയെക്കുറിച്ചുമൊക്കെ റിപ്പോർട്ട് ചെയ്ത മൂന്നുചാനലുകൾ ഇന്ന് വൈകുന്നേരം എന്താണ് ചർച്ച ചെയ്യുക എന്ന് നോക്കി. ആരും അറിഞ്ഞ ഭാവമില്ല. ‘പോളിറ്റ് ബ്യുറോ അതൃപ്തി പ്രകടിപ്പിച്ചു’ എന്ന് വീശുന്നപോലെയല്ല ഗൂഗിൾചെയ്തു കിട്ടുന്ന
127 total views

ഫൈസറും സ്പ്രിംഗ്ളറും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും ഡേറ്റ വില്പനയെക്കുറിച്ചുമൊക്കെ റിപ്പോർട്ട് ചെയ്ത മൂന്നുചാനലുകൾ ഇന്ന് വൈകുന്നേരം എന്താണ് ചർച്ച ചെയ്യുക എന്ന് നോക്കി. ആരും അറിഞ്ഞ ഭാവമില്ല. ‘പോളിറ്റ് ബ്യുറോ അതൃപ്തി പ്രകടിപ്പിച്ചു’ എന്ന് വീശുന്നപോലെയല്ല ഗൂഗിൾചെയ്തു കിട്ടുന്ന അലമ്പ് സാധനങ്ങൾ എല്ലാം കൂടി ചേർത്തു ആഗോള ഫാർമ ഭീമൻ ഡേറ്റ ചോർത്തുന്നു എന്നൊക്കെ കാച്ചിയാൽ. മാനനഷ്ടത്തിന് വരുന്ന നോട്ടീസ് കണ്ടാൽ ഒരുവിധം മുതലാളിയൊക്കെ ബോധം കെടും. തോട്ടിലെ പരൽമീനെ പിടിക്കാൻ മാമനും മരുമകനും കൂടി ഈരേഴേതോർത്തുവിരിച്ചുപിടിക്കുന്നത് പോലെ കടലിലെ സ്രാവിനെ കിട്ടില്ല,
“എനക്കിപ്പോ അതിനല്ല നേരം.”
സംസ്ഥാന സർക്കാർ നടത്തിയ ഒരു ഇടപാടിനെക്കുറിച്ച് പത്രസമ്മേളനത്തിൽ ചോദിക്കുമ്പോൾ മുഖ്യമന്ത്രിയുടെ മറുപടിയാണ്. ഭരണാധികാരികളോട് അവരുടെ നടപടികളെപ്പറ്റി ചോദ്യം ചെയ്യാൻ പൗരന് അവകാശമുണ്ട്; നിയമവിരുദ്ധതയോ നീതിവിരുദ്ധതയോ ഉണ്ടെങ്കിൽ അയാളെക്കൊണ്ട് മറുപടി പറയിക്കാനും അവർക്കു അധികാരമുണ്ട്. പക്ഷെ എല്ലാവരും കൂടെ സെക്രട്ടേറിയറ്റിലേക്കും വൈറ്റ് ഹൌസിലേക്കും 10, ഡൗണിംഗ് സ്ട്രീറ്റിലേക്കും ഇടിച്ചുകയറിച്ചെല്ലാൻ പ്രായോഗികബുദ്ധിമുട്ടുള്ളതിനാലാണ് ആ പണി മാധ്യമങ്ങളെ ഏൽപ്പിക്കുന്നത്. (ഡൽഹിയിൽ മാധ്യമങ്ങൾ അങ്ങനെ കയറിച്ചെല്ലുന്ന കാലം ഇനി എന്നുണ്ടാകുമോ എന്തോ…)
അപ്പോൾ, ഉണ്ടാകുന്ന ഒരു വിഷയത്തെപ്പറ്റി, ക്രമക്കേടിനെപ്പറ്റി, നിയമവിരുദ്ധതയെപ്പറ്റി, നീതികേടിനെപ്പറ്റി പഠിച്ചു അതിൽ ന്യായമായ ഒരു കേസുണ്ടെന്നു ഉറപ്പാക്കി അത് നാട്ടുകാർക്കുകൂടി ബോധ്യമാകത്തക്കവിധം രേഖകളും തെളിവുകളുംമൊഴികളും സംഘടിപ്പിച്ചു നാട്ടുകാരോട് പറയുക എന്നതാണ് ആദ്യത്തെ പണി. അതോരിത്തിരി മെനക്കെട്ട, റിസ്കുള്ള പണിയാണ്. വോട്ടർഗേറ്റും ബോഫോഴ്സും ഭഗൽപൂർ കണ്ണുപൊട്ടിക്കലും നീര റാഡിയ ടേപ്പുകളും സിമന്റ് കുംഭകോണവും മുതൽ റഫാൽ വരെ അങ്ങിനെ അധ്വാനിച്ചുണ്ടാക്കിയ കേസുകളാണ്. (റഫാലോ എന്ന് തലയിൽ കൈവെക്കേണ്ട, എന്നെകിലും ഒരു സർക്കാർ ആ കേസ് അന്വേഷിക്കാൻ തീരുമാനിച്ചാൽ ആ കൊള്ള പുറത്തുവരും. പുറത്തുവന്നതുതന്നെ മതി ശരിക്കും അന്വേഷിക്കാൻ. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ വിനീതനായ ഞാൻ കണ്ണൂർ-കരുണ മെഡിക്കൽ കോളേജ് അഡ്മിഷൻ കേസിൽ എടുത്ത് എഫേർട്ട് നേരത്തെ എഴുതിയിട്ടുണ്ട്.) ഒപ്പം ആരോപണവിധേയനാകുന്ന ആളോട് ചോദിച്ചു അയാൾക്ക് പറയാനുള്ളതുകൂടി നാട്ടുകാരെ അറിയിക്കുക. പിന്നെ അത് അവരുടെ കേസാണ്.
സ്പ്രിംഗ്ളർ വഴി മലയാളിയുടെ ആരോഗ്യവിവരങ്ങൾ കോവിഡ് വാക്സിൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഫൈസറിനു കൈമാറി എന്ന് ധ്വനിപ്പിക്കുന്ന വാർത്തകൾ ഒരു ദിവസം മുഴുവൻ നമ്മളോട് പറഞ്ഞു. പിന്നെ മറ്റനേകം ആരോപണങ്ങളും. അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ‘അതിനുത്തരം തരലല്ല എന്റെ പണി’ എന്ന് ഭരണാധികാരി പറയുമ്പോൾ, ‘തെളിവുകൊണ്ടുവരൂ, ഞാൻ അത് തടസ്സമല്ലല്ലോ’ എന്നയാൾ വെല്ലുവിളിക്കുമ്പോൾ പത്രക്കാർക്ക് രണ്ടു ഓപ്ഷനേയുള്ളൂ: ആ വെല്ലുവിളി ഏറ്റെടുക്കുക, വിഷയം കൂടുതൽ സജീവമായി, മെച്ചപ്പെട്ട തെളിവുകൾ വെച്ച് ജനത്തെ ബോധ്യപ്പെടുത്തുക; അയാളെക്കൊണ്ട് ഉത്തരം പറയിപ്പിക്കുക. കാരണം നിങ്ങൾക്ക് ഒരു കേസുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ വിഷയം അവിടെ ഇട്ടുപോരുക; കാരണം നിങ്ങൾക്ക് ഒരു കേസില്ല.രണ്ടാമത്തെ ഓപ്ഷനാണ് ഈ കേസിൽ എന്റെ സഹപ്രവർത്തകർക്ക് ഉള്ളതെങ്കിൽ അതിനിർണായകമായ ഒരു സമയത്തു മഹത്തായ ഒരു പ്രൊഫഷനെ പരിഹാസ്യമാക്കുകയാണ് അവർ ചെയ്യുന്നത്. കൂലിത്തല്ലല്ല ജേണലിസം, സത്യാന്വേഷണമാണ്.
128 total views, 1 views today