വെട്ടിയാൽ എളുപ്പത്തിൽ മുറിയുന്ന ധാരാളം ഫോൾട്ട് ലൈനുകൾ ഉണ്ട് മരങ്ങളിൽ, നമ്മുടെ ഇന്ത്യയിലും

51

KJ Jacob

വിറകുവെട്ടുകാരെ ശ്രദ്ധിച്ചിട്ടുണ്ടോ? മുറിക്കാനുള്ള വലിയ മരക്കഷണം വേറൊരു കഷണത്തിൽ എടുത്തു വയ്ക്കും. അങ്ങിനെ വയ്ക്കുന്നതും അൽപ്പം തിരിച്ചും മറിച്ചുമൊക്കെയാണ്. എന്നിട്ടു സൂക്ഷിച്ചു നോക്കി കോടാലിയ്ക്ക്, മഴുവിന് ഒറ്റ വെട്ട്. മിക്കവാറും തടിക്കഷണം രണ്ടാകും.

എല്ലാ മരത്തിലും ഫോൾട്ട് ലൈനുകൾ ഉണ്ട്. അറുത്ത ലോഗുകളാണെങ്കിൽ ഒറ്റനോട്ടത്തിൽ കാണാം, അല്ലാത്തവ കണ്ടാൽ പരിചയസമ്പന്നരായവർക്കു അറിയാം. അതുനോക്കിയാണ് വെട്ടുന്നത്. അവിടെയല്ല വെട്ടുകൊള്ളുന്നത് എങ്കിൽ മുറിയാൻ വലിയ പാടാണ്. അവിടെയാണെങ്കിൽ തൊലി എത്ര പൊതിഞ്ഞുപിടിച്ചാലും മരം മുറിയും, എത്ര വലുതാണെങ്കിലും.


ധാരാളം ഫോൾട്ട് ലൈനുകളുള്ള രാജ്യമാണ് ഇന്ത്യ. ജാതിയും മതവും ഭാഷയും ഗോത്രവും പ്രാദേശിക സ്വഭാവ വ്യത്യാസങ്ങളും ഒക്കെകൊണ്ട് എന്നേ ചിതറിത്തെറിച്ചുപോകേണ്ട ഒരു രാജ്യം. മതം എന്ന ഏറ്റവും വിനാശകരമായ ഫോൾട്ട് ലൈനിൽ ഏറ്റ വെട്ടുകൊണ്ടാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്, ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടത്; കോടിക്കണക്കിനു മനുഷ്യരുടെ ജീവിതം ചിതറിത്തെറിച്ചത്. എന്നിട്ടും ഈ ഫോൾട്ട് ലൈനുകളെ അപ്രധാനമാക്കിയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും മനുഷ്യൻ എന്ന ഒരൊറ്റ ഏകകം സ്വപ്നം കാണാൻ ധൈര്യമുള്ള നേതാക്കളും അവരുടെ അനുയായികളായ മനുഷ്യരും ചേർന്ന് അവരുടെ ജീവൻകൊണ്ടു ബാക്കിയുള്ളത് കൂട്ടിയോജിപ്പിച്ചതും പൊതിഞ്ഞുവെച്ചതുമാണ് നമ്മൾ ഇപ്പോൾ കാണുന്ന ഇന്ത്യ. ഫോൾട് ലൈനുകൾ ഏറിയും കുറഞ്ഞും ഇപ്പോഴും അവിടുണ്ട്; അവിടെത്തന്നെ നോക്കി വെട്ടി മുതലെടുക്കാൻ കഴിവുള്ള ആരാച്ചാരന്മാർ അമരത്തുമുണ്ട്. അതിനു അത്രയൊന്നും വഴങ്ങിക്കൊടുക്കാത്ത അപൂർവ്വം നാടുകളിൽ ഒന്നാണ് ഇപ്പോഴും കേരളം.


കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 26 ശതമാനം വരും മുസ്ലിങ്ങൾ. നാലിലൊന്നിൽ അധികം മനുഷ്യർ. ഏറിയോ കുറഞ്ഞോ നമ്മൾ ആ അനുപാതത്തിൽ അവരെ സാമൂഹ്യശരീരത്തിന്റെ ഭാഗത്തും കാണേണ്ടതാണ്. പക്ഷെ നമ്മൾ കാണാറില്ല.ജാതിയോ മതമോ പ്രൊട്രാക്ടറും കോമ്പസും വെച്ച് അളന്നുതിരിച്ചു കൊടുക്കണമെന്നല്ല പറയുന്നത്; നമ്മുടെ ഭരണഘടനയനുസരിച്ച് അങ്ങിനെ ഒരു സംഗതിയല്ല. പക്ഷെ സാമൂഹ്യയാഥാർഥ്യങ്ങൾ കുറച്ചൊക്കെ അധികാരഘടനയിലും പ്രതിഫലിക്കേണ്ടതുണ്ട്. പക്ഷെ കേരളത്തിൽ അതില്ല.

ഈ എം എസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള പന്ത്രണ്ടു മുഖ്യമന്ത്രിമാർ കഴിഞ്ഞ കൊല്ലങ്ങളിൽ കേരളത്തിൽ ഉണ്ടായിട്ടുണ്ട്; അതിൽ മൂന്നു മാസം മുഖ്യമന്ത്രിയായിരുന്ന സർവ്വാദരണീയനായ സി എച്ച് മുഹമ്മദ് കോയയാണ് ഒരേയൊരു മുസ്ലിം. മന്ത്രിമാരുടെ കണക്കെടുത്താൽ വലിയ വ്യത്യാസമില്ല; യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ മാത്രം മുസ്ലിങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതികമായി രാഷ്ട്രീയാധികാരത്തിൽ ഏകദേശം അവർക്കവകാശപ്പെട്ട സ്‌ഥാനങ്ങൾ കിട്ടും. ബാക്കി അധികാര-ജ്ഞാനാധികാര സ്‌ഥാനങ്ങളിൽനിന്നു അവർ അകലെയാണ്.

കേരളത്തിൽ സംസ്‌ഥാനത്തിന്റെ വകയായി പതിനൊന്നു സർവ്വകലാശാലകളുണ്ട്; കേന്ദ്രത്തിന്റെ വകയായി ഒരു സർവ്വകലാശാലയും സർവ്വകലാശാലയുടെ പദവിയുള്ള രണ്ടു മൂന്നു സ്‌ഥാപനങ്ങളും–ഐ ഐ എം, ഐ ഐ എസ് ടി, എൻ ഐ ടി. ഇവിടെല്ലാം കൂടിയുള്ള വൈസ്-ചാൻസലർ/ഡയറക്ടർമാരിൽ ഒരാൾ മുസ്ലിമായപ്പോൾ ആകെ കുഴപ്പമായി.അതും ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ! സത്യത്തിൽ വേറെ ഒരിടത്തും ഇല്ലെങ്കിൽ അവിടല്ലേ യോഗ്യതയുള്ള ഒരു മുസ്ലിമിനെ വൈസ് ചാൻസലർ ആയി നിയമിക്കേണ്ടത്? അതല്ലേ ഗുരുവിനോട് കാണിക്കുന്ന ആദരം?


പഞ്ചായത്തു കൗൺസിൽ മുതൽ പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ മന്ത്രിസഭയിലും അംഗമായിട്ടുള്ള ആളാണ് കൊല്ലം എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ. അദ്ദേഹത്തോളം വിപുലവും വൈവിധ്യവും നിറഞ്ഞ പരിചയസമ്പത്തുള്ള രാഷ്ട്രീയക്കാർ കേരളത്തിൽ അധികം ഉണ്ടാവാനിടമില്ല. അനന്ത വൈചിത്ര്യങ്ങൾ ഉൾക്കൊള്ളുന്ന ഈ നാട് എങ്ങിനെയാണ് നടന്നുപോകുന്നത് എന്നതിനെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാവാൻ മാത്രം അദ്ദേഹത്തിൽ ഈ രാജ്യം നിക്ഷേപം നടത്തിയിട്ടുണ്ട്; ഇതിനെ ഒന്നിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കൂടി ഏൽപ്പിച്ചിട്ടുണ്ട്. ഫോൾട്ട് ലൈനുകൾ പൊതിഞ്ഞുവെച്ചും, മുറിവുണക്കിയും രാജ്യശരീരം മെച്ചപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കേണ്ട ആളാണ് ശ്രീ പ്രേമചന്ദ്രൻ. അദ്ദേഹം ഫോൾട്ട് ലൈൻ നോക്കി മഴു വീശുന്നത് ഖേദകരമാണ്.