മക്കളുടെ മുൻപിൽ വച്ച് അച്ഛനെ മർദ്ദിക്കരുതെന്ന് നിർദേശം കൊടുത്ത ഒരു പോലീസ് മേധാവി കേരളത്തിലുണ്ടായിരുന്നു

0
127

KJ Jacob

മക്കളുടെ മുൻപിൽ വച്ച് അച്ഛനെ മർദ്ദിക്കരുത് എന്ന് പൊലീസിന് നിർദേശം കൊടുത്ത ഒരു പോലീസ് മേധാവി കേരളത്തിലുണ്ടായിരുന്നു: ജേക്കബ് പുന്നൂസ്. മനുഷ്യരുടെ ആത്മാഭിമാനം എന്നത്, അവർ ഇനി പ്രതികളോ കുറ്റവാളികൾ തന്നെയോ ആണെങ്കിൽ പോലും, അവരുടെയൊക്കെ നിലനിൽപ്പിനു തന്നെ ആധാരമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് സേനാംഗംങ്ങൾക്കു അദ്ദേഹം ആ നിർദ്ദേശം കൊടുത്തത്. അതുകൊണ്ടു പോലീസിന്റെ ആത്മവീര്യം ചോർന്നുപോയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. അദ്ദേഹം പോയി, ആ സർക്കാരും പോയി; അതോടെ ആ നിർദേശത്തിനു എന്ത് സംഭവിച്ചു എന്നറിയില്ല

കഴിഞ്ഞ നാലരവർഷം ഈ സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും എൽ ഡി എഫ് സർക്കാർ സ്പർശിച്ചിട്ടുണ്ട്. പുതുതായി ഒരു മെഷീനറി കൊണ്ടുവന്നല്ല അത് സാധിച്ചത്; ഉള്ളതിനെ പുതുക്കിയും മെച്ചപ്പെടുത്തിയുമാണ് സർക്കാർ അതിന്റെ നയം നടപ്പാക്കിയത്. വഷളായത് എന്ന് നിസംശയം പറയാവുന്നത് ആഭ്യന്തര വകുപ്പാണ്, പോലീസുകാരാണ്. കേരളത്തിൽ ജനങ്ങളും പോലീസുകാരും ബഹുമാനിച്ചിരുന്നു ധാരാളം പോലീസ് മേധാവിമാർ ഉണ്ടായിരുന്നിട്ടുണ്ട്; എൻ ചന്ദ്രശേഖരൻ നായർ മുതൽ എം കെ ജോസഫും ഹോർമിസ് തരകനും കെജെ ജോസഫും ശ്രീ പുന്നൂസും ഉൾപ്പെടെ. അവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പുമുണ്ട്. അവരുടെയൊക്കെ തലയ്ക്കുമീതെ ഒരു രമൻ ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേഷ്ടാവായി പ്രതിഷ്ഠിച്ചത് എന്തിനാണ് എന്ന് ആർക്കെങ്കിലും അറിവുള്ളതായി കേട്ടിട്ടില്ല.

High Court seeks update on Imran torture case | The Business Standardഒരു കാര്യം ഉറപ്പാണ്: പോലീസിന്റെ നിയമലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കലാണ് അവരുടെ ആത്മവീര്യം ഉയർത്താനുള്ള വഴി എന്ന് അവരാരും ഉപദേശിക്കുമായിരുന്നില്ല. ഇപ്പോൾ നമ്മൾ കാണുന്ന ഈ പോലീസ് ഇൻസെൻസിവിറ്റിയുടെ കാരണം നേതൃത്വത്തിന്റെ പരാജയമാണ് എന്നാണ് എന്റെ ഉറച്ച ബോധ്യം. ഉന്നത വിദ്യാഭ്യാസവും കഴിവും സേവനസന്നദ്ധതയുമുള്ള എത്രയോ ചെറുപ്പക്കാർ ഇപ്പോൾ പോലീസിൽ വരുന്നു; അവർ ഗംഭീരമായി തങ്ങളുടെ ജോലി ചെയ്യുന്ന വാർത്തകൾ എത്രവേണമെങ്കിലും നമ്മുടെ നാട്ടിലുണ്ട്. കുടിയൊഴിപ്പിക്കാൻ ചെന്ന വീട്ടിൽ കണ്ട അവസ്‌ഥ കണ്ടു അവരെ സ്വന്തം ചെലവിൽ വീട് വാടകയ്‌ക്കെടുത്തു മാറ്റിപ്പാർപ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ വീട് നിർമ്മിച്ചുനൽകുകയും ഒരു സബ് ഇൻസ്‌പെക്ടറുടെ കഥ ഇന്ന് എവിടെയോ വായിച്ചു. പ്രളയ കാലത്തും കൊറോണ കാലത്തും ഏറ്റവും വിശ്വസിക്കവുന്ന ജനസേവകരുള്ള ഡിപ്പാർട്ട്മെന്റ്കളിൽ ഒന്ന് പോലീസായിരുന്നു.
പിന്നെങ്ങിനെ അച്ഛന്റെ കുഴിവെട്ടുന്ന ഒരു കുട്ടിയോട് ഇങ്ങിനെ പെരുമാറാൻ പൊലീസിന് കഴിയുന്നു?

അധികാരം ദുരുപയോഗിക്കാൻ വളരെയധികം സാധ്യതയുള്ള ഒരു വകുപ്പാണ് പോലീസ്. അതുകൊണ്ടുതന്നെ കൊള്ളാവുന്ന നേതൃത്വം ഇല്ലെങ്കിൽ അത് ദുഷിച്ചുപോകും. അതുണ്ടാകാതെ നോക്കുക എന്നത് അടിസ്‌ഥാനപരമായി ഐ പി എസ്സുകാരുടെയും പിന്നെ രാഷ്ട്രീയ നേതൃത്വത്തിന്റെയും പണിയാണ്. കേരളത്തിൽ പക്ഷെ അത് നാഥനില്ലാക്കളരിയാണ്. പോലീസുകാർ എഴുതിക്കൊടുക്കുന്നത് ആഭ്യന്തരമന്ത്രി അതുപടി വായിക്കുന്നത് പണ്ട് ഞാൻ ഉദാഹരിച്ചിട്ടുണ്ട്: കോവിഡ് പ്രതിരോധകാര്യത്തിൽ ജില്ലകൾ വായിക്കുമ്പോൾ ‘റൂറലും’ ‘സിറ്റി’യും ഒക്കെ കടന്നുവരുന്ന കാര്യം. ഒരു മനുഷ്യനെ അടിച്ചു കൊന്ന കേസിൽ അകത്തുപോകേണ്ട ആൾ ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണറാണ്; മറ്റൊരു പോലീസ് മേധാവിയുടെ മകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെ തലയടിച്ചു പൊട്ടിച്ചിട്ടു ഇപ്പോഴും കൂളായി നടക്കുന്നു. ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും നയത്തിന് കടകവിരുദ്ധമായി കരിനിയമത്തിൽ കുരുക്കി രണ്ടു ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു ഒരുകൊല്ലത്തോളം ജയിലിലാക്കിയ ഏമാന്മാർക്കും ഇപ്പോഴും കുഴപ്പമൊന്നുമില്ല. നിയമവിരുദ്ധമായി പോലീസിനകത്തു ഗുണ്ടാപ്പടയുണ്ടാക്കി ഒരു ചെറുപ്പക്കാരനെ ലോക്കപ്പിൽ ചവിട്ടിയും കുത്തിയും കൊല്ലാൻ കാരണമാക്കിയ പോലീസുകാരനും ഒന്നും സംഭവിച്ചില്ല. നിന്ന് മുള്ളുന്ന ഗുരുവിന്റെ ശിഷ്യർ നടന്നുമുള്ളും. അതാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

പോലീസിന്റെമേൽ ഉന്നതാധികാരികൾക്കും പൊളിറ്റിക്കൽ എക്സിക്യൂട്ടീവിനുമുള്ള നിയന്ത്രണാധികാരം ദുരുപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് വരുന്ന അപകടമാണ് ഇതൊക്കെ എന്ന് കാണാൻ വലിയ ബുദ്ധിമുട്ടില്ല.  ഇതൊക്കെ പലപ്പോഴും എഴുതിയിട്ടുള്ളതാണ്. പക്ഷെ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒരിടതുപക്ഷ സർക്കാർ ചെയ്യേണ്ട പല കാര്യങ്ങളും ഈ സർക്കാർ ചെയ്യുന്നുണ്ട്. പക്ഷെ പൗരന്റെ ആത്മാഭിമാനത്തിനു തങ്ങളുടേതായ വിലയിടുന്ന പോലീസുകാർ ഉള്ളിടത്തോളം അതൊക്കെ വെള്ളത്തിൽ വരച്ച വരെയാണ്. അന്നദാതാവായ പൊന്നുതമ്പുരാന്റെ ഭരണം അവസാനിപ്പിക്കാൻ പുന്നപ്രയിലെയും വയലാറിലെയും മനുഷ്യർ ഇറങ്ങിപ്പുറപ്പെട്ടത് അത്തരം ഏകാധിപത്യ ഭരണം വേണ്ടെന്നു വച്ചിട്ടുതന്നെയാണ്.

അതുകൊണ്ടു അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അധികാരത്തിൽ തിരിച്ചുവന്നാൽ ഇതേ പോലീസ് നയമാണോ പിന്തുടരുക എന്ന കാര്യത്തിൽ സി പി എമ്മും എൽ ഡി എഫും ഒരു തീരുമാനം എടുക്കണം. അത് അവരെ വിശ്വസിച്ചു ഭരണമേല്പിച്ച ജനങ്ങളോട് ചെയ്യുന്ന ഒരു മിനിമം മര്യാദയാണ്.