തെരഞ്ഞെടുപ്പുവരെ നീളുന്ന അസംബന്ധ നാടകങ്ങളുടെ കേരളത്തിലേക്കു സി ബി ഐ യ്ക്ക് സ്വാഗതം

41

KJ Jacob writes

സി ബി ഐ എവിടാ എപ്പഴാ വരിക എന്നാണ് ഞാനും നോക്കിക്കൊണ്ടിരുന്നത്. ഇനിയിപ്പോ മിലിട്ടറി ഇന്റലിജൻസും ‘റോ’യും കൂടി വന്നാൽ ഏകദേശം എല്ലാവരും ആകും. കാക്കനാട് കേന്ദ്രീയ ഭവൻ എന്ന് പറഞ്ഞു ഒരു കെട്ടിട സമുച്ചയമുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകളുടെ ആസ്‌ഥാനമാണ്. അതിന്റെ ഒരു കെട്ടിടം ഒഴിപ്പിച്ചെടുത്താൽ അന്വേഷണ ഉദ്യോഗസ്‌ഥന്മാർക്കു എല്ലാര്ക്കും കൂടി ചായയും കുടിച്ചു സൊറയും പറഞ്ഞിരിക്കാം. അതിന്റെ മുൻപിൽ വൈകുന്നേരം സൈക്കിൾ വണ്ടിയിൽ ച്ഛാട്ടും കിട്ടും. വില തുച്ഛം, ഗുണം മെച്ചം.

കള്ളക്കടത്തു സ്വർണ്ണം പിടിച്ചപ്പോൾ വിട്ടുകൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു കോൾ പോയപ്പോൾ തുടങ്ങിയ അന്വേഷണമാണ്. പത്രാധിപന്മാർ തലസ്‌ഥാനം മുഴുവൻ തീ പടർത്തിയിട്ടും പാലക്കാടൻ ഷൂമാക്കർമാർ വഴിയിലൂടെ തേരാപ്പാരാ നടന്നിട്ടും മുഖ്യമന്ത്രിയെയോ, മറ്റു മന്ത്രിമാരെയോ നേതാക്കന്മാരെയോ പോയിട്ട് എൽ ഡി എഫിന് വോട്ടു ചെയ്തു എന്നുറപ്പിച്ചു പറയാവുന്ന ഒരാളെയും പ്രതി പോയിട്ട് സാക്ഷിയായിട്ടു പോലും കാണുന്നില്ല. ഇപ്പോൾ അറസ്റ്റു ചെയ്യും, ചെയ്തു, കൊണ്ടുപോയി എന്ന് പറഞ്ഞ ശിവശങ്കർ അയാളുടെ വീട്ടിൽകിടന്നു ഉറങ്ങുന്നുണ്ട്; വിളിക്കുമ്പോഴൊക്കെ ചെന്ന് മൊഴി കൊടുക്കുന്നുണ്ട്; അതുകണ്ടു പ്രേമചന്ദ്രൻ എം പി അങ്ങേയറ്റം അസ്വസ്‌ഥനാകുന്നുണ്ട്. അതൊക്കെ കാണാൻ ഒരു രസമുണ്ട്.ഇനി ചില കാഴ്ചകൾ കൂടി കാണാനുണ്ട്.

ഒരു വിദേശ രാജ്യം ഇവിടെ ചെയ്ത പദ്ധതിയിൽ അഴിമതി കണ്ടുപിടിക്കാൻ നടത്തുന്ന സി ബി ഐ അന്വേഷണം. അത് ലോക കുറ്റാന്വേഷണ ചരിത്രത്തിൽ ഇടം പിടിക്കാൻ വഴിയുണ്ട്. കുറച്ചു ഇംളിയാണ്ടന്മാർ സി ബി ഐ ഓഫീസ് കയറി ഇറങ്ങുന്ന കാഴ്ച വരാനുണ്ട്. വടക്കാഞ്ചേരി പദ്ധതിയ്ക്ക് വിജയകരമായി അള്ളു വെച്ചുകൊണ്ടിരിക്കുന്ന സ്‌ഥലം എം എൽ എ യും നാല് കോടി രൂപ കൈക്കൂലിൽ കൊടുക്കുന്നത് ആധികാരികമായി റിപ്പോർട്ട് ചെയ്ത പത്രാധിപരും നാല് കോടി രൂപയുടെ അഴിമതി പത്തുകോടിയാക്കി അപ്ഗ്രെയ്‌ഡ്‌ ചെയ്ത പറവൂർ എം എൽ എ യുമൊക്കെ തെളിവുമായി പോകുന്ന സുന്ദര കാഴ്ച.അസംബന്ധ നാടകങ്ങളുടെ ഒരു കാലമുണ്ടായിരുന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ. അതിന്റെ ഏറ്റവും കൃത്യമായ പ്രതിനിധിയായിരുന്നു സാമുവൽ ബെക്കറ്റിന്റെ ‘ഗോദോയെ കാത്ത്’. അതിലൊരു വാചകമുണ്ട്.

“ഒന്നും സംഭവിക്കുന്നില്ല. ആരും വരുന്നില്ല. ആരും പോകുന്നില്ല. ഇത് ഭയാനകമാണ്.”
“Nothing happens. Nobody comes, nobody goes. It’s awful.” (From memory)
തെരഞ്ഞെടുപ്പുവരെ നീളുന്ന അസംബന്ധ നാടകങ്ങളുടെ കേരളത്തിലേക്കു സി ബി ഐ യ്ക്ക് സ്വാഗതം.