കേരളത്തെ നല്ലതുപറയുന്നത് കണ്ടിട്ട് മിത്രങ്ങൾക്കു സഹിക്കുന്നില്ല

78
KJ Jacob
ഓൺലൈൻ മിത്രങ്ങൾക്കു ആകെ കുരുപൊട്ടി നാശമായിരിക്കുകയാണ്. കേരളം അതിന്റെ പരിമിതികൾക്കുള്ളിനിന്നുകൊണ്ടു കോവിഡ് പ്രതിരോധം നടത്തുകയും സമ്പദ്ഘടന പിടിച്ചുനിർത്താനുള്ള ശ്രമം തുടരുകയും നാലുപേർ അതിനെക്കുറിച്ച് നല്ലതുപറയുകയും ചെയ്യുമ്പോൾ അവർക്കങ്ങു സഹിക്കുന്നില്ല. കർണ്ണാടകം മണ്ണിട്ട് അതിർത്തി അടയ്ക്കുമ്പോഴും പച്ചക്കറി വണ്ടികൾ വരാതെയിരിക്കുമ്പോഴും കാസര്കോടുകാർ അരമണിക്കൂർ അപ്പുറത്തുള്ള മംഗലാപുരത്തേക്ക് പോകാനാകാതെ മരിക്കുകയും ചെയ്യുമ്പോൾ അവർ ആഹ്ലാദ നൃത്തം ചവിട്ടുന്നു. വന്നുവന്ന് @ K A Shaji എഴുതിയ ലേഖനത്തിനു പിണറായി വിജയൻ മറുപടി പറയണം എന്ന അവസ്‌ഥയിലെത്തി കാര്യങ്ങൾ.
അവരെ കുറച്ചു സഹാനുഭൂതിയോടെ കാണണമെന്നാണ് ബാക്കിയുള്ളവരോട് എനിക്ക് പറയാനുള്ളത്. അതിനു ചില കാരണങ്ങളുണ്ട്.
ഒന്ന്: പ്രളയാനന്തരം കേരളത്തിന് ലോകത്തെങ്ങുംനിന്നും സഹായം കിട്ടുമെന്നുവന്നപ്പോൾ ഒരു പോളിസി എന്ന നിലയിൽ മറ്റു രാഷ്ട്രങ്ങളിൽനിന്നും സഹായം വാണ്ടേണ്ട എന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. അവിടം കൊണ്ട് നിർത്തിയാൽ മതിയായിരുന്നു. പകരം പിച്ചച്ചട്ടിയുമായി കറങ്ങാനുള്ള പിണറായിയുടെ പരിപാടി മോദിജി നിർത്തിച്ചു; അതിന്റെ ആവശ്യം മോദിജിയുടെ ഭാരതത്തിന് ഇല്ല എന്ന് തള്ളി. ഇപ്പോൾ കേന്ദ്രസർക്കാർ ലോകം മുഴുവൻ കറങ്ങാൻ ഒരു മുട്ടൻ ചട്ടിയുണ്ടാക്കി; അതുംപോരാഞ് അതിനു പ്രധാനമന്ത്രിയുടെ പേരുമിട്ടു. അതെടുത്തുവച്ചു നിങ്ങൾ തോണ്ടിയാൽ അവരെന്തു ചെയ്യും? ആരോട് പറയും? എവിടെ തീർക്കും?
രണ്ട്: കേരളം കോവിഡ് പ്രതിരോധത്തിന് ശ്രമം തുടങ്ങിയപ്പോൾ അത് പിണറായിക്കു പേരെടുക്കാനാണ്; അത് കേരളത്തിന്റെ സൽപ്പേര് ഇല്ലാതാക്കാനാണ് എന്ന് പറഞ്ഞു തുടങ്ങി. കേരളത്തിന്റെ ടൂറിസം ഇല്ലാതാകുമെന്ന് ഇൻകംടാക്സ് സാർ പ്രഖ്യാപിച്ചു. അതിനുശേഷം ആ വഷളൻ കുമാർ ചൂട് തിയറി ഇറക്കി; തമിഴ്‌നാടിനെ കൊറോണ ഫ്രീ ആയി പ്രഖ്യാപിച്ചു. ഇപ്പോൾ രാജ്യം മുഴുവൻ ലോക് ഡൗണായി. ഇന്ന് ആകെ കൊറോണക്കേസുകളിൽ തമിഴ്‌നാട് കേരളത്തെ മറികടന്നു. കേരളത്തിൽ 289: തമിഴ്‌നാട്ടിൽ 309. തമിഴ്‌നാട്ടിൽ കൂടുതൽപേർക്കു അസുഖം പിടിച്ചതിൽ നമുക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പക്ഷെ അവരുടെ കൊറോണ-ഫ്രീ സങ്കടം ആരോട് പറയും? എവിടെ തീർക്കും?
മൂന്ന്: ഫെബ്രുവരി 29-നു ഇറ്റലിയിൽനിന്നു വന്ന യാത്രികരെ പിടിച്ചുവച്ചില്ല എന്നുപറഞ്ഞു കേരളം സർക്കാരിനെതിരെ അഴിച്ചുവിട്ട പ്രചാരണത്തിന് കണക്കില്ല. ഇപ്പോഴെന്തായി? മാർച്ച് 10 മുതൽ 15 വരെ ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ ഇന്തോനേഷ്യയിലും മലേഷ്യയിലും ഗൾഫിലും നിന്നുമടക്കം ആയിരത്തിലധികം വിദേശികളാണ് പങ്കെടുത്തത്. അതാണ് ഇപ്പോൾ നാടെങ്ങും പടരുന്ന ഒരു പ്രധാന സ്രോതസ്സ്; തമിഴ്നാടിനു പണി കിട്ടിയത് അതുമൂലമാണ്. അതെങ്ങിനെ ശൈലജ ടീച്ചറുടെയും പിണറായി വിജയന്റെയും തലയിൽ വെക്കും? ആരോട് പറയും? എങ്ങിനെ തീർക്കും?
നാല്: കൊറോണ വൈറസിന്റെ ആയുസ് 12 മണിക്കൂറാണ് എന്നും അതുകൊണ്ടാണ് മോദിജി 14 മണിക്കൂർ ജനതാ കർഫ്യൂ പ്രഖ്യാപിച്ചതെന്നും മോദിജിയെപ്പോലും ഞെട്ടിക്കുന്ന വിധത്തിൽ വ്യാഖാനിച്ചു. ഇപ്പോൾ 14 മണിക്കൂർ പോയിട്ട് 14 ദിവസം പോരാഞ്ഞു
21 ദിവസത്തെ ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോട് പറയും? എങ്ങിനെ തീർക്കും?
അഞ്ച്: പാട്ടകൊട്ടി വൈറസിനെ തീർത്തുകളയും എന്ന് ഇവർ പറഞ്ഞെങ്കിലും മോദിജി ശരിക്കും ഉദേശിച്ചത് ഡോക്ടർമാരോട് നന്ദി പറയുക എന്നതാണ്. ഇപ്പോൾ എന്താണ് രാജ്യത്തുനിന്നും കേൾക്കുന്ന വാർത്തകൾ? ആവശ്യത്തിന് മാസ്‌ക്കുകളോ സുരക്ഷിത വസ്ത്രങ്ങളോ ഇല്ലാതെ ഡോക്ടർമാർ കഷ്ടപ്പെടുകയാണ്. അക്കാര്യം സർക്കാർ മറന്നുപോയി. പാട്ടകൊട്ടാൻ നമ്മളെ ഏൽപ്പിച്ചപ്പോൾ ഇതൊക്കെ സംഘടിപ്പിക്കുകകൂടി പ്രധാനപ്പെട്ടതാണ് എന്ന് മോദിജിയോട് പറയാൻ ആളില്ലായിരുന്നു. ആരോട് പറയും? എങ്ങിനെ തീർക്കും?
അതൊക്കെ കേരളത്തിന്റെ മേൽ തീർക്കും. ഏതു ചെറിയ പിഴവും ഊതിപ്പെരുപ്പിച്ചു വലുതാക്കും. ഒരുദ്യോഗഥൻ പ്രളയദുരിതാശ്വാസം മോഷ്ടിച്ചാൽ മൊത്തം ദുരിതാശ്വാസം മോഷണം പോയി എന്ന് ചെണ്ടകൊട്ടിപ്പാടി നടക്കാൻ അവർക്കോ മൂടുപടമിട്ടു നടക്കുന്ന ക്ളോസറ്റ് സംഘികൾക്കോ യാതൊരു ഉളുപ്പുമില്ല. പിഴവുകൾ പരിഹരിക്കണം എന്നുവിചാരിച്ചു പറയുന്നതല്ല; നശിച്ചുപോകണം എന്ന ഒരൊറ്റ ആഗ്രഹമേ ഇവറ്റകൾക്കുള്ളൂ. അത്രമാത്രം വെറുപ്പും വിഷവുമാണ് ഇവർ തലയിൽ കൊണ്ടുനടക്കുനാന്ത്. അതവർക്ക് എവിടെങ്കിലും ഒഴുക്കിത്തീർത്തേ പറ്റൂ. അത് ചെയ്യട്ടെ എന്ന് വിചാരിക്കുക. അല്ലെങ്കിൽ അതെല്ലാം കൂടി കൊണ്ടുനടന്നു എല്ലാത്തിനും ഭ്രാന്താകും; അവരെക്കൂടി താങ്ങാൻ നമ്മുടെ ആശുപത്രികൾക്ക് ഇപ്പോൾ പറ്റില്ല.
കേരളത്തിന് ഇപ്പോൾ ചെയ്യാവുന്നത് ഈ നാട് മുൻപോട്ടു പോകണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും കൂടി ഒരു വിശാലമായ അഭിപ്രായ എഐക്യത്തിൽ എത്തുക എന്നതാണ്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു, ബിജെ പി യിൽ പോലും ഉള്ള സാധാരണ മനുഷ്യരെ കൂടെ കൂട്ടി പിടിച്ചുനിൽക്കാനുള്ള വഴികൾ കണ്ടുപിടിക്കുക എന്നതാണ്. വെറുപ്പിന്റെ കുഞ്ഞുങ്ങളെ അവരുടെ വിധിയ്ക്കു വിടുക എന്നും.