യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാൻ ഇവർക്കെതിരെയുള്ള വിധിന്യായം വായിച്ചാൽ മതി

138

KJ Jacob

അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച കോടതി വിധി വായിക്കുകയായിരുന്നു. എന്താണ് കേസ്?

ഈ മാസം ഒന്നാം തിയതി വൈകുന്നേരം ആറേമുക്കാലിന് പന്തീരാങ്കാവിൽ ഇരുട്ടുവീണ ഒരു കടവരാന്തയിൽ സംശയാസ്പദമായ നിലയിൽ കണ്ട മൂന്നുപേരിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് പിടികൂടി. മൂന്നാമത്തെയാൾ ഓടിപ്പോയി, അയാളെ ഇതുവരെ കിട്ടിയില്ല. പിടികൂടിയ രണ്ടു വിദ്യാർത്ഥികളെ പരിശോധിച്ചപ്പോൾ അവരുടെ തോൾസഞ്ചിയിൽനിന്നും നിരോധിക്കപ്പെട്ട ഭീകര സംഘടനയായ സി പി ഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും കൈപ്പുസ്തകങ്ങളും കണ്ടെത്തി. അവരുടെ കൈയിൽ നിന്നും കിട്ടിയ പെൻ ഡ്രൈവ് ഇതുവരെ ഡീകോഡ് ചെയ്യ്തിട്ടില്ല. കോഡുഭാഷയിലെഴുതപ്പെട്ട കാര്യങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.

വിധിന്യായം വായിച്ചുവരുമ്പോൾ മനസിലാകുന്നത് ഇതാണ്:

പിടികൂടിയ മാവോയിസ്റ്റ് സാഹിത്യത്തിന്റെ വ്യാഖ്യാനമല്ലാതെ അതിനുശേഷം നടത്തിയ അന്വേഷത്തിൽ മാവോയിസ്റ്റുകളുമായി ഈ കുട്ടികൾക്ക് ബന്ധമുണ്ടെന്ന ഒരു തെളിവും കിട്ടിയതായി പോലീസ് പറയുന്നില്ല. ഇവർ മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് എന്നുള്ളതിന് തെളിവുള്ളതായി പോലീസ് പറയുന്നില്ല. ഇവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നോ ഇവർ ഭീകര പ്രവർത്തനം ആസൂത്രണം ചെയ്തെന്നോ അതിനു സഹായിച്ചെന്നോ പൊലീസിന് ഇതുവരെ കേസുള്ളതായി കാണുന്നില്ല. പിടിച്ചെടുത്ത ഉപകാരണങ്ങളിലെ വസ്തുതകൾ പൂർണ്ണമായി ഡീകോഡ് ചെയ്യാതെ അത്തരം തെളിവുകൾ കോടതിയ്ക്കുമുന്പാകെ അന്വേഷണ ഏജൻസി നിരത്തണമെന്നു പറയുന്നത് ബുദ്ധിമുട്ടാണ് എന്നാണ് പോലീസ് പറയുന്നത് . ഇപ്പോഴും അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇവരെ വിട്ടയച്ചാൽ അന്വേഷണത്തെ സ്വാധീനിക്കും, ചിലപ്പോൾ നിയമത്തിൽനിന്നും ഒളിച്ചോടാനും സാധ്യതയുണ്ട്. അതുകൊണ്ടു ജാമ്യം കൊടുക്കാൻ പാടില്ല.

യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാൻ ഈ വിധിന്യായം വായിച്ചാൽ മതി. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും ജാമ്യം കൊടുക്കരുതെന്നും സ്റ്റെയ്റ്റ് വാദിച്ചാൽ 180 ദിവസംവരെ കോടതിയ്ക്ക് ജാമ്യം നിഷേധിക്കേണ്ടവരും. അന്വേഷണ ഏജൻസിയ്ക്കു പെൻ ഡ്രൈവിലുള്ള വിവരങ്ങൾ പുറത്തുകിട്ടുന്നതുവരെയും, മൂന്നാമത്തെ ആളെ പിടികിട്ടുന്നതുവരെയും ആ കുട്ടികൾ ജയിലിൽ കിടക്കേണ്ടിവരും; അവർ ചെയ്ത കുറ്റമെന്താണ് എന്ന ചോദ്യത്തിന് ലഘുലേഖയുടെ വ്യാഖ്യാനം കേട്ട് നമ്മൾ തൃപ്തിയടയേണ്ടിവരും; പിന്നെ പെൻ ഡ്രൈവിൽ ഉണ്ടാകാൻ സാധ്യതയുള്ള രഹസ്യവിവരങ്ങളുടെ വിശദീകരണവും.

എങ്ങിനെയാണ് ഈ നിയമം നിരപരാധികളെ കുടുക്കുന്നത്, അവരുടെ ജീവിതത്തെ നാനാവിധമാക്കുന്നത്, എങ്ങിനെയാണ് ഭരണാധികാരികളുടെ കൈയിൽ അത് അധാർമ്മികമായ ഉപകാരണമാകുന്നത് എന്ന് ഇപ്പോഴും തെരുവിൽ വിളിച്ചുപറഞ്ഞുനടക്കുന്ന ഒരൊറ്റ രാഷ്ട്രീയ വിഭാഗമേ ഇന്ത്യയിലുള്ളൂ: അത് ഇടതുപക്ഷങ്ങളാണ്. ആ ഇടതുപക്ഷ പാർട്ടികളിൽ ഒന്നിലെ അംഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന നാട്ടിലാണ് തോൾസഞ്ചിയിൽ കൊണ്ടുനടന്ന സാഹിത്യത്തിന്റെ വ്യാഖ്യാനത്തിന്റെ പേരിൽ കേരളത്തിലെ ഒരു പ്രധാന നഗരത്തിൽ വൈകുന്നേരം ആറേമുക്കാലിന് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട രണ്ടു ചെറുപ്പക്കാർ എത്രനാളെന്നറിയാതെ ജയിലിൽ കിടക്കുന്നത്.

യു എ പി എ യ്ക്കെതിരെ, നിയമത്തെ ആയുധമാക്കി സർക്കാർ നടത്തന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്ന ഇടതുപാർട്ടികളുടെ നിലപാടിനെ ദുര്ബലമാക്കുന്ന രീതിയിൽ പോലീസിന്റെ സാഹിത്യ വിമർശനത്തെ ആശ്രയിക്കുന്നതെന്തിനാണെന്നു ആഭ്യന്തരവകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ വിശദീകരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നു ഞാൻ കരുതുന്നു. ഇത്തരം കരിനിയമങ്ങളെ ആശ്രയിക്കുന്നവരുടെ ഫാസിസ്റ് രാഷ്ട്രീയത്തെ കടുത്ത പ്രലോഭനങ്ങൾക്കിടയ്റ്റിലും പുറത്തുനിർത്തിയാണ് അവർ അദ്ദേഹത്തെ ആ പദവിയിൽ ഇരുത്തിയത് എന്നതുതന്നെ കാരണം.