ഹാർപ്പിക്കിനു കൊല്ലാൻ കഴിയാത്ത ആ പൂജ്യം ഒന്ന് ശതമാനം മനുഷ്യരുടെ ചോദ്യം ഇതാണ്, ആരാണ് ആ പെൺകുട്ടിയെ കൊന്നത്?

263

KJ Jacob എഴുതുന്നു

നിങ്ങൾ നാലുപേർ ചേർന്നുള്ള ഭാരതപര്യടനം അവസാന ഘട്ടത്തിലാണ്.

ഗോൾഡൻ ട്രയാംഗിളിലൂടെയാണ് യാത്ര. കൊൽക്കത്ത-ചെന്നൈ സ്‌ട്രെച്ച്.
നിങ്ങളുടെ ലക്‌ഷ്യം ഇരുനൂറു കി മീ അകലെയുള്ള ടൗണിൽ രാത്രി പന്ത്രണ്ടുമണിയോടെ എത്തുകയായിരുന്നു. മണി പന്ത്രണ്ടായി; നിങ്ങൾക്ക് ഇനിയും ഏകദേശം അമ്പതു കി മീ ബാക്കിയുണ്ട്.

ആന്ധ്രാപ്രദേശിൽ നെൽപ്പാടങ്ങൾ സുന്ദരമായ ദൃശ്യമാണ്. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കും. ഇടയ്ക്കു ഒരു കുളം, അതിന്റെ അരികിൽ ഒരു മരം. പിക്ച്ചർ പോസ്റ്റ് കാർഡ് സീനാണ് മിക്കവാറും. നിലാവുള്ള രാത്രിയാണെങ്കിൽ പറയുകയും വേണ്ട.

ആ വഴി അങ്ങിനെ പോരുമ്പോൾ നിങ്ങളുടെ കൂട്ടത്തിലെ ഒരു പ്രകൃതി രമണിയുണരുന്നു. നമ്മുടെ നാട്ടിൽ കാണാൻ കിട്ടില്ല ഇത്തരം ദൃശ്യം, ഇത്തിരി നേരം കണ്ടാസ്വദിച്ചിട്ടുപോകാം എന്ന് രമണി. ഐഡിയ തരക്കേടില്ല എന്ന് രണ്ടാമൻ. ബാക്കിയുള്ള കുപ്പി കാലിയാക്കാൻ പറ്റിയ സ്‌ഥലം എന്ന് മൂന്നാമൻ. മനസില്ലാമനസോടെ നിങ്ങൾ വഴിയരികിലുള്ള ഒരു മരത്തിനു സമീപം വണ്ടിനിർത്തുന്നു, എല്ലാരും ഇറങ്ങുന്നു.

രമണിയിറങ്ങി ആദ്യം പ്രകൃതിയെ വീക്ഷിക്കുന്നു. പിന്നെ ബാക്കിയുള്ളവരും ഇറങ്ങുന്നു. ഒന്നിന്റെയും കാലു നിലത്തുറയ്ക്കുന്നില്ല. പിന്നെ പതിവുപോലെ നാലുപേരും നിരന്നുനിന്നു വെള്ളം വറ്റിയ കൈത്തോട്ടിലേക്കു മൂത്രമൊഴിക്കുന്നു. പ്രകൃതിരമണിയുടെ ആൾ കൈയിലിരുന്ന കുപ്പിയിൽനിന്നു ഒരിറക്ക് കുടിച്ചു അടുത്ത ആൾക്ക് കൊടുക്കുന്നു; മൂന്നാമൻ ആയപ്പോഴേക്കും തീർന്നു, കുപ്പി തോട്ടിലേക്ക് വലിച്ചെറിഞ്ഞു

അപ്പോൾ അതുവഴി ഒരു പോലീസ് വണ്ടി വരുന്നു. രണ്ടു പോലീസുകാർ ചാടിയിറങ്ങുന്നു. പതിവ് ചടങ്ങുകൾ. തലയ്ക്കു വെളിവുള്ള നിങ്ങൾ വണ്ടിയുടെ രേഖകൾ കാണിക്കുന്നു. ടോൾ രസീതും കാണിക്കുന്നു. വണ്ടിയുടെ പേരും നിങ്ങളുടെ നാലു പേരുടെയും മൊബൈൽ നമ്പർ വാങ്ങുന്നു; ഈ സ്‌ഥലത്തു അധികം നിൽക്കണ്ട, തനി ക്രിമിനലുകളുടെയും പിടിച്ചുപറിക്കാരുടെയും സ്‌ഥലമാണ്‌ എന്ന മുന്നറിയിപ്പോടെ അവർ പോകുന്നു. നിങ്ങൾ ഹോട്ടലിലെത്തുന്നു, കിടന്നുറങ്ങുന്നു.

അതിരാവിലെ ഫോൺ ബെല്ലടിക്കുന്നു.

“നിങ്ങൾ ഇപ്പോൾ എവിടെയുണ്ട്?
“ഞങ്ങൾ ഹോട്ടൽ കസീനോ. ആരാണ്?
“ശരി.”
“ശരി”

നിങ്ങൾ വീണ്ടും ഉറങ്ങാൻ കിടക്കുന്നു.

പത്തുമിനിട്ടിനകം നാലുപേർ നിങ്ങളുടെ വാതിലിൽ മുട്ടുന്നു. പൊലീസാണ്, ഒരു സ്‌ഥലം വരെ പോകേണ്ടതുണ്ട്. പെട്ടെന്ന് ഇറങ്ങണം. വെറുതെ ശബ്ദമുണ്ടാക്കരുത്. ഉടുത്ത മുണ്ടും ബനിയനുമായി നിങ്ങളെ വണ്ടിയിൽകയറ്റുന്നു. കുറച്ചുമുമ്പേ പ്രകൃതി രമണീയത ആസ്വദിക്കാൻ നിർത്തിയ സ്‌ഥലത്തെത്തുന്നു.

“ഇന്നലെ നിങ്ങൾ ഇവിടെ എന്തെടുക്കുകയായിരുന്നു എന്നാണ് പറഞ്ഞത്?”

“മൂത്രമൊഴിക്കാൻ നിൽക്കുകയായിരുന്നു.”

ഒരു പോലീസുകാരൻ ഒരു മദ്യക്കുപ്പി കർച്ചീഫിൽ എടുത്തുകൊണ്ടുവരുന്നു.

“ഇത് നിങ്ങളുടെയാണോ?”

“ആണ്”

പിന്നെ അധികം സമയം വേണ്ട. കാരണം ആ മരത്തിനപ്പുറത്തു തോട്ടിൽനിന്നു കണ്ടെത്തിയിരിക്കുന്നത് ഒരു പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ ദേഹമാണ്; അവൾ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം, ദേഹത്തു വസ്ത്രങ്ങളില്ല. സ്‌ഥലത്തെ ഒരു ഡോക്ടറുടെ മകളാണ് കൊല്ലപ്പെട്ടത്‌. അത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ്, ആദ്യത്തെ രണ്ടു സംഭവങ്ങളിലും പ്രതികളെ പിടികിട്ടിയിട്ടില്ല.

നാല് വെടിയുണ്ടകൾ.

പിന്നെ വാർത്ത:

സ്ത്രീയെ ബലാൽസംഗം ചെയ്തു കത്തിച്ച് രക്ഷപ്പെടാൻ നോക്കിയ നാല് മലയാളി യുവാക്കൾ സംഭവ സ്‌ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സ്‌ഥലത്തുനിന്നു യുവാക്കളുടെ മദ്യക്കുപ്പിയടക്കം തൊണ്ടികൾ കണ്ടെടുത്തിട്ടുണ്ട്.


അപ്പോൾ നിങ്ങൾ വിചാരിക്കും, ഞാനതിനു ഇങ്ങിനെ കൂട്ടുകാരുമൊത്ത് യാത്ര ചെയ്യാറില്ലല്ലോ, യാത്ര ചെയ്‌താലും മദ്യപിക്കാറില്ലല്ലോ, മദ്യപിച്ചാലും വഴിയിൽ നിന്ന് മുള്ളാറില്ലല്ലോ എന്ന്.

നിങ്ങൾ മനസിലാക്കേണ്ട കാര്യം യാത്ര ചെയ്യുന്നതും മദ്യപിക്കുന്നതും വഴിയിൽ മുള്ളുന്നതും നമ്മുടെ നാട്ടിൽ കുറ്റമല്ല എന്നാണ്. ഞാനതു ചെയ്യാറില്ലല്ലോ എന്നതല്ല ഒരു പൗരൻ ചിന്തിക്കേണ്ടതു എന്നാണ്. നിയമവിരുദ്ധമല്ലാത്തതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് എന്ന കാര്യമാണ് നിങ്ങൾ ഓർക്കേണ്ടത്.

അപ്പോൾ നിങ്ങൾ വിചാരിക്കും, ഞാനൊരു സ്ത്രീയാണല്ലോ, ഞാനിങ്ങനെ സ്ത്രീകൾ മാത്രമായി യാത്ര ചെയ്യാറില്ലാലോ, ചെയ്താലും രാതിയിൽ ഇല്ലല്ലോ എന്ന്.

നിങ്ങൾ വിചാരിക്കേണ്ടത് എന്തുകൊണ്ട് നിങ്ങൾ അത് ചെയ്യുന്നില്ല, ചെയ്യാൻ ധൈര്യപ്പെടുന്നില്ല എന്നാണ്. അങ്ങിനെ യാത്ര ചെയ്യാൻ പറ്റുന്ന വിധത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊപ്പിയും കുപ്പായവുമിട്ടു നടക്കുന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്നു അവരെ ഓർമ്മിപ്പിക്കുകയാണ്.

അപ്പോൾ നിങ്ങൾ വിചാരിക്കും ഇത്തരമൊരു സന്ദർഭത്തിൽ ചെന്ന് ചാടാതിരിക്കാനുള്ള ബുദ്ധി എനിക്കുണ്ടല്ലോ എന്ന്.

നിങ്ങൾ വിചാരിക്കേണ്ടത് നിങ്ങളെക്കാൾ ബുദ്ധികുറഞ്ഞ നിങ്ങളുടെ സഹോദരനോ മകനോ അച്ഛനോ ഭർത്താവോ ഇങ്ങിനെ ഒരവസ്‌ഥയിൽ ചെന്ന് ചാടിയാലോ എന്നാണ്. അപ്പോഴും അവർക്കു അവരുടെ കാര്യം പറയാൻ ഒരവസരം കിട്ടണം എന്നാണ്. അതിനുള്ള അവകാശം അവർക്കുണ്ട് എന്നാണ്.


ഹാർപ്പിക്കിനു കൊല്ലാൻ കഴിയാത്ത ആ പൂജ്യം പോയിന്റ് പൂജ്യം ഒന്ന് ശതമാനം മനുഷ്യരുടെ ചോദ്യം ഇതാണ്: ആരാണ് ആ പെൺകുട്ടിയെ കൊന്നത്?

ആ ചോദ്യം ചോദിക്കണമെങ്കിൽ നിങ്ങൾക്ക് അടിസ്‌ഥാനപരമായ യുക്തിബോധവും നീതിബോധവും ജനാധിപത്യബോധവും വേണം. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, പിന്നെ ശുചിന്ദ്രം കൈമുക്ക് എന്നിങ്ങനെയുള്ള സുകുമാര കലകൾ കൈയൂക്കുള്ളവന്റേതായിരുന്നു എന്നും, അവന്റേതു മാത്രമായിരുന്നു എന്നും ആ കാലത്തുനിന്നും വെട്ടിക്കൊന്നും ബലാൽസംഗം ചെയ്തും മണ്ണിൽ പൂഴ്ത്തിയാൽ ഒരു ചോദ്യമെങ്കിലും ഉയരുന്ന കാലത്തേക്ക് നമ്മൾ മാറിയത് നേരം ഇരുട്ടിവെളുത്തപ്പോഴല്ലെന്നും തലയിൽ ചാണകമല്ലെങ്കിൽ നിങ്ങള്ക്ക് മനസിലാകും.

അഭയ കൊല്ലപ്പെട്ടതിന്റെ പേരിൽ ഇപ്പോഴും മാന്യന്മാർ കോടതി കയറിയിറങ്ങുന്നുണ്ട് എന്നും, വാളയാർ കേസ് ഇപ്പോഴും അധികാരകേന്ദ്രങ്ങളുടെ സ്വൈര്യം കെടുത്തുന്നുണ്ടെന്നും, ബിഷപ്പ് ഫ്രാൻകോ കുറേക്കാലം ജയിലിൽ കിടന്നു എന്നും നിങ്ങള്ക്ക് മനസിലാകും; അയാൾ ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്നും. ഒരു നൂറ്റാണ്ടു മുൻപ് ഇതൊന്നും കുറ്റമായിപ്പോലും കണക്കാക്കാൻ സാധ്യതയുണ്ടായിരുന്നില്ല എന്നും.

അതൊന്നുമില്ലെങ്കിൽ നിങ്ങൾ ആ ചോദ്യം ചോദിക്കും:
അത് നിങ്ങളുടെ സഹോദരിയോ മകളോ ആയിരുന്നെങ്കിലോ എന്ന്.

അതിനു നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.