KJ Jacob

ആശ്വാസകരമായ രണ്ടു വാർത്തകളുണ്ട്:

ഒന്ന്: വാളയാർ കേസിൽ ക്രിമിനൽ കൃത്യവിലോപം കാണിച്ച പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ പുറത്താക്കി. ഇക്കാര്യം ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇന്നുരാവിലെയാണ് ഉത്തരവിൽ ഒപ്പിട്ടത്. അവർ ചെയ്ത ക്രിമിനൽ പണികൾ നമ്മൾ നേരത്തെ വിശദമായി പറഞ്ഞിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു മരണപ്പെട്ടുപോയ കേസിൽ കോടതിയ്ക്കു ശിക്ഷിക്കാൻ പാകത്തിൽ എന്തെങ്കിലും ഒരു കാര്യം അവതരിപ്പിക്കാൻ കഴിയാത്ത അവർ ഈ പണിയ്ക്കു കൊള്ളില്ല എന്ന് സ്വയം തെളിയിച്ചതാണ്. അവർ ഇനി സർക്കാർ ശമ്പളം പറ്റില്ല എന്നത് ആശ്വാസം.

പോക്സോ കേസാണെന്ന പരിഗണന പോലും നൽകാതെ വിചിത്രമായ തത്വങ്ങളിൽ കേസ് കേട്ട ജഡ്ജി ഇനിയുണ്ട്. ഹൈക്കോടതി അക്കാര്യം എപ്പോഴെങ്കിലും പരിഗണിക്കുമായിരിക്കും. കുഞ്ഞുങ്ങളുടെ നേരെ നീളുന്ന കൈകൾ പിടിച്ചുകെട്ടി ശിക്ഷിക്കും എന്നുറപ്പുപറഞ്ഞ മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്നവിധത്തിൽ കേസന്വേഷിച്ചു നടന്ന കുറച്ചു വിദ്വാൻമാർ പോലീസിൽ ഉണ്ട്. ശരീരം തുളഞ്ഞുകയറിയ വേദനയുമായി നടന്നു മരിച്ച്ചുപോയ രണ്ടു പെൺകുട്ടികളോട്, ഒൻപതും പതിമൂന്നുമാണ് പ്രായം എന്നോർക്കണം, കാണിക്കേണ്ട മിനിമം പ്രൊഫഷണൽ ഉത്തരവാദിത്തം പോലും കാണിക്കാനറിയാതെ ഇപ്പോഴും തൊപ്പിയും കുപ്പായവും വടിയും വാഹനവുമായി നടക്കുന്നവർ. അവരെ എന്തിനാണ് സർവീസിൽ വെച്ചുകൊണ്ടോയിരിക്കുന്നത് എന്നുകൂടി മുഖ്യമന്ത്രി ആലോചിക്കണം.

ആ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഒരുതവണ വായിച്ചുനോക്കിയാൽ അമ്മാതിരി ഒരു അന്വേഷണ റിപ്പോർട്ടുമായി കോടതിയിലെത്താൻ ഒരുമാതിരി മനുഷ്യരൊക്കെ ഒന്നുമടിക്കും. രണ്ടര മീറ്റർ ഉയരമുള്ള ഉത്തരത്തിൽ കൈ ഉയർത്തിപ്പിടിച്ചാൽ ഒന്നര മീറ്റർ വരുന്ന ഒരു ഒൻപതുവയസ്സുകാരി തൂങ്ങിമരിക്കുമോ എന്ന കാര്യം പരിശോധിക്കണം എന്ന പോലീസ് സർജന്റെ നിർദ്ദേശം കാണാതെ പോയ കാക്കിക്കാരൻ ഇനിയും കേസന്വേഷിക്കണോ എന്ന് ആഭ്യന്തരമന്ത്രി ആലോചിക്കണം.

രണ്ട്: വിനായകൻ എന്ന പയ്യൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ടു പോലീസുകാർ കസ്റ്റഡി പീഡനത്തിൽ കുറ്റക്കാരാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു. കേസിൽ കുറ്റപത്രം കൊടുത്തിട്ടുണ്ട്. കുറെയേറെ പ്രാവശ്യം അതിനെപ്പറ്റി എഴുതിയ ആളെന്ന നിലയിൽ ചെറിയ ആശ്വാസമുണ്ട്. ക്രിമിനലുകൾക്ക് പോലീസിൽ കാര്യമില്ല എന്ന് സർക്കാർ ഉറപ്പിക്കണം.

ജനാധിപത്യത്തിൽ നീതിയുടെ ചക്രം നമ്മളുദ്ദേശിക്കുന്നവേഗത്തിൽ ചലിക്കണമെന്നില്ല. അത് ചലിക്കുന്നുണ്ട് എന്നത് തന്നെ ആശ്വാസം. അതിന്റെ വേഗം കൂടേണ്ടതുണ്ട് എങ്കിലും.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.