തെരുവിൽ പ്രതിഷേധിക്കുന്ന മനുഷ്യർക്ക് ഇന്റർനെറ്റ് നിഷേധിച്ചിട്ടു ഒന്നും പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് ട്വീറ്റ് ചെയ്ത ബുദ്ധിമാനായ അധികാരി

442

KJ Jacob 

ടെലഫോണും ഇന്റർനെറ്റും കട്ടുചെയ്തും പത്തു മനുഷ്യർക്കു ഒരു പട്ടാളക്കാരനെ വച്ച് കാവല്നിര്ത്തിയും ഒരു സംസ്‌ഥാനം നോർമ്മലാണെന്നു പ്രഖ്യാപിച്ചിട്ട് മണിക്കൂറുകൾക്കകം ആ നോർമൽസി മറ്റു സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വന്ന ഒരു ഭരണാധികാരി. തെരുവിൽ പ്രതിഷേധിക്കുന്ന അതെ മനുഷ്യരോട് ഒന്നും പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് ഇന്റർനെറ്റ് നിഷേധിച്ചിട്ടു ട്വീറ്റ് ചെയ്തു ധൈര്യം കൊടുക്കാൻ മാത്രം ബുദ്ധിമാനായ അയാളുടെ അധികാരി.

നല്ല ബെസ്റ്റ് കൊംമ്പോ, പക്ഷെ തീർന്നില്ല.ഇതൊക്കെ വൻപ്രകടനങ്ങളാണെന്നും കൊടിയേറ്റം നടത്തിയാൽ ജഗന്നാഥൻ ഉത്സവവും നടത്തുമെന്ന് ഗൾഫ് അടക്കം ലോകത്തിന്റെ പലഭാഗത്തുനിന്നും കൈയടിക്കുന്ന മരപ്പാഴുകളും കൂടെ ചേർന്നാലേ ഈ കോംബോ പൂർണ്ണമാകൂ.

ഭരണഘടനാവിരുദ്ധമായ, മതനിരപേക്ഷതയ്ക്കു അള്ളുവെയ്ക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കില്ലെന്നു കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതുതന്നെ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്; ബംഗാളിന്റെ മുഖ്യമന്ത്രി പണ്ടേ പറഞ്ഞിട്ടുണ്ട്. കൂടുതൽ മുഖ്യമന്ത്രിമാർ അതുപറയുകയും ഈ അസംബന്ധ നിയമം ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് മനുഷ്യർക്ക് ബോധം വന്നു അവർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്‌താൽ ഇന്ത്യ മുഴുവൻ ഈ നോർമൽസി വ്യാപിപ്പിക്കുക എന്നല്ലാതെ എന്റയർ പൊളിറ്റിക്കൽ സയൻസ് വിദഗ്ധന്മാർക്കു വേറെ വഴികളൊന്നും അറിയില്ല.

നാട്ടിലുള്ള അച്ഛനും അമ്മയും ഭാര്യയും മക്കളും സഹോദരങ്ങളും ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ ഒരു വഴിയുമില്ലെങ്കിലും ഈ മരപ്പാഴുകൾ അപ്പോഴും വിദേശത്തിരുന്നു ജഗന്നാഥൻമാർക്ക് കൈയടിക്കും. നെറ്റില്ലാത്തതുകാരണം നമ്മൾ അത് കാണേണ്ടിവരില്ല എന്നതുമാത്രമാണ് ഒരാശ്വാസം.