പുറത്തുനിന്നുവന്നവവരെല്ലാം പുറത്തുപോകണം, ആരാണ് ഈ പുറത്തുനിന്നു വന്നവർ?

161

KJ Jacob എഴുതുന്നു,

വടക്കുകിഴക്ക്‌ നടക്കുന്ന പ്രക്ഷോഭത്തോട് ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് യോജിപ്പില്ല.

എന്താണ് അവരുടെ ആവശ്യം?

പുറത്തുനിന്നുവന്നവവരെല്ലാം പുറത്തുപോകണം.

ആരാണ് ഈ പുറത്തുനിന്നു വന്നവർ?

“പത്തണയ്ക്കൊരു കത്തി വാങ്ങി കുത്തിവാങ്ങിയ പാകിസ്‌ഥാൻ” അതിന്റെ തന്നെ പൗരന്മാരെ ദ്രോഹിച്ചപ്പോൾ ഉണ്ടായ കലാപങ്ങളിൽനിന്നു രക്ഷപ്പെട്ടോടി ഇന്ത്യയിലെത്തിയവരാണ് അവർ. പ്രധാനമായും 1971-ഇൽ. പിന്നെ ബംഗാളില്നിന്നു വന്നവരുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ട്. തലമുറകളായി അവിടെ ജനിച്ചവരും ജീവിക്കുന്നവരുണ്ട്.

അവരെയൊക്കെ ഒഴിവാക്കണമെന്നാണ് ആവശ്യം. അവർ വന്നു തങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നും തങ്ങളുടെ സംസ്കാരം തന്നെ അട്ടിമറിക്കപ്പെടുന്നു എന്നുമാണ് അവയുടെ പരാതി. എഴുപതുകളിലും എൺപതുകളിലും അവിടെ വലിയ പ്രക്ഷോഭങ്ങൾ നടന്നു. അധികാരം മാത്രം ലക്ഷ്യമാക്കിയ കോൺഗ്രസ് അക്കാര്യങ്ങൾ പരിഗണിച്ചില്ല. എൺപതുകളിൽ ആൾ ആസാം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന കലാപങ്ങൾക്കിടയിൽ നടന്ന നെല്ലി കൂട്ടക്കൊലയാണ് ആ കലാപത്തിന്റെ ഏറ്റവും വലിയ ബാക്കിപത്രം. (ഔദ്യോഗിക കണക്കനുസരിച്ച് ആറുമണിക്കൂർ നേരത്തെ നരനായാട്ടിൽ 1800 മുസ്ലിങ്ങൾ അവിടെ കൊല്ലപ്പെട്ടു;അനൗദ്യോഗിക കണക്കനുസരിച്ച് അയ്യായിരം പേരും) ചെറുതും വലുതുമായ അനേകം സമരങ്ങളും അട്ടിമറികളും അവിടെ നടന്നു.

അതിനുശേഷം ഒപ്പിട്ട ആസാം കരാർ (1985) അനുസരിച്ച് 1971 മാർച്ച് 24 നു വരെ ഇന്ത്യയിൽ എത്തിയവർക്കു പൗരത്വം കൊടുക്കാം; ബാക്കിയുള്ളവർ പുറത്തുപോകേണ്ടിവരും. (1971 മാർച്ച് 25 നാണു ബംഗ്ളാദേശ് വിമോചന സമരം തുടങ്ങുന്നത്). ആ കരാറനുസരിച്ച് ആ തിയതിക്കുശേഷം വന്നവരെയൊഴിവാക്കാനാണ് അവിടെ എൻ ആർ സി നടപ്പാക്കിയത്. ഒരുഘട്ടത്തിൽ സുപ്രീം കോടതി അതിന്റെ മേൽനോട്ടം ഏറ്റെടുത്തു. ഒടുവിൽ ലിസ്റ്റ് വന്നപ്പോൾ 19 ലക്ഷം പേർക്ക് പൗരത്വമില്ല. അതിൽ പന്ത്രണ്ടു ലക്ഷത്തോളം ഹിന്ദുക്കൾ! അവരൊക്കെ പുരറ്റത്തുപോകണം.

നാമമാത്രമേ ഹിന്ദുക്കൾ ഉണ്ടാകൂ എന്നും അവരുടെ കാര്യം പരിഹാരമുണ്ടാക്കാം എന്നും പുറത്താകുന്ന ബഹുഭൂരിപക്ഷം മുസ്ലിങ്ങളെയും തടങ്കലിൽ ആക്കി ഹിന്ദുരാജ്യത്തിലേക്കു അടുത്ത ചുവടുകൂടി വയ്ക്കാമെന്നുമൊക്കെ കരുതിയ ഗൂഡാലോചനക്കാർക്കു കിട്ടിയ എട്ടിന്റെ പണിയായിരുന്നു ഫൈനൽ ലിസ്റ്റ്. ഏകദേശം 1600 കോടി രൂപ ചെലവാക്കി നടത്തിയ ഈ കലാപരിപാടി കഴിഞ്ഞപ്പോൾ ഇംഗ്ലീഷിൽ പറഞ്ഞാൽ ദി ബി ജെ പി വോസ്‌ ലെഫ്ട് ഹോൾഡിങ് ദി ബേബി. തലയിലായി എന്ന് മലയാളം.

ആസാം എൻ ആർ സി പണി പാളി; അവിടെയുള്ള ഹിന്ദുക്കളും പുറത്തായി എന്ന് കണ്ടപ്പോൾ അവിടത്തെ ബി ജെ പിക്കാരും ബി ജെ പി സർക്കാരും അത് കുട്ടയിലിടണമെന്ന ആവശ്യം ഉന്നയിച്ചതാണ്. തലയ്ക്കു വെളിവുള്ള ഒരു ഭരണകൂടം അവിടെവച്ചു നിർത്തേണ്ടതാണ് ഈ പരിപാടി. കാരണം ഇക്കണ്ട മനുഷ്യരെയൊക്കെ എന്ത് ചെയ്യാനാണ്? അപ്പോൾ അജണ്ട വേറെയുണ്ട്. അവരിൽ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്കു പൗരത്വം കൊടുക്കാൻ പാകത്തിൽ പൗരത്വ ഭേദഗതി നിയമം ഉണ്ടാക്കി. അതിനർത്ഥം ആ പന്ത്രണ്ട് ലക്ഷം പേർക്കും പൗരത്വം കിട്ടുമെന്നാണ്. (അനൗദ്യോഗിക കണക്കനുസരിച്ച് അതിലും കൂടും). അവരും പിന്നെ രാജ്യത്തിന്റെ മറ്റുഭാഗത്തുള്ളവരുമായ ബംഗ്ലാദേശി ഹിന്ദുക്കൾ കയറിവന്നു തങ്ങളുടെ അവസരങ്ങളും സംസ്കാരവും തകരാറിലാക്കുമെന്നു പറഞ്ഞാണ് പ്രക്ഷോഭം.

ജീവിക്കാനോടിവന്ന മനുഷ്യരെ ഇന്ത്യയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അനുഭവത്തിലും ഊന്നി ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടത്; അവിടെനിന്നു ഓടിക്കുകയല്ല. അത്തരം ശുദ്ധതയുടെ ചരിത്രമല്ല മനുഷ്യരുടേത്; കലർപ്പിന്റെതാണ്. അത് പറഞ്ഞു മനസിലാക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കണം നാട് ഭരിക്കേണ്ടത്

കേന്ദ്രത്തിന്റെ അവസ്‌ഥ നോക്കൂ: ഒന്നുകിൽ വൈവിധ്യം എന്ന ആശയം അംഗീകരിക്കണം; ആസാമികളോട് അവിടുള്ള ബംഗാളികളും മനുഷ്യരായാണ് എന്ന് പറയണം. പക്ഷെ ആ വൈവിധ്യം അസമിൽ മാത്രം നിർത്താൻ പറ്റില്ല. ഇന്ത്യ മുഴുവൻ അതുതന്നെ പറയേണ്ടി വരും. അത് പരിവാരത്തിനു ദഹിക്കുന്ന ആശയമല്ല.

ഇനി വൈവിധ്യം വേണ്ട, ഓരോ ജനതയും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണം എന്ന് പറഞ്ഞാൽ പന്ത്രണ്ടു ലക്ഷം ഹിന്ദുക്കൾ ഉൾപ്പെടെ 19 ലക്ഷം മനുഷ്യരെ എന്ത് ചെയ്യും? ഇപ്പോൾ പാസാക്കിയ നിയമം എന്ത് ചെയ്യും?

ഒരു അളവ്കോലുകൊണ്ടു എല്ലാവരെയും അളക്കാനിറങ്ങിയതാണ്. ഇപ്പോൾ പക്ഷെ ആരും അളക്കാൻ നിന്നുകൊടുക്കാത്ത അവസ്‌ഥയായി, കലാപമായി.

അങ്ങേയറ്റം സങ്കീര്ണമായ ഒരു നാടാണ് നമ്മുടേത്. എന്ത് തീരുമാനം എടുത്താലും അത് വിപരീതമായി അനുഭവപ്പെടുന്ന ഒരു വിഭാഗം മനുഷ്യർ ഇവിടുണ്ടാകും. അതുകൊണ്ടുതന്നെ ഉപദ്രവം ഏറ്റവും കുറച്ചുരീതിയിൽ വരത്തക്ക വിധത്തിലാണ് സർക്കാർ പലപ്പോഴും തീരുമാനമെടുക്കുക. പൗരത്വം പോലുള്ള അതിപ്രധാന കാര്യങ്ങളിൽ നിക്ഷിപ്ത അജണ്ടയുമായി ഇറങ്ങാൻ നാടുഭരിക്കുന്ന ആളുകൾ തന്നെ തയ്യാറായാൽ സംഭവിക്കുന്നതാണ് ഇപ്പോൾ നമ്മൾ അസമിലും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും കാണുന്നത്.

ഈ വിഷയം ഒട്ടു തണുക്കാൻ അനുവദിച്ചാൽ കുറച്ചുകഴിയുമ്പോൾ ഇതൊക്കെ ആളുകൾ മറക്കും. ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ മനുഷ്യർ വീണ്ടും ഒന്നാകും. അസമിലെ ബംഗാളികൾ ആ നാട്ടിലെ ജീവിതത്തെ, സമ്പദ്ഘടനയെ, സംസ്കാരത്തെ കൂടുതൽ സമ്പന്നമാക്കും. വൈവിധ്യങ്ങളുടെ മറ്റൊരു ഇന്ത്യ അവിടെ ജനിക്കും.

ഇതുമനസിലാക്കണമെങ്കിൽ മനുഷ്യരുടെ രാഷ്ട്രീയവുമായി പരിചയം വേണം. ജീവിതം മുഴുവൻ വെറുപ്പുവിറ്റു ജീവിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ അമരക്കാർക്കു പറഞ്ഞിട്ടുള്ളതല്ല അക്കാര്യം. വൈവിധ്യം അവർക്കു മനസിലാകില്ല; അത് വരുന്നതോ വളരുന്നതോ അവരുടെ ചകിരിത്തലകൾക്കു മുകളിലൂടെയേ പോകൂ. മനുഷ്യർ മനുഷ്യത്വത്തിന്‌, കരുണയ്ക്കു, പരസ്പരാശ്രയത്ത്വത്തിനു ഒക്കെ വഴങ്ങും, പക്ഷെ ഇത്തരം തിട്ടൂരങ്ങൾക്കു വഴങ്ങില്ല എന്നവർക്കു മനസിലാകില്ല. അതിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്; അനുഭവിക്കാൻ പോകുന്നത്.


അസമിലെ ബിജെപിക്കാരെപ്പോലെ ഇതിനകത്ത് കുടുങ്ങുപ്പോയ വേറെ ഒരു കൂട്ടരുണ്ട്. അവരാണ് മലയാളം സംസാരിക്കുന്ന ബി ജെ പിക്കാർ. അവർ കേരളത്തിലെ ബംഗാളികളെപ്പറ്റി, മറ്റു സംസ്‌ഥാനക്കാരെപ്പറ്റി ക്രിമിനൽ കഥകളുണ്ടാക്കി ഇവിടെനിന്നോടിക്കണം എന്ന് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അസമിലെ ‘വിദേശി’കളൊക്കെ ഗംഭീര ഹിന്ദുക്കളാണ് എന്ന് കേന്ദ്ര സർക്കാർ പറയുന്നത്; അവരെ അവിടെത്തന്നെ നിലനിർത്തണം എന്ന് നിയമം ഉണ്ടാക്കിയത്! (ഇവിടെയുള്ളത് ഇന്ത്യക്കാരാണ് എന്ന് വയ്ക്കാം; അവിടെയുള്ള ബംഗ്ലാദേശികളാണ്!)

അപ്പോൾ കേരളത്തിലെ ബി ജെ പിക്കാർക്കു ഇവിടെ ബംഗാളികൾ വേണ്ട; പക്ഷെ അസമിലെ ബംഗാളികൾ പഷ്ട്! ആഹാ നിലപാട്! എന്ന് പറയാൻ ആർക്കും തോന്നും, അല്ലെ?

അവർ ഓർക്കേണ്ട കാര്യം ഇവിടുള്ള മറ്റുസംസ്‌ഥാനക്കാർ ഈ നാടിന്റെ ഭാഗമായി മാറും. അതിനുള്ള പരിപാടി ഇവിടുള്ള സർക്കാർ ചെയ്യുന്നുണ്ട്. നമ്മുടെ അടുത്ത തലമുറയിൽ ബംഗാളിയും ഹിന്ദിയും ഒടിയയും സംസാരിക്കുന്ന എം എൽ എ മാരും എം പി മാരും ഉണ്ടാകും; പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പായും ഉണ്ടാകും. അവർ കൂടി കൂടുന്നതായിരിയ്ക്കും കേരളം. അത്തരം കേരളങ്ങളുള്ള ഇന്ത്യയായിരിക്കണം നമ്മുടേത്.

അതിനിടയിൽ മനുഷ്യത്വമില്ലാത്ത, വെറുപ്പുമാത്രം അടിസ്‌ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനു കിട്ടുന്ന കൂലി എന്താണ് എന്നറിയണമെങ്കിൽ വടക്കു കിഴക്കോട്ടു നോക്കുക.

കേരളത്തിലെ ബി ജെ പിക്കാർക്കും ആകാവുന്നതാണ്.

Advertisements