മലയാളത്തിന്റെ ഒരേയൊരു ദാസേട്ടന് 84-ാം പിറന്നാള്‍

Saji Abhiramam

മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ..കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തിയ മലയാളികളുടെ പ്രിയപ്പെട്ട കാട്ടാശ്ശേരി ജോസഫ്‌ യേശുദാസ് എന്ന കെ.ജെ. യേശുദാസ്. യേശുദാസിന്‍റെ ശബ്ദമില്ലാത്ത കേരളമില്ല. ഇന്ത്യയിലുടനീളം കേള്‍ക്കുന്ന ഗാന മധുരിമയില്‍ ഈ ശബ്ദ സൌകുമാര്യം നിറഞ്ഞു നില്‍ക്കുന്നു. ഹിന്ദിയില്‍ റാഫിക്കുശേഷം കേട്ട ശ്രുതി മധുരമായ ശബ്ദം യേസുദാസിന്‍റേതാണ്. ഹിന്ദിയിലെ സംഗീതകാരന്‍‌മാര്‍ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചില്ല എന്നത് സത്യമാണ്. കവിയുടെ വരികള്‍ക്ക് ആവശ്യമായ ഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും അതിലെ രാഗനിഷ്ഠകളോട് പരിപൂര്‍ണ്ണമായി നീതി പുലര്‍ത്തിക്കൊണ്ടും

മൂന്നു സ്ഥായികളാലും ഒരേ മികവോടെ പാടാന്‍ കഴിയുന്ന അപൂര്‍വ ഗായകരിലൊരാളാണ് യേശുദാസ്.
കര്‍ണ്ണാടക – ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതു രാഗവും അനായാസമായി പാടി ഫലിപ്പിക്കാനും കഴിയുന്ന കന്നഡയിലും തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ മികവോടെ പാടാന്‍ കഴിയുന്നുവെന്നത് യേശുദാസ് എന്ന ഗായകന്‍റെ മികവിനെയാണ് കാണിക്കുന്നത്. തന്‍റെ മനോഹരമായ ശബ്ദം കൊണ്ട് മലയാള സിനിമാ സംഗീതത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയമാണ്.

🎸കേരളം കേരളം…..
🎸സരസ്വതീയാമം കഴിഞ്ഞൂ….
🎸ആറാട്ടിനാനകള്‍ എഴുന്നള്ളീ….
🎸 പുലയനാര്‍ മണിയമ്മ….
🎸ഉത്തരാ സ്വയംവരം…. തുടങ്ങി അനേകം ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്.

1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. 1949-ൽ 9-ാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ അറിയാൻ തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍.എന്‍.വി സംഗീത അക്കാദമിയിലും തിരുവനന്തപുരം സ്വാതിതിരുനാല്‍ സംഗീത അക്കദമിയിലും നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യനായിരുന്നു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു. 1961 നവംബര്‍ 14ന് രാമന്‍ നമ്പിയത്ത് നിര്‍മിച്ച് കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍
എന്ന ചിത്രത്തിന് വേണ്ടിയാണ് 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ

ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്…

എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. എങ്കിലും പുറത്തുവന്ന ആദ്യചിത്രം ശ്രീകോവില്‍ ആയിരുന്നു. ദക്ഷിണാ മൂര്‍ത്തിയായിരുന്നു സംഗീത സംവിധായകന്‍. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറ്റ് ഭാരതീയ ഭാഷകളിലായി അമ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടി റിക്കാര്‍ഡ് ചെയ്തു. ഏറ്റവുമധികം തവണ കേരളസംസ്ഥാന ചലച്ചിത്ര ഗായക അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടേതും പ്രസ്ഥാനങ്ങളുടേതുമായി മറ്റനേകം അവാര്‍ഡുകളും നേടി.

1973 ല്‍ പത്മശ്രീ ബഹുമതിയും നേടി. 1971 ല്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ആസ്ഥാന ഗായകനായും യേശുദാസിനെ തെരഞ്ഞെടുത്തു. 1999 ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ചു. തരംഗിണി സ്റ്റുഡിയോ, തരംഗിണി റിക്കാര്‍ഡ്സ് എന്നിവയുടെ സ്ഥാപകനുമാണ്. സംഗീത വാസനയുള്ള പല വിദ്യാര്‍ത്ഥികളെയും വാര്‍ത്തെടുക്കാന്‍ സ്ഥാപിച്ച നിസരി സംഗീത സ്കൂളിന്‍റെ സ്ഥാപകനുമാണ്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ) നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

You May Also Like

“വരാനിരിക്കുന്ന ക്രിസ്റ്റഫറോടു കൂടി ‘ഉക്രി ഉക്രി’ കൂട്ടുകെട്ട് അവസാനിക്കുമോ..” ? ട്രോൾ, കുറിപ്പ്

Anvar E K ഒരു മികച്ച ക്രൈം ത്രില്ലർ സിനിമയ്ക്ക് ആദ്യം വേണ്ടത് ഒരു കെട്ടുറപ്പുള്ള…

ഇത്തരം സിനിമകളെ സമീപിക്കുമ്പോൾ കണ്ണുകൾ അല്ല കാഴ്ചപ്പാടുകളാണ് മാറേണ്ടത്

Cinema Pranthan മലയാള സിനിമയിൽ A സർട്ടിഫൈഡ് ആയി ഇറങ്ങുന്ന സിനിമകളോട് ആളുകൾ പൊതുവേ ഒരു…

കമ്മട്ടിപ്പാടം കാസ്റ്റിംങ് നടക്കുമ്പോൾ അവരുടെ കൂടെ എൻറെ ഫോട്ടോയും വെക്കാൻ നോക്കിയിട്ടുണ്ട്. രസകരമായ ഓർമ്മകൾ പങ്കു വെച്ച സണ്ണിവെയ്ൻ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നായകന്മാരിൽ ഒരാളാണ് സണ്ണിവെയ്ൻ

എആർ റഹ്മാൻ ഒരു വര്ഷം എത്ര സമ്പാദിക്കുന്നു ? അദ്ദേഹത്തിന്റെ മൊത്തം ആസ്തി അറിഞ്ഞാൽ ഞെട്ടും….

ഇന്ത്യയിലെ ഏറ്റവും ധനികനായ ഗായകനും സംഗീതസംവിധായകനുമായ എആർ റഹ്മാന്റെ മുഴുവൻ സ്വത്തുവിവരങ്ങളും സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.…