ഹൈദ്രാബാദിൽ ഇതേ ദിവസങ്ങളിൽ രണ്ടു ദലിത് സ്ത്രീകൾ ബാലസംഗത്തെ തുടർന്നു ക്രൂരമായി കൊലചെയ്യപ്പെട്ടു , അതിനെതിരെ ബഹുജനരോഷം ഉണർന്നില്ല

159

കെ.കെ.ബാബുരാജ് / പോലീസ് കൊല

ഹൈദ്രബാദിൽ പോലീസ് നടത്തിയ’ എസ്ട്രാ ജുഡിഷ്യൽ ‘കൊലപാതകങ്ങൾ മാതൃകാപരമാണെന്ന മായാവതിയുടെ പ്രസ്താവന അങ്ങേയറ്റം അപലനീയമാണ് .ഭരണഘടനയെയും ബാബ സാഹേബ് അംബേദ്കറെയും വെച്ചു ആണയിടുന്ന;നാലുപ്രാവശ്യം യു .പി മുഖ്യമന്ത്രിയായിരുന്ന ഒരു ബഹുജനനേതാവ് നിയമ വാഴ്ചയല്ല ,പോലീസ്‌രാജാണ് നടപ്പാക്കേണ്ടെതെന്നു പറയുമ്പോൾ അവരുടെ ജനാധിപത്യ ബോധം തന്നെയാണ് സംശയിക്കപ്പെടുന്നത് .

ഹൈദ്രബാദിൽ ഇതേ ദിവസങ്ങളിൽ രണ്ടു ദലിത് സ്ത്രീകൾ ബാലസംഗത്തെ തുടർന്നു ക്രൂരമായി കൊലചെയ്യപ്പെട്ടു .അതിനെതിരെ ബഹുജനരോഷം ഉണർന്നില്ല .അല്ലെങ്കിൽ അവരുടെ ജാതീയമായ കീഴായ്മ ബഹുജനരോഷം ഉണരാൻ തടസ്സമായി മാറി .

ഇന്ത്യയിലെ പോലീസ് സംവിധാനം സവർണർക്കും സമ്പന്നർക്കും അങ്ങേ അറ്റം അനുകൂലവും അതേ അനുപാതത്തിൽ കീഴാളർക്കും ദരിദ്രർക്കും വിരുദ്ധവുമാണെന്ന് എല്ലാവർക്കും അറിയാം .മാവോവാദ വേട്ടയുടെ പേരിലാണെങ്കിലും ,കുറ്റവാളികളെയും ബലാത്സംഗ പ്രതികളെ യും അമർച്ച ചെയ്യാനെന്ന പേരിലാണെങ്കിലും അവർ നടത്തുന്ന കൊലപാതകങ്ങളിലെ ആളുകളെല്ലാം ചില കാര്യങ്ങളിൽ ഐക്യ രൂപമുള്ളവരാണെന്നു കാണാം .അവരെല്ലാവരും കീഴാളരോ മുസ്ളിങ്ങളോ നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള ‘പുറമ്പോക്കുകൾ ‘ആയിരിക്കും .ഇപ്രകാരം എസ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങൾക്ക് വിധിക്കപ്പെടുന്നവർക്കു ഐക്യരൂപമുണ്ടാകുന്നത് നീതി നടപ്പിലാക്കുന്നത്തിന്റെ ലക്ഷണമല്ല മറിച്ചു ,നീതി സമമായിട്ടല്ല നടപ്പിലാക്കുന്നത് എന്നതിന്റെ തെളിവാണ് .

അമേരിക്കയിൽ ലിഞ്ചിങ് എന്ന പേരിൽ നടന്ന എസ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങൾ ഒറ്റപ്പെട്ട കുറ്റങ്ങളോടുള്ള ബഹുജനരോഷം എന്നത് കടന്നു കറുത്തവരോട് വെളുത്ത വംശീയ വാദികൾ നടത്തുന്ന പ്രതികാര നിർവഹണമായി മാറി .അതിനു പിന്നിൽ വെളുത്ത സ്ത്രീകളുടെ ‘ ലൈംഗീക വിശുദ്ധി’യെ അപകടപ്പെടുത്തുന്ന ആക്രമണകാരികളാണ് കറുത്ത ആണുങ്ങൾ എന്ന വെള്ളക്കാരുടെ ഭയാശങ്കകളാണ് ഉണ്ടായിരുന്നത് .ഇന്ത്യയിൽ സാമാന്യം സുരക്ഷിതമായ ജീവിത പശ്ചാത്തലമുള്ള നാഗരിക സ്ത്രീകളുടെ ഭയാശങ്കകളിൽ മേൽപറഞ്ഞ തരം പുറമ്പോക്ക് ആണുങ്ങൾ ഉണ്ടെന്നത് വസ്തുതയാണ് .അതിനെ അകറ്റാനാണ് പോലീസ് സ്വയം ശിക്ഷകരായി മാറുന്നത് .

പോലീസ് നടത്തിയ എസ്ട്രാ ജുഡിഷ്യൽ കൊലപാതകങ്ങളെ പ്രശംസിച്ചു ആർത്തുവിളിക്കുന്ന ആൺ -പെൺ ആൾക്കൂട്ടങ്ങൾ, ഒരു ലൈംഗീക തൊഴിലാളി സ്‍ത്രീ അല്ലെങ്കിൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിക്ക്‌ എതിരെയാണ് കുറ്റ കൃത്യം നടന്നതെങ്കിൽ ഇപ്രകാരം പ്രതികരിക്കുമോ ?.ഇല്ലെന്നു മാത്രമല്ല തിരിച്ചു ഇരക്കുമേൽ കുറ്റാരോപണം നടത്തുകതന്നെ ചെയ്യും .ഇതിനർത്ഥം ,ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും പിറവിയെടുക്കുന്ന പിതൃ മേധാവിത്വ വ്യവസ്ഥയെ അല്ല ,സ്ത്രീ ലൈംഗീകത പവിത്രമായി നിലനിറുത്തേണ്ടതാണെന്ന പുരുഷ ബോധമാണ് ഇവർ പുറമ്പോക്കുകളുടെ പേരിൽ ഉറപ്പിക്കുന്നതെന്നാണ് . ഇതിലൂടെ നിയമ വാഴ്ചയെ മാത്രമല്ല ,പുതുകാല സ്ത്രീവാദങ്ങളെയുമാണ് ഇവർ തോൽപ്പിക്കുന്നത് .