ലോക്ക് ഡൌൺ നിയമം ലംഘിച്ചതിന് കെ സുരേന്ദ്രനെതിരെയും ക്രിമിനൽ കേസെടുക്കണം, സുരേന്ദ്രൻ ചെയ്തത് 2 വർഷം തടവും 10,000 രൂപ പിഴയും ചുമത്തേണ്ട കുറ്റം

77

KM shajahan.

“ഒരു പാർട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവർത്തരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തത് “

രാജ്യത്ത് എവിടെയാണോ അവിടെത്തന്നെ തുടരണമെന്ന സ്വന്തം പ്രധാനമന്ത്രിയുടെ തന്നെ നിർദ്ദേശം നഗ്നമായി ലംഘിച്ച് കൊണ്ട്, കോഴിക്കോട് നിന്ന് 6 ജില്ലകളും 400ഓളം കിലോമീറ്ററും കാറിൽ സഞ്ചരിച്ച് തിരുവനന്തപുരത്ത് വന്ന് പത്രസമ്മേളനം നടത്തിയ ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ നടപടിയെ ന്യായീകരിച്ച്, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.

” അടിയന്തിരമായി തിരുവനന്തപുരത്ത് എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഡി ജി പിയുടേയും എസ്പിയുടേയും അനുമതി വാങ്ങിയിരുന്നുവെന്നും ആ രേഖ കാണിക്കാം” എന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം. കേരള സംസ്ഥാനം കഴിഞ്ഞ 10 ദിവസമായി സമ്പൂർണ്ണ ലോക് ഡൗണിലാണ്. സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.പൊതുജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾക്ക് വീടിന് പുറത്ത് ചെറിയ ദൂരം സഞ്ചരിക്കണമെങ്കിൽ പോലും, പോലീസിന്റെ സത്യവാങ്മൂലം വേണം എന്നതാണ് അവസ്ഥ. പുറത്തിറങ്ങുന്ന ജനത്തിന്റെ പുറം പോലീസ് അടിച്ചു പൊളിച്ചതിന്റെയും, ജനത്തിനെ കൊണ്ട് എത്തമിടുവിച്ചതിന്റെയും ഒക്കെ പരാതികൾ നിലനിൽക്കുകയാണ്.

ഇത് മാത്രമല്ല, 2020 മാർച്ചിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച”Kerala Epidemic Diseases Ordinance 2020″ യിലെ സെക് ഷൻ 4 (d) പ്രകാരം സർക്കാരിന് ” പൊതു-സ്വകാര്യ ഗതാഗതത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ” (“to impose restrictions on the operation of public & private transport”) അധികാരമുണ്ട്. ഈ വകുപ്പ് ലംഘിച്ചാൽ 2 വർഷം തടവും 10,000 രൂപയുമാണ് ശിക്ഷ. ഈ സാഹചര്യത്തിൽ, ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ നടത്തിയത് നഗ്നമായ നിയമ ലംഘനവും, 2 വർഷം തടവും 10,000 രൂപ പിഴയും ലഭിക്കേണ്ട കുറ്റവുമല്ലേ?

” അടിയന്തിരമായി തിരുവനന്തപുരത്ത് എത്തേണ്ട സാഹചര്യമുണ്ടായിരുന്നു ” എന്ന സുരേന്ദ്രന്റെ വാദം ഒരു തരത്തിലും നിലനിൽക്കുന്നതല്ല. അദ്ദേഹം തിരുവനന്തപുരത്ത് വന്നത്,പത്ര സമ്മേളനം നടത്താനാണ് എന്നാണ് മനസ്സിലാവുന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്ന അവസരത്തിൽ പത്രസമ്മേളനം ഒരു അടിയന്തിര ആവശ്യമേയല്ല. ഇനി പത്ര സമ്മേളനം നടത്തണമായിരുന്നു എങ്കിൽ, അത് കോഴിക്കോട് വച്ച് നടത്താമായിരുന്നു. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏത് അടിയന്തിര ആവശ്യമുണ്ടെങ്കിലും അത് മാറ്റിവെക്കേണ്ടതായിരുന്നു. ഇനി തിരുവനന്തപുരത്ത് എന്ത് അടിയന്തിര ആവശ്യമുണ്ടായിരുന്നു എങ്കിലും, അത് ബി ജെ പിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ കൊണ്ട് ചെയ്യിപ്പിക്കാമായിരുന്നു. അപ്പോൾ, തീർത്തും അനിവാര്യമല്ലാത്ത ഒരാവശ്യത്തിനാണ്, സംസ്ഥാനം മുഴുവൻ ലോക് ഡൗണിൽ കഴിയുമ്പോൾ, തീർത്തും നിയമവിരുദ്ധമായി കെ സുരേന്ദ്രൻ 6 ജില്ലയയും 400 ഓളം കിലോമീറ്ററും കാറിൽ സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയത്!

തനിക്ക് യാത്ര ചെയ്യാൻ ഡിജിപിയുടേയും എസ്പിയുടേയും അനുമതി ഉണ്ടായിരുന്നു എന്നും, അതിന്റെ രേഖ കാണിക്കാം എന്നുമാണ് സുരേന്ദ്രന്റെ മറുപടി. ഇത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നു.സുരേന്ദ്രന് യാത്രാനുമതി അനുവദിച്ച് കൊണ്ട് പോലീസ് രേഖ നൽകിയിട്ടുണ്ടങ്കിൽ, പോലീസും നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിന്നിരിക്കുകയാണ് എന്ന് കരുതേണ്ടി വരും. ഡി ജി പി സുരേന്ദ്രന് യാത്രാനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്തി അറിഞ്ഞിട്ടാവുമല്ലോ? അറിഞ്ഞിട്ട് തന്നെയാണ് എന്നതിന്റെ തെളിവാണ് സുരേന്ദ്രന്റെ യാത്രയെ ന്യായീകരിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.

സുരേന്ദ്രനെ ന്യായീകരിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഒരു വാദവും നിലനിൽക്കുന്നതല്ല. സംസ്ഥാനം മുഴുവൻ ലോക്ഡൗണിൽ തുടരുമ്പോൾ നഗ്മായി നിയമം ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, അനുവാദം നൽകിയതിന് ഡി ജി പി, ബന്ധപ്പെട്ട എസ് പി, മുഖ്യമന്ത്രി എന്നിവർക്കെതിരെയും നിയമം ലംഘിച്ചതിന് കെ സുരേന്ദ്രനെതിരെയും ക്രിമിനൽ കേസെടുക്കുകയാണ് വേണ്ടത്!