ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മിർ ജാഫർമാരുടെ പിന്തുടർച്ചക്കാരാണ് ഇന്ന് ഡൽഹിയിലിരുന്ന് രാജ്യം ഭരിക്കുന്നത്

152

KN Balagopal

ഇന്ത്യയിലെ 78,559 ബിഎസ് എൻ എൽ / എം റ്റി എൻ എൽ ജീവനക്കാർ സർവിസിൽ നിന്നും നിർബന്ധിത വിരമിക്കലിന് വിധേയരായി. ഉന്നത പദവിയിലിരുന്നവരും ഇടത്തരം ഉദ്യോഗം കയ്യാളിയിരുന്നവരുമെല്ലാം ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെട്ടു. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയിൽ കൂട്ടവിരമിക്കലിനുശേഷം ഇനി 85,344 ജീവനക്കാരാണ് ശേഷിക്കുക.

KN Balagopal
KN Balagopal

കേരളത്തിലെ ബി എസ് എൻ എൽ ജീവനക്കാരുടെ എണ്ണം 9381 ൽ നിന്ന് 4785 പേരായി ചുരുങ്ങി. പട്ടാളവും റെയിൽവേയും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകിയിരുന്നത് ടെലകോം മേഖലയായിരുന്നു. ഇത്രയധികം പേർ ഒറ്റയടിക്ക് ഒരേ സ്ഥാപനത്തിൽ നിന്ന് ഒരേ ദിവസം ഒഴിവാക്കപ്പെടുന്നത്, ഒരു പക്ഷെ ലോകത്ത് തന്നെ നടാടെയായിരിക്കും.
തൊഴിൽ നഷ്ടമായവരുടെ ജീവിതപ്രശ്നം എന്ന നിലയിലും ബി എസ് എൻ എൽ പോലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തിൽ ജോലി ആഗ്രഹിച്ചിരുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഭാവിയുടെ പ്രശ്നം എന്ന നിലയിലും ഇതിനെ കാണേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ മോദി സർക്കാർ വിറ്റു തുലയ്ക്കുകയോ പൂട്ടുകയോ ചെയ്യുകയാണ്.

ഇന്ത്യയിലെ യുവാക്കളുടെ മുന്നിൽ തൊഴിൽ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്.
എന്നാൽ നിസ്സാര വിഷയങ്ങളിൽ പോലും ആഴ്ചകളോളം ചർച്ച നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയങ്ങളെ ഗൗരവമായി എടുത്തിട്ടില്ല. വളരെ നിസ്സാരമായ പ്രശ്നങ്ങളായി ഇതിനെയൊക്കെ അവതരിപ്പിച്ച് ലഘൂകരിക്കുകയാണ്. ബി എസ് എൻ എലിലെ എൺപതിനായിരത്തോളം പേരുടെ കൂട്ടവിരമിക്കൽ ഒരു അന്തിച്ചർച്ച പോലുമാകാതെ പോകുന്നു എന്നതാണ് പുതിയ ഇന്ത്യയിലെ യാഥാർഥ്യം. സർക്കാർ സൃഷ്ടിച്ചു വിടുന്ന വർഗീയ രാഷ്ട്രീയത്തിന്റെ വാർത്തകളുടെ ഇടയിലൂടെ ജനവിരുദ്ധ നയങ്ങൾ ഒളിച്ചു കടത്തപ്പെടുന്നു. പൗരത്വ നിയമത്തിലെ പ്രശ്നങ്ങളുടെയും നേതാക്കളുടെ വർഗീയ പ്രസ്താവനകളുടെ കോലാഹലങ്ങളുടെയും മറവിലൂടെ കോർപ്പറേറ്റ് അജണ്ടകൾ കൗശലപൂർവം നടപ്പിലാക്കപ്പെടുന്നു.

ബിഎസ്എൻഎലിന് ആസ്തി ഇല്ലാത്തതു കൊണ്ടോ സർക്കാർ മുൻകൈ എടുത്താൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടോ അല്ല ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത്. സർക്കാർ തന്നെ ആസൂത്രിതമായി റിലയൻസിനു വേണ്ടി ഉണ്ടാക്കിയ പ്രതിസന്ധിയാണിത്. ബി എസ് എൻ എല്ലിനെ തകർത്ത് ടെലികോം മേഖല സമ്പൂർണ്ണമായി അംബാനിക്ക് തീറെഴുതാനുള്ള നീക്കമാണ് ആത്യന്തികമായി അണിയറയിൽ ഒരുങ്ങുന്നത്.

ലക്ഷക്കണക്കിനു കോടി രൂപയുടെ ആസ്തി ആണ് ബി എസ് എൻ എലിനുള്ളത്. മുംബൈയും ഡൽഹിയും ബാംഗ്ലൂരും അടക്കമുള്ള മെട്രോ നഗരങ്ങളിലുൾപ്പെടെ ഇന്ത്യയുടെ ഗ്രാമ- നഗരങ്ങളിലാകെ കണ്ണായ സ്ഥലങ്ങളിലായി ഒന്നര ലക്ഷം ഏക്കർ ഭൂമി ബി എസ് എൻ എലിനുണ്ട്. ഇന്ത്യൻ റെയിൽവേക്കും സൈനിക വിഭാഗങ്ങൾക്കുമല്ലാതെ മറ്റാർക്കും രാജ്യത്ത് ഇത്രയും ഭൂമിയില്ല.
ഇതിനു മാത്രം വിപണിവില ഒന്നര ലക്ഷം കോടി വരുമെന്നാണ് കണക്കുകൾ. അസംഖ്യം കെട്ടിടങ്ങളും ഏഴര ലക്ഷം കിലോമീറ്റർ നീളമുള്ള കേബിളുകളും സാങ്കേതിക ഉപകരണങ്ങളും ടവറുകളും വേറെയും. മറ്റൊരു സ്വകാര്യ കമ്പനിക്കും ബി എസ് എൻ എലിന്റെ ആസ്തിയോടോ വിതരണ ശൃംഖലയുടെ വൈപുല്യത്തോടോ കിട പിടിക്കാനാകില്ല. വെറും മൂന്നു ലക്ഷം കിലോമീറ്റർ ആണ് റീലയൻസിന്റെ ആകെ കേബിൾ ദൈർഘ്യം എന്നു കൂടി അറിയുക.

തെറ്റായ നയങ്ങൾ നടപ്പിലാക്കി രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുക. തുടർന്ന് പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്ഥാപനത്തെ തകർക്കുക. ഇതാണ് മോദിയുടെ തന്ത്രം. ചൂഷക മുതലാളി വർഗത്തിന് ഈ രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് നരേന്ദ്ര മോദിയും ബിജെപിയും.ഈ കളി എക്കാലവും നടക്കും എന്നവർ കരുതേണ്ടതില്ല.
റോബർട്ട്‌ ക്ളൈവിനെ പോലെയുള്ള ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മിർ ജാഫർമാരുടെ പിന്തുടർച്ചക്കാരാണ് ഇന്ന് ഡൽഹിയിലിരുന്ന് രാജ്യം ഭരിക്കുന്നത്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള അവകാശം വിദേശ – സ്വദേശ കോർപ്പറേറ്റ് ശക്തികൾക്ക് അവർ തീറെഴുതി കൊടുക്കുക്കുന്നു. മിർ ജാഫർ എന്ന പേര് മാത്രമേ മാറുന്നുള്ളൂ. പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ ചതിയിൽ പെടുത്തി ബ്രിട്ടീഷുകാരെ വിജയിപ്പിച്ച് അവരെ അധികാരികളായി അരിയിട്ടു വാഴിച്ച മിർ ജാഫറിന്റെ അഭിനവ പതിപ്പായ നരേന്ദ്ര മോദിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന് സമയമായിരിക്കുന്നു.