തങ്ങളുടെ ശോചനീയ അവസ്ഥയാണ് മുട്ടാപ്പോക്കും തർക്കുത്തരങ്ങളും വായാടിത്തവും കൊണ്ടു കോൺഗ്രസുകാർ മറച്ചു വയ്ക്കുന്നത്

  55

  കെ എൻ ഗണേശ് എഴുതുന്നു

  കോൺഗ്രസിനെ നന്നാക്കാനായി ധാരാളം ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാനാകാത്ത ലിബറലുകൾ ഇപ്പോഴും ഒരു നന്നാക്കിയ കോൺഗ്രസ്സിൽ അവരുടെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ചില നേതാക്കളാണ് പ്രശ്നം. അവരെ മാറ്റിനിർത്തി നല്ലൊരു നേതൃത്വം ഉണ്ടായാൽ മതി എന്ന മട്ടിലുള്ള ഉപദേശങ്ങളും ധാരാളമാണ്. അവർക്കു വേണ്ടി അല്പം ചരിത്രം.

  കേരളത്തിലെ ഇടത്തരക്കാരുടെ സംഘടനയായാണ് കോണ്ഗ്രസ് രൂപം കൊണ്ടത്. മലബാറിലെ കുറേ വക്കീലന്മാരും അധ്യാപകരും ഏതാനും പത്രവാർത്തകരും ചേർന്ന് അതിനു രൂപം നൽകി. പിന്നീട് കോൺഗ്രസ്സിൽ ചേരുകയും വിട്ട് പോവുകയും ചെയ്ത മുഹമ്മദ് അബ്ദുറഹ്മാൻ അതിനെ ചാലപ്പുറം ഗാങ് എന്നാണ് വിശേഷിപ്പിച്ചത് കൊച്ചയിലും ഇതേ രീതിയിലുള്ള മധ്യവർഗമായിരുന്നു കോൺഗ്രസ്സിൽ. പനമ്പിള്ളി ഗോവിന്ദമേനോൻ തന്നെ നല്ല ഉദാഹരണം. തിരുവിതാങ്കുരിൽ വിവിധ സാമുദായികനേതാക്കളും പട്ടത്തെയും ചെങ്ങനാശ്ശേരി പരമേശ്വരന്പിള്ളയെയും പോലുള്ള പൗരാവകാശപ്രക്ഷോഭകരും കോൺഗ്രസ്സിൽ വന്നു.
  വൈയ്ക്കം സത്യാഗ്രഹം പോലുള്ള സാമൂഹ്യപ്രസ്ഥാനങ്ങൾ ഉപ്പുസത്യാഗ്രഹം. നാട്ടുരാജ്യത്തിലെ ഉത്തരവാദിത്വഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, തുടങ്ങിയവയിലൂടെയാണ് കോണ്ഗ്രസ് ജനപ്രീതിയാര്ജിച്ചത്. ദേശീയതയും സെക്കുലർ ജനാധിപത്യപാരമ്പര്യവും അന്ന് കോൺഗ്രസിന്റെ കൈമുതലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ചിന്തിച്ച എല്ലാവരെയും ഒന്നിച്ചു നിർത്താനും അവർക്കു കഴിഞ്ഞു. എന്നാൽ കർഷകർ , കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, അധസ്ഥിതസമൂഹ്യവിഭാഗങ്ങളും സ്ത്രീകളും എന്നിവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിലപാടുകൾ അവർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും അധസ്ഥിത പ്രസ്ഥാനങ്ങളും അവരിൽ നിന്നു വേറിട്ടുപോയി. ഇവരുടെ പിന്തുണയാണ് ഐക്യകേരളത്തിൽ കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ സൃഷ്ടിച്ചത്.

  പിന്നീട് വളർന്നു വന്ന കോൺഗ്രസ്സുകാർ ആദ്യതലമുറയുടെ ആദർശങ്ങളൊന്നും ഉൾ കൊണ്ടവരായിരുന്നില്ല. അഖിലേന്ത്യാതലത്തിലെ കോൺഗ്രസ്സ് നയങ്ങൾ നടപ്പിലാക്കുക, കമ്മ്യൂണിസ്റ്റുകാരെ രണ്ടും കല്പിച്ചു പോരാടുക എന്നതിൽ അപ്പുറമുള്ള രാഷ്ട്രീയം അവർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. അതിനായി അവർ കേരളത്തിലെ എല്ലാ വലതുപക്ഷ ശക്തികളുമായും സന്ധി ചെയ്തു സെക്കുലർ ജനാധിപത്യത്തിന് പകരം ജാതിമത വർഗീയ തത്വസംഹിതകൾ അവർ ഉൾകൊണ്ടു. കോണ്ഗ്രസ്സിന്റെ പ്രഖ്യാപിത ആദർശങ്ങളും അത്തരം നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് ഒരു തരം ബാഡ് ഫൈത്തിന്റെ തലത്തിലേക്ക് അവരെ എത്തിച്ചു.കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണകൂടം നവലിബറലിസത്തിലേക്ക് നീങ്ങുകയുംഗാന്ധിയുടെ മാത്രമല്ല നെഹ്രുവിന്റെ ആദര്ശങ്ങൾ പോലും ബലികഴിക്കപ്പെടുകയും ചെയ്തതോടെ കോൺഗ്രസ്സിനെ നിലനിർത്തിയ ആശയപരമായ എല്ലാ പിടിവള്ളികളും നഷ്ടപ്പെട്ടു. ഒന്നാം യു പി എ സർക്കാരിന്റെ കാലത്തു സോണിയ ഗാന്ധിയും മറ്റും തന്ന ചില സൂചനകളുടെ വെളിച്ചത്തിൽ ഹരിത ലേബൽ പതിച്ചു ചിലർ നടന്നെങ്കിലും അത് അധികകാലം നിന്നില്ല ചുരുക്കത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരരുതെന്നത് ഒഴിച്ചാൽ പിന്നെയെന്തിനാണ് രാഷ്ട്രീയം എന്നത് പോലും അറിയാത്ത ഒരു അവസാന തലമുറയാണ് വളർന്നു വന്നത്. രാഷ്ട്രീയത്തിലെ ആശയസംഹിതകൾ എല്ലാം തകരുമ്പോൾ പിന്നെ ബാക്കി നില്കുന്നത് സ്വയം നിലനിപ്പിനുള്ള അഭ്യാസങ്ങളാണ്.

  ഇതു കൊണ്ടു കോൺഗ്രസ്സുകാരെ വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. അവരിൽ നന്മയും തിന്മയുമെല്ലാം ഉണ്ട്. അവയൊക്കെ കോവിഡിന് എതിരായ പോരാട്ടത്തിൽ പുറത്തുവന്നതുമാണ്. അവരിൽ ചിലർക്കെതിരെ വന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ അംഗീകരിക്കുന്നുമില്ല. പക്ഷെ ഏകോപിച്ചു നിർത്തുന്ന വ്യക്തമായ ആശയസംഹിതയില്ലാതെ, ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവിയെ കുറിച്ചുള്ള വ്യക്തമായ ധാരണകളില്ലാതെ വെറും ദൈനംദിനഅഭ്യാസപ്രകടനങ്ങൾ മാത്രമായി വ്യക്തികൾക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞേക്കും, ഒരു പാർട്ടിക്ക് സാധിക്കില്ല. കേന്ദ്രനയങ്ങൾക്കെതിരായോ രാജ്യം നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചോ കൃത്യമായ ഒരു വിമർശനം പോലും നടത്താൻ അവർക്കു കഴിയുന്നില്ല. നവലിബറലിസത്തിന്റെ പ്രതിസന്ധി ഏവർക്കും വ്യക്തമാകുന്ന ഘട്ടത്തിൽ നെഹ്രുയിസം പോലും പറയാൻ അവർക്കു കഴിയുന്നില്ല. അതായത് അവർ തെരഞ്ഞെടുപ്പുകളിൽ ജയിച്ചാൽ പോലും ചെയ്യേണ്ടത് എന്തെന്നത് ബാക്കി നിൽക്കും കമ്മ്യൂണിസ്റ്റ് കാരെ തോൽപ്പിച്ചാൽ മാത്രം പോരല്ലോ. കോൺഗ്രസ്സുകാരുടെ ഈ ശോചനീയ അവസ്ഥയാണ് മുട്ടാപ്പോക്കും തർക്കുത്തരങ്ങളും വായാടിത്തവും കൊണ്ടു അവർ മറച്ചു വയ്ക്കുന്നത്. പിന്നെ എന്ത് പ്രതീക്ഷയാണ് ലിബറലുകൾക്ക് അർപ്പിക്കാൻ കഴിയുന്നത്?