നേട്ടങ്ങൾ ആരെയെങ്കിലും രാഷ്ട്രീയമായി സഹായിച്ചാലോ എന്നുകരുതി നിരന്തരം പ്രശ്നമുണ്ടാക്കുന്ന ചിലരുണ്ട്

49

കെ എന് ഗണേഷ് എഴുതുന്നു.

കേരളത്തെ നിയന്ത്രിക്കുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഈ കുറിപ്പ്.
ഏതൊരു പ്രതിസന്ധി വരുമ്പോഴും മലയാളി കുറെ ദിവസം അമ്പരന്നു മിണ്ടാതിരിക്കും. കുറെ പേർ അതിനെ നേരിടാൻ അരയും തലയുംമുറുക്കി മുന്നിട്ടിറങ്ങും. അവർ അവരുടെ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം നടത്തി പ്രവർത്തിക്കും. പ്രവർത്തനത്തിൽ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാകും.
കുറെ കഴിയുമ്പോഴാണ് മറ്റുള്ളവർ രംഗത്തു വരുക. കോട്ടങ്ങൾ തിരുത്തി പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുക എന്നതിനെ ക്കാൾ അവരുടെ വേവലാതി നേട്ടങ്ങൾ ആരെയെങ്കിലും സഹായിച്ചാലോ എന്നതാണ്. അവരവർ ഉണ്ടാക്കിവെച്ച തട്ടകങ്ങൾ ഇല്ലാതെയായാലോ? അത് കൊണ്ടു ഏത് വിധേനയും നടക്കുന്ന പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കുന്നതിലാണ് പിന്നത്തെ ശ്രമം.
ആദ്യത്തെ ശ്രമം മദ്യമായിരുന്നു. മറ്റുള്ളവരെല്ലാവരും റോഡിലെ തിരക്കിലേക്കും നാളുകളിലേക്കും ഉത്സവങ്ങളിലേക്കും പ്രാർത്ഥനകൾക്കും ശ്രദ്ധ തിരിച്ചപ്പോൾ ചിലരുടെ പ്രശ്നം ബീവറേജ് മാത്രമായിരുന്നു. എന്നാൽ ബീവറേജിലെ കൂട്ടത്തോട് സംസാരിച്ചു നിയന്ത്രിക്കുന്നതിന് ഇക്കൂട്ടർ ഒന്നും ചെയ്തില്ല. ലേലം നടക്കുന്ന സ്ഥലത്തുപോയി ലേലം വിളിക്കാൻ വന്നവരെക്കാൾ അധികം കൂട്ടമുണ്ടാകുകയാണ് ചെയ്തത് പിന്നെ ബീവറേജിലടക്കം മദ്യം നിരോധിച്ചു. കുറേപ്പേർ മദ്യം കിട്ടാതെ ആത്മഹത്യാ ചെയ്തു അത്തരക്കാരെ കണ്ടു പിടിച്ചു വിമുക്തിയിലോ മറ്റോ എത്തിക്കായിരുന്നു. സർക്കാർ അവരുടെ യുക്തിയനുസരിച്ചു ഒരു പരിഹാരം കൊണ്ടു വന്നു. പരിഹാരത്തെ കോടതി സ്റ്റേ ചെയ്തപ്പോൾ എന്തൊരു ആഹ്ലാദമായിരുന്നു ! അതായത് കോവിഡ് ഒക്കെ ഉണ്ടാകും. പക്ഷെ ഈ സർക്കാർ അതിനെ വെറുതെ വിട്ടു കൂടാ എന്ന വികാരം മാത്രമാണ് കണ്ടത്. കർണാടകം തലപ്പാടി വഴിയടച്ചു. ആറു പേർ ഒരു കാരണവുമില്ലാതെ മരിച്ചു. എന്ത് കൊണ്ടു മരിച്ചു അതിനെന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തെക്കാൾ ഇവന്മാർക്ക് ഇതുമിരിക്കട്ടെ എന്ന വികാരമാണ് ചിലരിൽ കണ്ടത് ഇതു ഇവിടെ മാത്രമല്ല. പായിപ്പാട്ടെ പ്രശ്നം ഉണ്ടായപ്പോൾ മൊത്തം അതിഥി ത്തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. അതിനു നമുക്കെന്തു ചെയ്യാൻ കഴിയും? എന്തെങ്കിലും നിര്ദേശമുണ്ടോ? ഒന്നുമില്ല. കേരളം അതി തീവ്രസാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് നേരത്തെ അറിയുന്നതാണ് കോവിഡ് പ്രവർത്തനമൊഴികെ സർക്കാരിന്റെ ഒരു പ്രവർത്തനവും ഇപ്പോൾ നടക്കുന്നില്ല നല്ലൊരു ശതമാനം ജീവനക്കാരുംഓഫീസിൽ പോകേണ്ടതുമില്ല. സാലറി ചലഞ്ച് പ്രഖ്യാപിക്കുന്നു കേട്ട പാതി കേൾക്കാത്ത പാതി ഒരു കൂട്ടർ കോടതിയിൽ പോയി കഴിഞ്ഞു മറ്റുള്ളവർ സോഷ്യൽ മീഡിയയിലൂടെ ഉഗ്രൻ പ്രചാരണവും. ആരുടെ പുര കത്തിയാലെന്താണ്? നമ്മുടെ വാഴ വെട്ടാൻ പാടില്ല. ഇതൊക്കെ അഭ്യര്ഥിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിട്ടുകൂടാ. വീട്ടിൽ പുരുഷന്മാർ സ്ത്രീകളെ സഹായിക്കണം എന്ന് പറഞ്ഞതിന് അമ്പത്തൊന്നു വെട്ടിന്റെ കഥ പറഞ്ഞു പോസ്ടിട്ടവരുണ്ട് അതാണിവരുടെ മനശ്ശാസ്ത്രം. അങ്ങോട്ടെന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾക്ക് വിമർശിക്കാനുള്ള അധികാരം പോലുമില്ലേ എന്ന് കേൾക്കാം. കുറച്ചുകൂടി ബുദ്ധിജീവികളാണെങ്കിൽ ഭരണകൂടഭീകരതയെയും ചിലപ്പോൾ സ്റാലിനിസത്തെയും കുറിച്ചുള്ള വാചകമടിയും. കോട്ടങ്ങൾ തിരുത്താനുള്ള നിദേശങ്ങൾ ങേഹേ അത് പാടില്ല. ഇവരെന്തെങ്കിലും പറഞ്ഞോട്ടെ നമുക്ക് പണിയെടുക്കാം എന്ന് വൈക്കാനുള്ളതേ ഉള്ളു. പക്ഷെ ഇവരെയോക്കെ ഇനിയും സഹിക്കേണ്ടി വരുമല്ലോ. അതാലോചിച്ചു പോയതാണ്.