ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉എക്കാലത്തും ഫാഷന്റെ ഭാഗമാണ് ജീൻസ് .കാലത്തിനനുസരിച്ചുള്ള ചില രൂപമാറ്റങ്ങൾ അതിന് ഉണ്ടാകാറുണ്ടെന്ന് മാത്രം. എന്നും ധരിക്കുന്ന നമ്മുടെ ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ് എന്ന് പലരും ആലോചിച്ചിട്ടുണ്ടാവും .
പണ്ട് ഖനികളിലും, കൃഷിയിടങ്ങളിലും ജോലി ചെയ്യുന്ന കഠിനാധ്വാനം ആവശ്യമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ധരിച്ചിരുന്ന കട്ടിയേറിയ വസ്ത്രമായിരുന്നു ജീൻസ്. അക്കാലത്ത് ജോലി ചെയ്യുന്നതിനിടെ ജീൻസിന്റെ പോക്കറ്റുകൾ കീറിപ്പോകുന്നത് സർവ്വ സാധാരണമായിരുന്നു.
ജോലിയിടങ്ങളിൽ ഈ പോക്കറ്റുകൾ ആവശ്യമായിരുന്ന തൊഴിലാളികൾക്ക് ഇതൊരു പ്രശ്നമായി മാറി.ജേക്കബ് ഡേവിസ് എന്ന ടെയ്ലറാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്. പ്രമുഖ ജീൻസ് നിർമ്മാതാവായ ലീവായ് സ്ട്രോസിന്റെ ഉപഭോക്താക്കളിൽ ഒരാളായ ജേക്കബ് 1873 ൽ ഒരു വ്യത്യസ്തമായ ആശയം അവതരിപ്പിച്ചു.
ജീൻസിലെ പോക്കറ്റിന്റെ തയ്യലിന് കൂടുതൽ ഉറപ്പ് നല്കും വിധം ചെമ്പ് ബട്ടനുകൾ വെച്ച് അത് അടിച്ചുറപ്പിക്കുക. ഇതുവഴി പോക്കറ്റുകളും ,ജീൻസും തമ്മിൽ കൂടുതൽ ഉറപ്പിച്ച് നിർത്താനും, കീറിപ്പോകുന്നത് തടയാനും സാധിക്കും. ഇതിന് പേറ്റന്റ് എടുക്കാൻ ജേക്കബ് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അതിനുള്ള പണമുണ്ടായിരുന്നില്ല. അതിനാൽ പണം നല്കിയാൽ ഈ ആശയത്തിന്റെ പേറ്റന്റ് നല്കാമെന്ന് ലീവായ് സ്ട്രോസിന് ജേക്കബ് വാഗ്ദാനം ചെയ്യുകയായിരുന്നു,
📌വാൽ കഷ്ണം :ആവശ്യത്തിനുള്ള വലിപ്പം ഇല്ലാത്തതിനാൽ കാര്യമായ ആവശ്യങ്ങൾ ക്കൊന്നും ഉപകരിക്കാത്ത ഒന്നാണ് ജീൻസിലുള്ള ചെറിയ പോക്കറ്റ്. 1800കളിൽ തൊഴിലാളികൾക്കും ,കൗബോയ്കൾക്കും ചെയിൻ വാച്ച് കൊണ്ടുനടക്കുന്ന ശീലമുണ്ടായിരുന്നു. ഇത് പൊട്ടാതെ സൂക്ഷിക്കുന്നതിനും,ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ലീവായ് സ്ട്രോസ് ഈ ചെറിയ പോക്കറ്റുകൾ ജീൻസിൽ സ്ഥാപിച്ചത്.