📌 കടപ്പാട്:ഡോ. അരുൺ സഖറിയ
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദങ്ങളിലേക്കെത്താനുള്ള കാരണമെന്താണ്? മയക്കുവെടിയേറ്റാൽ ആന മയങ്ങി വീഴുമോ? മയക്കു വെടി വച്ച ശേഷം കറുത്ത തുണി കൊണ്ട് കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന്?
വനാതിർത്തികളോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യ–വന്യജീവി സംഘർഷം പതിവാണ്. പകൽപോലും കാട്ടാനകളും , കടുവകളും , പുലികളും ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്.ജീവനും ,
സ്വത്തിനും സംരക്ഷണം ലഭിക്കാതെ വനമേഖലകളിലെ മനുഷ്യജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. കൃഷിയും , മൃഗപരിപാലനവും പ്രധാന ജീവിത മാർഗമായിരുന്ന കർഷകരാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടുന്നത്. കിഴങ്ങു കൃഷി ചെയ്താൽ കാട്ടുപന്നി ശല്യം, ആടുമാടുകളെ പിടികൂടാൻ കടുവകൾ, വയലുകളിൽ മാനുകളും മയിലുകളും. വന്യമൃഗങ്ങളെ ഭയന്ന് കൃഷി ഇറക്കാനാകാതെ കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
വനവിസ്തൃതി കുറഞ്ഞതും , വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും , ആവശ്യമായ ഭക്ഷണം വനത്തിലിലില്ലാത്തതുമാണ് വന്യമൃഗശല്യം രൂക്ഷമാകാൻ കാരണം. അവയുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണ്. വരൾച്ചയും , മുളയുടെ നാശവും വനത്തിനുള്ളിൽ കാട്ടാനകൾക്ക് ഭക്ഷണമില്ലാതാക്കി. വനത്തിൽ പിടിമുറുക്കിയ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യവും മൃഗങ്ങൾക്കു ഭീഷണിയായി. പച്ചപ്പ് തേടി കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദങ്ങളിലേക്കെത്താനും കാരണമിതാണ്.വനാതിർത്തികളിലെ കമ്പിവേലികളും , കിടങ്ങുകളുമൊക്കെ കടന്ന് വന്യമൃഗങ്ങൾ നാട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ കുഴങ്ങുകയാണ് അധികൃതർ .ജനവാസ മേഖലയിൽ കാട്ടാനശല്യം വർധിക്കുമ്പോഴും കാട്ടാനകളുടെ വരവ് മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിൽ വനംവകുപ്പ് പലപ്പോഴും പരാജയപ്പെടാറുണ്ട്. വന്യമൃഗ ശല്യമുള്ള പലയിടത്തും രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ മാത്രമാണ് ആനകൾ എത്തിയ കാര്യം കർഷകർ അറിയുന്നത്.ഇതാണ് നഷ്ടത്തിന്റെ തോത് വർധിക്കാനുള്ള പ്രധാന കാരണം.
ശാസ്ത്രീയ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയാൽ നഷ്ടം ഒരു വിധം പരിഹരിക്കാം. ആനശല്യം രൂക്ഷമായ ചിലയിടത്ത് റേഡിയോ കോളർ, അലാം മുന്നറിയിപ്പ് സംവിധാനം, മൊബൈൽ അലർട്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കാറുണ്ട്.സ്ഥിരം നാട്ടിലിറങ്ങുന്ന ആനകളെ മയക്കുവെടി വച്ച് പിടിച്ച ശേഷം റേഡിയോ കോളർ ഘടിപ്പിക്കുന്നതാണ് വനംവകുപ്പ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രീതി.റേഡിയോ കോളർ ഘടിപ്പിച്ച ആന ജനവാസ മേഖലയുടെ നിശ്ചിത അകലത്തിൽ എത്തുമ്പോൾ തന്നെ വിവരം വനംവകുപ്പിനു ലഭിക്കുകയും പെട്ടെന്ന് തുരത്താൻ സാധിക്കുകയും ചെയ്യും.അതുപോലെ തന്നെ മറ്റൊരു രീതിയാണ് അലാം. സോളർ വേലിയിൽ അലാം സ്ഥാപിച്ചു കഴിഞ്ഞാൽ അതിൽ ആനയുടെ അനക്കം തട്ടിയാൽ അലാം ശബ്ദിക്കും. ഈ വിവരം വനപാലകർ വാട്സാപ്പിലൂടെയും , എസ്എംഎസ് വഴിയും നാട്ടുകാരെ അറിയിക്കുകയും ചെയ്യും.വനപാലകർ ഏകീകൃത സംവിധാനത്തിലൂടെ ജനങ്ങളെ അറിയിച്ചാൽ മാത്രമേ ഇതിനു പരിഹാരമാകൂ. ആനകൾ ആ പ്രദേശത്തുണ്ടെങ്കിൽ സ്വന്തം വിളകൾക്ക് സംരക്ഷണം നൽകാനും കർഷകർക്കു സാധിക്കും.
ജനവാസ മേഖലയോടു ചേർന്ന ഉൾക്കാടുകളിൽ കഴിയുന്ന ആനകളെ കണ്ടെത്താൻ കഴിയാത്തതാണ് തുരത്തലിൽ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ആനകളെ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ നൂറ്റാണ്ടുകൾ പഴക്കമുള്ള പടക്കം പൊട്ടിക്കൽ, പീപ്പി വിളിക്കൽ തുടങ്ങിയവ തന്നെയാണ് പല ജില്ലകളിലും വനംവകുപ്പിന്റെ കയ്യിലുള്ള ആയുധങ്ങൾ..
പാലക്കാട് ധോണി മേഖലയിൽ ഭീതി വിതച്ച കൊമ്പന്റെ പേരാണ് പി.ടി 7 . (പാലക്കാട് ടസ്കർ ഏഴാമൻ എന്നാണ് വനം വകുപ്പ് ഇട്ടിരുന്ന പേര് ) .സാധാരണ ആനകളെ പിടിക്കാനൊരുക്കുന്ന കുഴിയാണ് വാരിക്കുഴി. കര്‍ണ്ണാടക, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആനകളെ പിടികൂടുന്ന രീതിക്ക് ഖെദ്ദ എന്നു പറയും. ആനകള്‍ സഞ്ചരിക്കുന്ന വഴിയില്‍ വേലിക്കെട്ടി ഒരറ്റത്തായി കുഴിയുണ്ടാക്കിയാണ് പിടിക്കുന്നത്. ആനകളെ കുഴിയിലേക്ക് ഓടിച്ചു വിടാന്‍ ചെണ്ട കൊട്ടും. ചെറിയ ആനകളെ വലിയ ആനകളുടെ പുറത്തുനിന്ന് കുരുക്കിട്ടു പിടിക്കുന്ന രീതിയുടെ പേരാണ് മേള ശിക്കാര്‍.മയക്കു വെടിയുപയോഗിച്ചാണ് ആനകളെ കൂടുതലായും പിടിക്കുന്നത്.ആനകളെ വെടിവയ്ക്കാനുപയോഗിക്കുന്ന തോക്കുകളും പല തരത്തിലുണ്ട്. കാപ്ചര്‍ ഗണ്‍, ഡിസ്റ്റ് ഇന്‍ജക്റ്റ് തുടങ്ങിയവ അക്കൂട്ടത്തില്‍പെടും. സൈലസിന് ഹൈഡ്രോ ക്ലോറേഡ് എന്ന മരുന്നാണ് ആനകളെ മയക്കാന്‍ കുത്തി വയ്ക്കുന്നത്.
മയക്കുവെടിയേറ്റ ആന കിടക്കുന്നതും , ഇരിക്കുന്നതും അപകടരമാണ്. അവ നിൽക്കുന്നതാണ് പതിവുരീതി.ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക. അവ അധികമായാൽ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂർ മുതൽ 45 മിനുട്ടിനുള്ളിൽ മയക്കത്തിൽ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും.ഇനി അഥവാ മയക്കം വിട്ടാൽ ബൂസ്റ്റർ ഡോസ് നൽകും. പിന്നീട് മയക്കം വിടാൻ മറ്റൊരു ഇഞ്ചക്ഷൻ നൽകും.മയങ്ങിനിൽക്കുന്ന ആനയുടെ മുഖത്ത് ചിലപ്പോൾ കറുത്ത തുണി വലിച്ചുകെട്ടാറുണ്ട്.
മയക്ക് വെടിയുടെ പ്രവർത്തനത്താൽ അർദ്ധബോധാവസ്ഥയിൽ നിൽക്കുമ്പോൾ കണ്ണ് തുറന്ന് തന്നെ ഇരിക്കുകയാവും. ഇത്തരം അവസ്ഥയിൽ കോർണിയ ഡ്രൈ ആകുകയും പ്യൂപ്പിൾ ഡയലേറ്റ് ചെയ്തിരിക്കും. ഇത് കാരണം പുറത്ത് നിന്നുള്ള പ്രകാശത്തിന്റെ പ്രതികരണം ആനയുടെ മയക്കത്തിന് അലോസരമുണ്ടാക്കും .അത് തടയാനാണ് കറുപ്പ് തുണി കൊണ്ട് മൂടുന്നത്.മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാൽ ആനയുടെ ശരീരം ചൂടാകുന്നു.വിയർപ്പ് ഗ്രന്ഥികൾ ആനയുടെ നഖങ്ങൾക്ക് മാത്രം ഉള്ളതിനാൽ ശരീരതാപം കുറക്കുന്നതിനായി വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കും. കൂട്ടിലേക്ക് മാറ്റിയാലും ഇത് തുടരും.ചെവിക്കുടയിലെ രക്തലോമികൾ വികസിപ്പിച്ച് ഒഴുകുന്നത് കൂടും. തന്റെ ചെവി വീശിയാണ് ആന ശരീരം തണുപ്പിക്കുന്നത്.മയക്ക് വെടി വെച്ചതിനാൽ പിന്നെ ചെവിയാട്ടൽ നിൽക്കും. തുമ്പിക്കൈ , വാൽ എന്നിവയൊക്കെ അയച്ച് ഇട്ട പോലെ ആകും.
ശക്തിയേറിയ വെടിവെച്ചേൽപ്പിച്ച മയക്കുമരുന്നിന്റെ ശക്തിയിൽ ആന ദുർബലമാകുമെങ്കിലും ആനയുടെ കാലുകൾ വലിയ വടം കൊണ്ട് കെട്ടി എവിടെയെങ്കിലും ബന്ധിപ്പിച്ചിരിക്കും.ആനയുടെ ചൂട് കൂടി ഹൈപ്പർ തെർമിയ അവസ്ഥയിലേക്ക് നീങ്ങി. ജീവന് വലിയ അപകട സാദ്ധ്യതയുണ്ടാവുന്നതിനാൽ തന്നെ വളരെ കൃത്യമായ നിരീക്ഷണത്തിലാണ് പല കാര്യങ്ങളും ചെയ്യുന്നത്.
വയനാട്ടിലെത്തിച്ച് പരിശീലനം നൽകി താപ്പാനയാക്കാനാണ് വനംവകുപ്പിന്റെ പദ്ധതി. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രത്യേക കൂടാണ് ഒരുങ്ങുന്നത്. നാലടിയോളം വണ്ണമുള്ള 24 യൂക്യാലിപ്റ്റസ് മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്. മെരുങ്ങുന്നതുവരെ 18 അടി ഉയരമുള്ള ഈ കൂട്ടിലായിരിക്കും പിടി 7ന്റെ ജീവിതം. ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.ദൗത്യസംഘത്തിലെ അംഗങ്ങളുടെ ഔദ്യോഗിക പാനൽ അംഗീകരിച്ച് ഉത്തരവ് നൽകുന്ന മുറയ്ക്കാണ് കാട്ടാനയെ പിടികൂടുന്ന ദൗത്യം ആരംഭിക്കുക. പ്രശ്നക്കാരായ ആനകൾ ദൗത്യസംഘത്തിന്റെ നിരീക്ഷണ പരിധിയില്‍ ആയിരിക്കും.സുരക്ഷിത സ്ഥാനത്തു നിർത്തി മാത്രമേ മയക്കുവെടി വെയ്ക്കാറുള്ളു. നിശ്ചിത സ്ഥലത്ത് നിന്ന് മാറിയാൽ തിരികെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തും.
ജനവാസ മേഖലയില്‍ നിന്ന് അകലെയുള്ളതും , പരന്ന പ്രതലമുള്ള പ്രദേശത്തും മാത്രമേ ആനയെ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകള്‍ ഓടിയ ചരിത്രമുണ്ട്. ആന ജനവാസ മേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് തന്ത്രം.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടിയതോടെയാണ് വനം വകുപ്പ് നാട്ടാനകളെ തിരഞ്ഞെടുത്ത് കുങ്കി പരിശീലനം നടത്താന്‍ തീരുമാനിച്ചത്. കോടനാട്, മുത്തങ്ങ എന്നീ ക്യാമ്പുകളില്‍നിന്നും നാട്ടാനകളെ കുങ്കി പരിശീലനത്തിനായി അയച്ചിരുന്നു. തമിഴ്നാട്ടിലെ മുതുമല ക്യാമ്പില്‍ ആയിരുന്നു കുങ്കി പരിശീലനം. 10 കുങ്കി ആനകള്‍ വനംവകുപ്പിന് ഇപ്പോഴുണ്ട്. പി.ടി സെവൻ എന്ന ആനയെ ഇനി മുതൽ ധോണി എന്നാണ് വിളിക്കുന്നത്. പി.ടി 7ന് 15-20 വർഷം പ്രായമുണ്ട്. മൂന്നര വർഷത്തോളമായി പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു.
ആനയെ കൂട്ടിലാക്കി കൊണ്ടുപോയി . പിന്നീട് ഏറെ ശ്രമകരമായ ആനയെ മെരുക്കാനുള്ള ശ്രമം നടക്കും. ആനയെ കൊണ്ടുപോകാനായി വിക്രമൻ, ഭരതൻ എന്നിവയടക്കം മൂന്നു കുങ്കിയാനകളായിരുന്നു ഉണ്ടായിരുന്നത് . തുടക്കത്തിൽ രാത്രി മാത്രം എത്തിയിരുന്ന ‘പി.ടി 7’ ആന പിന്നീട് രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ എത്തി തുടങ്ങിയത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായി.