കാൻസറിനെ കുറിച്ച് പ്രത്യേകം ചില അറിവുകൾ

688

Ganga S എഴുതുന്നു 

ആരോഗ്യം ആണ് നമ്മുടെ ഏറ്റവും വലിയ ധനം. . രോഗം ഇല്ലാത്ത ആൾ .അരോഗി. ആരോഗ്യം എന്നത് ശാരീരിരികം മാത്രം അല്ല മാനസികമായി കൂടി രോഗം ഇല്ലാത്ത അവസ്ഥ ആണ്. .ശരീരവും മനസും, രണ്ടും ബന്ധപ്പെട്ടു കിടക്കുന്നു.

Ganga S
Ganga S

ദാരിദ്ര്യം, മരണം കൊണ്ടുണ്ടാവുന്ന അനാഥത്വം, ഏകാന്തത, അഭയാർഥിത്വം, യുദ്ധം മൂലം ഉള്ള അരക്ഷിതാവസ്‌ഥ എന്നിവയെല്ലാം ദുരന്തങ്ങൾ തന്നെ ആണ്, എങ്കിലും രോഗം തന്നെ ആണ് ഏറ്റവും വലിയ ദുഃഖം ദുരിതം എന്ന് വേണം കരുതാൻ. ഒരു ഡോക്ടർ എന്ന നിലയിൽ ഉള്ള കാഴ്ച്ചപ്പാടിന്റെ ആവാം.

രോഗങ്ങളുടെ തമ്പുരാൻ ആണ് അർബുദം അഥവാ കാൻസർ. എയ്ഡ്‌സ് കഴിഞ്ഞാൽ, ഏറ്റവും അധികം ആൾക്കാർ ഭയപ്പെടുന്നത്.

Carcinoma എന്ന കാൻസർ രാജാവിന്റെ ആക്രമണവും വളർച്ചയും പടയോട്ടവും മിക്കവാറും പ്രത്യക്ഷ സൂചനകൾ ഒന്നും ഇല്ലാതെയാണ്.

അർബുദ കോശങ്ങൾ ശരീരത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ അത് രഹസ്യ
മായി, നിശബ്ദം ആയി സ്വന്തം ഇരിപ്പടം ഉണ്ടാക്കും. സൂചി കുത്താനുള്ള ഇടത്തു തൂമ്പ കയറ്റി വലുതാക്കി സ്വന്തം രാജ്യം സ്ഥാപിയ്ക്കും.
അസാധാരണ കോശങ്ങളുടെ പടയാളികൾ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിയ്ക്കും.

അർബുദരാജൻ ഒരിടത്തു ആധിപത്യം സ്ഥാപിച്ചു സാമ്രാജ്യം ഉണ്ടാക്കി കഴിഞ്ഞാൽ ഏതൊരു രാജാവിനെയും പോലെ തന്റെ അതിർത്തി വലുതാക്കാൻ തുടങ്ങും. അതിർത്തി തർക്കങ്ങൾ, ഇന്ത്യ കശ്മീർ പാക്കിസ്ഥാൻ പോലെ അല്ലെങ്കിൽ ഇസ്രായേൽ, പലസ്തീൻ പോലെ അധികം നീണ്ടു പോകാറില്ല എന്ന് മാത്രം.
ദുർബലരായ സാദാ കോശങ്ങളെയും പ്രതിരോധ തന്ത്രങ്ങളെയും കീഴടക്കി മുന്നേറും. പ്രജ (രോഗി ) ചിലപ്പോൾ മാത്രമേ അധിനിവേശവും ആഭ്യന്തര യുദ്ധവും ഒക്കെ തിരിച്ചറിയുള്ളൂ. അപ്പോഴേയ്ക്കും വൈകിപ്പോയിരിയ്ക്കും. അവിടെ ജയിച്ചു കഴിഞ്ഞാലും രാജാവിന്റെ ആർത്തി തീരില്ല.

Lymph നീരിൽ കൂടി lymph nodes ( കഴല) കളിലേയ്ക്ക് പടയാളികൾ സഞ്ചരിയ്ക്കും. അധികാരം സ്ഥാപിയ്ക്കുന്നതിനിടയിൽ രക്തക്കുഴലുകൾ വഴി ദൂരെയോ അടുത്തോ ഉള്ള സ്വയം ഭരണാധികാരം ഉള്ള രാജ്യങ്ങൾ (കരൾ, ശ്വാസകോശം, തലച്ചോർ, അണ്ഡാശയങ്ങൾ, കുടലുകളുടെ മെത്ത ആയ omentum & peritoneum, വൃക്ക, തുടങ്ങി ) എല്ലായിടത്തും അല്ലെങ്കിൽ ചിലയിടത്തു കയറി കോളനി സ്ഥാപിയ്ക്കും.

(ഇന്ത്യ യിലും മറ്റ്‌ രാജ്യങ്ങളിലും മുൻപ് ബ്രിട്ടിഷ് കോളനി സ്ഥാപിച്ച പോലെ, അമേരിക്ക ഇപ്പോഴും കോളനി ആക്കിയിരിയ്ക്കുന്ന ദ്വീപുകൾ പോലെ ). അങ്ങനെ കോളനി സ്ഥാപിയ്ക്കുന്നതിനെ distant metastasis എന്ന് മെഡിക്കൽ ഭാഷയിൽ പറയും.

അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ പടയോട്ടം നടത്തി ലോകം മുഴുവൻ കീഴടക്കുന്നതിന് വേണ്ടി, പടയാളികളെ (കാൻസർ കോശങ്ങൾ ) യാതൊരു നിബന്ധനകളും ഇല്ലാതെ ഉണ്ടാക്കി കൊണ്ടിരിയ്ക്കും അർബുദ രാജൻ. .

വികൃത കോശങ്ങൾ ക്രമാതീതം ആയി പെറ്റു പെരുകും. ( 101 കൗരവർ ഒരു മാംസപിണ്ഡത്തിൽ നിന്ന് ഉണ്ടായി എന്ന കഥ ഓർക്കുക ).
……..

കിടപ്പിലായ രോഗികളെ ആണ് ഞാൻ ദിവസവും കാണുന്നത്. അവരിൽ ഏറ്റവും ശ്രദ്ധ കിട്ടേണ്ട വിഭാഗം ആണ് കാൻസർ രോഗികൾ.. കാൻസർ എന്ന പേര് കേൾക്കുമ്പോഴേ എല്ലാവരിലും നടുക്കം ഉണ്ടാവുന്നു…

ഇനി അല്പം കണക്ക് നോക്കാം.
ലോകത്തു ഏറ്റവും അധികം കാൻസർ രോഗികൾ ഉള്ളത് ആസ്‌ട്രേലിയയിൽ ആണ്.

ഏറ്റവും കുറവ് ഇസ്രായേൽ, ലെബനൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും.

ഇന്ത്യയിൽ കാൻസർ രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്.

അതിന് ഒരു കാരണം 65 വയസിന് മുകളിൽ ഉള്ളവർ ഇവിടെ കൂടുതൽ ആണ്.മറ്റൊന്ന് ഇവിടെ ചികിത്സയ്ക്കു പോകുന്നവരും രോഗത്തെ കുറിച്ച് അവബോധം ഉള്ളവരും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ ആണ്. 65 കഴിഞ്ഞവരിൽ കാൻസർ സാധ്യത ചെറുപ്പക്കാരെ അപേക്ഷിച്ചു കൂടുതൽ ആണ്.

ഇന്ത്യ യിൽ നിലവിൽ കാൻസർ ബാധിത രുടെ എണ്ണം 2.25 മില്യൺ ആണ്.

എല്ലാവർഷവും പുതിയ രോഗികൾ :1157294

75 വയസിനു മുൻപ് പുരുഷന്മാരിൽ 9.81% സ്ത്രീകൾ 9.42% സാധ്യത ഉണ്ട്.

2018ലെ കണക്ക്

മരണം : 784821
പുരുഷൻ : 413519 സ്ത്രീ : 371302

കേരളത്തിലെ കണക്ക് അനുസരിച്ചു ഒരു ലക്ഷത്തിൽ 153.3 പേർക്ക് കാൻസർ ബാധ ഉണ്ട്.

2016 കണക്കുകൾ ആണ്. മാറി വരാം. സ്റ്റാറ്റിസ്റ്റിക്കൽ സ്റ്റഡി ആവും.

(കണക്കുകൾക്ക് അവലംബം ഗൂഗിൾ. )

ഒരു ആശുപത്രിയിൽ നിന്നോ, ഒരു ഡോക്ടർ അല്ലെങ്കിൽ പലരും നടത്തിയ കേസ് സ്റ്റഡികളോ, ഏരിയ തിരിച്ചു വോളന്റീയേർസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലോ, random sampling വഴിയോ ആയിരിയ്ക്കും കണക്കുകൾ തയ്യാർ ആക്കുന്നത്.

കണക്കുകൾ ആപേക്ഷികം ആണ്. ഇതിൽ പെടാത്തവർ, രോഗം ഒരിയ്ക്കലും നിര്ണയിക്കപ്പടാത്തവർ, വേറെയും ഉണ്ടാവും.

പുരുഷനിൽ കാണുന്ന 25% കാൻസറും വായിലെയും ശ്വാസ കോശത്തിലെയും ആണ്.

സ്ത്രീയിൽ 25% വായിലും മാറിടത്തിലും.

പുരുഷൻ : ആദ്യത്തെ 5 സ്ഥാനങ്ങൾ ചുണ്ട്, വായയ്ക്കകം (oralcavity ), ശ്വാസകോശം, ആമാശയം, വൻകുടൽ (colorectal ), അന്നനാളം (oesophagus ).

സ്ത്രീ : ചുണ്ട്, വായയ്ക്കകം, മാറിടം, ഗർഭാശയ കണ്ഠം (cervix ), ശ്വാസകോശം, ആമാശയം.

ഇരു കൂട്ടർക്കും ഒരുപോലെ ഉള്ളത് ചുണ്ടും oralcavity യും ശ്വാസ കോശവും ആമാശയവും ആണ്.

ആദ്യത്തെ 10 എണ്ണത്തിൽ , ഇവ കൂടാതെ രക്താർബുദവും തലച്ചോറിലെ കാൻസറും ഉൾപ്പെടുന്നു.

പുകയിലയുടെ ഉപയോഗം ക്യാൻസറിന് കാരണം ആണെന്ന് എല്ലാർക്കും അറിയാം. മുറുക്കുക, ‘ഹാൻസ്’ പോലുള്ളവയുടെ ഉപയോഗം , പുകവലി എല്ലാം കാരണം ആണ്.

passive smoking (വലിയ്ക്കുന്നവരുടെ അടുത്ത് നിന്ന്, നേരിട്ടല്ലാതെ പുക ശ്വസിയ്ക്കുക ), smoking ന് തുല്യമോ ഒരുപടി കൂടുതലോ അപകടകരം ആണ്. സ്ത്രീകളും കുട്ടികളും ആണ് passive smoking ന് കൂടുതൽ വിധേയർ ആവുന്നത്.

70 വയസിനു മേൽ വരുന്ന അസാധാരണ ലക്ഷണങ്ങൾ ക്യാൻസറിന്റെത് ആകാൻ സാധ്യതക്കൂടുതൽ ഉണ്ട്.

പാരമ്പര്യം ഒരു കാരണം അല്ലെങ്കിലും ചിലരിൽ പാരമ്പര്യമായി കണ്ടു വരുന്നു.

Philadelphia chromosome രക്താർബുദ ( lukemia ) ത്തിന്റെ ഒരു വിഭാഗം ആയ chronic myeloid lukemia യിൽ കാണപ്പെടുന്നു.

ചിലപ്പോൾ വൈറസും ക്യാൻസറിന് കാരണം ആകാറുണ്ട്. . papiloma വൈറസ് ഗർഭാശയ കണ്ഠം ക്യാൻസറിന് കാരണം ആണ്.

ശ്രദ്ധിയ്‌ക്കേണ്ടതായ ലക്ഷണങ്ങൾ

1: പ്രത്യേക കാരണങ്ങൾ ഇല്ലാതെ ശരീരം പെട്ടെന്ന് മെലിയുക. ( 6 മാസത്തിനുള്ളിൽ 5% ശരീര ഭാരം കുറയുക ) ഓർക്കുക. മറ്റ്‌ കാരണങ്ങൾ, ഉദ : ക്ഷയം കൊണ്ടും ഇതൊക്കെ ഉണ്ടാവാം

2:നീണ്ടു നിൽക്കുന്ന ചുമ, ചുമച്ചു രക്തം തുപ്പുക, ശ്വാസം മുട്ടൽ (ക്ഷയം ആവാം )

3: ശബ്ദത്തിൽ വ്യതിയാനം, ശബ്ദം നഷ്ട പ്പെടുക (ഞരമ്പ് തളർച്ച ഉണ്ടാക്കുന്ന മറ്റ്‌ അസുഖങ്ങൾ കൊണ്ടും ആവാം. )

4:സ്ത്രീകളിലെ അസ്വഭാവീകമോ സ്വാഭാവികമോ ആയ രീതിയിൽ, സന്ദർഭങ്ങളിൽ ഉണ്ടാവുന്ന രക്തസ്രാവം
.(ചിലപ്പോൾ പ്രശ്നം അല്ലാത്ത കാരണങ്ങൾ ആവാം ).

5: മൂക്കിലൂടെയോ മലത്തിലോ മൂ ത്രത്തിലോ ഛർദ്ദിയിലോ പ്രത്യക്ഷം ആയോ പരോക്ഷം ആയോ രക്തം കാണുക.
കറുത്ത നിറത്തിൽ മലം, ഛർദ്ദി.

(വയറിനുള്ളിലേ പുണ്ണ്അഥവാ gasric or duodenal (peptic) ulcer കാരണവും ആവാം.)

മൂത്രത്തിൽ ആണെങ്കിൽ, രക്തം കാണുന്നത് പഴുപ്പ് കല്ല്, ക്ഷയം എന്നിവ കൊണ്ടും ആവാം.

6: ദഹനക്കുറവ്, വിശപ്പില്ലായ്മ, ശോധന യിൽ വ്യത്യാസം, മലബന്ധം അല്ലെങ്കിൽ വയറിളക്കം.

7 : പ്രായം ആയ പുരുഷന്മാരിലെ മൂത്ര തടസ്സം.

അവിടെയും കുഴപ്പം ഇല്ലാത്ത അഡിനോമ എന്ന മുഴ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉള്ളത് ആവാം കാരണം.

8: മുഴകൾ അല്ലെങ്കിൽ തടിപ്പുകൾ പ്രത്യേകിച്ച് വേദന ഇല്ലാത്തത്.

Breast ലെ എല്ലാ മുഴകളും കാൻസർ അല്ല. Fibroadenoma, fibroadenosis എന്നിവ നിരുപദ്രവകാരികൾ ആണ്.

ഗർഭാശയത്തിൽ കാണുന്ന fibroids, adenomyosis, എന്നിവ കാൻസർ വിഭാഗത്തിൽ പെടുന്നില്ല.

9:: വിട്ട് മാറാതെയുള്ള, ഇടവിട്ടുള്ള പനി.

നിരവധി സാധാരണ അസുഖങ്ങളിൽ പനി ഉണ്ടാവും. ക്ഷയം, ടൈഫോയ്ഡ്, അണുബാധകൾ, നീർക്കെട്ടുകൾ ( inflammations,) എയ്ഡ്‌സ്, എന്നിവയിലൊക്കെ പനി ഒരു രോഗ ലക്ഷണം ആകാം.

10: കടുത്ത വിളർച്ച (hb 6 gm % ഓ അതിൽ താഴെയോ ) പ്രത്യേകിച്ച് കാരണം ഇല്ലാതെ.

11: ഉണങ്ങാത്ത മുറിവുകൾ, പെട്ടെന്ന് വലുതാവുക തൊട്ടാൽ രക്തം പൊടിയുക.

ഖസാക്കിന്റെ ഇതിഹാസത്തിൽ അള്ളാ പിച്ച മൊല്ലാക്കയുടെ വിരലിൽ ചെരിപ്പ് കടിച്ച വ്രണം, അർബുദം ആയിരുന്നല്ലോ !

ഓപ്പറേഷൻ കഴിഞ്ഞ് ഉണ്ടാവുന്ന , പൊള്ളൽ ഏറ്റു ഉണങ്ങിയ , വടുക്കളിൽ ഉണ്ടാവുന്ന അപൂർവം കാൻസർ ( marjolins ulcer ).

12: മറുകുകൾ അല്ലെങ്കിൽ അരിമ്പാറ പോലെയുള്ള പെട്ടെന്ന് വലുതാവുക, മാറ്റങ്ങൾ ഉണ്ടാവുക. തൊട്ടാൽ രക്തം പൊടിയുക.

Melanoma യ്ക്കു സാധ്യത ഉണ്ടാവാം.

പ്രത്യേക ശ്രദ്ധയ്ക്ക്

മേൽപ്പറഞ്ഞ ഏതെങ്കിലും ഒന്നോ അതിലധികമോ ലക്ഷണങ്ങൾ കണ്ടാൽ തനിയ്ക്ക് കാൻസർ ആണ് എന്ന് തോന്നി പൊല്ലാപ്പ് ഉണ്ടാക്കുന്നതിന് ഞാൻ ഉത്തരവാദി അല്ല. മറിച്ചു ഉടനെ പോയി പരിശോധന യ്ക്കു വേണ്ടപ്പെട്ട ആശുപത്രി യിലോ ഡോക്ടറെയോ കാണുക. അതിന്റെ ചിലവുകൾ ഞാൻ വഹിയ്ക്കുന്നതല്ല. മുൻ‌കൂർ ജാമ്യം ആണ്.

എല്ലാ കാൻസറുകളും ഒരു പോലെ അല്ല. ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ മുഴകളും കാൻസർ അല്ല. അപകടം ഇല്ലാത്ത മുഴകളെ benign എന്ന് പറയുന്നു.

സാധാരണ കേൾക്കുന്ന അർബുദം carcinoma എന്ന വിഭാഗം ആണ്.

അതേ വിഭാഗത്തിൽ തന്നെ പെടുന്ന sarcoma, blastoma, melanoma എന്നിവ carcinoma യെക്കാൾ പ്രശ്നക്കാരാണ്.

Sarcoma യിൽ പെടുന്നചിലത്. osteosarcomma (എല്ലിനെ ബാധിയ്ക്കുന്ന )
liposarcoma (കൊഴുപ്പ് കലകളെ)
retroperitoneal sarcoma(വയറിനുള്ളിൽ നട്ടെല്ലിന് ചേർന്ന് )
adenosarcoma (അണ്ഡാശയത്തിൽ ചിലപ്പോൾ കാണുന്നു )
തുടങ്ങിയവ.

മനുഷ്യ ശരീരത്തിൽ കാൻസർ ബാധിയ്ക്കാത്ത ഒരേ ഒരു അവയവം മാത്രമേ ഉള്ളൂ. ഹൃദയം. എങ്കിലും വളരെ അപൂർവം ആയി ഹൃദയ പേശികളെ ബാധിയ്ക്കുന്ന rhabdo -myosarcoma അപവാദം ആണ്.

Blastomas കൂടുതൽ ആയും കണ്ടു വരുന്നത് കുട്ടികളിൽ ആണ്.

Retino blastoma (കണ്ണിലെ റെറ്റീനയേ ബാധിയ്ക്കുന്നത് )
medulloblastoma, glioblastoma multiformi (തലച്ചോറിനുള്ളിലെ കോശങ്ങളെ ),
neuroblastoma (ഞരമ്പ് കോശങ്ങളെ , ) hepatoblastoma (കരൾ ), nephroblastoma (വൃക്ക ). pancreatoblastoma (പാൻക്രിയാസ് ഗ്രന്ഥി )
pluropulmonary (ശ്വാസ കോശവും അതിന്റെ പുറത്തെ പാടയും ) ഇവയാണ് പ്രധാനപ്പെട്ടവ.

……
പ്ലസ് വണ്ണിന് പഠിയ്ക്കുകയായിരുന്നു . റഷീദ. കുട്ടി ആയിരിയ്ക്കുമ്പോൾ retinoblastoma വരികയും കണ്ണ് നീക്കം ചെയ്യുകയും തുടർ ചികിത്സ ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും അവൾ പഠനം തുടർന്നു….. പിന്നെ വർഷങ്ങൾ കഴിഞ്ഞ് ആണ് പ്ലസ് വൺ ആയപ്പോൾ ആണ് വീണ്ടും അർബുദം osteosarcoma രൂപത്തിൽ വന്നത്. ഇത്തവണ കാൽ മുറിയ്ക്കണം എന്ന് കേട്ടിട്ട് റഷീദ നിർവികാരയായി പറഞ്ഞു.

“ഇനി വേറെ എവിടെങ്കിലും വന്നാൽ അവിടെയും മുറിയ്ക്കണ്ടേ. അത് കൊണ്ട് കാൽ മുറിക്കണ്ട. ”

വേദന സഹിച്ചു, മരുന്നിനോട്, സഹതാപ നോട്ടങ്ങളോട് മുഖം തിരിച്ചു, അവൾ മൗനി ആയി മരണത്തിന് കീഴടങ്ങി…..
…..

Melanoma മറുകുകളിൽ ഉണ്ടാവുന്ന കാൻസർ ആണ്. ചെറുത് ആണെങ്കിലും തീവ്ര സ്വഭാവം ഉണ്ട്. കറുത്ത നിറം തരുന്ന melaninocytes ൽ നിന്ന് ഉണ്ടാവുന്നു.
…….
ബയോപ്സി യുടെ ചില histo -pathology റിപ്പോർട്ടുകളിൽ impression ന് നേരേ well differentiated, poorly differentiated എന്ന് എഴുതിയിരിയ്ക്കുന്നത് കാണാം.അതിൽ ആദ്യ വിഭാഗം താരതമ്യേന അപകടം കുറഞ്ഞതാണ്.

കാൻസറിന് നമ്മുടെ നാട്ടിൽ സാധാരണ കിട്ടുന്ന ചികിത്സകൾ

1: chemotherapy(മരുന്ന് ഞരമ്പിൽ കൂടിയോ വായിലൂടെ കഴിയ്ക്കുകയോ ),

2 :radiation (ലൈറ്റ് അടിയ്ക്കുക എന്ന് സാധാരണ ഭാഷ )

3: surgery(ഓപ്പറേഷൻ )

4: ഹോർമോൺ

എന്നിങ്ങനെ നാല് വിധം ആണ് പ്രധാനമായും ഉള്ളത്.

5 : Stem cell transplant ( മജ്ജ മാറ്റിവയ്ക്കൽ) അത്ര സാധാരണയല്ല ചെലവേറിയതും ആണ്…

കാൻസർ എന്ന് കേൾക്കുമ്പോഴേ നമ്മുടെ ആൾക്കാർക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാവുകയും, പിന്നീട് എടുക്കുന്ന തീരുമാനങ്ങൾ ആകെ തകരാറിൽ ആവുകയും ചെയ്യും. പൊതുവെ ചിലവേറിയത് ആയത് കൊണ്ടു ചികിത്സ തെരഞ്ഞെടുക്കുന്നത്, എവിടെ ഏത് ആശുപത്രിയിൽ എന്നത് ശ്രദ്ധിച്ചു വേണം.

സാധാരണക്കാർ കൂടാതെ അത്യാവശ്യം സാമ്പത്തിക ശേഷി ഉള്ളവർ ആയാലും, രോഗബാധിതയുടെ /ന്റെ, കുടുംബത്തിന്റെ പ്രത്യേകിച്ച് സാമ്പത്തികഭദ്രതയെ ആകെ തകിടം മറിയ്ക്കും. . അവിടെ ശ്രദ്ധാപൂർവം ആയ തെരഞ്ഞെടുപ്പു നടത്തിയില്ല എങ്കിൽ ഭാവി തന്നെ പ്രശ്നം ആയേക്കാം.

ശ്രദ്ധാപൂർവം എന്ന് പറയുമ്പോൾ ചികിത്സ യ്ക്കു തെരഞ്ഞെടുക്കുന്ന ആശുപത്രി, അസുഖത്തിന്റെ സ്‌റ്റേജ് (പൊതുവെ 4 സ്റ്റേജുകൾ ആണ്. 1, 2, 3, 4 ആം സ്‌റ്റേജ് അവസാന സ്‌റ്റേജ് ആണ് ) , സ്വന്തം സാമ്പത്തികാവസ്ഥ, കുടുംബാംഗങ്ങളുടെ നിലവിലെ നിലപാടും സ്ഥിതിയും. എല്ലാം കണക്കിലെടുക്കണം.

കേരളത്തിൽ എന്നല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണ് തിരുവനന്തപുരം RCC. പിന്നെ സർക്കാർ വക മെഡിക്കൽ കോളേജുകളിൽ താരതമ്യേന മികച്ച, ചിലവ് കുറഞ്ഞ കാൻസർ ചികിത്സ കിട്ടും.

സ്വകാര്യ ആശുപത്രികൾ നിരവധി ഉണ്ട് എങ്കിലും സാധാരണക്കാർക്ക് താങ്ങാൻ ആവാത്ത ചിലവ് വരും മിക്കയിടങ്ങളിലും. കാരുണ്യ ബെനവലന്റ് ഫണ്ട് കൊണ്ട് ഒരു പരിധി വരെ പാവങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിയ്ക്കുമായിരുന്നു. ഇപ്പോൾ അത് നിർത്തി എന്ന് കേട്ടു.

പാവപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സാർത്ഥം ആയി 1000/രൂപ മാസം പെൻഷൻ കിട്ടും. വില്ലേജ് ഓഫിസിൽ അന്വേഷിയ്ക്കുക.

നമ്മുടെ സാഹചര്യത്തിൽ, ഹെൽത്ത് ഇൻഷുറൻസ് പ്രത്യേകിച്ച് കാൻസർ ചികിത്സ കൂടി ഉൾപ്പെടുന്നത് ഉണ്ടാവണം എന്നാണ് അഭിപ്രായം.

ധാരാളം കുടുംബങ്ങൾ , ചികിത്സ കഴിഞ്ഞ് ആളും പോയി, ധനവും വീടും പോയിട്ട്, ആകെ തകർന്നു തളർന്നു വാടക വീടുകളിലും മറ്റുമായി നരകിയ്ക്കുന്നതിന് സാക്ഷി ആവേണ്ടി വന്നിട്ടുണ്ട്.

രോഗ ബാധിതയുടെ /ന്റെ പ്രായം, ,രോഗാവസ്ഥ, co -morbidities (കൂട്ടസുഖങ്ങൾ — വൃക്ക, ഹൃദയം , കരൾ , ശ്വാസ കോശം സംബന്ധം ആയ അസുഖങ്ങൾ , പ്രമേഹം, ), സാമ്പത്തികം, എന്നിവ കൂടി കണക്കിലെടുത്തേ ചികിത്സ തുടങ്ങാവൂ. അതിന് ബന്ധുക്കൾ, വേണ്ടി വന്നാൽ ഡോക്ടറും ആയി ആലോചിച്ചു തീരുമാനം എടുക്കണം.

മിക്കവാറും പേർ കാൻസർ എന്ന് കേൾക്കുമ്പോഴേ തളരുകയും, എവിടെ കൊണ്ട് പോയിട്ടായാലും, എത്ര രൂപ ചിലവായാലും വേണ്ടില്ല ചികിൽസി യ്ക്കണം എന്ന് തീരുമാനിയ്ക്കും. ചിലപ്പോഴെങ്കിലും അതൊരു വൈകാരിക മായ പ്രതികരണം ആവാം, പ്രത്യേകിച്ച് രോഗി കുട്ടികൾ ആവുമ്പോൾ.

അവസാന സ്‌റ്റേജിൽ എത്തിയ മിക്ക രോഗികളും ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേയ്ക്ക് ഓടി തളർന്നിട്ടുണ്ടാവും . ഇനി ചികിത്സ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. മരണത്തോട് അടുത്ത് കൊണ്ടിരിയ്ക്കുന്ന വേളയിൽ, അവർക്ക് വേണ്ടത് പാലിയേറ്റീവ് (സാന്ത്വന ) ചികിത്സ ആണ്.

രോഗത്തിന്റെ ഭാഗം ആയ നിരവധി പ്രശ്നങ്ങൾ, ദൂരെയുള്ള ആശുപത്രി യിലേക്ക് നീണ്ട യാത്ര, അതിന്റെ കൂടി ശാരീരിക മാനസിക ക്ലേശം, വീണ്ടും ആവർത്തിയ്ക്കുന്ന ടെസ്റ്റുകൾ, ശരീരത്തിൽ ഘടിപ്പിയ്ക്കുന്ന നിരവധി കുഴലുകൾ (മൂക്കിലെ റൈൽസ് ട്യൂബ്, ക്യാനുല, കത്തീറ്റർ.. ),..

ഒന്നിനോടും പ്രതിക്ഷേധിയ്ക്കാനാവാതെ, പ്രതികരിയ്ക്കാനാവാതെ, അവസാനം സമാധാന പൂർണ്ണമായി മരണത്തിലേയ്ക്ക് പോകാനും ആവാതെ കഷ്ടത അനുഭവിയ്ക്കുമ്പോൾ… ബന്ധുക്കൾ ആശ്വസിയ്ക്കും, ചെയ്യേണ്ടത് എല്ലാം ചെയ്തു. എന്ന്. അതവരുടെ നിലപാട് ആണ്. മറ്റുള്ളവർ കുറ്റപ്പെടുത്താതിരിയ്ക്കാനും കൂടി ഉള്ള മാർഗം.

ഓർക്കുക !

രോഗിയുടെ അവകാശം ആണ് അന്തസ്സാ യി മരിയ്ക്കുക എന്നത്. അവരത് അർഹിയ്ക്കുന്നു.

ടെസ്റ്റ്കൾ കഴിഞ്ഞു രോഗം കൃത്യമായി നിർണ്ണയിച്ച ശേഷമേ ചികിത്സ തുടങ്ങാറുള്ളു, സാധാരണ ആയി. ചില ഘട്ടങ്ങളിൽ അത്യാവശ്യം ആയി സർജറി വേണ്ടി വരുന്നത് ഒഴിച്ചാൽ.

അപ്പോഴേയ്ക്കും തീരുമാനം എടുക്കാൻ സമയം കിട്ടും.അർബുദ ചികിത്സയെ ബന്ധുക്കൾ .വൈകാരികമായി സമീപിയ്ക്കാതെ യുക്തി പൂർവ്വം ആലോചിച്ചു തീരുമാനിച്ചു ചെയ്യുക.

കാൻസർ പലതും തുടക്കത്തിൽ ചികിൽസിച്ചാൽ പൂർണ്ണമായും ഭേദം ആകും. അസുഖം കണ്ടെത്തിയാൽ ചികിത്സ വൈകരുത്.

നിലവിൽ ഫലപ്രദമായ ചികിത്സ മോഡേൺ മെഡിസിൻ (അലോപ്പതി ) മാത്രമേ ഉള്ളൂ.

പച്ചമരുന്ന്, നോനി, ലക്ഷ്മി തരു തുടങ്ങി ഒറ്റമൂലികൾ കാൻസർ ഭേദപ്പെടുത്തില്ല. കർണാടകയിൽ പോയി പച്ചമരുന്ന് കൊണ്ട് വന്നു കൊടുത്തിട്ട് രക്ഷപ്പെട്ട ആരെയും കണ്ടിട്ടില്ല.

തീർന്നില്ല. ഇനിയും ഉണ്ട്.. എഴുതാൻ.. തുടരും.

പടം എടുത്തത് ഞാൻ

Ganga. S

Previous articleഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതിന് പഴിക്കുകയല്ല വേണ്ടത്
Next articleരണ്ടാത്മഹത്യകൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.