ബഡ്‌ജറ്റ് അവതരിപ്പിക്കും മുൻപ് ധൈര്യത്തിനായി മന്ത്രിക്ക് രണ്ട് പെഗ്ഗടിക്കാൻ അനുമതിയുള്ള രാജ്യം എവിടെയാണ്? ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ബഡ്‌ജറ്റ് തയ്യറാക്കി അവതരിപ്പിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഭരണനിർവ ഹണത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക – സാമൂഹ്യവളർച്ചയുടെ നാഴികക്കല്ലാണ് ബജറ്റ്. ഒരു വർഷത്തെ വരവ് ചെലവ് കണക്കുകളിലൂന്നിയുള്ള രാജ്യ സുരക്ഷയുടെയും, ജനക്ഷേമ പദ്ധതികളുടെയും ആകെത്തുകയാണ് അത്. ബജറ്റിനോടുള്ള ജനങ്ങളുടെ സമീപനവും ,പ്രതികരണങ്ങളും അവതരിപ്പിക്കുന്ന മന്ത്രിയെ സംബന്ധി ച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്.
ബഡ്‌ജറ്റ് തയ്യാറാക്കി അതവതരിപ്പിച്ചു കഴിഞ്ഞാലും മാനസികസമ്മർദ്ദം അതുകൊണ്ടുതന്നെ വിട്ടൊഴിയുന്നുമില്ല.ഈ സമ്മർദ്ദമൊഴിവാക്കാൻ ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി ധൈര്യത്തിനു വേണ്ടി രണ്ടു പെഗ്ഗ് മദ്യം കഴിക്കാൻ ചാൻസിലർക്ക് ബ്രിട്ടൻ അനുവാദം നൽകുന്നുണ്ട്. ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് റൂൾ ബുക്കിൽ ഇതെഴുതപ്പെട്ടിട്ടുണ്ട്. രണ്ടു പെഗ്ഗ് എന്നത് മൂന്നുവരെ ആകാം. കപ്പാസിറ്റിയും, കൺട്രോളും ഉണ്ടെങ്കിൽ മാത്രം. ബഡ്‌ജറ്റ് അവതരണ ദിവസം ചാൻസലർക്കു മാത്രമാണ് മദ്യം കഴിക്കാനുള്ള അനുമതി യുള്ളത്. ഇത് വർഷങ്ങളായി തുടരുന്ന പാരമ്പര്യമാണ്..
.ഇനിയുമുണ്ട് ബ്രിട്ടനിൽ ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ചില വ്യത്യസ്ത രീതികൾ. 1860 ൽ ബ്രിട്ടീഷ് ചാൻസല റായിരുന്ന ‘വില്യം ഗ്ലാഡ് സ്റ്റോൺ’ ആദ്യമായി ഹൗസിൽ അവതരിപ്പിക്കാൻ ബജറ്റ് കൊണ്ടുപോകാനായി ഒരു പെട്ടി നിർമ്മിക്കു കയുണ്ടായി.ഈ പെട്ടിയുടെ പേരായിരുന്നു ‘സ്‌കാർലെറ്റ്’. പിന്നീട് അദ്ദേഹത്തോടുള്ള ആദരസൂചകമെന്ന നിലയിൽ അടുത്ത നൂറിലധികം വർഷങ്ങളിൽ ഇതേ പെട്ടിയിലായിരുന്നു അവിടുത്തെ ചാൻസലർമാർ ബഡ്‌ജറ്റ് കൊണ്ടുപോയിരുന്നതും അവതരിപ്പിച്ചിരുന്നതും.
ഒരു ചാൻസലർ മറ്റൊരു ചാൻസലർക്ക് പെട്ടി കൈമാറ്റം ചെയ്യുകയായിരുന്നു.ഇലവൻ ഡൗണിങ് സ്ട്രീറ്റിലെ ധനമന്ത്രാലയത്തിൽനിന്ന് ഹൗസ് ഓഫ് കോമൺസിലേക്ക് പെട്ടി നൂറിലധികം വർഷങ്ങൾ യാത്ര ചെയ്തു.1965 ലാണ് ഇതിനു മാറ്റം വന്നത്. Lord Callaghan തനിക്കായി ബജറ്റ് കൊണ്ടുപോകാൻ മറ്റൊരു ബാഗ് സംഘടിപ്പി ക്കുകയായിരുന്നു. അതിനു ശേഷം 1997 ൽ Gordon Brown ഉം തനിക്കായി പുതിയൊരു പെട്ടി വാങ്ങി.എന്നാൽ 2011 ൽ George Osborn വീണ്ടും പഴയ സ്കാർലെറ്റിലാണ് ബജറ്റ് കൊണ്ടുപോയി അവതരിപ്പിച്ചത്.
ബഡ്‌ജറ്റ് എന്ന വാക്കുതന്നെ ഫ്രഞ്ചിലെ ‘bougette’ എന്ന വാക്കിൽ നിന്നുണ്ടായതാണ്. ഇതിന്റെ അർഥം ഒരു ചെറിയ ബാഗ് എന്നാണ്. ഇന്ത്യയിൽ പെട്ടികൾക്ക് വലിയ മഹത്വമൊന്നുമില്ല. കറുത്തതോ, ചുവന്നതോ, ബ്രൗൺ കളറോ ആയ ബ്രീഫ് കെയ്‌സുകളിലാണ് ഇന്ത്യൻ ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കാനായി കൊണ്ടുപോകുന്നത്.