ഗൂഗിളിലെ 10 പരസ്യ ‘രഹസ്യ’ങ്ങൾ
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉മുൻനിര സെര്‍ച് എൻജിനും ലോകത്തെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നുമായ ഗൂഗിള്‍ 20-ാം പിറന്നാള്‍ ആഘോഷിച്ചു. അനാഢംബരമായ ആ ഒറ്റ പേജിലൂടെ ഈ കമ്പനി നടന്നു കയറിയത് ലോകത്തെ ഒട്ടു മിക്ക ആളുകളുടെയും മനസിലേക്കാണ്. ആളുകളുടെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയുകയും, അത് ശേഖരിച്ചു സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. പലരും, മറ്റാരും അറിയില്ലെന്നു കരുതിയാണ് ഗൂഗിളിനോട് തങ്ങളുടെ സംശയങ്ങള്‍, താത്പര്യങ്ങള്‍ തുടങ്ങിയവയെല്ലാം വെളിപ്പെടുത്തുന്നത്. ഗൂഗിളാകട്ടെ ഇതെല്ലാം സെര്‍ച് ചെയ്തയാളുടെ പേരില്‍ തന്നെ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.
നിങ്ങള്‍ പോയ സ്ഥലങ്ങളും, ഇന്റര്‍നെറ്റിലെ ചെയ്തികളും, ആന്‍ഡ്രോയിഡ് ഉപകരണമോ, ക്രോം ബുക്കോ എല്ലാം ഉപയോഗിക്കുന്നവെങ്കില്‍ ഡൗണ്‍ലോഡു ചെയ്ത ആപ്പുകളുടെ വിവരങ്ങളുടക്കം സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. ഒരാളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നൊക്കെ പണ്ടു പറയുമായിരുന്നല്ലോ. ഗൂഗിള്‍ അതുക്കും മേലെയാണ്. അവര്‍ക്ക് ഒരാളുടെ സ്വഭാവത്തെക്കുറിച്ചറിയാന്‍ തങ്ങളുടെ കൈയ്യിലിരിക്കുന്ന ഡേറ്റയിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. ഇരുപതു കൊല്ലം കൊണ്ട് ഈ കമ്പനി നേടിയിരിക്കുന്നത് ധനം മാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശരിയായ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടെയാണ്.
ഇന്റര്‍നെറ്റിനെ നിര്‍വചിക്കുന്ന കമ്പനിയായി തീരുന്നതിനു മുൻപ് ഗൂഗിള്‍, അതു തുടങ്ങിയ ലാറി പേജിന്റെയും, സെര്‍ഗായ് ബ്രിന്നിന്റെയും പഠനസമയത്തെ പ്രൊജക്ടായിരുന്നു. അവര്‍ 1995ല്‍ സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായിരുന്നു. ഇന്റര്‍നെറ്റിന്റെ ഗണിതശാസ്ത്രപരമായ സ്വഭാവത്തെക്കുറിച്ച് ആരായുകയും അത് അവരുടെ പഠനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തു. അതിനടുത്ത വര്‍ഷം അവര്‍ ഗൂഗിളിന്റെ ആദിമരൂപമായ google.stanford.edu അവതരിപ്പിച്ചു. തുടര്‍ന്ന് 1998, സെപ്റ്റംബര്‍ 4ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഗൂഗിള്‍ പിറന്നു. പലര്‍ക്കും ഗൂഗിളിനെപ്പറ്റി കുറെ കാര്യങ്ങള്‍ അറിയാം. എന്നാല്‍ അത്രയധികം അറിയാത്ത ചില കാര്യങ്ങള്‍ ഇതാ:
📌ഗൂഗിള്‍ എന്ന പേര്:
ഗണിതശാസ്ത്രത്തില്‍ നിന്നുള്ള ഒരു പദമായ googol എന്ന പദത്തില്‍ നിന്നാണ് ഗൂഗിള്‍ (ഗൂഗ്ള്‍ എന്നാണ് ശരിക്കുള്ള ഉച്ചാരണം) എന്ന വാക്കുണ്ടാകുന്നത്. ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്കു നല്‍കിയിരിക്കുന്ന പേരാണിത്. തങ്ങള്‍ തുടങ്ങുന്ന സെര്‍ച് എൻജിന്‍ അത്രയധികം വിവരം കൊണ്ടുവരുമെന്ന് കാണിക്കാനാണ് ഈ പേര് ഉപയോഗിച്ചത്.
📌സെര്‍ച് ചെയത് ഗൂഗിളില്‍ ജോലി നേടാം:
ഗൂഗിള്‍ നിങ്ങളുടെ കാര്യത്തില്‍ അത്രമേല്‍ ശ്രദ്ധാലുവാണ്. നിങ്ങള്‍ സോഫ്റ്റ്‌വെയറില്‍ തൽപരനാണെങ്കില്‍ അത് അവര്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. Foo.bar എന്നറിയപ്പെടുന്ന രഹസ്യ വെബ് ടൂളിലൂടെ അവര്‍ തങ്ങളുടെ ഭാവി ജോലിക്കാരെ കണ്ടെത്തുന്നു. ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്താണ് സെര്‍ച് ചെയ്യുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ഈ തരിഞ്ഞെടുപ്പ്. കോഡിങും, സോഫ്റ്റ്‌വെയര്‍ സംബന്ധമായ കാര്യങ്ങളും എപ്പോഴും അന്വേഷിക്കുന്നയാളുകളുടെ മേല്‍ കമ്പനി ഒരു കണ്ണുവയ്ക്കും.
പൈതണ്‍, ജാവാ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഭാഷകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുമ്പോഴെ ഗൂഗിളിന്റെ ശ്രദ്ധയും ഉണരും. ചിലപ്പോള്‍ നിങ്ങളന്വേഷിക്കുന്ന ഉത്തരവുമായി എത്തുന്ന പേജിന്റെ കൂട ഒരു ചോദ്യവും ചോദിക്കും- നിങ്ങള്‍ ഞങ്ങളുടെ ഭാഷയാണ് സംസാരിക്കുന്നത്. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നോ? (‘You’re speaking our language. Up for a challenge?’) നിങ്ങള്‍ക്ക് അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സ്വീകരിച്ച് ‘I want to play’യില്‍ ക്ലിക്കു ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് കമ്പനി ധാരാളം കോഡിങ് വെല്ലുവിളികള്‍ ഇട്ടു തരും. പല ലെവലുകളുണ്ട് ഇതിന്. ദിവസങ്ങള്‍ നീളുന്ന പ്രോബ്ലം സോള്‍വിങ് നടത്തണം. പക്ഷേ, നിങ്ങള്‍ അതിലൊക്കെ ജിയിക്കുകയാണെങ്കില്‍ കാത്തിരിക്കുന്നത് ഗൂഗിളില്‍ ഒരു ജോലിയായിരിക്കും!
📌ഗൂഗിള്‍ ഇമേജസില്‍ ഒരു ഗെയിം ഒളിഞ്ഞിരിക്കുന്നു!:
Atari Breakout എന്നു സെര്‍ച് ചെയ്യൂ. ഒഫിസ് പണി ചെയ്തു മടുത്തിരിക്കുമ്പോള്‍ കളിക്കാവുന്ന ഒരു ഗെയിമാണിത്. ഓഫിസുകളില്‍ ഗൂഗിള്‍ ബ്ലോക്കു ചെയ്യാന്‍ വഴിയില്ലല്ലോ!
📌സെക്സ് സെർചിങ്:
ജനങ്ങൾ അവരുടെ ആഴമേറിയ ലൈംഗിഗ അരക്ഷിതാവസ്ഥ പോലും ഗൂഗിളിനോടു വെളിപ്പെടുത്തുന്നുണ്ട്. ഗൂഗിളിന്റെ സെര്‍ച് ബാറില്‍ എല്ലാത്തരം ചോദ്യങ്ങളും ചോദിക്കും. വാര്‍ത്തയും മറ്റുമൊക്കെയാണ് പ്രധാന അന്വേഷണങ്ങളെങ്കിലും തങ്ങള്‍ക്കു വന്നിരിക്കുന്ന രോഗങ്ങളെക്കുറിച്ചും വഷളാകുന്ന കുടുംബ ബന്ധത്തെക്കുറിച്ചുമൊക്കെ അന്വേഷിക്കും.
അടുത്തകാലത്ത് ഒരു മുന്‍ ഗൂഗിള്‍ ഡേറ്റ ശാസ്ത്രജ്ഞന്‍ (Seth Stephens-Davidowitz) പുറത്തിറക്കിയ പുസ്തകത്തില്‍ പലതും വെളിവാക്കപ്പെടുന്നുണ്ട്. അദ്ദേഹം എടുത്തു പറയുന്ന ഒരു കാര്യം പല ആണുങ്ങളും കൂടുതല്‍ ‘ഗവേഷണം’ നടത്തുന്നത് എങ്ങനെ ലിംഗത്തിന്റെ നീളം വര്‍ധിപ്പിക്കാമെന്നതാണത്രെ.? ഈ കാര്യത്തില്‍ സ്ത്രീകളുടെ താത്പര്യം എങ്ങനെയാണ്? 170 ആണുങ്ങള്‍ക്ക് ഒരു സ്ത്രീ എന്ന നിലയിലാണ് ഈ പ്രത്യേക സംശയത്തെ കുറിച്ച് സ്ത്രീകള്‍ ഗൂഗിളിനോട് ഉന്നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു ഗിറ്റാര്‍ എങ്ങനെ ട്യൂണ്‍ ചെയ്യാം?, ഓംലറ്റ് എങ്ങനെയുണ്ടാക്കാം,? വണ്ടിയുടെ ടയര്‍ മാറുന്നതെങ്ങനെ? തുടങ്ങിവ എല്ലാം ആണുങ്ങളുടെ സംശയങ്ങളാണ്.
ലൈംഗികതയില്ലാത്ത വിവാഹങ്ങളെപ്പറ്റിയും ധാരാളം പേര്‍ ഗൂഗിളിനോടു ചോദിക്കുന്നു. സന്തുഷ്ടമല്ലാത്ത വിവാഹബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തെക്കാള്‍ മൂന്നര ഇരട്ടിയാളുകള്‍ ഇതിനെപ്പറ്റിയാണ് തിരക്കുന്നത്. പങ്കാളി സംസാരിക്കാന്‍ വൈമുഖ്യം കാണിക്കുന്നവതിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തെക്കാള്‍ 16 മടങ്ങു കൂടുതലാണത്രെ പങ്കാളിക്ക് ലൈംഗികതയില്‍ താത്പര്യമില്ലാത്തത് എന്തെന്ന് ആരായുന്നവരുടെ എണ്ണം. ലൈംഗിക ബന്ധത്തിനു തയാറല്ലാത്ത ബോയി ഫ്രണ്ടിനെക്കുറിച്ചുള്ളതാണത്രെ ഇത്തരം കാര്യങ്ങളില്‍ ഏറ്റവുമധികം സെര്‍ച് ചെയ്യപ്പെടുന്നത്.
📌പുല്ലു തെളിക്കാന്‍ ആടുകള്‍:
നാട്ടില്‍ വരെ പലരും പുല്‍ത്തകിടി വെട്ടി വൃത്തിയാക്കാന്‍ മോവറുകള്‍ വാങ്ങുന്ന കാലമാണിത്. കലിഫോര്‍ണിയയിലെ ഗൂഗിളിന്റെ ആസ്ഥാനമായ മൗണ്ടന്‍ വ്യൂ ഇരിക്കുന്നത് വലിയൊരു പ്ലോട്ടിലാണ്. ഇവിടെ പുല്ലു വളര്‍ന്നപ്പോള്‍ വിശന്നു നിന്ന 200 ആടുകളെ അഴിച്ചു വിട്ടാണ് പ്രശ്നം തീര്‍ത്തത്. യന്ത്രങ്ങളുണ്ടാക്കുന്ന കാര്‍ബണ്‍ കുറയ്ക്കാനും,ശബ്ദമലിനീകരണം ഒഴിവാക്കാനുമാണത്രെ ആടുകളെ കൊണ്ടുവന്നത്. ആടുകള്‍ ഒരാഴ്ച ഗൂഗിളിന്റെ കോമ്പൗണ്ടില്‍ ചിലവഴിച്ചാണ് പുല്ലെല്ലാം തിന്നു തീര്‍ത്തു കൊടുത്തത്. യന്ത്രം കൊണ്ട് അരിയുന്നയത്ര പൈസ തന്നെയാണ് തങ്ങള്‍ ഇതിനായി ചിലവഴിച്ചതെന്നും എന്നാല്‍ മോവറുകളെക്കാള്‍ വളരെ വശ്യമാണ് ആടുകളുടെ സാമീപ്യമെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു.
📌ഗൂഗിള്‍ ആയിരുന്നില്ല ലോകത്തെ ആദ്യ സെര്‍ച് എൻജിന്‍:ആദ്യമെത്തുന്നത് ആരാണെന്നതല്ല, കാര്യനിര്‍വ്വഹണ ശേഷിയാര്‍ക്കാണ് എന്നതാണ് പ്രധാന കാര്യം. ഗൂഗിള്‍ വരുമ്പോള്‍ അള്‍ട്ടാവിസ്റ്റാ, ആസ്‌ക്ജീവ്‌സ്, യാഹു തുടങ്ങി പല സെര്‍ച് എൻജിനുകളും ഉണ്ടായിരുന്നു. എന്നാല്‍, ഗൂഗിളിന്റെ സെര്‍ച് മികച്ചതായിരുന്നുവെന്നതു കൂടാതെ പരസ്യത്തിന്റെ അലമ്പുമില്ലാതിരുന്നു. (തങ്ങളുടെ സെര്‍ച് പേജ് ഇത്ര ലളിതമായത് എച്ടിഎംഎല്‍ അറിയുന്ന ജോലിക്കാർ ഇല്ലാതിരുന്നതിനാലാണത്രെ. നോക്കണേ, അറിവില്ലായ്മയും ഗുണം ചെയ്യുന്നത്! നിറയെ പരസ്യവുമായി ഒരു പേജ് വന്നിരുന്നെങ്കില്‍ ഒരു പക്ഷേ, ഗൂഗിളിന്റെ ഗതിയും മാറിയേനെ.) ഇന്ന്, 91 ശതമാനം സെര്‍ചുകളും കൈകാര്യം ചെയ്യുന്നത് ഗൂഗിളാണ്. (റഷ്യയില്‍ യാന്‍ഡെക്‌സും, ചൈനയില്‍ ബായിഡുവും അടക്കി വാഴുന്നു.)
📌കമ്പനി നിങ്ങളുടെ ഓരോ ചലനവും അറിയുന്നു:
പുള്ളിപ്പുലിയുടെ പുള്ളി മാറ്റാന്‍ കഴിയാത്തതു പോലെയാണ് ഗൂഗിളിന്റെ ഒളിഞ്ഞു നോട്ടവും. അതിന് എപ്പോഴും നിങ്ങളുടെമേല്‍ ഒരു കണ്ണുണ്ടായിരിക്കും. ആന്‍ഡ്രോയിഡിലും, ഐഫോണിലുമുള്ള ഗൂഗിള്‍ സര്‍വീസസ് നിങ്ങളുടെ ലൊക്കേഷന്‍ ഡേറ്റ എപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ പ്രൈവസി സെറ്റിങ്‌സ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ക്ക് ഗൂഗിളിന്റെ ട്രാക്കിങ് തടയാനാവില്ല. ഉദാഹരണത്തിന് നിങ്ങള്‍ ഗൂഗിള്‍ മാപ്‌സ് തുറക്കുന്നുവെന്നിരിക്കട്ടെ. തുറക്കുമ്പോഴെ ലൊക്കേഷന്റെ ഒരു സ്‌നാപ്‌ഷോട്ട് ഗൂഗിളിന്റെ സെര്‍വറിലേക്കു പോകും. ആന്‍ഡ്രോയിഡിലെ ഓട്ടോമാറ്റിക് വെതര്‍ അപ്‌ഡേറ്റ്‌സ് നിങ്ങള്‍ ഏകദേശം എവിടെ നില്‍ക്കുന്നുവെന്നും പറഞ്ഞു കൊടുക്കും.
📌കംപ്യൂട്ടറിന്റെ മുൻപിലിരുന്ന് ലോകത്തെവിടെയും അന്വേഷണാര്‍ഥം സഞ്ചരിക്കാം:
ഗൂഗിള്‍ സ്‌കൈ ഉപയോഗിച്ചാല്‍ കംപ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലിരുന്ന് ആകാശ സഞ്ചാരം പോലും നടത്താം. ഇതിനെ പ്രപഞ്ചത്തിന്റെ ഗൂഗിള്‍ മാപ്‌സ് എന്നാണ് വിളിക്കുന്നത്. ഹബ്ള്‍ ടെലസ്‌കോപ്പിന്റെയും, നാസയുടെ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും ഉപയോഗിച്ചാണ് ഗൂഗിള്‍ നിങ്ങളെ ലോകം ചുറ്റിക്കുന്നത്. ഭൂമിയില്‍ നിന്ന് ദശലക്ഷക്കണക്കിനു പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പോലും പറ്റി ഗൂഗിള്‍ പറഞ്ഞു തരും.
📌ജോലിക്കാര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് സഹായധനം:
ഗൂഗിളില്‍ ജോലിയിലായിരിക്കുമ്പോള്‍ മരിക്കുന്നവരുടെ കുടുംബത്തിന് ജോലിക്കാരനു ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളം ഗൂഗിള്‍ പത്തു വര്‍ഷത്തേക്കു ലഭിക്കും.
📌വരച്ചാല്‍ പോലും തര്‍ജ്ജമ:
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ സിംബലുകള്‍ വരച്ചാല്‍ പോലും അത് തര്‍ജ്ജമ ചെയ്തു തരും.
അധികമാരും അറിയാത്ത 8 കിടിലൻ ഗൂഗിൾ സേവനങ്ങൾ
👉നമ്മുടെ ജീവിതത്തിൽ ഗൂഗിളിന്റെ സ്വാധീനം വളരെയേറെ ആണ്. ഗൂഗിൾ മാപ്‌സ്, യൂട്യൂബ്, ഗൂഗിൾ സെർച്ച് തുടങ്ങിയ സേവനങ്ങൾ വിനോദത്തിനും അതിലുപരി പഠനത്തിനും വിവരങ്ങൾക്കായും ഉപയോഗിക്കുന്നുണ്ടെങ്കിലും അവ മാത്രമല്ല ഗൂഗിളിന്റെ ഉത്പന്നങ്ങൾ. നമ്മൾ അറിയാത്ത കുറെ വളരെ നല്ല സേവനങ്ങൾ ഗൂഗിൾ തരുന്നുണ്ട്. നിങ്ങൾ ഒരുപക്ഷെ ഇതുവരെ കേൾക്കാത്ത കുറച്ച് ഉത്പന്നങ്ങളുടെ ഒരു പട്ടികയാണ് താഴെ തരുന്നത്. ഒന്ന് ട്രൈ ചെയ്തു നോക്ക്.
📌ഗൂഗിൾ കീപ് (Google Keep):
കുറിപ്പുകളും ,റിമൈൻഡറുകളും ഓർഗനൈസ് ചെയ്യാൻ പറ്റുന്ന ഒരു സേവനമാണിത്. ഡെസ്‌ക്ടോപിലും മൊബൈലിലും എല്ലാം ഇത് ഉപയോഗിക്കാം, ഒറ്റ ഗൂഗിൾ അക്കൗണ്ട് മതി, ഒരു ഡിവൈസിൽ ചെയ്യുന്ന കാര്യങ്ങൾ ബാക്കിയുള്ള എല്ലാ ഉപകരണങ്ങളിലും സിൻകാവുകയും ചെയ്യും.
📌ടൈമർ (Timer, Stopwatch):
ഇതിനു വേറെ അപ്പ്ലിക്കേഷൻസ് ഒന്നും വേണ്ട. google.com ഇൽ പോയി ‘timer’ അല്ലെങ്കിൽ ‘stopwatch’ എന്ന് സെർച്ച് ചെയ്താൽ മതി. ഗൂഗിൾ സെർച്ച് രണ്ടും കൊണ്ടുവന്നു തരും.
📌ഗൂഗിൾ സ്‌കൈ (Google Sky):
പ്രപഞ്ചത്തെ കാണണമെങ്കിൽ ഗൂഗിൾ സ്‌കൈ ഉപയോഗിച്ചാൽ മതി. ഈ സേവനം നാസ, ഹബിൾ ടെലെസ്കോപ്പ്, സ്ലോൻ ഡിജിറ്റൽ സ്‌കൈ സർവെ തുടങ്ങിയവയിൽനിന്നുമുള്ള ചിത്രങ്ങളാണ് കാണിച്ചു തരുക. പണ്ട് ശാസ്ത്രജ്ഞന്മാർക്ക് മാത്രം കൈവശമുണ്ടായിരുന്നു ഭൂമിക്കപ്പുറമുള്ള കുറെ ദൃശ്യങ്ങളെ നമുക്കങ്ങിനെ പരിചയപ്പെടാൻ സാധിക്കും.
📌വലിയ നമ്പറുകൾ മനസിലാക്കാം:
വലിയ അക്കങ്ങൾ എപ്പോഴും വായിക്കാൻ പ്രയാസമാണ്. ഒത്തിരി സംഖ്യകൾ ഉള്ള അക്കങ്ങൾ ആണെങ്കിൽ ഗൂഗിളിനോട് ചോദിച്ചാൽ അവയെ എളുപ്പത്തിൽ മനസിലാക്കുന്ന വിധത്തിൽ മാറ്റി തരും. ഒരു ഉദാഹരണത്തിന് google.com ഇൽ ചെന്ന് ‘1064305=english’ എന്ന് ടൈപ്പ് ചെയ്യൂ, ഗൂഗിൾ അതിനെ ‘one million sixty four thousand three hundred five’ എന്ന് കറക്റ്റ് ആയി മാറ്റി തരും. ഏത് അക്കത്തിന്റെയും അവസാനം ‘=english’ എന്നുപയോഗിക്കുമ്പോൾ ആണ് ഈ സേവനം ഗൂഗിൾ പുറത്തിറക്കുക.
📌ഗൂഗിൾ സ്‌കോളർ (Google Scholar):ഗൂഗിൾ സെർച്ചിലൂടെ കോടാനുകോടി വിവരങ്ങൾ ആണ് നമുക്ക് ലഭ്യമാവുക. എന്നാൽ ഇതിൽ ഒട്ടുമിക്ക കാര്യങ്ങളും വിഷയത്തിനെകുറിച്ചു പ്രാഗൽഭ്യം ഉള്ള ആൾക്കാർ എഴുതിയതാവണമെന്നില്ല. ഇതുകൊണ്ടു തന്നെ റിസേർച് പേപ്പറിലും, തീസിസിലും മറ്റും ആ ലേഖനങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ചാൽ പ്രശ്‍നം വന്നെന്നിരിക്കാം. ഗൂഗിൾ സ്കോളാരിലൂടെ പക്ഷെ വ്യക്തമായ ഗവേണഷണങ്ങൾ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെയും, കണ്ടെത്തലുകളുടെയും വിവരങ്ങൾ ലഭിക്കും. ഇവ റിസേർച് പേപ്പറിൽ ഉപയോഗിച്ചാൽ ശരിയാണോ തെറ്റാണോ എന്ന ഭയം പിന്നെ വേണ്ട.
📌ഗൂഗിൾ ട്രെൻഡ്‌സ് (Google Trends): ആൾക്കാർ എന്താണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്തോണ്ടിരിക്കുന്നതെന്ന
റിയാണോ? ഗൂഗിൾ ട്രെൻഡ്‌സിൽ നോക്കിയാൽ മതി. ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന വിഷയങ്ങൾ ട്രെൻഡ്‌സിൽ കാണാൻ പറ്റും. റിയൽ ടൈം ആയതിനാൽ എല്ലാം വിഷയങ്ങളും അപ്പൊ നടക്കുന്ന കാര്യങ്ങൾ ആണ് താനും.
📌ഗൂഗിൾ സൗണ്ട് സെർച്ച് (Google Sound Search):
ഗൂഗിൾ സൗണ്ട് സെർച്ച് കേൾക്കുന്ന പാട്ടുകളെ തിരിച്ചറിയാൻ സഹായിക്കും. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രം ഉള്ള ഈ അപ്ലിക്കേഷൻ പാട്ടു കേൾക്കുമ്പോൾ ഓണാക്കിയാൽ മതി. പാട്ടിനെ കണ്ടു പിടിക്കുകയും അത് വേണമെങ്കിൽ വാങ്ങിക്കാനുള്ള ലിങ്ക് നൽകുകയും ചെയ്യും.
📌ജിബോർഡ് (Gboard):
ജിബോർഡ് എന്ന കീബോർഡ് ഉപയോഗിച്ചാൽ ഗൂഗിൾ സെർച്ച് അതിൽ തന്നെ ലഭ്യമാവും. ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിൾ സെർച്ച് നോക്കണ്ട ആവശ്യം ഒത്തിരി പ്രാവശ്യം വരുന്നതാണ്, ജിബോർഡ് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ കാര്യങ്ങൾ സാധ്യമാക്കാം. ഒരു അപ്പ്ലിക്കേഷനിൽ നിന്ന് മറ്റൊന്നില്ലെക്കും അതിൽ നിന്നും തിരിച്ചു പഴയ ആപ്പിലേക്ക് വരുകയും വേണ്ട അവസ്ഥമാറ്റിയെടുക്കാം.
ഇവ മാത്രമല്ല, ട്രാൻസ്ലേറ്റ് എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ ട്രാൻസ്ലേഷൻ സേവനം ലഭ്യമാകും. കറൻസി എന്ന് സേർച്ച് ചെയ്താൽ കറൻസി കൺവെർഷൻ പ്രത്യക്ഷേപെടും, ഇങ്ങനെ ഒത്തിരി അറിയാത്ത സേവനങ്ങൾ ഗൂഗിൾ നമുക്ക് നൽകുന്നുണ്ട്. ഈ ലിസ്റ്റിൽ ഇല്ലാത്തതും എന്നാൽ വളരെ ഉപയോഗപ്രദവുമായ സേവനങ്ങൾ ഇനിയും ധാരാളം ഉണ്ട്..