ലിവിങ് ടുഗെതർ ആയത് കൊണ്ട് അവളെ ഉപദ്രവിച്ചാൽ കുഴപ്പമില്ല എന്നാണോ ?

0
321

അരുൺ വര്ഗീസ്

കഴിഞ്ഞ ദിവസം പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു. ഒരു സ്ത്രീയെ കൂടെ താമസിച്ചിരുന്ന പുരുഷൻ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ചു എന്നതായിരുന്നു ആ വാർത്ത. പീഡനം ഒക്കെ കോമൺ ആയത് കൊണ്ടാവും മലയാളി അതിന് വേണ്ട വിധത്തിൽ പ്രതികരിച്ചു കണ്ടില്ല.. അതിന് മറ്റൊരു കാരണവും കൂടിയുണ്ടെന്ന് വാർത്ത കൂടുതൽ വായിച്ചപ്പോൾ എനിക്ക് മനസിലായി.അവർ ലിവിങ് ടുഗെതർ ആയിരുന്നു എന്ന്.

എന്താണ് ഈ ലിവിങ് ടുഗെതർ? നിയമനുസൃതമായി വിവാഹം കഴിക്കാതെ ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുക. പലപ്പോഴും അതിന് ആരുടെയും സപ്പോർട്ട് ഉണ്ടാവില്ല. അവർ സ്വന്തം ഇഷ്ടപ്രകാരമാവും അങ്ങനെ ചെയ്യുക. അത് അവരുടെ സ്വകാര്യത. വിട്ടേക്കുക.

അങ്ങനെ ആയത് കൊണ്ട് അവളെ ഉപദ്രവിച്ചാൽ കുഴപ്പമില്ല എന്നാണോ? അവൾ പോയതല്ലേ അനുഭവിക്കട്ടെ എന്ന് ചിന്തിക്കുന്നത് എത്ര വൈകൃതമാണ്? എല്ലാവരും ചേർന്ന് നടത്തി വിടുന്ന വിവാഹത്തിൽ സ്ത്രീകൾ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാകുന്നുണ്ട് എന്ന് എത്ര പേർക്കറിയാം? ഭർത്താവ് ആണ് അതൊക്കെ സ്വാഭാവികം ആണ് നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് ഉപദേശിച്ചു തിരിച്ചു വിടുന്ന അമ്മമാർ ഉണ്ട്.

“Marital rape is also a crime ”
വിവാഹവും ഒരു ലിവിങ് ടുഗെതർ തന്നെ. ഒരു താലി ഉണ്ടെന്ന വ്യത്യാസം മാത്രം . ഒരു ബന്ധത്തില് പോലും സ്ത്രീകൾ ഇത് അനുഭവിക്കേണ്ടതില്ല എന്നാദ്യം അവർ തന്നെ മനസ്സിലാക്കുക. സ്വന്തം ദേഹം നൊന്താൽ തിരിച്ചടിച്ചേക്കുക. ശക്തമായ രീതിയിൽ പ്രതികരിച്ചേക്കുക.ആദ്യത്തെ അടിക്ക് തന്നെ തിരിച്ചു അടിക്കാൻ കരുത്തുണ്ടാകണം.നിവർന്നു നിൽക്ക് പെണ്ണുങ്ങളെ.

സ്വന്തം മക്കളെ ഓർത്ത് സമൂഹത്തെ ഓർത്ത് കുടുംബത്തെ ഓർത്ത് അച്ഛനേം അമ്മേം ഓർത്ത് ഇങ്ങനെ ഓർത്തോർത്തു ഉരുകി ജീവിക്കേണ്ട കാര്യമില്ല.സ്വന്തം ജീവിതം സ്വന്തം ശരീരം സ്വന്തം തൊഴിൽ… അതേ ഒരു തൊഴിൽ വേണം എല്ലാ പെണ്ണിനും. വിദ്യാഭ്യാസം വേണം. തലയുയർത്തി സംസാരിക്കാൻ ഉള്ള നട്ടെല്ല് വേണം.

നിങ്ങളുടെ ദേഹത്ത് കൈ വെയ്ക്കുന്നവന്റെ കൈയിൽ പിടിച്ച് മാറ്റാനുള്ള തന്റേടം വേണം.
അതിന് അറിവ് വേണം. ഉൾക്കരുത്ത് വേണം. കലാകാലങ്ങളോളം ഒരുത്തരുടെയും വിഴുപ്പലക്കി ജീവിക്കരുത്.സഹനം പെണ്ണുങ്ങൾക്ക് മാത്രം ആയി റിസേർവ് ചെയ്തു വെച്ചിരിക്കുന്ന സംഭവമൊന്നുമല്ല. അങ്ങനെ സഹിക്കേണ്ട കാര്യവുമില്ല.ശരീരം വേദനിപ്പിക്കുന്നിടത്ത് നിന്നു ഇറങ്ങി പോരുക.തൊഴിൽ ചെയ്തു അന്തസ്സായി ജീവിക്കുക

ഇനി സമൂഹത്തോട്

ലിവിങ് ടുഗെതർ എന്നത് പെണ്ണിനെ ഉപദ്രവിക്കാനും ആക്ഷേപിക്കാനും ഉള്ള ലൈസെൻസ് അല്ല. അവൾ പെട്ട് പോകുന്നതാണ്. ചിലപ്പോൾ എങ്കിലും നിസ്സഹായരാണ്. അത് കൊണ്ടാണ്. പറ്റുമെങ്കിൽ ചേർത്ത് പിടിക്കുക. നാളെ നിങ്ങളുടെ മകള്, നിങ്ങളുടെ അനിയത്തി, നിങ്ങളുടെ കൂട്ടുകാരി ഈ അവസ്ഥയിൽ കൂടി പോയാൽ ഒറ്റപ്പെടുത്താതിരിക്കുക. അപമാനിക്കാതിരിക്കുക. ഓർക്കുക നമ്മളാരും പുണ്യാളന്മാരല്ല.