മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയും നൂറിലധികം നാടകങ്ങളിൽ ഗായികയായും നടിയായുമൊക്കെ തിളങ്ങിയ കൊച്ചിൻ അമ്മിണിക്ക് ആദരാഞ്ജലികൾ .ഉദയാ പ്രൊഡക്ഷൻസിൽ നടി ശാരദയുടെ മലയാള കഥാപാത്രങ്ങളിൽ മിക്കവയും പ്രേക്ഷകർ കേട്ടത് കൊച്ചിൻ അമ്മിണിയുടെ ശബ്ദത്തിലൂടെയാണ്. ശാരദയുടെ ആദ്യ മലയാളചിത്രമായ ഇണപ്രാവിൽ തുടങ്ങി, ചുരുക്കം സിനിമകളിലൊഴിച്ച് ഉദയാ ചിത്രങ്ങളിലൂടെ നീണ്ട 13 വർഷം ശബ്ദം നൽകിയത് അമ്മിണിയാണ്.
അടിമകൾ എന്ന ചിത്രത്തിൽ ശാരദയുടെ അമ്മയായി അവർ അഭിനയിക്കുകയും ചെയ്തു. മലയാള സിനിമയിൽ ആദ്യകാലത്തെ ഏറെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. ശാരദക്ക് പുറമേ സച്ചു, കുശലകുമാരി, രാജശ്രീ, വിജയനിർമല, ഉഷാകുമാരി, സാധന, ബി.എസ്. സരോജ, കെ.ആർ.വിജയ, ദേവിക, വിജയശ്രീ തുടങ്ങിയ നടിമാർക്കെല്ലാം അവർ ശബ്ദം നൽകി. ഡബ്ബിംഗ് ക്രെഡിറ്റുകൾ വല്ലപ്പോഴുമൊക്കെ സ്ക്രീൻ ടൈറ്റിലിൽ വരുന്ന കാലമായിരുന്നതിനാൽ ആ നടിമാർക്ക് പോലും തങ്ങൾക്ക് ആരാണ് ശബ്ദം കൊടുത്തതെന്ന് അറിവില്ലായിരുന്നു.
ഗാനഗന്ധർവ്വൻ യേശുദാസും കൊച്ചിൻ അമ്മിണിയും. ഇരുവരും ബന്ധുക്കളായിരുന്നു. സഹപാഠികളും. പി.ജെ.ആന്റണിയുടെ നാടകങ്ങളിലാണ് പാടി അഭിനയിച്ചത്. ദക്ഷിണാമൂർത്തിയുടെയും ശിഷ്യയായി. 1967ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ രണ്ടുപാട്ടുകൾ പാടാനായി. എം.എസ്.ബാബുരാജ്, ജി.ദേവരാജൻ, എം.കെ.അർജുനൻ, കണ്ണൂർ രാജൻ എന്നിവർ ചിട്ടപ്പെടുത്തിയ ഒട്ടേറെ സിനിമാ-നാടക ഗാനങ്ങളും പാടി. ഡബ്ബിങ് ആർട്ടിസ്റ്റായിരുന്ന അത്രയും കാലം തന്നെ ആകാശവാണിയിലും ഗായികയായിരുന്നു.
കണ്ണുതുറക്കാത്ത ദൈവങ്ങളേ… എന്ന ഗാനം മലയാളികൾ ആദ്യം കേൾക്കുന്നത് കൊച്ചിൻ അമ്മിണിയുടെ ശബ്ദത്തിലാണ്. അഗ്നിപുത്രി എന്ന നാടകത്തിനു വേണ്ടി വയലാർ എഴുതിയ ഗാനം പാടിയത് അമ്മിണിയാണ്. സിനിമയായപ്പോൾ പാടാൻ അവസരം ലഭിച്ചില്ല.സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ മാധവന് പുരസ്കാരം, സ്വരലയ, സര്‍ഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അമ്മിണിക്ക് ലഭിച്ചിട്ടുണ്ട്. 2022 നവംബർ 6 ഞായറാഴ്ച പുലർച്ചെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.