കൊച്ചു തോമ കുറെ പെണ്ണ് കണ്ടു നടന്നെങ്കിലെന്താ. അവസാനം സിപ്പു തന്നെ തലേല് വന്നു കേറിയില്ലേ. എല്‍ദോചായന്‍ കേറി ഉടക്കിട്ടിട്ടും കല്യാണം നടന്നു.അല്ലെങ്കിലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങുമോ.എന്നിട്ട് കല്യാണം കഴിഞ്ഞു വന്നപോ അവിടെ ഷേയറിങ്ങില്‍ താമസിപ്പിക്കാന്‍ എന്തൊരു ഉത്സാഹം ആരുന്നു..ഷീല അമ്മാമ്മേം അവിരാച്ചയനും പിന്നെ വിട്ടുകൊടുക്കുമോ.വാടക ഒന്നും വേണ്ട എന്ന് പറയുമേലും നമ്മക്ക് അറിയരുതോ ഉള്ളിലിരുപ്പ്. ഈ കാശും കൂടി ഓര്‍താരിക്കും പുതിയ ഒരു വേലക്കാരിയെ പാര്‍ട്ട് ടൈം വെച്ചിട്ടുണ്ട്.അത് ഏതായാലും നന്നായി.സിപ്പുനു വല്ലോം വെക്കാന്‍ അറിയാമോ.ചുമ്മാതിരുന്നു തിന്നു വീങ്ങി ഇരിക്കുവല്ലേ.അപ്പനും അമ്മേം കൂടെ പുന്നാരിച്ചു വഷളാക്കി വെച്ചിരിക്കുകയല്ലേ.
ഒരു കണക്കിന് സിപ്പുവിനെ കെട്ടിയത് നന്നായി. പെണ്ണ് കാണല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴല്ലേ കളി മനസ്സിലായത്. പെണ്ണുങ്ങള്‍ക്ക് മിക്കവാറും എല്ലാത്തിനും കോമ്പാ. പത്രത്തില്‍ നോക്കുമ്പോള്‍ കാണാം സുന്ദരിയായ ക്രിസ്ത്യന്‍ യുവതി ,അമേരിക്കയില്‍ ജോലി,എന്നിട്ട് ബ്രാക്കറ്റില്‍ എഴുതും . കൊണ്ട് പോകും. കൊണ്ട് പോകുമത്രേ..എങ്ങോട്ട്…നരകത്തിലെക്കായിരിക്കും. അവിടെ ചെന്നാല്‍ പണി കിട്ടിയില്ലെങ്കില്‍ പണി ആകും എന്ന് കുന്നെലെ സജിയുടെ അനുഭവം കേട്ടപോ മനസ്സിലായി. അവനിപ്പോ നന്നായിട്ട് ബിരിയാണി വരെ വെക്കുമെന്ന്. പിന്നെ കുവൈറ്റില്‍ പോകാന്‍ മിക്കതിനും താല്പര്യം ഇല്ല. അവിടെ ലൈഫ് ഇല്ലെന്നു. ദുബായ് ആണേല്‍ നോക്കാന്നു. പിന്നെ, ഉള്ള പണി കളഞ്ഞേച്ചും, ഇതിനെ ഒക്കെ കെട്ടാന്‍ വേണ്ടി ഇനി ഞാന്‍ ദുബൈക്ക് പോകാം. കുവൈറ്റില്‍ തന്നെ ഉള്ള നേഴ്സ് പെണ്ണുങ്ങളുടെ കാര്യം പറയേണ്ട. ആലോചന വന്നപ്പോള്‍ തന്നെ അവറ്റക്കൊക്കെ ഒടുക്കത്തെ ഡിമാണ്ട്. ലൈസന്‍സ് ഉണ്ടോ, കാര്‍ ഉണ്ടോ , ഫ്ലാറ്റ് ഉണ്ടോ. പിന്നെ.. ഇതെല്ലാം ആയിട്ടല്ലേ ആള്‍ക്കാരു കുവൈറ്റിലോട്ടു വരുന്നേ.
വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവു ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കും എന്നത് ഒരു നാട്ടു നടപ്പാ..എന്നാലും ഇങ്ങനെ ഒരു അക്കിടി പറ്റാനുണ്ടോ. ഇന്റര്‍നെറ്റ് നോക്കിയത് കൊണ്ട് മാത്രം ലോകത്താരും ഇന്നേ വരെ സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം ആരറിഞ്ഞു..വെച്ചുപോയ സാമ്പാര്‍ പിന്നെ ഒരാഴ്ച ഓടിക്കാതെ പറ്റുമോ.പിന്നെ എടുത്തു വെക്കാന്‍ വലിയ അണ്ടാവു പോലത്തെ ഫ്രിഡ്ജും ചൂടാക്കാന്‍ ഓവനും ഉള്ളതുകൊണ്ടാണല്ലോ ഗള്‍ഫിലൊക്കെ ഒരുമാതിരി വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൂക്കിംഗ് എന്നാ അത്ഭുതം സംഭവിക്കുന്നത്.
ഇന്നലെ പറ്റിയത് ഓര്‍ത്താല്‍ ഇനി മേലാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തോന്നുകേല..വളരെ കഷ്ടപെട്ടാ പത്തു പതിനെട്ടു ചപ്പാത്തി ഉണ്ടാക്കിയത്..ചപ്പാത്തിയെല്ലാം വട്ടത്തില്‍ ഇരിക്കുന്നതിനു പകരം ചതുരോം ഒക്കെ ആയതു പോട്ടെ..അത് ബട്ടര്‍നാന്‍ ഷെയ്പില്‍ ഉണ്ടാക്കിയതാ എന്നും പറഞ്ഞു സിപ്പുന്റെ അടുത്ത് രക്ഷപെട്ടു..കുറെ എണ്ണം എടുത്തു പാത്രത്തില്‍ അടച്ചു വെച്ചു..നാളേം കഴിക്കണമല്ലോ..കഷ്ടകാലം എന്നല്ലേ പറയാന്‍ പറ്റു.ചപ്പാത്തിക്കൊന്നും ഒരു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടാരിക്കും ആ വേലക്കാരി ശിങ്കാരി അതെല്ലാം കൂടി വേസ്റ്റില്‍ എടുത്തിട്ടു. അതുപോട്ടെ..സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു…തോമാച്ചായന് ഉണ്ടാക്കിയ ചപ്പാത്തി വായില്‍ വെക്കാന്‍ കൊള്ളുകേല എന്ന്.എന്ന് വെച്ചാ കൊച്ചു തോമ എന്ജിനീയരിങ്ങിന് ചപ്പാത്തി പരത് അല്ലെ പഠിച്ചത്. പിന്നെ പറച്ചില് കേട്ടാ അമ്മായി അമ്മ നല്ലത് വല്ലോം ഉണ്ടാക്കി കൊടുക്കുന്ന പോലാ . അമ്മായി അമ്മയുടെ കാര്യം പറയാതെ ഇരിക്കുവാ ഭേദം. വിരുന്നിനു ചെന്നപ്പോ കേക്ക് ആണെന്ന് പറഞ്ഞു ഒരു സാധനം.ഒന്ന് കടിച്ചതെ ഉള്ളു .പല്ല് അടര്‍ന്നു പോകാഞ്ഞത് ഭാഗ്യം. അമ്മായി അമ്മ കേക്കിന്റെ റിസള്‍ട്ട് അറിയാന്‍ ആകാംക്ഷയോടെ നില്‍ക്കുവാ.എങ്ങനെ ഉണ്ട് മോനെ എന്ന് ചോദിച്ചപോ പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റ് ആണ് എന്ന് അറിയാതെ പറഞ്ഞു പോയി.പുള്ളിക്കാരീടെ മുഖം കടന്നല് കുത്തിയതുപോലെ ആരുന്നു രണ്ടു ദിവസം..
പിന്നെ എന്നും വൈകുന്നേരം വിരുന്നു എന്നും പറഞ്ഞു കെട്ടി ഒരുങ്ങി പോകണം. സിപ്പൂന്റെ ആള്‍ക്കാരു മാത്രേ ഉള്ളു അബ്ബസ്സിയായില്‍ താമസം എന്നാ തോന്നുന്നേ.എല്ലാ ദിവസവും ഓരോരുത്തര് ബുക്ക് ചെയ്തെക്കുവല്ലേ. വൈകുന്നേരം കഴിക്കാന്‍ പോകുന്ന വീടിലെ പിള്ളാര്‍ക്ക് ചോക്ലേറ്റും വാങ്ങി ഒരിറക്കം ആണ്. പിന്നെ അവരുടെ വീട്ടില്‍ പോയി കുറെ ജാഡ വര്‍ത്തമാനം സഹിക്കണം. ഓഫീസിലെ വീര കഥകള്‍ കേള്‍ക്കണം. എല്ലാവരും പുലി ആണല്ലോ. പിന്നെ കഴിപ്പിന് മുന്‍പ് അച്ചായന് കണ്ണ് കാണിക്കും..”എടുക്കട്ടോ” എന്ന് ഇവന്റെ ഒക്കെ ജാഡ കഥകള്‍ സഹിക്കുന്നതിനു രണ്ടെണ്ണം പോര, നാലെണ്ണം വേണം.. പക്ഷെ സിപ്പുവിന്റെ സ്റാന്റിംഗ് ഓര്‍ഡര്‍ ഉണ്ടല്ലോ. ചെല്ലുന്ന വീട്ടില്‍ അടിച്ചു പാമ്പാകാന്‍ ആക്രാന്തം കാട്ടരുത് എന്ന്. അതുകൊണ്ടൊക്കെ സഹിക്കുന്നു. പിന്നെ ഈ പോക്കിന് ഒരു ഗുണമുണ്ട്. വീട്ടില്‍ കഞ്ഞിം കറീം വെക്കണ്ടല്ലോ.ഉച്ചക്ക് പിന്നെ കാന്റീന് ഉണ്ടല്ലോ ഭാഗ്യം !.കാലത്തേ ബ്രെഡും ജാമും. പെണ്ണ് കെട്ടിയാലെങ്കിലും മര്യാദക്ക് ബ്രേക്ക് ഫാസ്റ്റ് കിട്ടും എന്ന് വിചാരിച്ചു..എവിടെ. അല്ല പറഞ്ഞിട്ട് കാര്യമില്ല കുവൈറ്റിലെ മലയാളികളുടെ ഇന്റര്‍ നാഷണല്‍ മെനു അല്ലെ കാലത്തേ ബ്രെഡും ജാമും പിന്നെ ആശുപത്രീ ചെന്നാ കൊടുക്കുന്ന കഫ് സിറപ്പും.
ഒരു വിധത്തില്‍ കഴിഞ്ഞു പോരുകയായിരുന്നു. അന്നെരമല്ലേ കഷ്ടകാലത്തു പല്ല് തേച്ചോടിരുന്നപോള്‍ പല്ല് സെറ്റ് അടര്‍ന്നു വാഷ് ബേസിനില്‍ പോയെന്നു പറഞ്ഞപോലെ ആയത്. വെറുതെ വൈകുന്നേരം വീട്ടില്‍ കിടന്നുറങ്ങുവാരുന്നു. അന്നേരം പെണ്ണിന് സുല്‍ത്താന്‍ സെന്ററില്‍ പോണം. സെയില്‍ ഉണ്ടത്രേ. പെണ്ണുങ്ങളെ പറ്റിക്കാന്‍ ആയിട്ട് ഓരോ ദ്രോഹികള്‍ ഓരോ പരിപാടി ആയിട്ടു ഇറങ്ങും. വെറുതെ ഒരു വണ്ടീം തള്ളി സുല്‍ത്താന്‍ സെന്ററില്‍ കൂടി ഓരോന്ന് നോക്കി നടക്കുവായിരുന്നു. നോക്കിയപ്പോ നേരെ നടന്നു വരുന്നു ജി . എം . കൂട്ടത്തില്‍ ഓഫീസിലെ റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പീനി തള്ളയും.ചാള്‍സും ഡയാനയും നടക്കുന്നപോലെ അങ്ങേരുടെ കൈക്കുള്ളിലൂടെ കൈ കോര്‍ത്ത് ഒക്കെയല്ലേ ആയമ്മ നടക്കുന്നെ. പുറകോട്ടു പോകാനും മേല. എന്തോ ചെയ്യാനാ. ഏതായാലും പെട്ടു, അടുത്ത് ചെന്നപ്പോള്‍ ചുമ്മാ തല ഒന്ന് താഴ്ത്തി. അങ്ങോരും ഒന്ന് തല താഴ്ത്തി. കൈയും കാലും വിറച്ചതും കടയില്‍ നിന്ന് ഇറങ്ങി ഓടിയതും മാത്രമേ ഓര്മയുള്ളൂ.
ജി എമ്മിന്റെം ഗേള്‍ ഫ്രെണ്ടിന്റെം കോപ്പര്‍ ഔട്ട് ആയതു കൊണ്ട് പണി പോകുമോ ?
പുണ്യാളാ…നീ തന്നെ തുണ !