കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് (ലാന്‍ഡിംഗ്)

236

kochuthoma on emergency landing funny malayalam story

ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു വല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ.

ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍ മുപ്പതാ ലാഭം.കഷ്ട്ടിച്ചു രണ്ടു സ്കോച് വാങ്ങാമല്ലോ.കുവൈറ്റ്-ദുബായ് പെട്ടെന്ന് ചെന്നു. അവിടന്ന് കേറിയപ്പോള്‍ റാന്നിക്കാരന്‍ ഒരച്ചായന്‍ അടുത്ത്.അങ്ങൊരു നല്ല ഫിറ്റാ.എന്നാലും വിമാനത്തേന്നു ഫ്രീ കിട്ടുന്നത് കളയാവോ.ഞാന്‍ കുടിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ “വെറുതെ കളയണ്ടാ, എനിക്ക് തന്നേക്ക്‌” എന്നൊരു കാച്ച്. അപ്പോള്‍ നിലവില്‍ രണ്ടും രണ്ടും നാല് ലാര്‍ജ്. എന്നിട്ടും പോരാഞ്ഞിട്ട് എയര്‍ ഹോസ്റ്റസ്സിനോട് വീണ്ടും കെഞ്ചുന്നു.ഇനി ഇല്ല എന്നൊക്കെ പറഞ്ഞിട്ടും,പ്ലീസ്,പ്ലീസ് എന്ന് പിന്നേം.മലയാളീസിന്‍റെ മുഴുവന്‍ മാനോം കപ്പലെ കേറ്റുന്നതു ഇതേപോലെയുള്ള പാമ്പാടുംപാറ നിവാസികളാണല്ലോ എന്റെ പള്ളീ.ചുമ്മാ കിട്ടുന്നതുകൊണ്ടാണോ ഈ ആക്രാന്തം,അതോ ഇവനൊക്കെ ആരേലും കള്ളില്‍ കൈവിഷം കൊടുതിട്ടുണ്ടാവുമോ ?

വിമാനം ഇറങ്ങാന്‍ തുടങ്ങുന്നു എന്ന ക്യാപ്റ്റന്റെ വിളി കേട്ടാ കണ്ണ് തുറന്നെ.നോക്കിയപ്പോ അച്ചായന്‍ നല്ല ഫിറ്റ്, ചാരിക്കിടക്കുന്നു.എന്നാലും,ദുബായില്‍ നിന്നും കള്ളും കുപ്പി വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ബാഗ് ഭദ്രമായി കയ്യില്‍ തന്നെ വെച്ചിട്ടുണ്ട്.എങ്ങാനും പൊട്ടിപോയാലോ എന്നോര്‍ത്താവും മുകളില്‍ വെക്കാഞ്ഞത്.

ഇപ്പൊ ഇറങ്ങും,ഇപ്പൊ ഇറങ്ങും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു വലിയ കുലുക്കോം ബഹളോം ഒക്കെ കേട്ടത്.എന്റെ പള്ളീ, ഇനി അറബിക്കടലില്‍ എങ്ങാനും ആണോ ലാന്‍ഡ്‌ ചെയ്തത്?അതോ തൊട്ടടുത്തുള്ള ഗോള്‍ഫ് ക്ലബ്ബിലോ?ഇനി വിമാനം എങ്ങാനും പൊട്ടിത്തെറിക്കാന്‍ പോകുവാണോ.എന്റെ ദൈവമേ,അപ്പനേം അമ്മയേം ഒന്നുകൂടി കാണാന്‍ പറ്റിയാ മതിയാരുന്നു. സിപ്പു ആണേല്‍ കാരിയിംഗ് ആണ്.കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?ആരും പാനിക് ആവരുത് വിമാനം നിലത്തു തന്നെ ആണേ എന്നൊരു എയര്‍ ഹോസ്ടസ് അമ്മച്ചി വിളിച്ചു പറയുന്നു..ആര് ശ്രദ്ധിക്കാന്‍.എല്ലാരും കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.പിള്ളാരൊക്കെ കിടന്നു കീറുന്നു.ആകപ്പാടെ ബഹളം.മംഗലാപുരത്ത് പ്ലെയിന്‍ പൊട്ടിത്തെറിച്ചത് ഓര്‍ത്തിട്ടു ആരിക്കും,കുറെ പേര് കര്‍ത്താവിനെ വിളിക്കുന്നു.കുറെ പേര് കരയുന്നു. എമര്‍ജന്‍സി വാതിലിനടുത്ത് ഉന്തും തള്ളും.ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നല്ലേ. ബീവറെജസ് കൌണ്ടറില്‍ മാന്യമായി നില്‍ക്കാന്‍ ഇവനൊക്കെ എന്തൊരു മിടുക്കാ.

ഒരു വിധത്തില്‍ വാതിലിനു അടുതെത്തി.പുറത്തു കൂരാകൂരിരുട്ട്‌.സ്ഥലം എവിടാ എന്ന് മനസ്സിലാകുന്നില്ല.രണ്ടും കല്‍പ്പിച്ചു ഒരു ചാട്ടം ചാടി. ചതുപ്പിലെങ്ങാണ്ടാ വീണേന്നു തോന്നുന്നു.കണ്ണ് കാണുന്നില്ല.കാലിനൊക്കെ ഭയങ്കര വേദന.ഉളുക്കി എന്ന് തോന്നുന്നു.ദേഹത്തെ തൊലി ഒക്കെ ഉന്തിലും തള്ളിലും എവിടെയൊക്കെയോ പോയിട്ടുണ്ട്. എഴുന്നേല്‍ക്കും മുന്‍പ് പുറത്തേക്കു പിന്നേം പിന്നേം ആള്‍ക്കാര് ചാടുവല്ലേ.ഒരു തടിയന്‍ മേലെ വന്നു വീണിട്ടു അനങ്ങാനെ പറ്റുന്നില്ല.മേല് മുഴുവന്‍ ചെളി.ഹാന്‍ഡ്‌ ബാഗ്‌ കാണുന്നില്ല.എല്ലാരും ചാടിക്കഴിഞ്ഞപ്പോള്‍ എണീം ഒക്കെ ആയിട്ട് സാറന്മാര് വരുന്നു. ഒരു വിധത്തില്‍ വണ്ടിയേല്‍ വലിഞ്ഞു കയറി.

വണ്ടിക്കകത്തുവെച്ച് റാന്നിക്കാരന്‍ അച്ചായന്‍ കരച്ചിലോടു കരച്ചില്. ചാടിയപ്പോ കാലെങ്ങാനും ഒടിഞ്ഞോ എന്ന് ചോദിച്ചപ്പോ ഗല്‍ഗദതിനിടയില്‍ അച്ചായന്‍ പറഞ്ഞു.”കാലൊടിഞ്ഞിരുന്നേല്‍ സാരമില്ലാരുന്നു .ഇതിപ്പോ ദുബായില്‍ നിന്ന് വാങ്ങിയ സ്കോച് ഒക്കെ പൊട്ടി പോയില്ലേ” എന്ന് !

ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ.

ഞൊണ്ടി,ഞൊണ്ടി പുറത്തു വന്നപ്പോള്‍ സിപ്പു വന്നിട്ടില്ല.അമ്മായി അപ്പന്‍ മാത്രം.വല്ലോം പറ്റിയോടാ കൊച്ചു തോമ എന്ന് ചോദിക്കുന്നതിനു പകരം,സ്കോച് മേടിക്കാന്‍ പറ്റിക്കാണില്ല അല്ലെ എന്നൊരു ചോദ്യം..ദ്രോഹി…..വണ്ടിയേല്‍ കേറാന്‍ തുടങ്ങിയപ്പോ “വണ്ടിയുടെ സീറ്റ് കേടാകും,ഇവിടെ എങ്ങാനും നിര്‍ത്തി കഴുകിയേച്ചും പോവാന്ന്”…നല്ല ബെസ്റ്റ് അമ്മായപ്പന്‍ !

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !

എന്‍റെ പുണ്യാളാ, പ്ലെയിന്‍ പൊട്ടിത്തെറിക്കുവാരുന്നു ഇതിലും ഭേദം .