കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍

342

01

കോട്ടയത്ത്‌ നിന്നും വോള്‍വോയില്‍ കയറുമ്പോള്‍ കൊച്ചു തോമായുടെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.ഛെ അതല്ല.എതെകിലും ലോങ്ങോവാള്‍ വന്നു അടുത്തിരിക്കല്ലേ എന്ന്.സാമാന്യം നല്ലൊരു പാമ്പിനെ തന്നെ പുണ്യാളന്‍ റെഡി ആക്കി തന്നു.വണ്ടി വിടാന്‍ തുടങ്ങിയപ്പോ ദേ ഒരുത്തന്‍ ശക്തി ഹോട്ടലില്‍ നിന്നും ഓടിവരുന്നു .സീറ്റിലേക്ക് വന്നു വീണപ്പോഴേ പിന്നെ ക്ഷമ ചോദിച്ചു.ഞാന്‍ രണ്ടെണ്ണം വിട്ടിട്ടുണ്ട് എന്ന് പറയുകേം ചെയ്തു.രണ്ടോ മൂന്നോ കുഴപ്പമില്ല.വാള്‍ എടുത്തു വീശല്ലേ ചേട്ടായീ എന്നെ പറഞ്ഞുള്ളൂ.ചേട്ടായി വാക്ക് പാലിച്ചു.കുഴപ്പം ഒന്നും ഉണ്ടായില്ല.കാലത്തേ മടിവാള എത്തിയപ്പോഴാ എഴുന്നേറ്റത്.

എന്തൊരു മുടിഞ്ഞ ചൂടാ നാട്ടില്‍.കഴിഞ്ഞ ആഴ്ച ഇങ്ങനെ ഒന്ന് പറഞ്ഞു പോയി.”നീ പത്തിരുപതന്ച് വര്‍ഷം ഈ ചൂടൊക്കെ തന്നല്ലേ സഹിച്ചത്” എന്ന് കൂട്ടത്തി പഠിച്ച മാത്തച്ചന്‍ ചോദിച്ചപോള്‍ സത്യം പറഞ്ഞാല്‍ ചമ്മി.വേറെ ഒരു ദിവസം ചെരുവാണ്ടൂര്‍ കവലേല്‍ നിന്നപോ അറിയാതെ ഒരു ആത്മഗതം വന്നതിന്റെ (സി കെ എം എസ് ഇപ്പോഴും ഇതിലെ ഓടുന്നുണ്ടോ എന്ന്) ക്ഷീണം ഇപ്പോഴും തീര്‍ന്നില്ല.ക്ലബില്‍ ചൊറിയും കുത്തി ഇരിക്കുന്ന അവന്മാരൊക്കെ കൂടെ ഒരു ചിരി.ഒരുത്തന്‍ പറഞ്ഞു പണ്ട്ഇതിലെ തേങ്ങ ഇട്ടോണ്ട് നടന്നവന്‍ ബോംബയ്ക്ക് പോയിട്ട് വന്നിട്ട് ഇതെന്നാ തിംഗ് ആണെന്ന് പറഞ്ഞപോലുണ്ടല്ലോ എന്ന്.ഈ നാട്ടുകാരെ കൊണ്ട് തോറ്റു.

ബാംഗ്ലൂര്‍ക്കാ എന്ന് പറഞ്ഞപോ അവിടെ എടുത്തു പ്രയോഗിക്കാന്‍ സിബിച്ചന്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞു തന്നിരുന്നു.ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. ബസ്‌ സ്റ്റോപ്പില്‍ നോക്കിയപോ മൂന്നാല് പേര് നിന്ന് വര്‍ത്താനം പറയുന്നു.ഈ ബസ്‌ കെ ആര്‍ പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട്‌ ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന്‍ പറഞ്ഞു ” ഹോഗുമായിരിക്കും ” എന്ന്.പിന്നെ അവിടുന്ന് മുങ്ങിയതെ ഓര്‍മ്മയുള്ളൂ.ബ്ലഡി മല്ലൂസ് എവെരിവെയര്‍. ഹോ കുവൈറ്റിലെ അബ്ബസ്സിയായില്‍ ഉണ്ടോ ഇത്രേം മല്ലൂസ്.

കെ..ആര്‍.പുരത്ത് അപ്പാപ്പന്റെ മകന്‍ ജോര്‍ജിചായന്റെ അടുത്തേക്കാ പോണേ .ഒറ്റതടിയാ.കിട്ടുന്ന കാശൊക്കെ പുട്ടടിച്ചു ജീവിക്കുന്നു. ഇച്ചായന്‍ കാലത്തേ മടിവാളെ വന്നേക്കാം എന്ന് പറഞ്ഞു പറ്റിക്കും എന്ന് ഇന്നലെ വിളിക്കുംബോഴേ അറിയാരുന്നു.പുള്ളി അമ്പതു വയസായിട്ടും പെണ്ണ് കെട്ടിയില്ല.അപ്പാപ്പന്‍ ഗള്‍ഫില്‍ കിടന്നു ഒരു പാട് ഉണ്ടാക്കി.പെങ്ങമ്മാരു ഒക്കെ ലണ്ടനിലും അമേരിക്കേലും.ജോര്‍ജിചായന്‍ കുറെ നാള്‍ കുവൈറ്റിലും ഉണ്ടാരുന്നു. തിരുവല്ലക്കാരന്‍ ഒരച്ചായനാരുന്നു പുള്ളീടെ ബോസ്സ്. ഓഡിറ്റ്‌ സമയത്ത് ഒരു ദിവസം അച്ചായാന്‍ ചോദിച്ചു എന്തായി ജോര്‍ജീ ബാലന്‍സ് ഷീറ്റ്‌ ഒക്കെ എന്ന് .ഞാന്‍ ഇതെന്നാ എപ്പോഴും പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുവാന്നോ ചോദിക്കുംബോഴേ എടുത്തു തരാന്‍ എന്നെ ചോദിച്ചുള്ളൂ ജോര്‍ജിചായന്‍.ബോസ്സ് ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യുന്നു എന്നും പറഞ്ഞു ഒരു മെമ്മോ എഴുതി കൈയിലേക്ക്‌ കൊടുത്തു. മെമ്മോ വായിച്ചിട്ട് കൈയില്‍ ഇരുന്ന താക്കോല്‍ കൂട്ടം മേലോട്ട് ഒരു ഏറു കൊടുത്തിട്ട് ദേ കിടക്കുന്നു തന്‍റെ ബാലന്‍സ് ഷീറ്റ്. ജോര്‍ജി ഇതാ പോകുന്നു എന്ന ഒറ്റ വാചകമേ പറഞ്ഞുള്ളൂ എന്നാ കേട്ടിട്ടുള്ളത്.

ജോര്‍ജിചായന്‍ പിന്നെ ആള് ജോളിയാ. എന്നാ വേണേലും പറയാം.കള്ളടിക്കാം.എന്നാ പിറപ്പു വേണേലും കാണിക്കാം.കുവൈടീന്നു വരുമ്പോള്‍ ഉള്ള സ്കോച് ഒക്കെ കൊണ്ട് തരുമാരുന്നു.പിന്നെ നാട്ടില്‍ ആരുന്നപോഴും പുള്ളി ഇടക്ക് വിളിച്ചോണ്ട് പോകും.കരിമ്പുംകാലെന്ന് കരിമീന്‍ പൊള്ളിച്ചതും കള്ളും ഒരുപാട് തട്ടിയിട്ടുണ്ട്.ഇടയ്ക്കു ഭയങ്കര പ്രശ്നം ഒക്കെ ആരുന്നു.കള്ള് മൂത്ത് കഴിഞ്ഞാല്‍ പിന്നെ പേയാ. ആരാണ്ടൊക്കെ പിടിക്കാന്‍ വരുന്നു ,കൊല്ലാന്‍ വരുന്നു എന്നൊക്കെ വിളിച്ചു കൂവും.പാതിരക്ക് വല്ലോരുടെം ഒക്കെ വീട്ടില്‍ വിളിക്കും. പിന്നെ കോട്ടയത്ത്‌ ഏതോ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ പോയിട്ടാ ശരിയായെ.

പെണ്ണ് കെട്ടുക എന്നത് ഇത്രേം ഭാരിച്ച ഒരു എടപാടാ എന്ന് വിചാരിച്ചില്ല. സിപ്പു ആയിട്ടുള്ള ആലോചന എല്‍ദോചായാന്‍ ഉഴപ്പി വിട്ടില്ലാരുന്ണേല്‍ അത് അന്ന് നടന്നു പോയേനെ. വന്നിട്ട് ഒരാഴ്ചയായി.അഞ്ചോ ആറോ എണ്ണത്തിനെ കണ്ടു.ഒരെണ്ണംമനസ്സില്‍ പിടിച്ചതാരുന്നു.പൊന്‍കുന്നംകാരി ഒരു സുന്ദരി പെണ്ണ്.യു കെ യില്‍ നെഴ്സാരുന്നു.അവള്‍ ചായ കൊണ്ടു വെച്ചിട്ട് അപ്പന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു.അപ്പന്റെ പെറ്റ് ആയിരിക്കും.കൂട്ടത്തില്‍ വന്ന അപ്പാപ്പന് പിടിച്ചില്ല.അവള്‍ അഹങ്കാരിയാ അല്ലേല്‍ അപ്പന്റെകൂടെ കേറി ഇരിക്കുമോ എന്ന് പറഞ്ഞു പുള്ളി കേറി വെട്ടി.തിരിച്ചു പോരുന്ന വഴി പെണ്ണ് കാണാന്‍ കൂട്ട് വന്ന സിബിച്ചന്‍ ചെവിയില്‍ പറഞ്ഞു.ഇങ്ങരെപോലുള്ള കടുംവെട്ടിനൊക്കെ വല്ല എലി പാഷാണോം വാങ്ങിച്ചു കൊടുക്ക്‌ അല്ലേല്‍ മോനെ നിന്റെ കല്യാണം നടക്കുകേല എന്ന്.എന്നാ പറയാനാ .രണ്ടു മൂന്ന് ദിവസം ഫോട്ടോ വെച്ചോണ്ട് സ്വപ്നം കണ്ടത് മിച്ചം.അമ്മച്ചിക്കൊക്കെ അപ്പാപ്പന്റെ വാക്ക് വേദവാക്കല്ലേ.വല്ലോം പറയാന്‍ പറ്റുമോ.ഈ നിലക്ക് അപ്പാപ്പന്‍ ആക്രമണം തുടരാന്‍ ആണ് ഭാവമെകില്‍ എന്റെ കാര്യം കട്ടപൊക.കട്ടപ്പനക്കാരി ഒന്നിനെ പോയി കണ്ടു എല്ലാം ഒത്തത് ആരുന്നു . വീടുകാണാന്‍ അവര് രണ്ടു ജീപ്പും പിടിച്ചു വരികേം ചെയ്തു.കണ്ടിട്ട് വല്യ സന്തോഷമായിട്ടാ തിരിച്ചു പോകുകേം ചെയ്തത്.വീട്ടില്‍ ചെന്നിട്ടു ഉറപ്പീരിന്റെ ഡേറ്റ് അറിയിക്കാം എന്ന് പറഞ്ഞു പോയതാ.വീട്ടീന് അവരുടെ ഫോണ്‍ വന്നില്ല.പകരം ബ്രോക്കര്‍ കുഞ്ഞുമോന്റെ ഫോണ്‍ വന്നു.അവര്‍ ഒഴിയുവാ എന്ന്.കവലേല്‍ ആരാണ്ടോട് ചോദിച്ചപ്പോ ചെറുക്കന്റെ സ്വഭാവം ശരിയല്ല എന്ന് പറഞ്ഞു എന്ന്.അല്ലേലും അല്പം നല്ല നിലേല്‍ കഴിയുന്നവരോട് നാടുകാര്‍ക്ക് ഒരു കുശുംബുണ്ടല്ലോ.പോട്ടെ പുല്ലു .കരീനേം പ്രിയങ്കേം പോയിട്ട് ഷാഹിദ് സഹിച്ചില്ലേ.പിന്നാ.

വേറെ രണ്ടെണ്ണം കാണാന്‍ പോയത് പാഴായിരുന്നു.ഒന്നിന് ബിജുക്കുട്ടന്റെ കളറും, ഷക്കീലേടെ ഷേയ്പ്പും.പിന്നെ ഒന്നിനെ കണ്ടപ്പോള്‍ സിബിച്ചന്‍ പറഞ്ഞത് നിങ്ങളെ കണ്ടാല്‍ നല്ല ചേര്‍ച്ചയാ അമ്മയെയും മോനെയും പോലെ ഇരിക്കും എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല എന്നാരുന്നു.സിബിച്ചന്‍ ആണ് പെണ്ണുകാണാന്‍ എല്ലാടത്തും കൂട്ട്.ഉള്ളത് ഉള്ളപോലെ പറയും.

ഇനി ഇപ്പൊ ആകെ ഒരെണ്ണം കൂടി ബാക്കി ഉണ്ട്.കരിമ്പനക്കല്‍ സാമിച്ചായന്റെ ഭാര്യേടെ ചെട്ടതീടെ മകളെ കാണാന്‍ വേണ്ടിയാ ബാങ്ങളൂരെങ്കില്‍ ബാംഗ്ലൂര്‍ എന്നും പറഞ്ഞു വെച്ച് പിടിച്ചത്.ഇനി ഇതും കൂടി ശരിയായില്ലേല്‍ പിന്നെ മിക്കവാറും ഈ ലീവും സുരേഷ്ഗോപി.

കെ ആര്‍ പുരത്ത് തപ്പി പിടിച്ചു ചെന്നപ്പോള്‍ ജോര്‍ജിചായന്‍ കിടന്നു നല്ല ഉറക്കം.ഒരുവിധത്തില്‍ പൊക്കി എഴുന്നേല്‍പ്പിച്ചു റെഡി ആക്കി കാലത്തേ തന്നെ പെണ്ണ് കാണാന്‍ പുറപ്പെട്ടു.നിനക്കൊക്കെ വേറെ പണി ഇല്ലേടാ, ഒരു പെണ്ണ് എങ്ങാണ്ട് ഉണ്ടെന്നു കേട്ടോപോഴേ വണ്ടി കേറി ഇങ്ങു പോരും എന്നൊക്കെ പറഞ്ഞു കലിപ്പായെങ്കിലും നല്ല ഉടുപ്പൊക്കെ ഇട്ടോണ്ട് വന്നു കേട്ടോ. പുള്ളി പിന്നെ പണ്ടേ ഡ്രസ്സ്‌ ഒക്കെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാ.ഇതിപ്പോ പെണ്ണ് അച്ചായനെ കണ്ടു വീഴുമോ എന്ന് ചോദിച്ചപോ ഇനി ഈ വൈകിയ വേളയില്‍ എന്തോന്ന് കല്യാണം എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അയ്യട..അച്ചായന്റെ ഒരു ആഗ്രഹം.

ഇന്ദിരാ നഗറില്‍ ആയിരുന്നു പെണ്ണിന്റെ വീട്.നല്ല പോഷ് വീട്.രണ്ടു കാറ്.മുടിഞ്ഞ സെറ്റപ്പാ മോനെ ,മുറുക്കെ പിടിച്ചോ എന്ന് ജോര്‍ജിചായന്‍ പറഞ്ഞു.അതിനൊക്കെ ഇനി കുറെ കുറെ സമയം എടുക്കില്ലേ ജോര്ജിചായ എന്ന് പറഞ്ഞപ്പോ അച്ചായന്‍ ഭയങ്കര ചിരി.പുള്ളിയോട് പിന്നെ എന്നാ വേണേലും പറയാം.
.
പെണ്ണ് വലിയ കുഴപ്പമില്ല.സിമി എന്ന് പേര്.സുന്ദരീന്നു പറയാം.അമ്മ അതിലും സുന്ദരി.വീട്ടില്‍ അമ്മേം മോളും മാത്രം.അപ്പന്‍ ചെറുപ്പത്തിലെ മരിച്ചു.ഗള്‍ഫീന് അമ്മേം മോളും വന്നു ബാംഗ്ലൂര് സെറ്റില്‍ ചെയ്തിരിക്കുവാ.പിന്നെ ദോഷം പറയരുതല്ലോ.പെണ്ണിന് സാമാന്യം നല്ല ജാഡ ഉണ്ടെന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ്‌ ? അമേരികന്‍ ആലോചന ഒക്കെ ആണ് നോക്കുന്നെ പിന്നെ ബേബി കുഞ്ഞമ്മ കൊണ്ടുവന്ന ആലോച്ചനയല്ലേ നോക്കാം എന്ന് വിചാരിച്ചു എന്ന് സിമി പറഞ്ഞു. അപ്പുറത്തെ മുറീല്‍ ജോര്‍ജിചായനും സിമീടെ അമ്മേം കൂടി ഭയങ്കര ചിരിയും സംസാരവും. എന്നാ പിന്നെ പോയേക്കാം എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നപോള്‍ ജോര്‍ജിചായന്‍ പറഞ്ഞു.ഞങ്ങള് കോളേജ് മേറ്റ്സ് ആണെടാ.പറഞ്ഞു വന്നപ്പോഴല്ലേ മനസിലായെ.

എന്നാ പിന്നെ ഇറങ്ങട്ടെ എന്നും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.ജോര്‍ജിചായന്‍ വിളിക്കാം എന്ന് പറഞ്ഞു.സിമീടെ അമ്മ ഗേറ്റു വരെ വന്നു.സിമി വന്നില്ല. പോട്ടുപുല്ലു.അല്ലേലും ഇതേപോലെ ഒന്നിനെ എങ്ങനെ സഹിക്കും എന്ന് ഓര്‍ത്തു.ചില്ലറ ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞു വൈകുന്നേരം നാട്ടിലേക്ക്.ഇതിപ്പോ ആരാണ്ടും ചന്തക്കു പോയപോലെന്നോ ഏതാണ്ടും പോയ സ്കുരളിനെ പോലെ എന്നൊക്കെ വേണേ പറയാം.

തിരിച്ചു വന്നിട്ട് ഒരാഴ്ച കഴിഞ്ഞില്ല.ജോര്‍ജിചായന്റെ ഫോണ്‍.പുള്ളീടെ കല്യാണം ഉറപ്പിക്കുവാന്നു.പെണ്ണിന്റെ രണ്ടാം കല്യാണമാണ്.ഇപ്പൊ ഉറപ്പീരെ ഉള്ളു .കല്യാണം കുറച്ചു കഴിഞ്ഞു.കെട്ടിക്കാരായ ഒരു മോള്‍ ഉണ്ടെന്നു. അവളുടെ കെട്ടു കഴിഞ്ഞേ കല്യാണം ഉള്ളു എന്ന് ഒരേ വാശി.

ജോര്‍ജിചായന്‍ കെട്ടാന്‍ പോണ പെണ്ണിന്റെ മോളുടെ പേര് സിമി