ലോകത്തിലെ ഏറ്റവും ആഴമേറിയ ദ്വാരം

അറിവ് തേടുന്ന പാവം പ്രവാസി

നോർവീജിയൻ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാതെ റഷ്യയിലെ മർമൻസ്‌കിൽ ഉപേക്ഷിക്കപ്പെട്ട ഒരു പ്രൊജക്റ്റ് സൈറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഭൂമിയുടെ അഗാതത്തിലേക്ക് ഒരു കുഴി ഉണ്ട്. നാട്ടുകാർ അതിനെ നരകത്തിലേക്കുള്ള കിണർ എന്നാണു വിളിക്കുന്നത്. നിലവിൽ ഈ ആഴമേറിയ കുഴി തുറക്കാനാകാത്തവിധം മൂടപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇതൊരു ഹൊറർ ഫിലിമിന്റെ അന്തരീക്ഷമാണ് നൽകുന്നത്. ഇതുവരെ കുഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ദ്വാരമാണ് ഇവിടെയുള്ളത്.

ലോകത്തിലെ ഏറ്റവും ആഴമേറിയ ദ്വാരത്തെക്കുറിച്ചുള്ള ഏവരുടെയും അന്വേഷണങ്ങൾ അവസാനിക്കുന്നത് ഒക്ലഹോമയിലെ ബറോഡ ഗ്യാസ് കിണറിലും , കോല സൂപ്പർഡീപ് ബോർഹോൾ സ്‌ക്രീംസിലും ആണ്. ഭൂമിയുടെ ഉൾവശം പഠിക്കുവാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു കുഴി കുഴിക്കുക എന്നതാണ്. പലരും ഗവേഷണത്തിനും വാണിജ്യത്തിനും ഒക്കെയായി നിരവധി കുഴികൾ കുഴിച്ചിട്ടുണ്ട്. അത്തരത്തിൽ ഭൂമിയുടെ ഉൾവശം പഠിക്കാനായി ഒരുകൂട്ടം ശാസ്ത്രഞ്ജരും എഞ്ചിനീയർമാരും ഇറങ്ങിത്തിരിച്ച്, പല തവണയായി കുഴിച്ച ദ്വാരമാണ് ‘കോല സൂപ്പർഡീപ് ബോർഹോൾ സ്‌ക്രീംസ്’.

വെറും ഒമ്പത് ഇഞ്ച് വ്യാസം മാത്രമാണ് ഈ ദ്വാരത്തിനുള്ളത് (ഏകദേശം 23 സെന്റീമീറ്റർ). ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 7.5 മൈൽ (അല്ലെങ്കിൽ 12,262 മീറ്റർ) ആഴത്തിലാണുള്ളത്. ഇത്രയും ആഴത്തിൽ കുഴിക്കാൻ ഏകദേശം 20 വർഷമെടുത്തു. ദ്വാരം ‘കഴിയുന്നത്ര ആഴത്തിൽ’ ഇനിയും കുഴിയ്ക്കുക എന്നതായിരുന്നു ശാസ്ത്രഞ്ജരുടെ ലക്ഷ്യം. 14,500 മീറ്റർ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉയർന്ന താപനിലയിൽ എത്തിയപ്പോൾ ശാസ്ത്രജ്ഞരും , എഞ്ചിനീയർമാരും കൂടുതൽ ആഴത്തിൽ കുഴിക്കുക എന്ന പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ഉപരിതലത്തിൽ നിന്ന് 7.5 മൈൽ താഴെയായി, 2.7 ബില്യൺ വർഷം പഴക്കമുള്ള പാറകൾ ഏകദേശം 180 ഡിഗ്രി സെൽഷ്യസ് (അല്ലെങ്കിൽ 356 ഡിഗ്രി ഫാരൻഹീറ്റ്) താപനിലയിലാണ്. പ്രതീക്ഷിച്ചതിലും ഇരട്ടി ചൂടായിരുന്നു ഇത്. ഈ അന്തരീക്ഷത്തിൽ മുന്നോട്ടുള്ള പോക്ക് അവർക്ക് സാധ്യമായിരുന്നില്ല. അത്തരം ഉയർന്ന താപനില ഡ്രിൽ ബിറ്റുകളെയും, പൈപ്പുകളെയും നശിപ്പിക്കാൻ കഴിയുന്നതായിരുന്നു. പാറകൾ കൂടുതൽ സുഗമമായി മാറുന്നവയായിരുന്നു. ആ താപനിലയിൽ ചുറ്റിനുമുള്ള പാറകൾ പ്ലാസ്റ്റിക്ക് പോലെ സ്വഭാവസവിശേഷതയുള്ളവ എന്നായിരുന്നു കോലയിലെ റഷ്യൻ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.
1992-ൽ ഡ്രില്ലിംഗ് നിർത്തുകയും ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം പ്രോജക്റ്റ് സൈറ്റ് ഉപേക്ഷിക്കുകയും ചെയ്തു. ഖത്തറിലെ അൽ ഷഹീൻ ഓയിൽ ഫീൽഡിൽ തുരന്ന 12,289 മീറ്റർ ബോർഹോളും റഷ്യൻ ദ്വീപായ സഖാലിനിനടുത്തുള്ള 12,345 മീറ്റർ ഓഫ്‌ഷോർ എണ്ണക്കിണറും ഉൾപ്പെടെ, മനുഷ്യർ പിന്നീട് നീളമുള്ള കുഴൽക്കിണറുകൾ കുഴിച്ചു. എന്നാൽ കോലയിലെ ദ്വാരം ഏറ്റവും ആഴമേറിയതായി തുടരുന്നു. അതിനെ തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല.

ഭൂമി കുഴിക്കുന്നതിലൂടെ നമ്മുടെ ഭൂമിയുടെ ഉപരിതലം എത്രത്തോളം സുതാര്യമാണെന്നും അവിടെ എന്തൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും നമുക്ക് മനസ്സിലാകുന്നുണ്ട്. സത്യത്തിൽ മുട്ടയിൽ ഒക്കെ ഉള്ളതുപോലെ ഭൂമിക്ക് ഒരു പുറംതോട് ഉണ്ട്. ചെറിയ പ്ലേറ്റുകൾ ആയി പിളർന്നിരിക്കുകയാണ് ഇവ, എന്നാൽ വളരെയധികം പ്ലാസ്റ്റിക് പോലെയുള്ള ഒന്നായാണ് തോന്നുക. അതോടൊപ്പം പലരും ഭൂമിയെ പല ദ്വാരങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്.

ബഹിരാകാശ പര്യവേക്ഷണത്തിൽ മത്സരം മുറുകുന്നതിനിടെയാണ് അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ തലയിൽ പുതിയൊരു ആശയം ഉയർന്നത്. ഭൂമി തുരന്നാൽ എന്താണ് ലഭിക്കുക?, മറുവശത്ത് എന്താകും? ഈ ചിന്തയിൽ നിന്നാണ് 1958ൽ പ്രൊജക്ട് മൊഹോൾ അമേരിക്ക ആരംഭിച്ചത്. നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ അമേരിക്കൻ മിസലേനിയസ് സൊസൈറ്റി എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പര്യവേഷണം. പദ്ധതിക്കെതിരെ അമേരിക്കയിൽ തന്നെ ശക്തമായ എതിർപ്പുകളുയർന്നു. ശാസ്ത്രീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള എതിർപ്പുകൾക്കൊപ്പം സാമ്പത്തികം, അപകടം, പണത്തിൻ്റെ ദുരുപയോഗം എന്നിവ ഉയർത്തിക്കാട്ടിയായിരുന്നു എതിർപ്പ്.

അപകടകരവും സങ്കീർണവുമായി പദ്ധതി എതിർപ്പുകൾക്കിടെയും തുടർന്നു. കിട്ടാവുന്നത്ര എല്ലാവിധ ആധൂനിക ഉപകരങ്ങളും എത്തിച്ചായിരുന്നു തുരക്കൽ. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ഒരു കൂട്ടമാളുകൾ പറഞ്ഞു. എതിർപ്പും ഫണ്ടിൻ്റെ അഭാവവും മൂലം പദ്ധതിക്ക് പാതിവഴിയിൽ തിരശീല വീണു. 1966ൽ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പ്രൊജക്ട് ക്യാൻസൽ ചെയ്യാനുള്ള ഒദ്യോഗിക ഉത്തരവ് നൽകുമ്പോൾ 601 അടി, അതായത് 183 മീറ്റർ ഭൂമിക്കടയിലേക്ക് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് തുരന്നിരുന്നു. അമേരിക്ക പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിൻ്റെ ചുവടുപിടിച്ചാണ് സോവിയറ്റ് യൂണിയൻ ലോകത്തെ ഞെട്ടിച്ച് 1970ൽ കോല സൂപ്പർഡീപ് ബോർഹോൾ എന്ന പ്രൊജക്ടിന് പച്ചക്കൊടി കാട്ടിയത്..

അമേരിക്ക മുന്നോട്ടുവച്ച അതേ ലക്ഷ്യങ്ങൾ തന്നെയായിരുന്നു സോവിയറ്റ് യൂണിയനുമുണ്ടായിരുന്നത്. റഷ്യയിലെ മർമാൻസ്‌കിൽ – നോർവീജിയൻ അതിർത്തിക്ക് സമീപം ബരേന്റ്സ് കടലിന് സമീപമായിരുന്നും പദ്ധതിക്കായി കണ്ടെത്തിയത്. ഭൂമിയിലേക്ക് കൂടുതൽ ആഴത്തിൽ തുളച്ച് സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. 1970 മെയ് 24ന് കോലയിൽ ഡ്രില്ലിംഗ് ആരംഭിച്ചു. 23 സെന്റീമീറ്റർ വ്യാസത്തിലാണ് കുഴിക്കാൻ ആരംഭിച്ചത്. പരമാവധി ദൂരം കുഴിക്കുക, വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം.

സാങ്കേതിക വിദ്യ ഇന്നത്തെപ്പോലെ ആധൂനികമാകാത്ത ഘട്ടത്തിലായിരുന്നു റഷ്യയുടെ ഭൂമിതുരക്കൽ ആരംഭിച്ചത്. കുറഞ്ഞത് 15 കിലോമീറ്റർ എങ്കിലും കുഴിക്കുകയെന്നതായിരുന്നു ലക്ഷ്യം. ആദ്യ വർഷം പതിമൂന്ന് കിലോമീറ്ററും, രണ്ടാം വർഷം ബാക്കിയും തുരക്കാനായിരുന്നു തീരുമാനം. ഏറ്റെടുത്ത ദൗത്യവുമായി റഷ്യൻ ശാസ്ത്രഞ്ജന്മാരുടെ നേത്വത്തിലുള്ള സംഘം അതിവേഗത്തിൽ മുന്നോട്ട് പോയി. 9 കിലോമീറ്റർ തുരന്നപ്പോൾ വെള്ളത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. എന്നാൽ, ഇനിയുള്ള തുരക്കൽ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. കട്ടിയുള്ള പാറകൾ യന്ത്രങ്ങളുടെ പ്രവർത്തനത്തെ പല ഘട്ടത്തിലും ബാധിച്ചു. പാറ തുരക്കാൻ ഭൂമിക്കടയിലേക്ക് ഇറക്കിയ ഉരുക്ക് ദണ്ഡുകളിൽ വിള്ളലുകൾ സംഭവിച്ചു.

ഭൂമി തുരക്കൽ പ്രതീക്ഷിച്ചത് പോലെയാകില്ലെന്ന് തിരിച്ചറിവുണ്ടായതോടെ പദ്ധതി നിർത്തിവച്ചാലോ എന്ന ചർച്ച ശക്തമായി. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നിർദേശമാണ് 1992 വരെ സോവിയറ്റ് യൂണിയനിൽ നിന്ന് ലഭിച്ചത്. ഇനിയും ആഴത്തിൽ കുഴിക്കാനാകില്ലെന്ന് വ്യക്തമായതോടെ പദ്ധതി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. വിവിധ മേഖലകളിൽ നിന്ന് എതിർപ്പ് ശക്തമായതോടെ 1994ൽ ഡ്രില്ലിങ് പൂർണമായും അവസാനിപ്പിച്ചു. പദ്ധതി അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പുണ്ടായത് 2005ലാണ്. പന്ത്രണ്ടേകാൽ കിലോ മീറ്ററാണ് ഇക്കാലം കൊണ്ട് തുരന്നത്.

തുരക്കൽ പ്രതീക്ഷിച്ച വിജയം ഉണ്ടാക്കിയില്ലെങ്കിലും ഭൂമിക്കടിയിൽ നിന്നുള്ള ചില വിവരങ്ങൾ നൽകാൻ പദ്ധതിക്കായി. ഗ്രാനൈറ്റും പാറയുടെ മറ്റൊരു രൂപമായ ബസാൾട്ടും തമ്മിൽ കാര്യമായ രൂപമാറ്റം സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കാനായി. ഉപ്പ് വെള്ളത്തിൻ്റെ സാന്നിധ്യവും ലഭ്യമായി. തുരക്കൽ 7 കിലോമീറ്റർ ആഴത്തിൽ എത്തിയപ്പോൾ സമുദ്രജീവികളുടേതെന്ന് കരുതുന്ന ഡസൻ കണക്കിന് ഫോസിലുകൾ കണ്ടെത്തി. പാറയുടെ കടുത്ത സമ്മർദ്ദവും താപനിലയും ഉണ്ടായിരുന്നിട്ടും ഇവ കേടുകൂടാതിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഡ്രില്ലിങ് നിർത്തിയതോടെ കാഠിന്യമേറിയ ഇരുമ്പുകവചം ഉപയൊഗിച്ച് ദ്വാരം അടച്ചു. ജീവനക്കാർക്കും തൊഴിലാളികൾക്കും താമസിക്കാൻ നിർമ്മിച്ച കെട്ടിടങ്ങളും ഷെഡ്ഡുകളും തകർന്ന നിലയിലാണിപ്പോൾ.

വാൽ കഷ്ണം

മനുഷ്യന്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ആഴമുള്ള കുഴിയായ കോലബോര്‍ഹോളുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്. ബോര്‍ഹോളിന്‍റെ ആഴത്തില്‍ നിന്ന് ദശലക്ഷം മനുഷ്യര്‍ വേദനയില്‍ കരയുന്ന ശബ്ദം കേളക്കാന്‍ സാധിച്ചു എന്നതാണ് ഇതിൽ പ്രധാനം. ഈ പ്രൊജക്റ്റ്‌ നടപ്പിലാക്കിയ ശാസ്ത്രജ്ഞര്‍ ആരും യാതൊരു അലൌകിക സംഭവങ്ങളുടെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ദശലക്ഷം മനുഷ്യര്‍ കരയുന്ന ശബ്ദം ഇവര്‍ കേട്ടുവെന്നതൊക്കെ വെറും ഒരു കെട്ടുകഥയാണ്. ശാസ്ത്രജ്ഞര്‍ നരകം കണ്ടെത്തി എന്ന മറ്റൊരു കെട്ടുകഥയാക്കി പലരും ലോകത്ത് പല ഭാഗങ്ങളില്‍ പ്രചരിപ്പിച്ചു.
പലരും സൌണ്ട് എഫക്റ്റുകള്‍ ചേർത്തുണ്ടാക്കിയ ധാരാളം വീഡിയോകൾ പ്രചരിപ്പിച്ചു.

മൂന്ന് പാളികളായാണ് ഭൂഗോളം നിലനിൽക്കുന്നത്. പുറം പാളിയായ ഭൂവൽക്കത്തിന് ശേഷം മാൻ്റിലും , ഏറ്റവും ഉള്ളിൽ അകക്കാമ്പുമാണുള്ളത്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ് പൊതുവെ ഭൂവൽക്കം എന്നുപറയുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം. സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനും താഴെയാണ് മാൻ്റിൽ. മാൻ്റിലിന് ഏകദേശം 2,900 കിലോമീറ്റർ കനമുണ്ട്. ഇത് ഭൂമിയുടെ മൊത്തം വ്യാപ്തത്തിൻ്റെ 84 ശതമാനമാണ്.

Leave a Reply
You May Also Like

നിങ്ങൾ ഏറ്റവും വെറുക്കുന്ന കൊതുകുകള്‍ ലോകത്ത് ഇല്ലാതായാല്‍ എന്ത് സംഭവിക്കും ?

ലോകത്ത് കൊതുകുകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????എന്ത് സംഭവിക്കാനാ…

ചെറിയ ഇടിക്ക് പോലും വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നെന്നു പഴിക്കുന്നവർ ഇനിയും സത്യമറിയുന്നില്ല !

എന്തുകൊണ്ടാണ് ചെറിയ ഇടിക്ക് വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നത് ? അറിവ് തേടുന്ന…

ഭീമൻ കല്ല് നാണയങ്ങൾ

ഭീമൻ കല്ല് നാണയങ്ങൾ Sreekala Prasad പസഫിക് സമുദ്രത്തിലെ യാപ് ദ്വീപ്, സ്വതന്ത്ര പരമാധികാര ദ്വീപ്…

എല്ലാവര്‍ക്കും വിമാനമുള്ള സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?

എന്താണ് എയർപാർക്ക് ? കലിഫോർണിയയിലെ കാമറൂൺ എയർപാർക്കിന്റെ പ്രത്യേകത എന്ത് ? അറിവ് തേടുന്ന പാവം…