കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ

0
1233

Pratheesh Jaison The Lost Traveler എന്ന പേജിൽ പോസ്റ്റ് ചെയ്തത്

കൊമോഡോ ഡ്രാഗൺ

ആ പേര് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ..? പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിൽ അധികം കിലോ ഭാരവുമുള്ള ഒരു ഭീകരനായ പല്ലിയാണ് ഇവൻ. കൂടാതെ പ്രെകൃതിയിലെ 7 അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ.

ഇവനെ കാണാൻ പോയ കഥയ്ക്ക് മുന്നേ കൊമോഡോ ഡ്രാഗൺ എന്നതിനെപ്പറ്റി ഒന്ന് പറയാം

ഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവനെ ധാരാളമായി ഇപ്പോൾ കാണുന്നത്. അങ്ങനെ വന്ന പേരാണ് കൊമോഡോ ഡ്രാഗൺ.. എന്നാൽ ഒരുകാലത്തു കിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലും ഇവൻ അടക്കി വാണിരുന്നു എന്നും പറയപ്പെടുന്നു. ഇന്ന് കൊമോഡോ ഡ്രാഗൺ വംശനാശം സംഭവിക്കുന്ന ജീവികളുടെ കൂട്ടത്തിലാണ്. ഇവനെപ്പറ്റി ശരിക്കും പുറംലോകം അറിയാൻതുടങ്ങിയത് ഒരു നൂറ്റാണ്ടോളം മാത്രമേ ആകുന്നുള്ളു.

പടം കാണുമ്പോൾ, ങ്ങേ ഇവൻ നമ്മുടെ ഉടുമ്പ് അല്ലെ കണ്ടിട്ട് അതുപോലെ ഇരിക്കുന്നല്ലോ എന്ന് തോന്നിയോ..? ശരിയാണ് ഇവൻ അവന്റെ ഒരു ബന്ധുവായി വരും. പിന്നെ നമ്മുടെ നാട്ടിൽ കാണുന്ന വലിയ മോണിറ്റർ ലിസാർഡ് ആയും ഇവന് നല്ല സാമ്യം ഉണ്ട്. എന്നാൽ രൂപത്തിൽ മാത്രമേ ആ സാമ്യം ഉള്ളു. വലിപ്പംകൊണ്ടും അപകടകരമായ അക്രമ സ്വഭാവംകൊണ്ടും ഇവൻ അവരെക്കാളും ഒരുപാടു മുകളിലാണ്.

ഇവനെ കൂടുതൽ അപകടകാരിയാക്കുന്ന മറ്റൊരു പ്രധാന ഘടകം ആണ് ഇവന്റെ വായിലെ വിഷം. വിഷം ആണോ ബാക്ടീരിയ ആണോ എന്ന് ഇപ്പോളും തർക്കങ്ങൾ നടക്കുന്നുണ്ട്. എന്നാലും അവസാന പഠനങ്ങൾ അനുസരിച്ചു ഇവന്റെ വായിലുള്ള ഒരു ബാക്ടീരിയ ആണ് അപകടകാരി.
ഇവന്റെ കടി കിട്ടിയാൽ മണിക്കൂറുകളോ ദിവസങ്ങൾക്കോ ഉള്ളിൽ ആ ജീവി ചാകും. അതുവരെ ഇവൻ അവരെ വിടാതെ പിന്തുടരും. അവസാനം അകത്താക്കും. മണം പിടിക്കാൻ ഇവന് വയങ്കര വലിയ കഴിവാണ്. ചിലപ്പോൾ 9 കിലോമീറ്ററുകൾക്കു അപ്പുറത്തു നിന്നുവരെ ചോരയുടെയും ഭക്ഷണത്തിന്റെയും മണം പിടിച്ചുകൊണ്ടു വരുവാൻ ഇവന് കഴിയും. അതുകൊണ്ടു ഒരു ഇര വീഴുന്നതോടു കൂടെ ആ പരിസരത്തെ എല്ലാ ഡ്രാഗണുകളും ഒന്നിച്ചെത്തി ഭക്ഷണമാക്കും. അതുകൊണ്ടുതന്നെ ഇവനിൽ നിന്നും ഒരു ആക്രമണം ഉണ്ടായാൽ എത്ര വലിയ ജീവിയാണെങ്കിലും രക്ഷപെടൽ അസാധ്യമാണ്. മാൻ, ആട്, പന്നി, കാട്ടുപോത്ത്, കുതിര, കുരങ്ങൻ തുടങ്ങി എന്തിനെയും ഇവൻ ആക്രമിച്ചു ഭക്ഷണമാക്കും. വേണ്ടിവന്നാൽ മനുഷ്യനെയും ആക്രമിക്കാൻ ഇവന് ഒരു മടിയും ഇല്ല. അങ്ങനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്.

ഇന്തോനേഷ്യയിലെ കൊമോഡോ, റിൻകാ ദ്വീപുകളിലാണ് ഇപ്പോൾ ഇവയെ കൂടുതലായും കാണാൻ പറ്റുക. പൊതുവെ ചൂട് ഇഷ്ട്ടപെടുന്ന അലസനായ നടത്തം നടന്നു തണലിൽ വിശ്രമിക്കാനാണ് ഇവന് ഇഷ്ട്ടം. ഇണചേരുന്ന സമയത്ത്, ഇണയെ സ്വന്തമാക്കാൻ ആൺ ഡ്രാഗണുകൾ തമ്മിൽ നല്ല ഉഗ്രൻ അടി നടത്താറുണ്ട് അതിൽ ജയിക്കുന്നവന് ഇണയെ കിട്ടും. ഇണചേരൽ കഴിഞ്ഞാൽ മണ്ണിലുണ്ടാക്കുന്ന വലിയ കുഴികളിൽ പെൺ ഡ്രാഗൺ മുട്ടയിടും. മറ്റു ഡ്രാഗണുകൾ മുട്ടകൾ വന്നു തിന്നാതെ ഇരിക്കാൻ ഒന്നിലധികൾ കുഴികൾ കുഴിച്ചാണ് മുട്ടയിടുന്നത്. ഏകദേശം ഇരുപതോളം മുട്ട ഒരുസമയത്ത് ഇടും. ഏകദേശം 7-8 മാസങ്ങൾക്കു ശേഷം മുട്ട വിരിഞ്ഞു പുറത്തു വരുന്ന ഇവന് ഒരു അടിയോളം നീളം ഉണ്ടാകും. പുറത്തുവന്ന ഉടനെ ഈ ഡ്രാഗൺ കുട്ടികൾ ഏതെങ്കിലും മരത്തിന്റെ മുകളിൽ അഭയം പ്രാപിക്കുകയാണ് ചെയ്യാ. കാരണം, ഇല്ലെങ്കിൽ മറ്റു വലിയ ഡ്രാഗണുകൾ, വേണ്ടിവന്നാൽ ഇവരുടെ അമ്മപോലും ഇവരെ ഭക്ഷണമാക്കും. അതുകൊണ്ടു കുറച്ചു വർഷങ്ങൾ ഇവർ മരങ്ങൾക്കു മുകളിൽ ചെറിയ പക്ഷികളെയും പ്രാണികളെയും ഭക്ഷണമാക്കി കഴിഞ്ഞുകൂടും. ഏകദേശം 30 വർഷമാണ് കൊമോഡോ ഡ്രാഗണുകളുടെ ആയുസ്സ്.

ഇനി ഇവനെ കാണാൻ പോയ കഥപറയാം
ഇൻഡോനേഷ്യ യാത്ര മനസ്സിൽ കണ്ടതുതന്നെ ഇവനെ നേരിട്ട് ഒന്ന് കാണുവാൻ ആണ്. ഇൻഡോനേഷ്യ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നും വിമാനത്തിൽ ഏകദേശം ഒന്നര മണിക്കൂർ എടുത്താണ് ഇൻഡോനേഷ്യയിലെ ഫ്ലോറെൻസ് ദ്വീപിലെ ലാബുവാൻ ബാജോ എന്ന സ്ഥലത്തെ കൊമോഡോ എയർപോർട്ടിൽ ചെന്ന് ഇറങ്ങുന്നത്. ഐര്പോര്ട്ട് മുഴുവനും കൊമോഡോ ഡ്രാഗൺ ചിത്രങ്ങളും പ്രതിമകളും വച്ചുകൊണ്ടു ഇവൻ അവരുടെ മാത്രം സ്വത്താണ് എന്ന് അവർ തെളിയിക്കുന്നുണ്ട്. എയർപോർട്ടിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം അകലെയുള്ള ലാബുവാൻ ബാജോ ടൗണിൽ കൊമോഡോ ഡ്രാഗൺ കാണുവാനും പരിസരങ്ങളിലെ മറ്റു ദ്വീപുകളിൽ പോക്കുവാനും ഒരുപാടു ബോട്ടുകൾ വളരെ കുറഞ്ഞ ചിലവിൽ കിട്ടും. ഇന്ത്യൻ രൂപയിൽ ഏകദേശം 10000 രൂപ മുതൽ കൊമോഡോ ഡ്രാഗനെ കാണാൻ പോകുവാനുള്ള ട്രിപ്പുകൾ കിട്ടും. രാവിലെ ഏഴുമണിയോടെ പുറപ്പെട്ടു പടാർ എന്ന ദ്വീപ് കണ്ട ശേഷം ഞങ്ങൾ റിൻകാ ദ്വീപിലെ കൊമോഡോ നാഷണൽ പാർക്കിലേക്ക് പോയി. ബോട്ട് അടുപ്പിക്കുമ്പോൾ തന്നെ കാണുന്നത് വെള്ളത്തിൽ മുതലകൾ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് ആണ്. വരുന്ന ഓരോ ഗ്രുപ്പിനെയും ഉള്ളിലേക്ക് കൊണ്ടുപോകാൻ 7-8 ഗെയിഡുകൾ വലിയ വടികളും പിടിച്ചു കൂടെ ഉണ്ട്. കാരണം വേറെ ഒന്നും അല്ല. ഈ ദ്വീപിലെ രാജാവായ കൊമോഡോ ഡ്രാഗണിൽ നിന്നും സംരക്ഷണത്തിന് തന്നെ.

കുറച്ചു ദൂരം ഉള്ളിലോട്ടു നടന്നപ്പോൾ തന്നെ ആദ്യത്തെ ഡ്രാഗനെ കണ്ടു. ഞങ്ങൾ നടക്കുന്ന വഴിയിലൂടെത്തന്നെ നെഞ്ചും വിരിച്ചു സ്ലോ മോഷനിൽ നടന്നു വരുന്നു. എല്ലാരും കുറച്ചു വശത്തേക്ക് മാറി അവനു പോകുവാനുള്ള വഴി ഒരുക്കിക്കൊടുത്തു. കുറച്ചുകൂടെ അപ്പുറത്തു മാറി പാർക്കിന്റെ 3-4 കെട്ടിടങ്ങൾ ഉണ്ട് തറയിൽ നിന്നും നല്ല പൊക്കത്തിൽ ആണ് ഓരോ കെട്ടിടവും ഉണ്ടാക്കിയിരിക്കുന്നത് അവിടെവച്ചു പാർക്കിനെ പറ്റിയുള്ള ഒരു ഇൻട്രഡക്ഷനും പാക്കിന്റെ ഹിക്കിങ് വഴികളും, പിന്നെ കൊമോഡോ ഡ്രാഗന്റെ പ്രേത്യേകതകളും എല്ലാം കുറെ വിവരിച്ചു തന്നു. ഞങ്ങൾ നിക്കുന്നതിന്റെ കുറച്ചു അപ്പുറത്തായി തന്നെ ഒരു ഭീമൻ ഡ്രാഗൺ കിടപ്പുണ്ട്. അധികം അടുത്തോട്ടു പോകാതെ ഗാർഡുകൾ ഉള്ള വിശ്വാസത്തിൽ കുറച്ചു ചിത്രങ്ങൾ എടുത്തു. അവിടന്നും കുറച്ചു മാറി മറ്റൊരു കെട്ടിടത്തിന്റെ പുറകിലായി ഒരു 8-10 ഡ്രാഗണുകൾ കിടക്കുന്ന കണ്ടു. സംഭവം എന്താണ് എന്നുവച്ചാൽ, ആ കെട്ടിടമാണ് പാർക്കിന്റെ റെസ്റ്റോറെന്റിന്റെ അടുക്കള. മണം പിടിക്കാൻ മിടുമിടുക്കന്മാരായ ഇവർ അവിടുത്തെ ഭക്ഷണത്തിന്റെ മണം പിടിച്ചു വരുന്നതാണ്. കൂടാതെ വലിയ ഡ്രാഗണുകളെ പേടിച്ചു മേൽക്കൂരയുടെ മുകളിൽ കയറി ഇരിക്കുന്ന ചില കുട്ടി ഡ്രാഗണുകളെയും കണ്ടു. കുറച്ചുംകൂടെ മുന്നോട്ടു കാടിനുള്ളിലൂടെ നടക്കുന്നിടത്താണ് ഡ്രാഗൺ മുട്ട ഇടാൻ ഒരുക്കുന്ന കൂടുകൾ ഉള്ളത്. കൂടുകൾ എന്നുപറഞ്ഞാൽ വലിയ കുഴികൾ. അവിടന്ന് ദ്വീപിലൂടെ മൂന്നു വഴികളുണ്ട്. ഒന്ന് ഷോർട്ട് ഹൈക്കും, മിഡ് ഹൈക്കും, പിന്നെ ലോങ്ങ് ഹൈക്കും. ഞങ്ങൾ ഷോർട്ട് ഹൈക്കു വഴിയാണ് നടന്നത്. നടക്കുന്ന വഴിക്കു മാനുകളും, കുരങ്ങന്മാരും, കട്ട് പന്നിയെയും ഒക്കെ കണ്ടു. കുറച്ചു ദൂരെയായി ഒരു ഡ്രാഗണെ കണ്ടതല്ലാതെ വഴിയിൽ വേറെ ഒന്നും കണ്ടില്ല. നടന്നു നടന്നു ദ്വീപിന്റെ ഒരു വശത്തുള്ള ഒരു കുന്നിന്റെ മുകളിൽ എത്തി അവിടെ നിന്നും ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രേദേശങ്ങളും കാണാം. അവിടെ നിന്നും കുറച്ചു പടങ്ങൾ എടുത്ത ശേഷം ഞങ്ങൾ മറ്റൊരു വഴിയേ തിരിച്ചു വിട്ടു. തിരിച്ചു വരുന്ന വഴിയിലും ഒന്ന് രണ്ടു തവണ ഡ്രാഗണെ കണ്ടു. ഏകദേശം 2-3 മണിക്കൂർ സമയം കൊണ്ട് ഈ പരിപാടികൾ തീർന്നു. കുറെ നല്ല ചിത്രങ്ങളും കിട്ടി.

അങ്ങനെ തികച്ചും വെത്യസ്തമായ ഒരു ജീവിയേയും കാഴ്ചയെയും കണ്ട സന്തോഷത്തിൽ അടുത്ത സ്ഥലത്തേക്ക്…. വെത്യസ്തമായ ഇൻഡോനേഷ്യൻ കഥകൾ അവസാനിക്കുന്നില്ല.. മറ്റു ചില വ്യത്യസ്ത കാഴ്ചകളുമായി വീണ്ടും കാണാം. ..

*ഇതുപോലെയുള്ള എന്റെ വെത്യസ്തമായ യാത്രാ വിവരണങ്ങൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയ്യാം എന്റെ The Lost Traveler പേജ് …