മറ്റൊരു ചോദ്യം കൂടി: നിങ്ങള്‍ കൂടോത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ?
പൈശാചിക ശക്തികളെ ഒരു മുട്ടയിലോ, ഭക്ഷണ സാധനങ്ങളിലോ, മേറ്റെന്തെങ്കിലും വസ്തുവിലോ വച്ച് വിരോധമുള്ളയള്‍ക്ക് കൊടുക്കുകയോ, അവരുടെ താമസസ്ഥലത്തിന് അടുത്തായി സ്ഥാപിക്കുകയോ ചെയ്യുന്നതിലൂടെ അവര്‍ക്ക് ഉപദ്രവമോ ജീവഹാനിയോ വരുത്തുന്നതിനെ കൂടോത്രം എന്ന് പറയുന്നു…. ( ഹമ്മേ… എന്തൊരു ഡെഫനിഷന്‍…. കടപ്പാട്…. വേറാരുമല്ല ഈ ഞാന്‍ തന്നെ…) ചെറുപ്പം മുതല്‍ ഒത്തിരി കൂടോത്ര കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷെ സ്വന്തമായി ഒരു അനുഭവം ഉണ്ടാവുകയോ, അങ്ങനെ ഒന്ന് നേരില്‍ കാണുകയോ ചെയ്യാതെ ഇത്തരം ബുള്‍ ഷിറ്റുകളില്‍ വിശ്വസിക്കില്ല എന്ന തീവ്ര തോമശ്ലീഹാ നിലപാടുകാരനാണ് ഞാന്‍
ഒരിക്കല്‍ കൂടോത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ അങ്കിളിനു കിട്ടിയ ഒരു കൂടോത്രത്തിന്റെ കഥ അമ്മ പറഞ്ഞു. അങ്കിളിനെ വിളിച്ചു സ്പെഷ്യല്‍ അപ്പോയിന്മെന്റ് വാങ്ങി കൂടോത്ര കഥ മുഴുവന്‍ കേട്ടു. അങ്ങനെ ആ കഥ പോസ്റ്റുന്നു ഇന്‍ അങ്കിള്‍സ് വേര്‍ഷന്‍:-
“അന്ന് പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതെ നടന്നിരുന്ന ചെറുപ്പകാലം. അയല്‍വക്കത്തെ വീട്ടില്‍ അച്ചി എന്ന പേരില്‍ ഒരു വല്യമ്മ ഉണ്ടായിരുന്നു. ചാച്ചനോട് എന്തോ വിരോധം ഉണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ എനിക്ക് അവലും പഴവും തന്നു, ഞാന്‍ അത് വാങ്ങി കഴിക്കുകയും ചെയ്തു.
അടുത്ത ദിവസം മുതല്‍ എന്റെ വലതു കയ്യുടെ ചൂണ്ടാണി വിരല്‍ നീര് വന്നു വീര്‍ത്തു. മടങ്ങാതായി. മറ്റേ കൈ കൊണ്ട് ബലമായി വളച്ചാല്‍ വളയും, ഇല്ലെങ്കില്‍ അത് വടി പോലെ. ഒരാഴ്ച കഴിഞ്ഞിട്ടും ശരിയാകാതെ വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞു വിരലിനു ഒരു പ്രശ്നവും ഇല്ല എന്ന്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിട്ടും വിരല്‍ ശരിയായില്ല. അങ്ങനെ പതിയെ പതിയെ ഞാന്‍ മാനസികമായി തളരാന്‍ തുടങ്ങി. പുറത്തിറങ്ങാന്‍ തോന്നുന്നില്ല. അങ്ങനെ മുറിയില്‍ ചടഞ്ഞു കൂടി ഇരിക്കാന്‍ തുടങ്ങി. മനസ്സില്‍ എന്തോ എല്ലാവരോടും ദേഷ്യം…. ആത്മഹത്യ ചെയ്യാന്‍ ഉള്‍പ്രേരണ….
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ഞാന്‍ ഒരു ധ്യാനത്തിന് പോയി. കത്തിപ്പാറത്തടം എന്ന സ്ഥലത്ത് ഒരു ജേക്കോബൈറ്റ് അച്ചന് ഉണ്ടായിരുന്നു പാരസൈക്കോളജി വിഷയങ്ങളില്‍ ഒരു പുലി. ഒരു ജൂനിയര്‍ കടമറ്റത്തു കത്തനാര്. ധ്യാനത്തിനിടയില്‍ അച്ചന് എന്റെ തലയില്‍ കൈ വച്ചപ്പോള്‍ ഞാന്‍ തല കറങ്ങി വീണു. പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റ ഞാന്‍ അച്ഛനെ ആക്രമിച്ചു. അച്ഛന്റെ ളോഹ വലിച്ചു കീറി. അച്ചന് ഒരു ചൂരലെടുത്തു എന്നെ തല്ലി. നിലത്തു വീണ എന്നോട് കാര്യങ്ങള്‍ ചോദിച്ചു. ഞാനല്ല, എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ആരോ കാര്യങ്ങള്‍ മണി മണി പോലെ പറഞ്ഞു. തൃശൂര്‍ ഭാഗത്തുള്ള ഏതോ ഒരു ചാത്തനാനത്രേ… അതിനു ശേഷം എന്തോ ശര്‍ദിച്ചതിനു ശേഷം ഞാന്‍ ബോധം കേട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ അള്‍ത്താരയുടെ അരികില്‍ കിടക്കുകയാണ്. ഞാന്‍ എന്റെ വിരല്‍ ചലിപ്പിച്ചു നോക്കി. അതെ… ഒരു കുഴപ്പവുമില്ല…. ഇപ്പോള്‍ വിരല്‍ നന്നായി വളക്കാന്‍ പറ്റുന്നുണ്ട്. അച്ചന് അതിനു ശേഷം “തനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല” എന്ന് പറഞ്ഞു. “
നന്നായി വെളിവ് വന്നപ്പോള്‍ ആ അച്ചനെ കാണാന്‍ പോലും പറ്റിയില്ല. ചാത്തനെ ഓടിച്ച പാര സൈക്കോളജിസ്റ്റ് കത്തനാര് അന്ന് രാത്രി തന്നെ അമേരിക്കയ്ക്ക് പോയിരുന്നു. ഈ കഥയിലെ വില്ലത്തി അച്ചി ഇന്ന് എവിടെയാണ് എന്ന് അറിവില്ല. ഈ സംഭവത്തിനു കുറച്ചു നാളുകള്‍ക്കു ശേഷം അവര്‍ സ്ഥലം വിറ്റ് പത്തനംതിട്ട ഭാഗത്തേക്കോ മറ്റോ പോയി. അങ്കിള്‍ ഇന്ന് കല്യാണം കഴിച്ചു ഭാര്യയും, രണ്ടു കുട്ടികളും, കൃഷിപ്പണികളും ഒക്കെയായി ഇടുക്കിയിലെ കഞ്ഞിക്കുഴി എന്ന ഗ്രാമത്തില്‍ സുഖമായി കഴിയുന്നു.
അങ്കിള്‍ പറഞ്ഞത് മുഴുവന്‍ കേട്ടു എങ്കിലും, ആ കഥ അതുപോലെ തന്നെ പോസ്റ്റി എങ്കിലും, അത് വെറും മനശാസ്ത്രപരമായ ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന നിലപാടുകാരനാണ് ഞാന്‍. ഒരു സൈക്കളോജിക്കല്‍ ഇല്യൂഷന്‍. അബോധ മനസ്സ് തന്നെയാണ് ആ വിരലിനെ സ്റ്റിഫ് ആക്കി വച്ചത് എന്ന് ഞാന്‍ എന്റെ ലിമിറ്റട് നോളജ് വച്ച് വിശ്വസിക്കുന്നു.
ഇനി നിങ്ങള്‍ പറയൂ…. കൂടോത്രം സത്യമാണോ…?