മലയാള സിനിമയുടെ തന്നെ ത്രില്ലറുകളുടെ പുതിയമുഖം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനായ ജീത്തു ജോസഫും, ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂമൻ. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ നടക്കുന്ന മോഷണ പരമ്പരകളെ അവിടുത്തെ പോലീസ് കോണ്സ്റ്റബിളായ ഗിരിയിലൂടെ പറഞ്ഞു പോവുകയാണ് കൂമൻ.ജീത്തു ജോസഫ് ചിത്രങ്ങളുടെ ഭംഗി എന്നും അതിന്റെ തിരക്കഥ തന്നെയാണ്. ഇവിടുത്തേയും അവസ്ഥ വത്യസ്ഥമല്ല, കൃഷ്ണകുമാറിന്റെ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് കൂമന്റെ ഏറ്റവും വലിയ പ്ലസ്. ആ തിരക്കഥയെ വേണ്ട വിധം ആംപ്ലിഫൈ ചെയ്ത് അവതരിപ്പിക്കാൻ ജീത്തുവിന്റെ ക്രാഫ്റ്റിനായിട്ടുണ്ട്. ആദ്യ പകുതി ഒരു ദിശയിലേക്കും, രണ്ടാം പകുതി മറ്റൊരു ദിശയിലേക്കും പോകുന്ന ചിത്രത്തിൽ, ഏച്ചുകെട്ടലുകളില്ലാതെ കൃത്യമായി യോണറുകൾ ബ്ലെൻഡ് ചെയ്ത് കൊണ്ട് പോകാൻ സംവിധായകനായി.
രാത്രിയിലാണ് കൂമന്റെ കഥ കൂടുതൽ നടക്കുന്നത്, അതിനാൽ തന്നെ രാത്രിയുടെ വശ്യതയും മിസ്റ്ററിയുമെല്ലാം വേണ്ട വിധം ഒപ്പിയെടുക്കാൻ സതീഷ് കുറുപ്പിന്റെ ക്യാമറക്കായി. വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിന് ഓരോ സീനിനെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ കഴിഞ്ഞപ്പോൾ വിനായകിന്റെ കട്ടുകൾ അൽപ്പം ബേസിക് ആയി അനുഭവപ്പെട്ടു.ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു സീറ്റ് എഡ്ജ് ത്രില്ലറല്ല കൂമൻ. കഥാപാശ്ചാത്തലത്തെയും, കേന്ദ്ര കഥാപാത്രത്തെയും വേണ്ടവിധം ആഴത്തിൽ വ്യക്തമാക്കി, അത്യാവശ്യം സ്ലോ പേസിൽ പോകുന്ന, കാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ഒരു ത്രില്ലറാണ് കൂമൻ.എന്നാൽ അങ്ങിങ്ങായുള്ള പൂർണ്ണത കുറവും, ലോജിക്കൽ പിഴവുകളും അൽപ്പം കല്ലുകടിയാവുന്നുമുണ്ട്. ക്ലൈമാക്‌സും, പ്ലോട്ട് ട്വിസ്റ്റ് റിവീലും അൽപ്പം കൂടി മികച്ചതാക്കമായിരുന്നു എന്നും അനുഭവപ്പെട്ടു.
ആസിഫ് അലി എന്ന നടന്റെ കരിയറിലെ തന്നെ മികച്ച റോളുകളിൽ ഒന്നാണ് ഗിരി എന്നതിൽ സംശയമില്ല. വളരേ ലൗഡ് ആയി ചെയ്യാമായിരുന്ന ഒരു കഥാപാത്രത്തെ, തന്റെ സറ്റിലിറ്റി കൊണ്ട് തന്റേതാക്കി തീർക്കുകയാണ് ആസിഫ് കൂമനിൽ. പ്രകടനങ്ങളിൽ അതി ഗംഭീരം എന്ന് തോന്നിയത് പിന്നീട് ജാഫർ ഇടുക്കിയുടെ പ്രകടനമാണ്, ഒപ്പം ബാബുരാജും തന്റെ റോൾ മികച്ചതാക്കി. മറ്റുള്ള നടീ നടന്മാരും തങ്ങളുടെ റോളുകൾ നന്നായി തന്നെ ചെയ്തു.സമീപകാലത്ത് മലയാളത്തിൽ വന്ന ത്രില്ലർ എന്ന് പേരുള്ള പ്രഹസനങ്ങൾ വെച്ചു നോക്കുമ്പോൾ, അക്ഷരം തെറ്റാതെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് വിളിക്കാവുന്ന ചിത്രമായാണ് കൂമൻ എനിക്കനുഭവപ്പെട്ടത്. തീയേറ്ററുകളിൽ തന്നെ കാണുക.
മൂവി മാക് കൂമന് നൽകുന്ന റേറ്റിംഗ്- 8/10.