എഴുതിയത് : Sourav Kadathand
കടപ്പാട് : ചരിത്രാന്വേഷികൾ

കോട്ടക്കൽ കണാരൻ ഗുരുക്കൾ,
കളരി വിദ്യയുടെ പുന:സ്ഥാപകൻ
Kottakkal Kanaran Gurukkal , known as Dronacharya of kalaripayattu.
(1850-1935)
ജനനം : വടകര

യൂറോപ്യൻമാരുടെ ആഗമനത്തിനു ശേഷം അവരുടെ തോക്കുകൾക്കും പീരങ്കികൾക്കും മുന്നിൽ അടിപതറിപ്പോയതാണ് മലബാറിലെ കളരികൾ. അതുവരേയ്ക്കും ആൺ പെൺ വ്യത്യാസമില്ലാതെയും ജാതിഭേദമില്ലാതെയും എല്ലാവർക്കും കളരികൾ ഉണ്ടായിരുന്നു.തെയ്യവും തിറയും എഴുത്തുകളരിയും ക്ഷേത്ര വാസ്തു ശൈലീവിദ്യകളും ക്ഷേത്ര കലകളും അഭ്യസിച്ചിരുന്നു അതാത് വിഭാഗക്കാർ വിവിധ കളരികളിൽ.ആയോധന കല അതിലെ സമ്പുഷ്ടമായ ഒരു വിഭാഗവുമായിരുന്നു.മലബാറിൽ മൈസൂർ സുൽത്താൻമാരുടെ ആക്രമണത്തോടെ കളരികൾ ശിഥിലമായി തുടങ്ങി, ബ്രിട്ടിഷുകാരോടുള്ള യുദ്ധത്തിൽ കേരളവർമ്മ പഴശ്ശിരാജയുടെ പതനത്തോടെ അത് പൂർത്തിയായി. അക്കാലത്ത് ആയോധന കളരികൾക്ക് ബ്രിട്ടീഷുകാർ ആയുധ നിയമമനുസരിച്ച് നിരോധനവും ഏർപ്പെടുത്തി. എന്നിരുന്നാലും കടത്തനാട്ടു രാജ്യക്കാരായ മൂന്നു പേർ കളരികളെ അങ്ങനെ വിട്ടു കളഞ്ഞില്ല. കോട്ടക്കൽ കണാരൻ ഗുരുക്കൾ, കോവിൽ കണ്ടി കേളു കുറുപ്പ് , മാറോളി രാമുണ്ണിഗുരിക്കൾ ഇവർ രഹസ്യമായി കളരികൾ നടത്തി. ഒരു നിയോഗം പോലെ കോട്ടക്കൽ കണാരൻ ഗുരുക്കളുടെ ജീവിതം കളരി വിദ്യയ്ക്കായി ഉഴിഞ്ഞുവെച്ചു.
പാണൻ പാടി പുകഴ്ത്തിയ വടക്കൻ പാട്ടുകളുടെ വിളനിലമായ വടകരയിലെ പ്രമുഖ തീയ്യത്തറവാട്ടിൽ ആണ് ഗുരുക്കളുടെ ജനനം കണാരൻ ഗുരുക്കൾ, കോട്ടക്കൽ ബ്രിട്ടീഷ്ക്കാർ കളരിപ്പയറ്റ് നിരോധിച്ചതിനു ശേഷം (Lord Bentinck order on 22nd April 1804) കളരിപയറ്റ് വീണ്ടെടുത്ത കളരിപ്പയറ്റിന്റെ ദ്രോണാചാര്യർ എന്നറിയപ്പെടുന്ന മഹാരഥനായ കളരി ഗുരുക്കൾ. ഇന്ന് പ്രസിദ്ധമായ ഭൂരിഭാഗം കളരികളുടെയും ഗുരുവംശാവലി എത്തി നിൽക്കുക കോട്ടക്കൽ കണാരൻ ഗുരുക്കളിലാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുമ്പുവരെയുള്ള കളരി സംസ്കൃതിയുടെ ഇരുണ്ട കാലഘട്ടത്തിൽ കളരികളുടെ അതിജീവനത്തിന്നു കാരണക്കാരായ അഭ്യാസികളുടെ കൂട്ടത്തിൽ അതിപ്രധാനമായ സ്ഥാനമുള്ള വ്യക്തിയാണ് കോട്ടക്കൽ കണാരൻ ഗുരുക്കൾ, മാലോൽ കണാരൻ ഗുരുക്കൾ, മാരാം വീട്ടിൽ കണാരൻ ഗുരുക്കൾ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.

ഒരവധൂതനെ പോലെ ജീവിച്ച കണാരൻ ഗുരുക്കൾ കോട്ടക്കൽ മാരാം വീട്ടിൽ ജനിച്ചു വളർന്നു.കുഞ്ഞാലി മരക്കാരുടെ ജനനം കൊണ്ടു പ്രസിദ്ധമായ, വടകരയുടെ സമീപസ്ഥമായ കോട്ടക്കൽ ആണ് ഗുരുക്കളുടെ പിതൃഭവനം, അതീവ ഭൂസ്വത്തിനു ഉടമയായ തറവാട്ടിൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്റെ തറവാട് കളരിയിൽ നിന്ന് കളരി പയറ്റ് ചെറുപ്പം മുതൽ അഭ്യസിച്ചു . പിന്നീട് കുടുംബപരമായ എന്തോ കാരണത്താൽ സഹോദരിയുടെ ഭർതൃ ഗൃഹമുണ്ടായിരുന്ന മുക്കാളിയിലേക്കു താമസം മാറ്റിയെന്നും ബ്രിട്ടീകാർ നിരോധിച്ച കളരിപ്പയറ്റ് പുനരുജ്ജീവിപ്പിക്കണം എന്നും നഷ്ടപെട്ട സംസ്കൃതിയും പാരമ്പര്യവും വീണ്ടെടുക്കാൻ ഉള്ള എന്തോ ഒരു വാശി അദ്ദേഹത്തിന് വന്ന് ചേരുകയും ചെയ്തു .40 വയസ്സ് വരെ കടത്തനാടും സമീപപ്രദേശത്തും ഉണ്ടായിരുന്ന എല്ലാ കളരി വിദ്യയും സ്വായത്തം ആക്കിയ ശേഷം

തുളുനാടൻ കളരികളിലും മറ്റും പോയി പയറ്റുകൾ പഠിച്ച് നാട്ടിലെ ഒറ്റിമുറ, അറപിള്ളക്കൈ ,വട്ടേൻ തിരിപ്പ്, പിള്ള താങ്ങി എന്നിങ്ങനെ പതിനെട്ടു മുറകളും സ്വായത്തമാക്കി വിവിധ ഗുരുക്കന്മാരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ചും തുളുനാട് ആന്ധ്രാ അടക്കം ഉള്ള ദൂരെ ദിക്കുകളിൽ സഞ്ചരിച്ചു അവിടങ്ങളിലെ കളരി മുറകളും വിദ്യകളും ഹൃദിസ്ഥമാക്കി. ഈ യാത്രകൾക്ക് ഉള്ള ചിലവുകൾക്ക് വേണ്ടി അവിവാഹിതൻ ആയ ഗുരുക്കൾ തന്റെ കുടുംബ സ്വത്തായി കിട്ടിയതിൽ നിന്നും 160 ഓളം ഏക്കർ ഭൂസ്വത്ത് വിറ്റു എന്നതും ചരിത്രം.

വിപുലമായ യാത്രയും പല ഗുരുക്കന്മാരുമായുള്ള സഹവാസവും മൂലം ആറു വ്യത്യസ്ത പയറ്റു സമ്പ്രദായങ്ങളിൽ അതീവ നിപുണനായിരുന്നു കണാരൻ ഗുരുക്കൾ, അതുകൊണ്ടുതന്നെ പിൽക്കാലം വിപുലമായ അഭ്യാസ സമന്വയം വരുത്താനും വിവിധ സ്ഥലങ്ങളിലുള്ള തന്റെ ശിഷ്യരെ പ്രത്യേകം പ്രത്യേകം അഭ്യാസ ശിഷണങ്ങൾക്കു വിധേയരാക്കാനും അദ്ദേഹത്തിന്നു സാധിച്ചിരുന്നു,ഇന്ന് ഇദ്ദേഹത്തിന്റെ ഗുരുവംശാവലി പേറുന്ന കളരികൾ പലതും വിവിധ ശൈലികളിൽ ആണ് .ഇതൊക്കെ ഒരാൾ തന്നെ പഠിപ്പിച്ചത് ആണോ എന്ന് ആലോചിച്ചു അത്ഭുതപ്പെട്ടു പോകും .

അഭ്യാസ പഠനശേഷം കണാരൻ ഗുരുക്കൾ സ്വദേശത്തു മടങ്ങിയെത്തി കടത്തനാട്ടു രാജാവിനെ സമീപിച്ച് ഒരു കളരി നടത്താനുള്ള തന്റെ പ്രാമാണ്യം വെളിപ്പെടുത്തുകയും, പ്രദേശത്തെ മറ്റേതൊരു ഗുരുക്കളെക്കാളും താനതിന്നു പാപ്തനാണെന്നു ബോധിപ്പിക്കുകയുമുണ്ടായി. എന്നാൽ കളരികൾക്ക് ബ്രിട്ടീഷ് നിരോധനം ഉള്ള ആ കാലത്ത് തന്റെ അധീന മേഖലയിൽ ഒരു പുതിയ കളരി കെട്ടാൻ കടത്തനാട്ട് രാജാവ് അനുവദിച്ചില്ല. അതോടെയാണ് വടക്കൻ നാട്ടിലേക്കു അദ്ദേഹം കടന്നത്. തലശ്ശേരിക്കടുത്ത ചമ്പാട്ടെ ചമ്പേരി പറമ്പിലാണ് കണാരൻ ഗുരുക്കൾ ആദ്യത്തെ കളരി നടത്തിയത്. ഇവിടത്തെ പ്രധാന ശിഷ്യന്മാർ വളങ്ങാട്ട് കുഞ്ഞിക്കണ്ണനും ചമ്പേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളും മറ്റുമായിരുന്നു.

പിന്നീട് തലശ്ശേരിയിലെ മൂർക്കോത്തു പറമ്പിലെ കരിയിൽ വെച്ചും, ചമ്പാടൻ വീട്ടിന്റെയും മഠത്തിന്റെയും മുറ്റത്തു വെച്ചും കളരി പരിശീലനം തുടർന്നത് സി.വി.നാരായണൻ നായരുടെ പിതാവിന്റെ ഉത്തരവാദിത്വത്തിലായിരുന്നു. അവിടെ പഠിച്ചവരിൽ സി.വി.നാരായണൻ നായർ, ജ്യേഷ്ഠനായ സി.വി. കരുണാകരൻ നായർ, അനുജൻ ബാലൻ നായർ, സജയൻ, ആർ.വി.അനന്തൻ നായർ എന്നിവരായിരുന്നു പ്രമുഖർ. മട്ടന്നൂർ തങ്ങളുടെ ക്ഷണപ്രകാരം സി.വി.നാരായണൻ നായർ അവിടെ നടത്തിയ കളരിയിലും കണാരൻ ഗുരുക്കൾ മേലന്വേഷണം നടത്തിയിരുന്നു. രണ്ടു വർഷം ഈ കളരി നിന്നു.

ഇദ്ദേഹത്തിന്റെ നൂറ് കണക്കിന് ശിഷ്യസമ്പത്ത് ഉള്ള പ്രസിദ്ധരായ ശിഷ്യരിൽ ചിലർ ആണ് cv നാരായണൻ നായർ (cvn), ശങ്കര മേനോൻ, VK മാധവ പണിക്കർ, ചെമ്പേരി കുഞ്ഞിക്കണ്ണൻ, ചമ്പാടൻ വീട്ടിൽ നാരായണൻ നായരും ചിറക്കൽ ടി ശ്രീധരൻ നായരും കുഞ്ഞാലൻ ഗുരുക്കളും ഗോവിന്ദൻ കുട്ടി നമ്പ്യാരും താവുപുറത്ത് കുഞ്ഞിരാമൻ, കുഴുന്ന കോരൻ ഗുരുക്കൾ, പത്രിയിൽ ഗോപാലൻ ഗുരുക്കൾ, തോട്ടത്തിൽ കുഞ്ഞിരാമൻ, മണിയാങ്കണ്ടി ഭാസ്കരൻ, c ഗോവിന്ദൻ കുട്ടി നമ്പ്യാർ എന്നിവർ.

ചിന്നഭിന്നമായ കളരിസമ്പ്രദായത്തെ ഏകോപിപ്പിച്ചും അതിലെ ആയോധനാശംത്തിനേക്കാൾ വ്യക്തികൾക്കുള്ള കായമർമ്മ ചികിത്സ, ആയുർവേദ വിജ്ഞാനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഗുരിക്കൾ കളരികളെ വീണ്ടെടുത്തത്.അങ്ങനെ സംഘ കാലം മുതൽ നിലവിലുണ്ടായിരുന്ന കളരിയെ അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് ഉയർത്തെഴുന്നേൽപ്പിച്ചു.

ബ്രിട്ടീഷുകാരെ പേടിച്ച് കടത്തനാട്ടിലും മറ്റും ഏതാണ്ട് എല്ലാവരും കളരികളെ കൈയ്യൊഴിഞ്ഞപ്പോൾ ഗുരുക്കൾ സധൈര്യം കളരിക്കായി ജീവിച്ചു.സ്വാതന്ത്ര്യ സമര കാലത്ത് കെ കേളപ്പനും ഗുരുക്കളുമായി സംയോജിച്ച് ഹിന്ദുസ്ഥാനി എന്ന പേരിൽ ഒരു കളരി സ്ഥാപിച്ച് പഠനത്തെ വിപുലപ്പെടുത്തി. പിന്നിട് കീലേരി കുഞ്ഞിക്കണ്ണന് സർക്കസ് തുടങ്ങാൻ പ്രചോദനമായതും ഗുരുക്കൾ സ്ഥാപിച്ച തലശേരിയിലെ കളരിയാണ് എന്നു കാണുമ്പോഴാണ് അതിൻ്റെ മറ്റൊരു മഹത്വം തെളിയുന്നത്.സാംസ്ക്കാരിക പാരമ്പര്യത്തിന് വളക്കൂറുള്ള മണ്ണായി തലശേരി രൂപപ്പെട്ടതിൽ ഈ കളരികൾക്കും പങ്കുണ്ട്. 1935 ലായിരുന്നു ഗുരിക്കളുടെ മരണം.

You May Also Like

ആയിരം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാറ്റാടിയന്ത്രങ്ങൾ

പുരാതന കാലത്ത് മനുഷ്യരാശി ഊര്‍ജ്ജത്തെ വരുതിയിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആയിരം വർഷം പഴക്കമുള്ള ഇപ്പോഴും പ്രവർത്തിക്കുന്ന ഈ കാറ്റാടി യന്ത്രങ്ങൾ.

‘കുട്ടികൾക്ക് ആഹാരം എറിഞ്ഞിരുകൊടുക്കുന്ന ബ്രിട്ടീഷ് രാജ്ഞി’, നിങ്ങൾ പറയുന്നതല്ല സത്യം

കോളനി രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് ആഹാരം എറിഞ്ഞിരുകൊടുക്കുന്ന ബ്രിട്ടീഷ് രാജ്ഞി എന്നപേരിൽ പ്രചരിക്കുന്ന വീഡിയോ എലിസബത്ത്…

ഇറാനിലെ സുൽത്താൻ അമീർ അഹമ്മദ് ബാത്ത്ഹൗസ്

16 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ തുർക്കിയുടെയും ജോർജിയയുടെയും ഭാഗങ്ങൾക്കൊപ്പം ഇറാൻ ഭരിച്ചിരുന്ന സഫാവിദ് സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ച പതിനാറാം നൂറ്റാണ്ടിലെ ഒരു പൊതു ബാത്ത്ഹൗസാണ് ഇറാനിലെ കഷാനിലുള്ള സുൽത്താൻ അമീർ അഹമ്മദ് ബാത്ത്ഹൗസ്.

ചൈന വൻമതിലിൻ്റെ തുടക്കവും ഒടുക്കവും

ചൈന വൻമതിലിൻ്റെ തുടക്കവും ഒടുക്കവും Sreekala Prasad ഭൂമിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ഘടനകളിലൊന്നാണ് ചൈനയിലെ…