Muhammed Sageer Pandarathil
ആദരാഞ്ജലികൾ…..
സിനിമ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി ശശി അന്തരിച്ചു. 64 വയസ്സായിരുന്ന ഇദ്ദേഹം ഇന്ന് (2022 ഡിസംബർ 25 ) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.1958 ൽ തൃശൂർ ജനിച്ച ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ. ദാമോദരന്റെ മകനാണ്.
ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങിയ ഇദ്ദേഹം ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തിട്ടുണ്ട്. 1994 ൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ഇലയും മുള്ളും എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീകളുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയായിരുന്നു ഇത്.
റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്.വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളായ ഇദ്ദേഹത്തിന്റെ 2013 ൽ പുറത്തിറങ്ങിയ ഫാബ്രിക്കേറ്റഡ് എന്ന ഡോക്യുമെന്ററി വലിയ ചർച്ചയായിരുന്നു. ഫാബ്രിക്കേറ്റഡ്, ലിവിങ് ഇൻ ഫിയർ, ലൈക്ക് ലീവ്സ് ഇൻ എ സ്റ്റോം, എ വാലി റെഫ്യൂസഡ് ടുഡേ എന്നിവ പ്രധാന ഡോക്യുമെന്ററികളാണ്.