ഭരിക്കാനറിയുന്നവർ ചെയ്യുന്നത് കണ്ടാ? ഓരോ തെരഞ്ഞെടുപ്പിനും തലേന്ന് പാക്കിസ്ഥാനിലേക്കൊരു സർജിക്കൽ സ്ട്രൈക്ക്

393

KP Sukumaran

ഭരിക്കാനറിയുന്നവർ ചെയ്യുന്നത് കണ്ടാ? ഓരോ തെരഞ്ഞെടുപ്പിനും തലേന്ന് പാക്കിസ്ഥാനിലേക്കൊരു സർജിക്കൽ സ്ട്രൈക്ക്. ഇതിൽ രാജ്യദ്രോഹികൾക്ക് മാത്രമേ സംശയവും എതിർപ്പും തോന്നുകയുള്ളൂ. രാജ്യസ്നേഹികൾ സർജിക്കൽ സ്ട്രൈക്കിൽ വിജൃംഭിതരായി ഭരിക്കുന്ന സർക്കാരിനു അനുകൂലമായി വോട്ട് ചെയ്യും. വികാരങ്ങളെയാണ് വോട്ടാക്കി മാറ്റേണ്ടത്. അല്ലാതെ എന്ത് ജനക്ഷേമ പരിപാടികൾ നടപ്പാക്കിയിട്ടും കാര്യമില്ല. ജനങ്ങൾ വികാരജീവികളാണ്. ഓരോ സർജിക്കൽ സ്ട്രൈക്കിലും രാജ്യസ്നേഹം എന്ന വികാരം അണപൊട്ടി ഒഴുകും.

പാക്കിസ്ഥാനിൽ ഭീകരവാദ കൃഷി വിളയുന്ന കാലത്തോളം ജനങ്ങൾക്ക് വിജൃംഭിക്കാൻ അവസരമൊരുക്കുന്ന സർജിക്കൽ സ്ട്രൈക്കിനു ന്യായീകരണം ഉണ്ടാകും. . അതുകൊണ്ട് തന്നെ സർജിക്കൽ സ്ട്രൈക്കിനു ശോഭനമായ ഭാവിയാണ്. ഭരിക്കുന്ന പാർട്ടിക്ക് വോട്ടിനും ക്ഷാമമുണ്ടാകില്ല. വോട്ടെടുപ്പിന്റെ തലേന്നായിരിക്കണം സർജിക്കൽ സ്ട്രൈക്ക് എന്ന് മാത്രം. അല്ലെങ്കിൽ മന്ദബുദ്ധികളായ ജനങ്ങൾക്ക് ഓർമ്മയുണ്ടാകില്ല.

കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഈ ബുദ്ധി ഉണ്ടായില്ല. അവർ തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ അങ്ങനെ ജനപ്രിയ പദ്ധതികളുമായി മുന്നോട്ട് പോയി. അതൊന്നും ജനങ്ങൾ ഓർക്കുന്നുമില്ല. എന്നിട്ടും പഠിക്കാതെ ന്യായ് പദ്ധതിയാണ് പ്രകടനപത്രികയിൽ വലിയ കാര്യം പോലെ എഴുതി ചേർത്തത്. ജയിച്ചാൽ പാക്കിസ്ഥാനിലേക്ക് തോന്നുമ്പം തോന്നുമ്പം സർജിക്കൽ സ്ട്രൈക്ക് നടത്തും എന്നൊരു വാഗ്ദ്ധാനം മതിയായിരുന്നു. അതിനൊക്കെ ബുദ്ധി വേണം ബുദ്ധി. കോൺഗ്രസ്സുകാർക്ക് ഇല്ലാത്തതും ബി.ജെ.പി.ക്കാർക്ക് സമൃദ്ധമായി ഉള്ളതും അതാണ്, കുരുട്ട് ബുദ്ധിയും കൗശലവും. ഇനി എല്ലാ തെരഞ്ഞെടുപ്പിന്റെയും തലേന്ന് സർജിക്കൽ സ്ട്രൈക്കുകളിൽ നമുക്ക് രാജ്യസ്നേഹത്താൽ വിജൃംഭിക്കാം.

Advertisements