ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല

447

കെ.പി സുകുമാരൻ എഴുതുന്നു

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികള്‍ക്കിടയില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. ഞാന്‍ ശരിക്ക് പറഞ്ഞാല്‍ ദിലീപിന്റെ ഫാന്‍ ഒന്നുമല്ലായിരുന്നു. മലയാളത്തില്‍ സത്യന് ശേഷം മോഹന്‍ലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. എന്നാലും ദിലീപിന്റെ നിര്‍ദ്ദോഷമായ കോമഡികള്‍ ആസ്വദിച്ചിരുന്നു. ദിലീപ്-കാവ്യ അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയായിട്ടുമില്ല. ഇരനടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണില്‍ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു ഇരനടിയെ പീഡിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകള്‍ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികള്‍ കേള്‍ക്കേണ്ടി വന്നു എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലില്‍ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലില്‍ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു മുന്നിലൂടെ നിഷ്‌കളങ്കഭാവത്തില്‍ തലയുയര്‍ത്തി ദിലീപ് നടന്നതും മകള്‍ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേര്‍ത്ത് നിരീക്ഷിച്ചപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്. ദിലീപ് അന്യായമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതും ആള്‍ക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്‌നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോള്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും നേര്‍ക്ക് നേര്‍ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങള്‍ ഇനി പുറത്ത് വരും.

ഇരനടി പീഡിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യര്‍ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലില്‍ അടയ്യ്ക്കപ്പെടുന്നതും. മഞ്ജു വാര്യരുടെ ആ ഗൂഢാലോചനാസിദ്ധാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകള്‍ പുറത്ത് വന്നേക്കാം. കാരണം അയ്യോ പാവം മട്ടിലുള്ള ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മഞ്ജു വാര്യരെ അക്ഷരാര്‍ത്ഥത്തില്‍ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയര്‍ത്തിക്കൊണ്ട് വന്നത് താന്‍ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതില്‍ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ദു:ഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാര്‍ മേനോന്‍ പരസ്യപ്പെടുത്തുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? സത്യങ്ങള്‍ വെളിയില്‍ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല.

നടിയെ ബലാൽസംഗം ചെയ്യുന്നത് പോലെ കാറിൽ വെച്ച് വീഡിയോ പകർത്താൻ പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്ത വ്യക്തി ആരെന്ന യാഥാർഥ്യം പുറത്ത് വരാൻ ഇനി അധികം താമസമില്ല. മഞ്ജുവാര്യർ പോലീസിനു കൊടുത്ത പരാതിയിൽ അന്വേഷണവും മഞ്ജുവിൽ നിന്ന് വിശദമായ മൊഴിയും എടുത്താൽ യഥാർഥ പ്രതി നിയമത്തിന്റെ മുന്നിൽ ഹാജരാക്കപ്പെടുക തന്നെ ചെയ്യും. സന്തുഷ്ടമായ താരകുടുംബത്തിലേക്ക് വില്ലനായി വന്ന കുടുംബംകലക്കി മേനോൻ ദിപീപിനോടുള്ള പക തീർക്കാൻ പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തതല്ലേ എന്ന സംശയം അന്നേ എല്ലാവർക്കുമുണ്ട്. പൾസർ സുനിക്ക് ആണെങ്കിൽ നടിമാരെ കടത്തി വീഡിയോ പകർത്തി ബ്ലായ്ക്ക്മെയിൽ ചെയ്ത് പണം തട്ടുന്നതിൽ എക്സ്പീരിയൻസും ഉണ്ട്. ദിലീപിനെ എങ്ങനെയും ഇല്ലാതാക്കാൻ പൾസർ സുനിക്ക് ഈ കുടുംബംകലക്കി മേനോൻ തന്നെയായിരിക്കാം ക്വട്ടേഷൻ നൽകിയത് എന്ന സംശയം വീണ്ടും ബലപ്പെടുകയാണ്.

വിവാഹമോചനത്തിനു ദിലീപ് ആണ് മുൻകൈ എടുത്ത് ഹരജി നൽകുന്നത്. അതിനുള്ള കാരണം ദിലീപ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. അത് ദിലീപിന്റെ മാന്യത. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമായി അറിയുന്നത് കൊണ്ടായിരിക്കണം മകൾ മീനാക്ഷി ദിലീപിനൊപ്പം നിലയുറപ്പിച്ചത്. ഇത് വിവാഹമോചനങ്ങളിൽ അപൂർവ്വമാണ്. സാധാരണ ഗതിയിൽ അച്ഛനമ്മമാർ വിവാഹമോചിതരാകുമ്പോൾ മക്കൾ അമ്മയുടെ ഒപ്പമാണ് നിലയുറപ്പിക്കുക. എന്നാൽ മീനാക്ഷി അച്ഛനോടൊപ്പം നിന്നു എന്ന് മാത്രമല്ല, കാവ്യയുമായുള്ള അച്ഛന്റെ പുനർവിവാഹത്തിനു അനുകൂലമായി നിൽക്കുകയും ചെയ്തു. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് വിവാഹമോചനം മുതൽ ദിലീപിനെതിരെ കെട്ടിച്ചമച്ച കേസിൽ ഉൾപ്പെടെ ദിലീപിന്റെ നിരപരാധിത്വത്തിൽ മീനാക്ഷിക്ക് പൂർണ്ണബോധ്യം ഉണ്ടായിരുന്നു എന്നാണ്.

ദിലീപിനെ ഇല്ലാതാക്കാൻ തയ്യാറാക്കിയ തിരക്കഥ വളരെ ഭംഗിയായി തന്നെ സംവിധാനം ചെയ്യാൻ വില്ലൻ മേനോന് സാധിച്ചു. അതിനു വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കി എന്നറിയില്ല. എന്നാൽ തിരക്കഥ പാളിപ്പോയത് ദിലീപിന് ജാമ്യം കിട്ടിയത് കൊണ്ടാണ്. ദിലീപ് ഒരിക്കലും പുറം ലോകം കാണാതെ ജയിലിൽ അവസാനിക്കുന്ന വിധത്തിൽ ആയിരുന്നു തിരക്കഥ രചിച്ചത്. അങ്ങനെ തന്നെ ദിലീപും കഥയും തീരുമായിരുന്നു. എന്നാൽ ദിലീപിന്റെ മഹാഭാഗ്യം എന്നത് പോലെയാണ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ദിലീപിന് ജാമ്യം നൽകാൻ ജഡ്‌ജി തീരുമാനിച്ചത്. അതോടെ തിരക്കഥയുടെ കാറ്റ് പോയി. ഇപ്പോഴത്തെ ദിലീപ് രണ്ടാം ജന്മം കിട്ടിയ ദിലീപ് ആണ്.

ഇനിയാണ് നടി ബലാൽസംഗം ചെയ്യപ്പെട്ട കേസ് ശരിയായ ദിശയിൽ അന്വേഷണം നടക്കാൻ പോകുന്നത്. സത്യം എത്ര കൊല്ലം കഴിഞ്ഞാലും തെളിയുമെന്നും കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ ഹാജരാക്കപ്പെടുമെന്നും എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. കൂടത്തായി ആണ് ഏറ്റവും ഒടുവിലത്തേത്. നടി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ ആ നടിയെയും WCC രൂപീകരിച്ച നടിമാരെയും തെറ്റിദ്ധരിപ്പിക്കാൻ തിരക്കഥയും സംവിധാനവും നിർവഹിച്ച വില്ലൻ മേനോന് സാധിച്ചു. എന്നാൽ ഇപ്പോൾ ആ തിരക്കഥയുടെ ക്ലൈമാക്സ് മാറ്റി എഴുതപ്പെട്ടിരിക്കുന്നു. ശേഷം ഭാഗം വെള്ളിത്തിരയിൽ കാണാം.