രണ്ടു മൂന്നു ദിവസമായി ചാനലുകളിൽ സജീവചർച്ചയാണ് ഒരു കോമഡി നടൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു എന്നത്. അയാളും സിനിമ ക്കാരുടെ സംഘടനയുടെ ഒരു സ്ഥിരം ഭാരവാഹിയും ഇന്ന് ഹരിപ്പാട് ആ മുന്നണിയുടെ യാത്രയുടെ വേദിയിലെത്തി. അവർ മത്സരിക്കുന്നത് അവരുടെയും ആ മുന്നണിയുടെയും കാര്യം. അതിനെപ്പറ്റി അഭിപ്രായം പറയാൻ നമുക്കെന്തു കാര്യം? എന്നാൽ ഏതാനും വർഷം മുൻപ് മലയാളത്തിലെ ഒരു നായകനടിയെ രാത്രി യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ വഴിയിൽ തടഞ്ഞു ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി ആക്രമിക്കുന്ന ഒരു ഹീനകൃത്യം നടന്നു. കേരള ജനതയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്.
പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ ഒരു പ്രമുഖ നടൻ കോട്ടേഷൻ കൊടുത്ത് ചെയ്യിച്ചതാണ് ഈ ഹീനകൃത്യം എന്ന് തെളിഞ്ഞു. അയാൾക്കും മറ്റു പ്രതികൾക്കുമെതിരായ ക്രിമിനൽ കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കയാണ്. 10ആം പ്രതി മാപ്പുസാക്ഷി ആകുന്നു എന്ന വാർത്ത ഇന്ന് നാം കേട്ടു. കേസ് വൈകിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും വേണ്ടി പണം ധാരാളം ഒഴുക്കുന്നുണ്ട് ആ നടൻ.
മുകളിൽ പറഞ്ഞ കോമഡി നടനും അമ്മയുടെ ഭാരവാഹിയും പരസ്യമായി ഈ പ്രതിയെ പിന്തുണച്ച വാർത്ത നമ്മുടെയെല്ലാം മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അങ്ങനെയുള്ളവർ തിരഞ്ഞെടുപ്പിൽ നിൽക്കുന്നതും ഒരു മുന്നണി അവരെ പിന്തുണയ്ക്കുന്നതും തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്. സ്ത്രീയ്ക്കെതിരെ അത്യന്തം മ്ലേച്ഛമായ ഒരു ക്രിമിനൽ കുറ്റം ചെയ്ത ഒരു കുറ്റവാളിയെ പരസ്യമായി ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആളുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് കേരളീയറുടെ ധാർമിക ബോധത്തിനെതിരെ കൊഞ്ഞനം കുത്തുന്ന ഒരു നടപടിയാണ്. സിനിമയിലും മറ്റും വരുന്നവർ സമൂഹത്തിന് മാതൃകയാക്കേണ്ടവരല്ലേ? സിനിമയിൽ കാണിക്കുന്ന വീരകൃത്യങ്ങളും സൽപ്രവൃത്തികളും ജീവിതത്തിലും കാണും എന്ന പ്രതീക്ഷയിലാണ് നാം അവരെ ബഹുമാനിക്കുന്നത്.
മലയാളത്തിലെ നാം സ്നേഹിക്കുന്ന കുറെ പ്രഗത്ഭ നടിമാരും സിനിമപ്രവർത്തകരും അമ്മ എന്ന സംഘടനയിൽ നിന്ന് ഈ പ്രശ്നത്തിൽ അകന്ന് നിൽക്കുകയാണ്. അവർ ഇവരെ തോൽപ്പിക്കേണ്ടത് ഒരു അഭിമാനപ്രശ്നമായി എടുക്കുകയും കേരളത്തിലെ നേരായ വഴിക്ക് ചിന്തിക്കുന്ന ജനങ്ങൾ അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സിനിമക്കാരെന്ന നിലയിൽ ആരാധന മൂത്ത് വോട്ടു ചെയ്യുന്ന സംസ്ഥാനങ്ങൾ ഉണ്ട്. എന്നാൽ കേരളം സ്ത്രീകളുടെ അന്തസ്സിനു വിലകൊടുക്കാത്ത കോമാളികളെ അർഹിക്കുന്ന അവജ്ഞയോടെ കൈകാര്യം ചെയ്യും എന്നു പ്രതീക്ഷിക്കാം.