Kripal Bhaskar

‘രാവണന്‍’ ആദ്യമായി കാണുന്നത് റിലീസ് ചെയ്ത വർഷം തന്നെയാണെന്ന് തോന്നുന്നു. അതായത് ഏകദേശം പത്ത് വർഷം മുൻപ്. അന്ന് വല്ലാത്ത നിരാശ സമ്മാനിച്ച സിനിമയായിരുന്നു രാവണന്‍. അന്ന് ഏറെ വിവാദമായ ഈ സിനിമ ഒരിക്കൽ കൂടി കണ്ടപ്പോൾ ഒരു വിസ്മയമായാണ് അനുഭവപ്പെട്ടത്. മണിരത്നം എന്ന മഹാനായ സംവിധായകന്റെ മനോഹര സൃഷ്ടികളിൽ ഒന്ന് തന്നെയാണ് ‘രാവണൻ’ എന്ന നിഗമനത്തിൽ ഞാൻ എത്തി ചേർന്നിരിക്കുന്നു.

രാമായണത്തിന് നൂറ് കണക്കിന് വകഭേദങ്ങള്‍ ഉണ്ടത്രെ. എന്നാൽ പൊതു സ്വീകാര്യതയും അംഗീകാരവുമുള്ള ഒന്നാണ് വാത്മീകി രാമായണം. ആര്യ-ദ്രാവിഡ വംശ സംഘട്ടനത്തിന്റെ പ്രതീകമാണ് രാമായണമെന്ന് ചില ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. പൊതുവെ രാവണന് ദക്ഷിണേന്ത്യയിൽ സ്വീകാര്യതയും ആരാധകരുമുണ്ട്, പ്രത്യേകിച്ച് തമിഴ് നാട്ടിൽ. രാവണനെ ഒരു പൊളിറ്റിക്കൽ സിംബലായി ഉയർത്തി കൊണ്ടുവരാനുള്ള ശ്രമം പല കാലങ്ങളിലായി നടന്നിട്ടുണ്ട്. മണിരത്നം ഈ സിനിമയിൽ രാവണന്റെ പക്ഷം ചേർന്ന് രാമായണത്തെ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ്.

രാവണനെ അധഃസ്ഥിത വിഭാഗത്തിന്റെ പ്രതിനിധിയായി അവതരിപ്പിച്ചിരിക്കുന്നു. രാമനെ വ്യവസ്ഥിതിയുടെ പ്രതിനിധിയായും. വ്യവസ്ഥിതി, ശത്രു എന്ന് ചൂണ്ടിക്കാണിക്കുന്ന രാവണനെ ഏത് മാർഗത്തിലും കീഴടക്കുക എന്നത് മാത്രമാണ് ഇവിടെ രാമന്റെ ലക്ഷ്യം. വ്യവസ്ഥിതിയുടെ നീതി യഥാർത്ഥത്തിൽ നീതി ആണോ എന്നറിയാൻ ഒരിക്കലും അയാൾ ശ്രമിക്കുന്നില്ല.

“ഉങ്ക പൊണ്ണുങ്ക മരതകം.. എങ്ക പൊണ്ണുങ്ക കരിംകല്ലാ സാർ??”
ഈ സിനിമയിലെ ഏറ്റവും പ്രസക്തമായ ഡയലോഗുകളിൽ ഒന്നാണിത്. രാമായണത്തിൽ ആഘോഷിക്കപ്പെടുന്ന ഒരു ‘സ്ത്രീ’ പീഡനമുണ്ട്. രാമനോടും ശേഷം ലക്ഷ്മണനോടും വിവാഹാഭ്യർത്ഥന നടത്തുന്ന രാവണ സഹോദരിയായ ശൂർപ്പണഖ എന്ന രാക്ഷസിയുടെ മൂക്കും മുലയും ലക്ഷ്മണൻ ചേദിക്കുന്നുണ്ട്. കണ്ണിന് പകരം കണ്ണ് എന്നത് പ്രാകൃത നയമെങ്കിലും, ഒരു ന്യായീകരണവും അർഹിക്കുന്നില്ലെങ്കിലും, മണിരത്നത്തിന്റെ രാവണനും പോലീസുകാരാൽ പിച്ചി ചീന്തപ്പെട്ട സഹോദരിക്ക് വേണ്ടി രാമനോട് പ്രതികാരം ചെയ്യുന്നതും സീതയിലൂടെയാണ്. എന്തിന്റെ പേരിലായാലും ഒരു സ്ത്രീയെ ഇപ്രകാരം ഉപദ്രവിക്കാൻ മൗനാനുവാദം നൽകിയ രാമനെന്ന ‘ദൈവത്തെ’ ആസ്വാദകരുടെ മനസ്സിൽ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്.

മണിരത്‌നം എന്ന ജീനിയസിന്റെ ബ്രില്ല്യൻസ് തെളിയുന്ന എണ്ണിയാൽ ഒടുങ്ങാത്ത സീനുകൾ ഉണ്ട് ചിത്രത്തില്‍. ചോദ്യം ചെയ്യുമ്പോൾ പത്ത് പേര് രാവണന്റെ (വീര) പത്ത് തലയെ സൂചിപ്പിക്കുന്ന തരത്തിൽ പത്ത് ഗുണങ്ങൾ പറയുന്ന സീൻ എനിക്കേറെ പ്രിയപ്പെട്ട സീനുകളിൽ ഒന്നായിരുന്നു. മറ്റൊരു സീനിൽ അനന്ത ശയനത്തിലുള്ള വിഷ്ണു പ്രതിമയോട് പ്രാർത്ഥിക്കുന്ന സീതക്ക് മുന്നില്‍, രാവണൻ ആ പ്രതിമയുടെ കാലിൽ ഇരിക്കുന്ന തരത്തിലാണ് പ്രത്യക്ഷനാവുന്നത്. അതായത് ഹിന്ദു വിശ്വാസങ്ങൾ പ്രകാരം ശൂദ്രൻ ജനിക്കുന്നത് ദൈവത്തിന്റെ പാദത്തിൽ നിന്നാണല്ലോ, ശേഷം ദീർഘമായ ഒരു സംഭാഷണത്തിനൊടുവിൽ രാവണൻ നെഞ്ചും വിരിച്ചു നിൽക്കുന്നുണ്ട്, അവിടെ രാവണൻ ദൈവത്തിന്റെ ‘തലയെ’ തന്നെ മറയ്ക്കുന്നു.

ക്ലൈമാക്സിൽ രാമൻ സീതയെ കരുവാക്കി രാവണനെ ചതിച്ചു കൊല്ലാൻ ശ്രമിക്കുമ്പോൾ, രാമന്റെ തോക്കിൻ മുനയുടെയും രാവണന്റെയും ഇടയിൽ കയറി സീത നിൽക്കുന്നുണ്ട്, എന്നാൽ രാവണൻ സീതയുടെ ശിരസ്സിൽ പിടിച്ചു താഴ്ത്തി ഇങ്ങനെ പറയുന്നു ‘എന്റെ സന്തോഷത്തെ കൊല്ലാൻ, അല്ലെങ്കിൽ നശിപ്പിക്കാൻ നിനക്കാവില്ല’ എന്ന്. രാവണന്റെ സന്തോഷം ഇവിടെ ‘സീത’യാകുന്നു, സീത മാത്രമാകുന്നു.

രാവണൻ എന്ന സിനിമയിലൂടെ മണിരത്നം ഉയർത്തുന്നത് ഒരു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണ്. രാമായണം എന്ന മിത്തിനെ മറന്നാലും മണിരത്നം ഈ സിനിമയിലൂടെ പറയുന്ന ആ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. ജോർജ് ഫ്ലോയ്ഡും രോഹിത് വേമുലയുമെല്ലാം അത് തന്നെയാണ് നമ്മോട് പറയുന്നതും. വ്യവസ്ഥിതി നീതി നിഷേധിക്കുമ്പോൾ, അത് പിടിച്ചു വാങ്ങുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു. മനുഷ്യരായി പോലും പരിഗണിച്ചില്ലെങ്കില്‍ മറ്റെന്താണ് മാർഗം??

വിക്രം തകർത്താടിയിട്ടുണ്ട് ഈ സിനിമയിൽ, ‘രാവണൻ’ എന്ന പേരിന്റെ ഭാരത്തെ നീതികരിക്കുന്നതിനപ്പുറമായിരുന്നു അയാളുടെ പ്രകടനം. ഐശ്വര്യ റായി, പ്രഭു, കാർത്തിക്, പ്രിയാമണി തുടങ്ങിയ താരനിരയുടേത് ഗംഭീര പ്രകടമായാണ് അനുഭവപ്പെട്ടത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ തീവ്രതയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷ്‌ ശിവനെയും (ഛായാഗ്രഹണം നിർവ്വഹിച്ച വി മണികണ്ഠനേയും വിസ്മരിക്കുന്നില്ല) റഹ്‌മാനെയും കുറിച്ച് പ്രേക്ഷകനെന്ന നിലയില്‍ ഞാനെന്ത് പറയാനാണ്. അത്രമേല്‍ മികച്ച ദൃശ്യ-ശബ്ദാനുഭവമായിരുന്നു രാവണന്‍..!!

 

You May Also Like

“ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ ജീവിതാരോഹണങ്ങൾ” – സമദാനിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

ഇക്കഴിഞ്ഞ മെയ് 21ന് മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലിന്റെ ജന്മദിനമായിരുന്നു . ആരാധകരും സമൂഹത്തിലെ നാനാതുറകളിൽ…

പൊതു കുളിപ്പുരയെന്ന ഒരു പെണ്ണിടവും അവിടെ നിലവിളിച്ചാർക്കുന്ന സ്ത്രീകളുടെ ആത്മരോഷങ്ങളും

1995 ലെ ഇസ്ലാമിക ഭരണകാലത്ത് അൾജീരിയൻ സ്ത്രീ സമൂഹം അനുഭവിച്ച വ്യക്തിപരവും മതപരവും സാമൂഹികവുമായ വിലക്കുകളുടെയും ഭരണകൂട മത ഭീകരതയുടെയും കഥനകഥയാണ്

കവി കവിതയാകുന്നു

ശാന്തമ്മേ ശാന്തമ്മേ വന്നൊന്നു ഈ ഫോണ്‍ എടുക്കെടി ബ്ലൂ ബുക്‌സില്‍നിന്നും അന്റോയാണേല്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് പറഞ്ഞേക്ക് അടുക്കളയില്‍ നിന്നും പ്രാകി കൊണ്ട് വന്നു ശാന്തമ്മ ഫോണ്‍ എടുത്തു . ഹലോ മുകുന്ദന്‍ സര്‍ ഇല്ലേ ? ഞാന്‍ ബ്ലൂ ബുക്‌സില്‍ നിന്നും ആന്റോയാ, അയ്യോ അതിയാന്‍ ഇപ്പൊ പുറത്തു പോയല്ലോ എന്റെ മാഡം ഞാനിത് നൂറാമത്തെ തവണയാ ഈ വിളിക്കുന്നെ ഇനിയും വന്നു എടുത്തില്ലേല്‍ ഞാനിതെല്ലാം കൂടി എടുത്തു കത്തിക്കും എന്ന് പറഞ്ഞേക്ക് സാറ് വരുമ്പോള്‍ .

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ, അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം.