ടോവിനോയുടെ മോന്റെ മാമോദിസ ❤
കൃപൽ ഭാസ്ക്കർ
ടോവിനോയുടെ മകന്റെ മാമോദിസയുടെ പേരിൽ അദ്ദേഹത്തിനെതിരെ ഉണ്ടായ വിമർശനങ്ങളോട് ഒട്ടും യോജിക്കാനാവില്ല. അദ്ദേഹം ഒരു യുക്തിവാദി ആണെന്നും മതങ്ങൾ ജീർണതയാണെന്നുമുള്ള അഭിപ്രായമുള്ള ആളാണെന്നും പറയുന്നു. അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടെങ്കിൽ നല്ലത്, അത് കൊണ്ട് അദ്ദേഹം മകന്റെ മാമോദിസ നടത്തിക്കൂടത്രേ. ഞാനും തുടക്കത്തിൽ അത്തരം ചിന്തകൾ ഒക്കെ വച്ചു പുലർത്തിയ ഒരാളാണ്, എങ്കിലും അതിൽ വലിയ അർത്ഥമില്ല എന്ന് പിന്നീട് തോന്നി തുടങ്ങി. ഏതൊരു മതത്തിൽ നിന്നും പുറത്ത് വന്ന വ്യക്തി ആയാലും ഒരു കുടുംബം എന്ന കൺസെപ്റ്റിലേക്ക് വരുമ്പോൾ ഒരു ഘട്ടത്തിൽ തീർത്തും ദുർബലനാവുന്നുണ്ട്.
തുടക്കത്തിൽ പല ദുരാചാരങ്ങളേയും ശക്തമായി എതിർത്തിരുന്നു, അത് വീട്ടുകാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവ അവരെ വേദനിപ്പിക്കുന്നു എന്ന തിരിച്ചറിവുണ്ടായപ്പോൾ നമ്മുടെ സന്തോഷവും സമാധാനവും കെടുത്തുന്ന ഒന്നും കുടുബത്തിൽ തുടരേണ്ട എന്ന് തോന്നി, ചിലപ്പോൾ അതൊരുതരം കോംപ്രമൈസ് ആയിരിക്കാം, എങ്കിലും ഒരു യുദ്ധഭൂമിയൊ തർക്ക ഭൂമിയോ അല്ല കുടുംബം എന്ന് ഞാൻ കരുതുന്നു.
ഒരു യുക്തിവാദിയുടെ ലക്ഷ്യം സന്തോഷത്തോടെയും സമാധാനത്തോടുകൂടിയും ഒരു ജീവിതം നയിക്കുക എന്നതാണ് എന്ന് ഞാൻ കരുതുന്നു. കയ്യിൽ ആകെയുള്ളത് ഈ ജീവിതമാണ്, ഈ നിമിഷങ്ങളാണ് അവയെ എങ്ങനെ കൂടുതൽ ആസ്വദ്യകരമാക്കാം എന്ന് തന്നെയാണ് ചിന്തിക്കേണ്ടത്. ഒരു ദൈവവും ആകാശത്തു ഒരു സ്വർഗ്ഗവും തീർത്തു കാത്തിരിക്കുന്നില്ല എന്ന തിരിച്ചറിവുള്ളവരാണല്ലോ അവർ , ഭൂമിയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആസ്വദിക്കുക, ആഘോഷിക്കുക അത്ര തന്നെ. അപ്പോൾ കുടുംബം എന്നതിലേക്ക് വരുമ്പോൾ ബഹുഭൂരിപക്ഷം പേരും വിശ്വാസികളായിരിക്കും, ടോവിനോ ഞാൻ ഒരു യുക്തിവാദിയാണ് ഞാനിങ്ങനെ ഒരു ചടങ്ങ് എന്റെ മകന് നടത്തില്ല എന്ന നിലപാട് എടുക്കയാണ് എന്ന് കരുതുക, ഒന്നാമത് അദേഹത്തിന്റെ അച്ഛനോ അമ്മയ്ക്കോ ഭാര്യക്കോ മറ്റു കുടുബാംഗങ്ങൾക്കോ (വിശ്വാസികളെങ്കിൽ) അതുൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല, മറ്റൊരു തരത്തിൽ പറഞ്ഞാൽ ടോവിനോയുടെ നിലപാട് അവരുടെ കുടുംബത്തിന്റെ ഇഷ്ടങ്ങൾക്ക് മേലെ അടിച്ചേൽപ്പിക്കുന്ന തരത്തിലുമാവും, അതൊരു തരത്തിൽ ഫാസിസമല്ലേ?
നോക്കുക ഇപ്പോൾ അദ്ദേഹം കുട്ടിയുടെ മാമോദിസ നടത്തി, അതിനോട് അനുബന്ധിച്ചു ഷെയർ ചെയ്ത വീഡിയോ തന്നെ നോക്കുക, കാണുന്ന നമുക്ക് തന്നെ എന്തോരം സന്തോഷമാണ് ഉണ്ടാവുന്നത്. അവരുടെ കുടുംബം എന്ത് ഹാപ്പിയാണ്, ടോവിനോയും എന്തോരം സന്തോഷവാനാണ്, അയാൾ എത്രത്തോളം ആ നിമിഷങ്ങൾ ആസ്വദിച്ചിരിക്കും.. അത്രയേ വേണ്ടൂ അയാൾക്ക് , കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും തന്റെയും സന്തോഷത്തേക്കാൾ വലുതല്ല ഒരു നിലപാടുകളും.
പ്രിയപ്പെട്ട ടോവിനോ നിങ്ങൾ നിങ്ങളുടെ ജീവിതം നിങ്ങളുടെ രീതിയിൽ നിങ്ങളുടെ ഇഷ്ടത്തിനു ആസ്വദിക്കുക, നിങ്ങൾക്ക് സർട്ടിഫിക്കറ്റ് തരാൻ മാത്രം യോഗ്യത ഉള്ള ആരും ഇവിടെ ഇല്ല. യുക്തിവാദികൾക്ക് ജീവിക്കാൻ എന്തെങ്കിലും എഴുതപ്പെട്ട രീതികൾ ഒന്നുമില്ല, അങ്ങോട്ട് ജീവിക്കുക, സന്തോഷിക്കുക, ആഘോഷിക്കുക അത്ര തന്നെ. ആർക്കും ഉപദ്രവമല്ലെങ്കിൽ, നിയമവിരുദ്ധമല്ലെങ്കിൽ നമ്മുടെ ജീവിതത്തെ പറ്റിയും സന്തോഷത്തെപ്പറ്റിയും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, നമുക്ക് സർട്ടിഫിക്കറ്റു തരാൻ മാത്രം യോഗ്യതയുള്ള മിസ്റ്റർ പെർഫെക്റ്റുകളും ഇവിടാരും ഇല്ല..