Krishna Kala
“ചുറ്റും നിറയെ മനുഷ്യരുണ്ടായിട്ടും ഭ്രാന്തമായ ഏകാന്തതയിൽ വീർപ്പുമുട്ടിയ കുട്ടിക്കാലമാണ് അജയനെ അജയനാക്കിയത്!”
അജയൻ മിടുക്കനാണ്.എന്നാൽ
അറിവിനോടും വായനയോടും പുസ്തകങ്ങളോടുമുള്ള അഭിരുചിയവനെ കൂടുതൽ ഒറ്റപ്പെടുത്തുവാനേ ഉപകരിക്കുന്നുള്ളൂ.ആളുകളോട് കൂടുതലടുക്കാൻ ശ്രമിക്കുന്തോറും ക്രൂരമായി അവഗണിക്കപ്പെടുകയാണ് അജയൻ.
വളരെ കുഞ്ഞിലേ തന്നെ കടുത്ത ഏകാന്തതയിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ചുറ്റും തളംകെട്ടി നിൽക്കുന്ന ഭീകരമായ നിശബ്ദതയെ നോക്കി പകച്ചു നിൽക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനസ്സെന്നും പ്രക്ഷുബ്ധമായിരിക്കും.ഉള്ളിലൊരു കടലൊളിപ്പിച്ചു പുറമേ നിശബ്ദരായി ജീവിക്കേണ്ടി വരുന്നവർ.
അജയന്റെ വാക്കുകൾ ശ്രദ്ധിക്കൂ,
“കാരണമെന്തെന്നറിഞ്ഞുകൂടാ സമപ്രായക്കാർക്കിടയിൽ പോലും ഉറ്റവരെന്നു പറയാനുള്ള സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നില്ല.എനിക്കവരോട് ഒന്നും പറയാനില്ലാത്തത് പോലെ.”
ശൂന്യമാണ് അജയന്റെ വീട്.വാർധക്യദശ കടന്ന,കെട്ടുകഥകൾ പറഞ്ഞു ഭയപ്പെടുത്തുന്ന
കുറച്ചു ജോലിക്കാർ മാത്രം കൂട്ട്.അജയന്റെ മനസ്സ് താളം തെറ്റുന്നതിൽ ഈ അന്തരീക്ഷത്തിനു വലിയ പങ്കുണ്ട്.ഏതൊക്കെയോ മൂലയ്ക്ക് കുറച്ചു മനുഷ്യരുണ്ടായിട്ടും ശ്മശാനമൂകമാണവിടം.കിട്ടാത്ത സ്നേഹത്തോട്, പരിഗണനയോട് നമുക്കെന്നും അസൂയയായിരിക്കും.ചിലപ്പോഴൊക്കെ കഠിനമായ ദേഷ്യവും.
അജയനു തന്നെയുപേക്ഷിച്ചു പോയ അമ്മയോട് ദേഷ്യമാണ്, ദുഷ്ടത്തി,സ്വാർത്ഥയായ സ്ത്രീ!
എന്നാൽ ബാലുവേട്ടനോട് അസൂയയും.കടുത്ത ഒറ്റപ്പെടലുകൾ മനുഷ്യനെ തന്നിലേക്ക് തന്നെ ചുരുക്കി വിഷാദത്തിന്റെ പടുകുഴിയിൽ കൊണ്ടെത്തിക്കുന്നു.ഇത്തരം മനുഷ്യർ മറ്റുള്ളവരിൽ നിന്നും വേർപെട്ടൊരു ലോകത്തു ജീവിക്കുന്നു.യാഥാർഥ്യത്തിലേക്ക് പറിച്ചു നടുമ്പോൾ ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നയാ സാങ്കൽപ്പിക ലോകത്തിലവർ കൂട്ട് കണ്ടെത്താൻ ശ്രമിക്കുന്നു.സ്നേഹമന്വേഷിച്ചലയുന്നു.നിഷേധിക്കപ്പെട്ട സ്നേഹം അജയൻ കണ്ടെത്തുന്നത് തന്റെ വിചാരങ്ങളിലാണ്.
അതാവാം വാക്കുകളെക്കാൾ സത്യസന്ധത വിചാരങ്ങൾക്കുണ്ട് എന്നവൻ പറയുന്നത്.യാഥാർഥ്യവും മിഥ്യയും തമ്മിലുള്ള വര വളരെവളരെ നേർത്തതാണ്. ചിലയവസരങ്ങളിൽ അത് പാടെ മാഞ്ഞു പോകുന്നു.
“ഏകാന്തതയിലാണ് ഞാൻ വളർന്നത്.ഒരർത്ഥത്തിൽ ഏകാന്തതയെനിക്കിഷ്ടം പോലുമായിരുന്നു”
കുട്ടിക്കാലത്തു നേരിടേണ്ടി വരുന്ന ഏകാന്തത പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല.പതിയെ പതിയെ നമ്മളത് ലഹരി കണക്കേ ആസ്വദിക്കാൻ തുടങ്ങാറുണ്ട്.
The distance from lonliness to solitude is painful yet beautiful.
കുഞ്ഞജയനയോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.അജയന്റെ കുട്ടിക്കാലമെന്നെ അലോസരപ്പെടുത്തുന്നു. അവനെന്റെ തന്നെ മുഖമാണ്.സ്വയമറിയാതെയൊരു സ്വപ്നലോകത്തു ജീവിച്ചു, മാനസികമായി ഒറ്റപ്പെട്ടു പോകുന്ന മനുഷ്യർക്ക് ചിലപ്പോൾ മനസ്സിന്റെ നൂല് കൈവിട്ടു പോയേക്കാം.അജയനെപ്പോലെ!നളിനി സങ്കല്പമാണ്.സുമ യാഥാർഥ്യവും.തനിക്ക് മാത്രം കാണാൻ കഴിയുന്ന തകർത്തു പെയ്യുന്ന മഴയും അജയന്റെ മാത്രം വിചാരങ്ങളാണ്.
യഥാർഥലോകത്തിന്റെ അസ്തിത്വം വിസ്മരിച്ച സ്വപ്നങ്ങളാണവ.രാമൻ നായർ കണ്ടിട്ടുള്ള യക്ഷിയും മറ്റു കിഴവന്മാർ പറഞ്ഞ കെട്ടുകഥകളും അവന്റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്.ഈ സ്വാധീനമാകാം നളിനിയ്ക്കും സുമയ്ക്കുമിടയിലെ അന്തരത്തെ മായ്ച്ചു കളഞ്ഞത്.നളിനി അജയന്റെ അതിതീവ്ര ഇഷ്ടമാണ്.ഉള്ളിന്റെയുള്ളിൽ തറഞ്ഞു പോയ അത്തരം ഇഷ്ടങ്ങൾ വരികളിൽ നിറയ്ക്കാൻ നമ്മൾ ശ്രമിച്ചു പരാജയപ്പെടും.അതാവാം നളിനിയെപ്പറ്റിയെഴുതി നിറയ്ക്കാൻ പോലും കഴിയാതെ പോയത്.
വിധി അജയനെ അന്നുമിന്നുമെന്നും ക്രൂരമായി പരീക്ഷിക്കുന്നു.
ചുറ്റും നിറയെ മനുഷ്യരുണ്ടായിട്ടും ഭ്രാന്തമായ ഏകാന്തതയിൽ വീർപ്പുമുട്ടിയ കുട്ടിക്കാലമാണ് അജയനെ അജയനാക്കിയത്!1987 ഇത്തരമൊരു സൈക്കലോജിക്കൽ മൂവി മലയാള സിനിമയിലുണ്ടായി എന്നതിൽ നമുക്കഭിമാനിക്കാം.എടുത്തു പറയേണ്ടത് മങ്കട രവിവർമ്മ എന്ന ഛായാഗ്രാഹകന്റെ അതിമനോഹരമായ ഫ്രെയ്‌മുകളാണ്.ഒപ്പം അശോകന്റെ ശബ്ദവും സൗന്ദര്യവും, മികച്ച അഭിനയവും.ഇഴഞ്ഞു നീങ്ങുന്ന സിനിമകൾ പലപ്പോഴും ആരോചകമെന്ന് തോന്നാറുണ്ടെങ്കിലും അനന്തരത്തിന്റെ ഭംഗി തന്നെയാ ഇഴച്ചിലാണ്. ആകെ വികരവിക്ഷോഭങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമ മനോഹരമായൊരു അടൂർ ചിത്രം!