കോവിഡ് പ്രതിരോധത്തിന് അലോപ്പതിയെ ആശ്രയിക്കാൻ പറയുന്ന സർക്കാർ എന്തിനാണ് ഹോമിയോ മരുന്നുകൾ വിതരണംചെയ്തു കോടികൾ പാഴാക്കിയത് ?

86

Krishnakumar Thekkemarath

രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം കോവിഡ് പ്രതിരോധത്തിന് അലോപ്പതിയെ മാത്രം ആശ്രയിക്കുകയാണ് ഏക പോംവഴി എന്നാണ്.ഇതര വൈദ്യത്തെ ആശ്രയിക്കരുതെന്നും അങ്ങനെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു ചെറുപ്പക്കാരൻ, അതിനു ശേഷം കോവിഡ് ലക്ഷണം പ്രകടമായപ്പോൾ ഇതര വൈദ്യൻമാരെ സമീപിക്കുകയും കോവിഡ് മാരകമാവുകയും മരണപ്പെടുകയുണ്ടായി എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൻ്റെ പേരിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തിരുന്നു.അതിന്റെ പേരിൽ എത്ര കോടികൾ പാഴായി..? എന്തിനായിരുന്നു ഗവ: ഇത്തരം വ്യാജ സന്ദേശങ്ങൾ വീടുവീടാന്തരം കയറി വിളമ്പിയത് ? ഈ പ്രതിരോധഗുളിക കഴിച്ച ആർക്കും രോഗംവരാൻ പാടില്ലല്ലോ.?

ഇപ്പോഴാണെങ്കിൽ ഓരോ ദിവസവും രോഗികൾ കൂടിവരികയല്ലേ ചെയ്യുന്നത്? ഇതിൻ്റെ അർത്ഥം ഹോമിയോ പ്രതിരോധ ഗുളികകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നല്ലേ? അതുതന്നെയല്ലേ അലോപ്പതിയെ ആശ്രയിക്കൂ എന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രി ഇന്ന് പറഞ്ഞതിൻ്റെ പൊരുൾ? ഹോമിയോ, ആയുർവേദം, മറ്റ് ഇതര വൈദ്യങ്ങൾ തല്ക്കാലത്തേക്ക് ആശ്രയിക്കാതിരിക്കൂ എന്ന് അദ്ദേഹത്തിന് തുറന്ന് പറയേണ്ടി വന്നു. കോവിഡ് പ്രതിരോധം ആധുനിക വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്ന നിബന്ധനകൾ അച്ചടക്കത്തോടെ അനുസരിക്കൂ… കോവിഡിനെ അകറ്റി നിറുത്തൂ.